“നീ ഹിമ മഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടു ”
കാറിലെ സ്റ്റിരിയോയിൽ നിന്നു ഒഴുകിയെത്തുന്ന പ്രിയ ഗാനം ആസ്വദിച്ചു കൊണ്ടു ഡ്രൈവ് ചെയ്യുകയായിരുന്നു. മനസ്സിൽ എന്നോ ചേർത്തു വച്ച സ്വപ്നം ഇങ്ങിനെ യഥാർത്ഥമാവുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല.
പണ്ട്തൊട്ടേ മനസ്സിൽ സൂക്ഷിച്ച ഒരു മോഹമായിരുന്നു ഡ്രൈവിങ്ങ്. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛന് വീട്ടിൽ കാറൊന്നും ഉണ്ടായിരുന്നില്ല.
അമ്മയോടൊരിക്കൽ മോഹം പറഞ്ഞപ്പോൾ അമ്മ ചാടിത്തുള്ളി.
“ഇനിയിപ്പോ ഡ്രൈവിംഗ് പഠിക്കാത്ത കുറവേ ഉള്ളു. പഠിച്ചു ഒരു ജോലിയിൽ കേറാൻ നോക്ക്.”
“ഡ്രൈവിങ്ങ് ഒക്കെ നമുക്ക് കല്യാണം കഴിഞ്ഞും പഠിക്കലോ “അച്ഛന്റെ വാക്കുകളിൽ ഞാൻ സമാധാനം കണ്ടെത്തി.
പി ജി കഴിഞ്ഞ സമയത്തായിരുന്നു ഒരു കല്യാണആലോചന വന്നത്. നല്ല
ജോലിയാണോ നല്ലകുടുംബം ആണോ എന്നൊക്കെ അച്ഛനും അമ്മയും ആശങ്കപെടുമ്പോൾ ഞാൻ ചിന്തിച്ചത് ഡ്രൈവിംഗ് അറിയോ വീട്ടിൽ കാറുണ്ടോ എന്നൊക്കെയായിരുന്നു. കല്യാണം പെട്ടന്നായതു കൊണ്ടു അധികവിവരങ്ങൾ ഒന്നും കിട്ടിയില്ല എന്നാലും സന്തോഷിപ്പിച്ചു ഒരു വാർത്ത വീട്ടിൽ ഒരു അംബാസിഡർ
കാർ ഉണ്ട് എന്നതായിരുന്നു.
കല്യാണത്തിന് ശേഷം ഞങ്ങൾ വിരുന്നിനു ഒക്കെ പോയതു ആ കാറിൽ ആയിരുന്നു. ഏട്ടൻ തന്നെയായിരുന്നു ഓടിച്ചത്. എന്റെ ആഗ്രഹം നിറവേറാൻ ഇനി അധികസമയമില്ല എന്നു എന്റെ ഉള്ളിൽ നിന്നു ആരോ പറയുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞു ഒരാഴ്ച ആയിക്കാണും ഒരു ദിവസം എന്നോട് ചോദിച്ചു.
“ഡ്രൈവിംഗ് അറിയോ “
“ഇല്ല ഞാൻ മധുരമായി മൊഴിഞ്ഞു.”
“പഠിക്കണോ”
ആ ചോദ്യം കേട്ടതും എനിക്കു ഞാൻ ദൈവത്തിന്റെ തൊട്ടടുത്തു ഇരിക്കുന്നത് പോലെയാണ് തോന്നിയത്.
”ഇഷ്ടാണ്” നാണത്തോടെയുള്ള എന്റെ മറുപടി.
“നമുക്ക് പഠിക്കട്ടോ “എന്റെ ഹൃദയത്തിൽ കുളിരു കോരിയിട്ട വാക്കുകൾ.
ചെന്നൈയിൽ ആയിരുന്നു ഏട്ടന് ജോലി. ഒരു കേന്ദ്രഗവണ്മെന്റു ഉദ്യോഗസ്ഥൻ. വീട്ടിൽ പ്രായമായ അച്ഛനും അമ്മയും മാത്രം. ഒരു ചേച്ചി ഉള്ളതു ദുബായിൽ ആണു. വീട്ടിൽ ആളില്ലാത്തതുകൊണ്ട് എങ്ങിനെങ്കിലും നാട്ടിലേക്കു ട്രാൻസ്ഫർ വാങ്ങിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ഏട്ടൻ.
ചെന്നയിലേക്ക് പോവുന്നതിനു മുൻപ് ഒന്നു രണ്ടാഴ്ച ഡ്രൈവിങ് പഠിപ്പിക്കാൻ ഒരു ശ്രമം നടത്തി. അതു അത്ര ശരിയായില്ല. ഒന്നു രണ്ടു തവണ ഞാൻ ക്ലച്ചിൽ നിന്നു കാലെടുക്കുമ്പോൾ ഒരു കുലുക്കത്തോടെ വണ്ടി ഓഫായിപോവും.
“സാവധാനം ശ്രമിക്കു തിടുക്കം കൂട്ടണ്ട “.
എന്നൊക്കെ ആദ്യം ഉപദേശിച്ചെങ്കിലും പിന്നെ ചെറുതായിട്ട് ആളിന് മടുപ്പൊക്കെ
വന്നു തുടങ്ങി.
“ഇതു പഠിപ്പിക്കാനൊക്കെ ഒരു നേക്ക് വേണം. കാറ് ഓടിക്കാൻ അറിയുന്നവർക്ക് പഠിപ്പിക്കാൻ പറ്റണം എന്നില്ല. നമ്മൾക്ക് ഡ്രൈവിങ്ങ് സ്കൂളിൽ തന്നെ നോക്കാം ”
അങ്ങിനെ നിരാശയോടെ അപ്പോൾ ഉള്ള പഠിത്തം നിർത്തി.
പിന്നെ ഞങ്ങൾ ചെന്നൈയിൽ പോകുന്നതിന്റെ തിരക്കായിരുന്നു. ഡ്രൈവിംഗ് മോഹം എന്റെ മനസ്സിന്റെ അടിത്തട്ടിലേക്കു പോയി. ഇടക്ക് അതു ഉയർന്നു വരുമ്പോൾ ഞാൻ അതു വീണ്ടും അടിയിലേക്ക്അടിച്ചു അമർത്തും. എന്നാലും ചിലപ്പോൾ ഞാൻചോദിച്ചാൽ ട്രാൻസ്ഫർ ശരി ആയിട്ട് നാട്ടിൽ എത്തട്ടെ അവിടുന്ന് നോക്കാം എന്നു പറയുമെങ്കിലും ആ വാക്കുകൾക്ക് പണ്ട് ഉണ്ടായിരുന്ന ഉറപ്പൊന്നും എനിക്കു തോന്നാറില്ല.
അങ്ങിനെ ചെന്നൈയിൽ നിന്നും ട്രാൻസ്ഫർ ഓർഡറുമായി ഞങ്ങൾ
ഒന്നര കൊല്ലത്തിനു ശേഷം സ്വന്തം നാട്ടിലെത്തി. ഞാൻ അപ്പോൾ നാലുമാസം ഗർഭിണി ആയിരുന്നു. പിന്നെ അതിന്റെ ക്ഷീണവും ആലസ്യവും. ഡ്രൈവിങ്ങ് പഠനമൊന്നും മനസ്സിലെ ഇല്ല. പ്രസവമൊക്കെ കഴിയുമ്പോഴേക്കും
ഏട്ടന്റെ അച്ഛന്റെ അസുഖം കൂടി. ഒരു മാസം കൊണ്ടു മരണവും സംഭവിച്ചു.
പിന്നെ കുഞ്ഞിനെ നോക്കലും വിട്ടുകാര്യവും ഒക്കെയായി ഞാൻ തനി വീട്ടമ്മയായി മാറി. അമ്മ, വേലക്കാരി ഹോംനഴ്സ് ട്യൂഷൻ ടീച്ചർ ഇങ്ങിനെ പല പല റോളുകളിൽ ഓടിനടക്കുന്ന എന്റെ മനസ്സിൽ ഡ്രൈവിങ്ങ്നു എവിടെ സ്ഥാനം.
മോൻ ഫസ്റ്റ് സ്റ്റാൻഡിൽ ആയപ്പോഴേക്കും മോൾ ജനിച്ചു. പിന്നെ കാറിൽ കയറി യാത്ര പോവാൻ തന്നെനേരം കിട്ടാതെയായി. ബന്ധുക്കളോ ഫ്രണ്ട്സോ വീട്ടിൽ വന്നാൽ “ചേച്ചി വണ്ടി എടുക്കില്ലേ “എന്നു ചോദിച്ചാൽ ഏട്ടൻ പറയും.
“ഏയ് അവൾക്കു അത്ര ഇന്ട്രെസ്റ് ഒന്നുല്ല “, പാവം ഞാൻ മധുരമായി
പുഞ്ചിരിക്കുകയല്ലാതെ എന്തു ചെയ്യാൻ.
വർഷങ്ങൾ കുറെ കഴിഞ്ഞു. മക്കളൊക്കെ വലുതായി. മോൻ ബൈക്കും കാറും നന്നായി ഓടിക്കും. മോളും പഠിച്ചു ഡ്രൈവിങ്ങ്. ഞങ്ങൾ പഴയ അംബാസിഡർ കൊടുത്തു പുതിയ സ്വിഫ്റ്റ് കാർ വാങ്ങി.
ഏട്ടൻ റിട്ടയർ ചെയ്യാൻ രണ്ടു വർഷം ബാക്കി. അപ്പോഴാണ് ഒരു അറ്റാക്ക്
വന്നത്. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് രക്ഷപെട്ടത് എന്നു ഡോക്ടർ പറഞ്ഞു. പക്ഷേ ഷുഗർ കണ്ണിനു ബാധിച്ചത് കൊണ്ടു കാഴ്ച നന്നായി കുറഞ്ഞിരുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം വോളന്ററി റിട്ടയർമെന്റ് എടുത്തു. ഏട്ടന്റെ ഡ്രൈവിങ്ങ് അങ്ങിനെ സ്റ്റോപ്പ് ആയി. പിന്നെ എവിടെ പോവാനും മോളെയോ മോനെയോ ആശ്രയിക്കണം.
മോൾ കല്യാണം കഴിഞ്ഞു പോയപ്പോൾ പിന്നെ മോനും മരുമോളും ആയി ഞങ്ങളുടെ സാരഥികൾ.
“അമ്മക്ക് ഡ്രൈവിങ്ങ് പഠിക്കായിരുന്നു“ എന്നു മരുമകൾ പറയുമ്പോൾ ”ഈ അൻപതാം വയസ്സിൽ എന്തു ഡ്രൈവിങ്ങ് “എന്നു ഞാൻ പുച്ഛിച്ചു തള്ളും.
മോന്റെ ഓഫീസിൽ നിന്നു മൂന്നു വർഷത്തേക്ക് UK യിലേക്ക് അവനെ
അയച്ചത് പെട്ടന്നായിരുന്നു. ഫാമിലിയും ഇൻക്ലൂഡ് ആയതു കൊണ്ടു മരുമകളും കുഞ്ഞും കൂടെപ്പോയി.
ഞങ്ങളുടെ സ്വിഫ്റ്റ് കാർ ഓടിക്കാൻ അടുത്ത വീട്ടിൽ ഉള്ള ഒരു പയ്യനെ
മോൻ ഏല്പിച്ചിരുന്നു.
” അച്ഛനും അമ്മക്കും എവിടെ പോവാൻ ഉണ്ടെങ്കിലും അവനെ ഒന്നു വിളിച്ചാൽ മതി.“, മോൻ വിളിക്കുമ്പോൾ ഒക്കെ പറയും.
ഒരു ദിവസം ഉച്ചക്ക് ഏട്ടനും നല്ല പനിയും ശ്വാസതടസ്സവും. ഞാൻ ആ പയ്യന്റെ വീട്ടിലേക്കു ഓടി. പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല.
“മോൻ ഫ്രണ്ട്സ് എല്ലാം ചേർന്നു ഒരു ട്രിപ്പ് പോയിരിക്കുന്നു. മറ്റന്നാളെ എത്തുള്ളു.“
അവന്റ അമ്മ പറഞ്ഞപ്പോൾ ഞാൻ അതേ വേഗത്തിൽ തിരിഞ്ഞോടി. ടാക്സിയിൽ ഹോസ്പിറ്റലിൽ ഏട്ടനെ എത്തിച്ചു. അവിടെ നിന്നു ഒരാഴ്ച കഴിഞ്ഞു ഡിസ്ചാർജ് ആയി വരുമ്പോൾ ഇങ്ങിനെ ആണെങ്കിൽ വീട്ടിൽ എന്തിനാണ് ഒരു കാർ എന്ന ചോദ്യം ഞങ്ങൾ രണ്ടുപേരുടെയും മനസ്സിൽ ഉണ്ടായിരുന്നു.
പിറ്റേ ദിവസമാണ് ഡ്രൈവിങ്ങ് സ്കൂൾനടത്തുന്ന വിജിയുടെ നമ്പർ ഞാൻ മോളുടെ ഫോൺ ഡയറിയിൽ നിന്നു തപ്പി പിടിച്ചത്. “നമുക്ക് നോക്കാം ചേച്ചി വരൂ “എന്നു വിജി
പറഞ്ഞപ്പോൾ പറഞ്ഞുഅറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.
അങ്ങിനെ വിജിയുടെ കീഴിൽ എന്റെ ഡ്രൈവിങ്ങ് പഠനം ആരംഭിച്ചു. ആദ്യം വണ്ടി ഓഫായികൊണ്ട് പ്രതിഷേധം അറിയിച്ചു കൊണ്ടേയിരുന്നു. പക്ഷേ എനിക്കു അങ്ങിനെ വിടാൻ പറ്റുമോ? ഇപ്പോൾ എന്റെ ആഗ്രഹം മാത്രമല്ലല്ലോ ആവിശ്യം കുടിയല്ലേ? അങ്ങിനെ ചുരുക്കി പറഞ്ഞാൽ ഒന്നരമാസത്തെ പഠനത്തിന് ശേഷം ലൈസൻസ് വാങ്ങി വിജയശ്രീലാളിതയായി വീട്ടിൽ എത്തി. വരുമ്പോൾ വിജി പ്രത്യേകം ഒരു കാര്യം പറഞ്ഞു.
” ചേച്ചി വീട്ടിൽ വണ്ടി ഉണ്ടല്ലൊ. ഡെയ്ലി ഓടിച്ചു പ്രാക്ടിസ് ചെയ്യണം “.
അങ്ങിനെ ഞാൻ തന്നെ പരിശ്രമം ചെയ്തു എന്റെ മോഹങ്ങൾ പുവണിഞ്ഞു.
ഇന്ന് ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ടു പോവുന്നതും കല്യാണത്തിന് ഏട്ടനെയും കൂട്ടി പോവുന്നതും സൂപ്പർമാർക്കറ്റിൽ പോയിസാധനങ്ങൾ വാങ്ങുന്നതും ഒക്കെ ഞങ്ങളുടെ സ്വിഫ്റ്റിൽ ഈ ഞാൻ തന്നെ.
കാർ പോർച്ചിൽ പാർക്ക് ചെയ്തു ഉള്ളിലേക്ക് നടക്കുമ്പോഴും മനസ്സ് ആ പ്രിയതരമായ വരികളിലായിരുന്നു.
“നീ ഹിമമഴയായ് വരൂ ”
ജലജ
8 Comments
Super !ഞാനല്ല എഴുത്ത്. ഞാനും …ഈയിടെ ആണ് driver ആയതു !43 aam വയസ്സിൽ .!
നല്ല രചന 👌
Thanks
മനോഹരം 😍
എന്റെയും നടക്കാതെ പോയ മോഹം . എന്തായാലും ആഗ്രഹം സാധിച്ചല്ലോ . അത് നന്നായി. എഴുത്ത് നന്നായിട്ടുണ്ട്.
പ്രചോദനകരമായ എഴുത്ത് ❤️❤️
എന്റെ ഈ മോഹം പൂവണിഞ്ഞിട്ട് 8വർഷം ആവുന്നു. നന്നായി എഴുതി.. ❤️
നല്ല കഥ ..🥰