അല്ലെങ്കിലും ജീവിതം ഇപ്പോൾ പപ്പുവിന്റെ സിനിമയിലെ അമ്മായി കല്ലിന്റെ യാത്ര പോലെയാണ് ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ…
ന്റെ പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു കണ്ണടച്ചുള്ള ഒരു പാച്ചിലാണ്.
ഒരു ഉച്ച മയക്കവും കഴിഞ്ഞു ഫുജൈറയിൽ നിന്നും നേരെ ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് വണ്ടി വിട്ടു.
മയക്കം കഴിഞ്ഞുള്ള ചായ കുടിക്കാനും തിരക്കിനിടയിൽ വിട്ടു പോയി.. ഒന്ന് ഒന്നര മണിക്കൂർ യാത്രയും മുടിഞ്ഞ ട്രാഫിക്കും. ലക്ഷ്യ സ്ഥാനത്തു വണ്ടി നിർത്തി ഭാഗ്യത്തിന് പാർക്കിംഗ് കിട്ടി.
ആ ഏരിയയിൽ ഒക്കെ പാർക്കിംഗ് കിട്ടുമ്പോൾ ഒരു ലോട്ടറി എടുത്തു നോക്കണമെന്ന് കരുതിയിരുന്നു. പണ്ടാരമടങ്ങാൻ അതിന് ആ മെഹസൂംസും അവന്മാർ നിർത്തി കളഞ്ഞു.
ഒരു ചായ കുടിക്കാനുള്ള ആഗ്രഹവും ദാഹവും കലശലായിരുന്നു. രണ്ടു മൂന്നു ബിൽഡിംങ്ങിനു അപ്പുറത്തു ഒരു മലയാളി ചായക്കട കണ്ടിരുന്നു. കണ്ണൂർ വിഭവങ്ങൾ കൊണ്ടു സ്മൃദ്ധമായ ഒരു ചായക്കട.. ഉഷ്ണം ഉഷ്ണേന ശാന്തി എന്നല്ലേ…
അങ്ങനെ ഒരു ചായ കൊണ്ട് മനസ്സും ശരീരവും ശാന്തമാക്കി. അല്ലെങ്കിലും ചായക്ക് അങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വല്ലാത്ത പ്രയാസങ്ങളിൽ ഇനി എന്ത് എന്നുള്ള വഴിമുട്ടലുകളിൽ കാടടച്ചുള്ള ചിന്തകളിൽ ചായ ഒരു സിദ്ധ ഔഷധമായി പലപ്പോഴും പ്രവർത്തിക്കുന്നു. സ്വയംസാക്ഷ്യവും അനുഭവവും ആണ്.
അങ്ങനെ ഒരു ചായ കൊണ്ട് അന്തപ്രക്ഷുബ്ദങ്ങൾ അടക്കി തിരിച്ചു വരുമ്പോഴാണ് ഒരു ചെറുപ്പക്കാരൻ…
അറബിയാണ് വണ്ടി വഴിയിൽ നിന്നെന്നു തോന്നുന്നു പെട്രോൾ ഒഴിക്കാനുള്ള തത്രപാടിലാണ് ഒരു കയ്യിൽ പെട്രോൾ കാനും മറു കയ്യിൽ ഒരു വാട്ടർ ബോട്ടിലിന്റെ മുറിച്ച പകുതിയുമാണ്. പക്ഷെ അയാൾക്ക് അത് ഒറ്റക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല.
ഞാൻ സഹായിക്കാനായി അടുത്തേക്ക് ചെന്നു പക്ഷെ അപ്പോഴേക്കും അയാൾ അതിലെ സൈക്കിളിൽ പോയിരുന്ന ഒരു ബംഗാളിയെ വിളിച്ചു നിർത്തിയിരുന്നു. എങ്കിലും എന്റെ സഹായമനസ്ഥതക്കു നെറുകയിൽ ഒരു സ്നേഹ മുത്തം തന്നു കൊണ്ടാണ് അയാൾ പ്രതികരിച്ചത്.
നിസ്സാരം അറബികൾ പൊതുവായി ചെയ്യുന്നത്. പക്ഷെ ആ സമയത്ത് അതെന്നിൽ വരുത്തിയ മാറ്റങ്ങൾ ഭയങ്കരമായിരുന്നു.
ആരോടെക്കെയോ ഉള്ള വാശിയും ദേഷ്യവും കുശുമ്പും കുന്നായ്മയും ഒക്കെ ആയി കാറും ക്കോളും കൊണ്ട് അല കടൽ പോലെ ഇളകി മറിഞ്ഞിരുന്ന മനസ്സ് പെട്ടെന്ന് ശാന്തമായി.
സ്നേഹത്തിന്റെ ശാന്തതയുടെ നിർമ്മലമായ സംഗീതം മാത്രം..
ഒരാളുടെ പെരുമാറ്റത്തിന് മറ്റൊരാളിൽ ഉണ്ടാക്കാൻ കഴിയുന്ന മാറ്റങ്ങൾ അനിർവചനീയമാണ്…
അജ്ഞാതനായ പ്രിയ സുഹൃത്തേ..
എനിക്ക് കിട്ടിയ അമൂല്യമായ ഒരു സമ്മാനമായിരുന്ന നെറുകയിലെ ആ മുത്തം… ഒരു നിമിഷം കൊണ്ട് എന്റെ മനസ്സ് പ്രകാശിതമാക്കാനും ലോകത്തിന്റെ മുഴുവൻ നന്മയും മനസ്സിലേക്ക് ആവാഹിച്ചത് പോലെ അനിർവചനീയമായ ആ അനുഭൂതി വരുത്താനും കേവലം ഒരു മുത്തതിന്ന് കഴിഞ്ഞെങ്കിൽ വയനാട്ടിലെ ദുരന്ത ഭൂമിയിൽ നിന്ന് കേൾക്കുന്ന മനുഷ്യ സ്നേഹ സമ്മോഹനത്തിന്റെ അനിർവചനീയമായ അനുഭൂതികൾ അളക്കാൻ ഏത് അളവ് കോലുകൾക്ക് ആണ് കഴിയുക.
ഒരിക്കൽ കൂടി അജ്ഞാതനായ പ്രിയ സുഹൃത്തിനു നന്ദി
ഫൈസൽ മന്ദലാംകുന്ന്
2 Comments
ചേർത്തുനിർത്തലിന്റെ സാന്ത്വനം.
@nishiba 🌹👍🏻