കൂമൻകാവിലെത്തിയപ്പോൾ സ്ഥലം അപരിചിതമായി തോന്നിയില്ല. വഴിയമ്പലത്തിൻ്റെ മുന്നിൽ കാട്ടുവള്ളികൾ ആകാശത്തേയ്ക്കു നീണ്ടുകിടന്നിരുന്നു. പടർന്നു പന്തലിച്ച മരങ്ങൾക്കിടയിലൂടെ രവി നടന്നുപോയ വഴിയിലൂടെ നടന്നു. ഓത്തുപള്ളിക്കൂടത്തിനു മുന്നിൽ അള്ളാപ്പിച്ചാമൊല്ലാക്ക കുട്ടികൾക്കു പറഞ്ഞുകൊടുക്കാനുള്ള പഴങ്കഥകൾ ഓർത്തെടുക്കാൻ ശ്രമിച്ച് ഉലാത്തികൊണ്ടിരുന്നു. വെളിയിൽ പിള്ളേരോടൊപ്പം അപ്പുകിളി ഒരുപച്ചത്തുമ്പിയെ നൂലിൽ കെട്ടിപറപ്പിച്ചു ആർത്തുചിരിച്ചു. അതൊന്നും ശ്രദ്ധിക്കാതെ നടന്നു.
ഞാറ്റുപ്പുരയിലെത്തിയപ്പോൾ വയലുകൾക്കുമീതെ ആകാശം തീഷ്ണമായി കത്തിജ്വലിച്ചു നിന്നിരുന്നു. മണ്ണിൻ്റെയും നെല്ലിൻ്റെയും മണം താഴ് വരയിൽ നിന്നുമൊഴുകിയെത്തി.
ഞാറ്റുപ്പുരയുടെ വരാന്തയിൽ ഒരു നിഴലനങ്ങി. ജമന്തിപൂക്കളുടെ ഗന്ധമുള്ള ഒരു കാറ്റുവന്ന് തൊട്ടു. വേനൽച്ചൂടിൽ മുറുകിയ കുപ്പായത്തിൽ വിയർപ്പൊട്ടികിടന്നു.
മൈമുന മുറ്റത്തുനിന്നു. അവളുടെ കൈത്തണ്ടയുടെ മുകൾനിരപ്പുവരെ നീലഞരമ്പ് തുടിച്ചുനിന്നിരുന്നു. രവി കിടന്ന അറയിൽ മങ്ങിയവെളിച്ചമേയുള്ളൂ.
മൈമുന അറബിക്കുളത്തിലേയ്ക്കു നടന്നപ്പോൾ പതിയെ ഒന്നുകണ്ണടച്ചു. ഞാറ്റുപ്പുര അറയിൽ വേനലിലും തണുപ്പ് വന്നുതൊട്ടപ്പോൾ കണ്ണുതുറന്നു. ഇരുണ്ട മുടിക്കെട്ടിൽ നിന്നും ഒരുതണുപ്പ് ശരീരം മുഴുവനും അരിച്ചുകയറുന്നു.
കടുത്തവേനലിൽ പെട്ടെന്നാണ് ആകാശം ഇരുണ്ടത്. എങ്ങുമില്ലാത്ത ആരവം മുഴക്കി ഒരു കൊടുങ്കാറ്റ് വീശിയടിച്ചു.
വെളുത്ത മഴ നിന്നുപെയ്യുകയാണ്…. എഴുന്നേറ്റ്
ഞാറ്റുപ്പുരവിട്ട് പുറത്തെത്തി. കനത്തമഴയിലൂടെ നടന്നു. കരിമ്പനകൾ കാറ്റിൽ നിലം പൊത്തി…. തിരിഞ്ഞു നോക്കാതെ നടന്നു. നടന്നു നടന്ന് തിരികെ കൂമൻകാവിലെത്തിയതും മഴ ശമിച്ചിരുന്നു.