വയറാണ് പ്രശ്നം….
അമിതമായാൽ ഏമ്പക്കം…
കുറഞ്ഞാൽ ഗ്യാസ്.. കുട വയറാണെങ്കിൽ വിറക് പുരയുടെ മുകളിൽ വലിഞ്ഞു കയറിയ വള്ളിയിലുണ്ടായ മത്തങ്ങ പോലെ ഓരോ ദിവസവും വീർത്തു വരുന്നു….
ഒരു നേരം കഴിക്കുന്നവൻ യോഗി
രണ്ടു നേരം കഴിക്കുന്നവൻ ഭോഗി
മൂന്നു നേരം കഴിക്കുന്നവൻ രോഗി
നാല് നേരം കഴിക്കുന്നവൻ ദ്രോഹി… എന്നത് ഒരു തമിഴ് പഴമൊഴിയാണ്
അഞ്ചും ആറും നേരം കഴികുന്നുന്നവരും നമുക്കിടയിൽ ഉണ്ട് എന്നത് അത്ഭുതം ഒന്നും അല്ലല്ലോ..
സ്വന്തമായി നാലു കാശ് ഉണ്ടാക്കണമെന്ന ആഗ്രഹത്തോടെ വന്നവൻ സ്വന്തമായി എന്തെങ്കിലും വെച്ചുണ്ടാക്കി കഴിക്കണമെന്ന ആഗ്രഹത്തോടെ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി……
താമസിക്കുന്നതിന്റെ തൊട്ടടുത്തു തന്നെ മെസ്സ് സൗകര്യമുള്ള ഒരു ഹോട്ടൽ ഉള്ളത് കാരണം വെച്ചുണ്ടാക്കുക എന്ന കലാ പരിപാടിക്ക് മിനക്കെട്ടില്ല. ഡ്യൂട്ടി കഴിഞ്ഞു നേരെ ഹോട്ടലിൽ വരുന്നു. കൈ കഴുകുന്നു.. ഇരിക്കുന്നു തിന്നുന്നു എണീറ്റു പോകുന്നു. ആഹാ എന്തൊരു സുഖം..
ഒന്ന് രണ്ട് മാസമൊക്കെ അങ്ങനെ കഴിഞ്ഞു. പിന്നെ പിന്നെ ആദ്യ ഭാര്യയിൽ ഉണ്ടായ ആൺമക്കളോട് രണ്ടാനമ്മ കാണിക്കുന്ന ഒരു അവഗണന ഫീൽ ചെയ്യാൻ തുടങ്ങിയപ്പോൾ മാ സലാമ പറഞ്ഞു അതവസാനിപ്പിച്ചു.
റൂമിൽ മെസ്സ് തുടങ്ങാനുള്ള ഗംഭീര ചർച്ച.. മൊത്തം എട്ടു പേരാണ് ഞങ്ങൾ. ആദ്യമേ ജിക്സണും അഫ്സലും ഞങ്ങളില്ല എന്ന് പറഞ്ഞു ഒഴിവായി… അവർക്ക് രണ്ടാനമ്മയുടെ ചോറ് മതി.
ബാക്കിയുള്ള ആറു പേരിൽ നാല് ആളുകൾക്ക് ഒരു ചായ ഉണ്ടാക്കാൻ പോലും അറിയില്ല. എല്ലാവരും പച്ചക്കറി അരിഞ്ഞു തരാൻ തയ്യാറാണ്. ഇവർക്ക് നാലു പേർക്കും കൂടി അരിഞ്ഞു തള്ളാൻ അതിന് മാത്രം പച്ചക്കറി എവിടെ… അതും തോബാൻ എന്ന ഈ കൊച്ചു ഗ്രാമത്തിൽ…
ഒടുവിൽ ആസ്ഥാന കുക്കിന്റെ അടിസ്ഥാന യോഗ്യത എനിക്ക് മാത്രം ആണെന്ന് മനസ്സിലാക്കി ഞാൻ നേതൃത്വം ഏറ്റെടുത്തു. തുടക്കം ഗംഭീരമായിരുന്നു. ചെമ്പ് കഴുകുന്നവൻ, അടിയിൽ പിടിച്ചത് ഒഴിവാക്കാൻ രണ്ടാഴ്ച എടുത്തെന്നു മാത്രം… ഒന്ന് രണ്ട് മാസം പിന്നെയും കടന്നു പോയി.
അതിനിടയിൽ പലപ്പോഴും വേസ്റ്റ് എടുക്കുന്നതിനെ ചൊല്ലി ചട്ടിയും കലവും കൂട്ടി മുട്ടൽ തുടങ്ങുകയും അത് സ്ഥിരമാകുകയും ചെയ്തപ്പോൾ.. എങ്ങനെയെങ്കിലും ഈ പട്ടം തലയിൽ നിന്ന് ഒഴിവാക്കാൻ ഒരവസരം നോക്കി നടന്ന ഞാൻ അത് മുതലാക്കി. അങ്ങനെ റൂമിലെ മെസ്സും സ്വാഹാ…
ജസ്റ്റിനും ജിനുവും വീണ്ടും താഴത്തെ ഹോട്ടൽ മെസ്സ് ലക്ഷ്യമാക്കി നടന്നു..
ബിലാലിനും റെഹീസിനും കുക്കിങ് പഠിക്കണം. ഓരോരുത്തർക്കു വേണ്ടത് അവരുണ്ടാക്കി കഴിക്കട്ടെ അല്ലാത്തവർ ഹോട്ടൽ മെസ്സ് തുടരട്ടെ….
സ്വീകര്യമായ ഒരു നയം പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല. ഒടുവിൽ ബിലാലിനും റഹീസിനും കുക്കിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ ഞാൻ തയ്യാറായി.
സംഗതി വളരെ സിംപിൾ ആണ് ഒരു സബോള, ഒരു തക്കാളി, നാല് പച്ചമുളക്, ഒരു ചെറിയ പീസ് ഇഞ്ചി, ഒരു വെളുത്തുള്ളി….. സബോള കനം കുറച്ചു അരിഞ്ഞു വഴറ്റുക. രണ്ടു മിനിറ്റ് കഴിയുമ്പോൾ തക്കാളി ചേർക്കുക. ഒരു മിനിറ്റ് കഴിയുമ്പോൾ മിക്സിയിൽ അരച്ചു വെച്ചിട്ടുള്ള ഇഞ്ചിയും വെളുത്തുള്ളിയും പച്ച മുളകും കൂടി ചേർക്കുക.. അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മല്ലിപൊടി, ഒരു സ്പൂൺ മുളക് പൊടി ഇത് കൂടി ചേർത്ത് ഡ്രൈ ആവാതിരിക്കാൻ കുറച്ചു വെള്ളം തളിച്ച് ഇളക്കുക ഇതാണ് എല്ലാത്തിന്റെയും അടിസ്ഥാന പരമായ മസാലകൂട്ട്….
ഇതിലേക്ക് മീൻ ഇട്ടാൽ മീൻകറി, ചെറുപയർ ഇട്ടാൽ അത് ചെറുപയർ കറി. ചിക്കൻ ഇട്ടാൽ ചിക്കൻ കറി.. അങ്ങനെ ഈ ഭൂ ലോകത്ത് കിട്ടുന്ന എന്ത് സാധനവും നിങ്ങൾക്കു ഇതിന്റെ കൂടെ ചേർക്കാം. എന്നാൽ ഉപ്പ് ഇടാൻ മറക്കരുത് അവസാന ടിപ്പും പറഞ്ഞു ഞാൻ നിർത്തി.
ബിലാലിന്റെയും റഹീസിന്റെയും മുഖത്ത് പൂ നിലാവ് പരന്നു. ഇത്രേയുള്ളൂ ഇതൊക്കെ! ഇതിനാണോ ഈ പെണ്ണുങ്ങൾ രാവിലെ അഞ്ചു മണി മുതൽ രാത്രി പതിനൊന്നു വരെ ബഹളം ഉണ്ടാക്കുന്നത്.
എന്നാൽ നാലാമൻ ധനുവിന് എന്റെ കുക്കിങ് ക്ലാസ് അത്ര പിടിച്ചില്ല മൂപ്പർ യൂട്യൂബിനെ ആശ്രയിച്ചു.
രാവിലെ തന്നെ മാർകെറ്റിൽ പോയി അരകിലോ ബീഫ് വാങ്ങി കൊണ്ട് വന്നിട്ടുണ്ട് അതിനെ രണ്ടു ഭാഗമാക്കി പകുതി ഫ്രിഡ്ജിനകത്തു കുത്തി തിരുകി കയറ്റി വെച്ചു.
ബാക്കി പകുതി നന്നായി കഴുകി വൃത്തിയാക്കി ഷാനിന്റെ എളുപ്പത്തിൽ ഒരു ബീഫ് കറി എന്ന വീഡിയോയും വെച്ച് മൂപ്പർ പണി തുടങ്ങി.
അതിനിടയിൽ ഫൈസൽക്കാ ഇന്ന് എന്റെ വകയാണ് ട്ടാ എന്ന ഒരു കമന്റ് കേട്ടു. എന്തെങ്കിലും സഹായം വേണോ? ഞാൻ ഉദാര മനസ്കതയോടെ ചോദിച്ചു. എന്തിന് യു ട്യൂബ് മാമ ഉണ്ടല്ലോ എന്ന മറുപടി. ഓ ആയിക്കോട്ടെ… ഞാൻ പിന്നെ എന്റെ ചില വിക്രീസുകളിൽ വ്യാപൃതനായി.
അങ്ങനെ ബീഫ് റെഡി.. കഴിക്കാനിരുന്നു ടേസ്റ്റ് നോക്കിയപ്പോൾ തന്നെ എരിവിന്റെ അതി പ്രസരം… മോനെ എനിക്കിത്ര എരിവ് പറ്റില്ലെടാ എന്ന് പറഞ്ഞു ഞാൻ എണീറ്റു. തെക്കനല്ലേ അവർക്കിച്ചിരി എരിവ് വേണം…
കുറച്ചു കഴിഞ്ഞപ്പോൾ ചെക്കൻ വയറു പൊത്തി കരയാൻ തുടങ്ങി. വേഗം വണ്ടിയിറക്കി ഹോസ്പിറ്റലിൽ കൊണ്ട് പോയി വയറു കഴുകിയതിന് ശേഷമാണ് കുറച്ചു സമാധാനം ആയത്…
ഞങ്ങൾ സന്തുഷ്ടരാണ് എന്ന സിനിമയിൽ മരുമോൾ ഉണ്ടാക്കിയ കറി ഒടുവിൽ ഉണ്ണികൃഷ്ണൻ കഴിച്ച പോലെ, അവനുണ്ടാക്കിയ ആദ്യത്തെ കറി ഒരാത്മ സംതൃപ്തിയോടെ അവൻ മുഴുവനും കഴിച്ചു അതാണ് പ്രശ്നമായത്. കറിയുടെ ചേരുവകളും മസാലകളും എല്ലാം യൂ ട്യൂബ് മാമൻ പറഞ്ഞത് പോലെ തന്നെ ചെയ്തു. പക്ഷെ ബീഫിന്റെ അളവ് മാത്രം ശ്രദ്ധിക്കാൻ വിട്ടു പോയി… രണ്ടര കിലോ ബീഫിൽ ചേർക്കേണ്ട മസാല കാൽ കിലോ ബീഫിൽ ചേർത്തു. അത്രേയുള്ളൂ…..
തോബാനിലെ അടുക്കള വിശേഷങ്ങൾ അവസാനിച്ചിട്ടില്ല അതിനിയും തുടരും ഒരു കാര്യം അസന്ദിഗ്ദമായി പറഞ്ഞു കൊണ്ട് ഇതിവിടെ തല്ക്കാലം നിർത്തട്ടെ…
“യൂ ട്യൂബ് മാമൻ തെറ്റുകാരനല്ല….”
ഫൈസൽ മന്ദലംകുന്ന്
2 Comments
ബിലാലിനെയും റെഹിസിനെയും എളുപ്പത്തിൽ പഠിപ്പിക്കാൻ പറ്റുന്ന ഒരു വിഭവം പറയട്ടെ; curd rice🤓 … റൊമ്പ പ്രമാദം!! അതാവുമ്പോ ഫൈസിലിക്കയുടെ വയറും കേടാവില്ല…. എപ്പടി
എഴുത്ത് 👌👌
😂👍