എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ഒരു പ്രണയം അല്ലേ? അങ്ങനെയെങ്കിൽ എൻറെ ജീവിതത്തിലുമുണ്ട്. അത് പക്ഷേ നാവിൽ വെള്ളമൂറും രുചിയുള്ള ഇന്ത്യൻ കോഫി ഹൗസിലെ ചുവന്ന മസാലദോശയോടാ 😜
ഇതിനെക്കുറിച്ച് എഴുതാൻ എന്നെ പ്രേരിപ്പിച്ചത് ഇന്നു ഞായറാഴ്ച കുർബാന കഴിഞ്ഞ് പതിവുപോലെ കുരിശുമൂട്ടിലെ ഇന്ത്യൻ കോഫി ഹൗസിൽ (ICH ) ചെന്നപ്പോൾ ഈ മാസത്തോടെ ആ സ്ഥാപനത്തിന് തിരശീല വീഴുമെന്ന ഖേദകരമായ വാർത്തയാണ്.
സ്കൂളിൽ പഠിക്കുന്ന കാലത്ത് അച്ചായന്റെ കൂടെയാണ് ആദ്യമായി ഞാൻ ആലപ്പുഴ മുല്ലക്കൽ റോഡിലുള്ള ഇത്തിരി ഉള്ളിലിരിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ കയറുന്നത്. പെട്ടെന്ന് മഹാരാജാവിനെ പോലെ വേഷവും തലപ്പാവും വെച്ചൊരാൾ അരികിൽ വന്നപ്പോൾ ഞാനറിയാതെ എണീറ്റു പോയി.
“ങേ… അച്ചായൻ എന്നെ കൊണ്ടുവന്നത് വല്ല കൊട്ടാരത്തിലുമാണോ?”🙄🙄
അത് കണ്ടതും അച്ചായൻ എന്നെ തോളെപിടിച്ച് സീറ്റിൽ ഇരുത്തി. അയാൾ ഹോട്ടലിലെ വിളമ്പുകാരനാണെന്ന് വിശ്വാസം വരാതെ നോക്കുന്നതിനിടയിൽ “നിനക്കെന്താടി മസാലദോശ പോരെ?” എന്ന അച്ചായന്റെ ചോദ്യം എനിക്കൊരു അശരീരി പോലെയാ കാതിൽ പതിച്ചത്.
ആദ്യമേ തന്നെ നല്ല ഭംഗിയുള്ള ചില്ലു ക്ലാസിൽ കുടിക്കാൻ നല്ല സുഖകരമായ ഇളം ചൂടുള്ള കരിങ്ങാലി വെള്ളം… അതിനുശേഷം ഓർഡർ… അതായിരുന്നു അവിടുത്തെ രീതി.
നല്ല വെളുത്ത വസ്തി പിഞ്ഞാണത്തിൽ നെയ്യ് മണമുള്ള മസാല ദോശ 😋😋. ആ ദോശയുടെ ഉള്ളിലേക്ക് വിരൽ കുത്തിയിറക്കിയപ്പോൾ ചുവന്ന മസാല. യ്യോ…ഇതെന്താ ഇങ്ങനെ.? കഴിഞ്ഞ പ്രാവശ്യം സ്വാമി ഹോട്ടലിൽ പോയി കഴിച്ചപ്പോൾ അവിടുത്തെ മസാല മഞ്ഞനിറം ആയിരുന്നല്ലോ?🤔
പെട്ടെന്ന് കഴിച്ച് എണീച്ചില്ലെങ്കി ബോട്ട് പോകുമെന്നും പറഞ്ഞു അച്ചായൻ തന്നെ ആ ദോശയുടെ മൂല കിള്ളി വെളുത്ത ചമ്മന്തിയിൽ മുക്കി എൻറെ വായിൽ വെച്ച് തരുമ്പോൾ
” ഹൊ… അമ്പമ്പോ എന്നാ രുചിയാ ഈ സാധനത്തിന് !!” അറിയാതെ ഉള്ളിൽ പറഞ്ഞു പോയി.
എനിക്ക് മസാല ദോശ പറഞ്ഞിട്ട് അച്ചായന് പൂരിയും… പോരാഞ്ഞിട്ട് എനിക്ക് കട്ലറ്റ് വാങ്ങിത്തന്നു. അപ്പോഴാണ് രസം; ഇവിടെ എന്ത് തന്നാലും അതിലെല്ലാം ഫുൾ ബീറ്റ്റൂട്ട് മയം. എന്നാപ്പിന്നെ ഇതിന് ബീറ്റ്റൂട്ട് ഹൗസ് എന്ന പേരിട്ടാ പോരെ? എന്ന് ചിന്തിക്കാതിരുന്നില്ല 🤦🤓
അങ്ങനെയൊക്കെ ചിന്തിച്ച് ഓരോന്നും അകത്താക്കുന്നതിനിടയിൽ, വലിയ തളിക ഇടത്ത് കൈത്തണ്ടയില് താങ്ങി അതിൽ നിന്ന് തലപ്പാവുകാരൻ ആ വെള്ളക്കപ്പിലെ കോഫി സോസറിൽ വച്ച് എന്റെ മുമ്പിൽ വെച്ചപ്പോൾ ആഹ് ഹ് …🐽😋 മണം സഹിക്കാൻ വയ്യാതെ ആർത്തിയോടെ ഒരിറുക്കു മോന്തി… ഹെൻറെ മ്മോ നാവു പൊള്ളി പണ്ടാരമടങ്ങി…ശ്ശോ എന്തൊരു ചൂടാ…!!🥴🥴ആർത്തിമൂത്ത് ചൂട് തട്ടി തൊണ്ടപൊള്ളിയ വിഷമം മുഖത്ത് പ്രകടമായത് കണ്ടത് കൊണ്ടാവാം നീയാ സോസറിൽ ഒഴിച്ചു കുടിക്കൂ ന്ന് അച്ചായൻ വക ദേഷ്യം… പുള്ളിക്കാരനെ പറഞ്ഞിട്ട് കാര്യമില്ല. ആ ബോട്ട് പോയാൽ പിന്നെ ഒരു മണിക്കൂർ കാത്തു നിൽക്കണം ജെട്ടില് 😏
അന്ന് ഇന്ത്യൻ കോഫി ഹൗസിലെ മസാലദോശയുടെ രണ്ടറ്റവും പാത്രം കടന്നു പൊറുത്തു ചാടി കിടന്നിരുന്നു. നടുക്ക് ചുവപ്പ് മസാല നിറച്ച് അങ്ങോട്ടുമിങ്ങോട്ടും ദോശ രണ്ട് മടക്കി കമഴ്ത്തി കിടത്താറായിരുന്നു പതിവ്. എന്നാൽ ഇപ്പോ ദോശ ചെറുതായി പാത്രത്തിനകത്തായി. ഇപ്പോൾ രണ്ടു മടക്കൊന്നുമില്ല… പിന്നെയോ ദോശയുടെ ഒരൊറ്റത്ത് മസാല വച്ചിട്ട് മറ്റെയാറ്റവും മുൻപോട്ട് കൂടുതൽ മടക്കി പാത്രത്തിൽ പ്രതിഷ്ഠിക്കും. അതുപോലെതന്നെ മസാലദോശയോടൊപ്പം നമ്മൾ ചോദിക്കാതെ തന്നെ ഉഴുന്നുവട തള്ളാം എന്ന് കണ്ടുപിടിച്ചതും ഇവരാ 🤣🤣
ഒരുകാലത്ത് മസാല ദോശ കഴിക്കാൻ എത്തുന്ന ഗർഭിണികളുടെ തിരക്കും അവർക്ക് വേണ്ടി ദോശ വാങ്ങാൻ വരുന്ന കെട്ടിയൊന്മാരുടെ തിരക്കും കൂടുതലായിരുന്നു. എന്നാൽ ഇന്ന് ന്യൂജനറേഷൻ കുഴിമന്തിയിലേക്കും അൽഫാമിലേക്കും ബർഗർ പിസയിലേക്കുമോക്കെ മാറിപ്പോയി.
എന്തൊക്കെ പറഞ്ഞാലും ബീറ്റ്റൂട്ട് മസാല കഴിക്കണമെങ്കിൽ അതിനായി ഇന്ത്യൻ കോഫി ഹൗസിൽ തന്നെ പോണം. തന്നെല്ലാ രാജാവിനെപ്പോലെ തലപ്പാവ് വെച്ച സപ്ലൈമാർ വിളമ്പണമെങ്കിലും ഐസിഎച്ച്.
ബംഗാളികളുടെ “എന്താ സേട്ടാ കളിക്കാൻ വേണ്ടത്?”🤓🤓 എന്ന് കേൾക്കാത്ത ഒരേയൊരു സ്ഥാപനം ഐ സി എച്ച്.
ആദ്യകാലങ്ങളിൽ ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ്റ്റാൻഡിൽ തൊട്ടടുത്തായിരുന്ന ICH പിന്നീട് കുരിശുംമൂട്ടിൽ വന്നപ്പോൾ എനിക്ക് എന്ത് സന്തോഷമായിരുന്നുന്നോ…. കാരണം ഈ ചുവന്ന മസാല എനിക്ക് വശീകരണ രുചിയാണ്. 😝😝
ഇന്ത്യൻ കോഫി ഹൗസിൽ എപ്പോ നോക്കിയാലും രാഷ്ട്രീയക്കാരും സാംസ്കാരിക സാഹിത്യകാരന്മാരും ബിസിനസുകാരും കല്യാണ ബ്രോക്കർമാരും എന്ന് വേണ്ട… പ്രായഭേദമന്യേ പലരും തമ്പടിച്ച് ഒന്ന് രണ്ട് കോഫി ഒക്കെ കഴിച്ചു അവിടെ സംസാരിച്ചിരിക്കുന്നത് കാണാൻ സാധിക്കും.
കേരളത്തിൽ തന്നെ കണ്ണൂര് മുതൽ തമ്പാനൂർ വരെയുള്ള ICH നിന്ന് ഞാൻ കഴിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കൊട്ടാരക്കരയിലെ. പഴയതിൽ നിന്നും ഇന്നത്തെ രുചിയിൽ ഒരുപാട് മാറ്റം പലയിടത്തും വന്നിട്ടുണ്ട്. സാമാന്യം നല്ല രീതിയിൽ വൃത്തിയായി മിതമായ നിരക്കിൽ ഭക്ഷണം കിട്ടുന്നത് കൊണ്ടാവാം എല്ലാവർക്കും ICH നോട് ഇത്ര താല്പര്യം.
സ്കൂൾ പഠനകാലം തൊട്ടേ നാളിതുവരെ ഇന്ത്യൻ കോഫി ഹൗസിന്റെ ഭക്ഷണത്തിൻറെ രുചി കൂടെയുണ്ട്. പ്രത്യേകിച്ചും ആ കോഫി…. ആഹ്ച് എന്നാ മണം 🐽!!കടുപ്പം☕. എനിക്ക് തോന്നുന്നു പുതിയ ന്യൂജൻ നേ ആകർഷിക്കാൻ തക്കതായ ഒന്നും ഇവിടെ ഇല്ലാത്തതുകൊണ്ട് കൊണ്ടാവാം ഇത് നിർത്തേണ്ടി വരുന്നത്..
എനിക്ക് എന്നും ICH ഒരു വല്ലാത്ത ഫീൽ ആയിരുന്നു… 😚. ഇനിയുള്ള സൺഡേകളിൽ രാവിലത്തെ കുർബാനയും കഴിഞ്ഞ് ഞാൻ എവിടെ പോയി ചുവന്ന മസാല ദോശ കഴിക്കും?😢😢
ചങ്ങനാശ്ശേരിയിൽ എവിടെയെങ്കിലും ചെറിയ രീതിയിലെങ്കിലും ഒരെണ്ണം തുടങ്ങിയാൽ നല്ലതായിരുന്നു എന്ന് എന്നെപോലെ തോന്നുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ.?? ചുമ്മാ… അറിയാനാ!! 🥰 നമുക്കു നോക്കാം ല്ലെ 💕💕
🖋️ Manna Mereeza
7 Comments
TVM തമ്പാനൂരിലെ ICH ഞാൻ പോയിട്ടുണ്ട്…🥰
ICH – എത്രയെത്ര ഓർമ്മകൾ.. രുചികൾ.. മണങ്ങൾ 🙁 🙁
തിരുവനന്തപുരത്തും ഇപ്പൊ ആകെ മൂന്നെണ്ണമേ ഉള്ളൂ, ബാക്കി എല്ലാം പൂട്ടി.
ഇന്ന് lastday ആയത് കൊണ്ട് ഞാൻ അവിടെ കേറി…staff നോക്കെ നല്ല സങ്കടമുണ്ട് ഇത് പൂട്ടുന്നതിൽ…യൂണിയൻ പ്രശ്നം മെന്ന് കേൾക്കുന്നു… അറിയില്ല 😢
😢😢
കുറേയേറെ നല്ല ഓർമ്മകളിലേക്ക് ഏവരെയും നടത്തിച്ചിട്ടുണ്ടാകും.😘😘
എന്ത് പറഞ്ഞാലും എന്നും നമ്മുടെ മലയാളിയുടെ ഒരു വികാരമല്ലേ ICH… സ്നേഹം പഫ്സെ 🥰🥰
❤️❤️
🥰🥰