ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ 1033 നമ്പർ മുറിയിലിരുന്നാണ് ഇതെഴുതുന്നത്. മുത്തച്ഛനു കൂട്ടിരിക്കാൻ വന്നതാണ്. അമ്മയുടെ അച്ഛനെ മുത്തച്ഛൻ എന്നൊന്നും വിളിക്കാറില്ല. നാല് മക്കളും, നാല് അനിയന്മാരും അവരുടെ മക്കളും ഉൾപെടുന്ന ഒരു കൂട്ട് കുടുംബത്തിലെ കാരണവർ. അനിയന്മാരുടെ മക്കളുടെ വല്ലിച്ഛ എന്നാ വിളി ഞങ്ങൾ പേരക്കുട്ടികളും കടമെടുത്തു. അങ്ങനെ അപ്പൂപ്പൻ, മുത്തച്ഛൻ തുടങ്ങിയ സ്ഥാനപ്പേരുകൾ ലഭിക്കാതെ പോയി!
വല്ല പനിയോ ജലദോഷമോ, കാഴ്ച തകരാറോ ഒഴിച്ച് ആതുരാലയങ്ങളുമായി അടുത്ത ബന്ധമൊന്നുമില്ലാതെ 80 വർഷം പിന്നിട്ട് ഇപ്പൊ ഒരാഴ്ചയായി ഇവിടെ വിശ്രമത്തിലാണ്. ആ വലിയ പറമ്പിനുള്ളിലെ വീടു വിട്ട് ഇത്രയും നാൾ മാറി നില്ക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും. 19 വയസ്സിൽ 14കാരിയെ വിവാഹം ചെയ്ത് (ഇന്നത്തെ നിയമവ്യവസ്ഥിതി ഇല്ലാതിരുന്നതു ഭാഗ്യം) കൂട്ടുകുടുംബത്തിലെ രാജാവ് (എല്ലാ അച്ഛന്മാരെയും പോലെ ഉള്ളിൽ സ്നേഹം നിറച്ച) കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏകാന്ത വാസത്തിൽ ആണെന്ന് പറയാം. നല്ലപാതി സേവനം മതിയാക്കി നേരത്തെ യാത്രയായി, കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം ആ വീട്ടിലെ അംഗങ്ങളും നാലായി ചുരുങ്ങി, മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാം ആവശ്യത്തിനു ഉണ്ടെങ്കിലും ആരുമില്ലാത്ത ഒരു അവസ്ഥയാണ്. നല്ലപാതി നേരത്തെ പോയ എല്ലാ രാജാക്കന്മാരുടെയും അവസ്ഥ ഇത് തന്നെയാണ്, പാതി നല്ലതായിരുന്നെങ്കിൽ മാത്രം! എന്തുകൊണ്ടോ എന്റെ ചുറ്റുപാടിൽ ഞാൻ ഭൂരിപക്ഷവും നല്ല പാതികളെ മാത്രേ കണ്ടിട്ടുള്ളു.
ഇന്നിപ്പോൾ മാലാഖമാർ വന്നു മരുന്ന് കൊടുക്കലും, സൂചി കുത്തലും കഴിഞ്ഞു, ദൈവപ്രതിനിധി വന്നു ഡിസ്ചാര്ജ് എഴുതുമെന്ന പ്രതീക്ഷയിൽ രാജാവ് സുഖമായി മയങ്ങുന്നു.
മുമ്പിൽ പാടവും പിന്നിൽ പുഴയും വിശാലമായ പറമ്പിന് നടുവിലെ വീടും എല്ലാം എനിക്കും സുഖമുള്ള ഓർമയാണ്. ഞാൻ കാണുമ്പോഴേ പാടം ഇഷ്ടിക കൃഷി തുടങ്ങിയിരുന്നു, പഴയ തറവാട് പൊളിച്ചു പുതിയ വീട് വന്നു. മാറ്റങ്ങൾ എന്തൊക്കെ വന്നാലും ആ പാടത്തിനും പറമ്പിനും പുഴക്കും ഇപ്പോഴും മനസ്സിന് കുളിർമ നല്കാനുള്ള കഴിവ് നഷ്ടപെട്ടിടില്ല, ഇപ്പൊ അങ്ങോട്ടുള്ള യാത്രകൾ കുറഞ്ഞു, രാജാവിനിപ്പോഴും സ്വന്തം സാമ്രാജ്യം തന്നെ സ്വര്ഗ്ഗം!
ദൈവപ്രതിന്ധിയും മാലാഖയും വന്നു രാജാവിനു തിരികെ പോകാൻ അനുമതി കൊടുത്തു, ഒരാഴ്ച കഴിഞ്ഞു വന്നു ചെക്കപ്പ് നടത്താനും. അസുഖം ന്യുമോണിയ ആയിരുന്നത്രെ, വന്ന അന്ന് തൊട്ട് മാലാഖമാരും മഷീനുകളും ശ്രമിച്ചു തുടങ്ങിയതാ, ഇന്നായിരിക്കും തീരുമാനത്തിൽ എത്തിയത്.
തിരികെ വീട്ടിലെത്തിയാൽ ഇതേ പോലെ വിശ്രമിക്കാനുള്ള സാധ്യതയൊന്നും ഇല്ല. അത്മാവിനുള്ള പുകയൂത്തൽ നിർത്തി എങ്കിലും ഒരു നാലഞ്ചു തവണ ആ പറമ്പിലൊന്നു കറങ്ങി, പശുവിനെയും നോക്കി, ഒന്നര കിലോമീറ്റർ അകലെയുള്ള ആമ്പല്ലൂർ സെന്ററിലെ സ്ഥിരം കടകളിൽ ദർശനം നടത്താതെ ആളുടെ ഒരു ദിവസം പൂർണമാവില്ല. ചെയ്യുന്ന കർമ്മങ്ങളോടും മനസിനോടും നീതി പുലർത്തുന്ന എല്ലാ രാജാക്കന്മാർക്കും ഈ ഏകാന്ത ജീവിതത്തിലും ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊണ്ട്…
ബിജിത്ത്