എന്തൊരു structure ഹേന്റമ്മച്ചി….!!
ചലച്ചിത്രനിർമ്മാണകലയ്ക്ക് ഇന്നും ഒരു റഫറൻസ് ഗ്രന്ഥമായി നിലകൊള്ളുന്ന ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രം റീ റിലീസ് ആയി, ഇപ്പോൾ സോഷ്യൽ മീഡിയയിലെങ്ങും ഓളം സൃഷ്ടിക്കുകയാണല്ലോ… പല പല interpretations, സൂക്ഷ്മനിരീക്ഷണങ്ങൾ എന്തൊക്കെയാണ് മൂവി ഗ്രൂപ്പുകളിൽ വായിക്കാൻ സാധിക്കുന്നത് ! ഈയവസരത്തിൽ ചിത്രത്തിൻറെ കേന്ദ്രബിന്ദുവായ നാഗവല്ലി എന്ന നർത്തകിയെ വരച്ച ചിത്രകാരനെ പരിചയപ്പെട്ടാലോ? 2020 ൽ ഞാനെഴുതിയ കുറിപ്പ് ഇതാ ചേർക്കുന്നു…
നാഗവല്ലിക്ക് രൂപം നൽകിയ തിരോന്തരംകാരൻ
കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ കെട്ടുകഥകളും ഭാവനാലോകവും (myth & fantasy) കോർത്തിണക്കി ഫാസിൽ ഒരുക്കിയ മണിച്ചിത്രത്താഴ് (1993) മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ സിനിമയിൽ കേന്ദ്ര കഥാപാത്രമാണ് നാഗവല്ലി – “ഒരു മുറൈ വന്ത് പാരായോ ….” എന്ന് പാടിക്കൊണ്ട് മലയാളിയുടെ മനസ്സിൽ ചേക്കേറിയ തമിഴ് നർത്തകി.
ആ അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകമനസ്സിലേക്ക് പകർത്തിയത്, നാഗവല്ലിയുടെ ഒരു “life size” ചിത്രത്തിലൂടെയാണ്. സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര്, എന്ന് അധികമാരും ചിന്തിച്ചിട്ടുണ്ടാകില്ല. മണിച്ചിത്രത്താഴിലെ ഐതിഹാസികമായ ആ കാൽപനിക കഥാപാത്രത്തിന് ജീവനുറ്റ രൂപം നൽകിയത്, ശ്രീ. ആർ. മാധവൻ എന്ന കലാപ്രതിഭയാണ്.
തിരുവനന്തപുരം പേട്ട സ്വദേശിയായ, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആർട്ട് വർക്കിലൂടെ പ്രശസ്തനായ കലാകാരൻ ശ്രീ R. മാധവൻ അവർകളാണ് നാഗവല്ലിയെ ക്യാൻവാസിൽ അനശ്വരമാക്കിയത്. “Live model” ഇല്ലാതെ, അദ്ദേഹത്തിന്റെ സർഗ്ഗ വൈഭവത്തിന്റെ മാത്രം ബലത്തിൽ പിറന്ന ചിത്രം എന്ന പ്രത്യേകത കൂടി നാഗവല്ലിയ്ക്കുണ്ട്.
മണിച്ചിത്രത്താഴിലെ ആർട്ട് ഡയറക്ഷൻ നിർവഹിച്ച മണി സുചിത്ര, അദ്ദേഹത്തിന്റെ മരുമകനാണ്. മാന്നാർ മത്തായി സ്പീക്കിംഗ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ച കലാകാരനാണ് ആർട്ട് ഡയറക്ടർ മണി സുചിത്ര.
കല രക്തത്തിലൂടെ ഒഴുകുന്ന ഒരു കുടുംബത്തിലാണ് ശ്രീ. മാധവൻ ജനിച്ചത്. കെ. മാധവൻ ആചാരി എന്ന ഇതിഹാസ കലാകാരൻ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ സുവർണ്ണ രഥവും ആനക്കൊമ്പ് സിംഹാസനവും നിർമ്മിച്ച പ്രതിഭാധനരായ ആശാരിമാരുടെ വംശത്തിൽ നിന്നുള്ളവരായിരുന്നു ഇവർ.
ജീവൻ തുടിക്കുന്ന കലാസൃഷ്ടികൾ
ഒരു ചലച്ചിത്രത്തിന് പിറകിൽ നൂറുകണക്കിനുള്ള പ്രവർത്തകരുടെ കഠിനാദ്ധ്വാനമുണ്ട്. പക്ഷേ പലപ്പോഴും തിരശീലയ്ക്കു പിറകിലെ പലരുടേയും സംഭാവനകൾ പുറംലോകത്ത് അധികമാരും അറിയുന്നില്ല. ശ്രീ. മാധവന്റെ ബന്ധുവായ ശ്രീ. T.S. ഹരിശങ്കർ പറഞ്ഞ വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുകയാണ്.
തിരുവനന്തപുരം സ്വദേശിയാണെങ്കിലും ചെന്നൈയിൽ ആയിരുന്നു ശ്രീ. R. മാധവൻ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ഒരു സന്ദർശനവേളയിൽ ആകസ്മികമായി ഈ ചിത്രം ശ്രദ്ധയിൽ പെട്ടപ്പോൾ, സംസാരമധ്യേയാണ് ആ പെയിന്റിംഗ് ചെയ്തത് അദ്ദേഹം ആയിരുന്നുവെന്ന് ഹരിശങ്കർ അറിയുന്നത്.
അദ്ദേഹം അഭിപ്രായപെടുന്നതിങ്ങനെ : “ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ അറിയേണ്ട കലാകാരന്മാരാണ് ഇവർ മൂന്നു പേരും – കെ. മാധവൻ, ആർ. മാധവൻ, ആർ. നടരാജൻ എന്നിവർ. 1940 – 60 കളിൽ ഇന്ത്യയിൽ പ്രിന്റ് മീഡിയ തുടങ്ങിയപ്പോൾ, ആ പ്രിന്റ് മീഡിയയിലേക്ക് ആർട്ട് വർക്കിനെ കൊണ്ടുവന്നത് കെ. മാധവൻ ആണ്. അദ്ദേഹത്തിന്റെ ശേഷക്കാരന്മാരാണ് ഇവർ രണ്ടുപേരും. They were ruling the artwork, പക്ഷേ ആരും അറിയാതെ പോയി. ഇവർ മൂന്നു പേരും തിരുവനന്തപുരത്തുകാർ ആണ്.”
നിർഭാഗ്യവശാൽ ശ്രീ. മാധവൻ അവർകൾ ഇന്ന് നമ്മോടൊപ്പമില്ല. ഏകദേശം 9 വർഷം മുൻപ് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന് അഞ്ചു മക്കൾ ഉണ്ട്, പക്ഷേ പിൻതലമുറക്കാരിൽ ആരും തന്നെ ആർട്ട് വർക്ക് ഒരു പ്രൊഫഷൻ ആയി തുടരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരീപുത്രനും മകളുടെ ഭർത്താവുമായ മണി സുചിത്ര മാത്രമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
നാഗവല്ലിയുടെ അമരത്വം
ഒരു ചിത്രം എന്നതിലുപരി, നാഗവല്ലിയുടെ പെയിന്റിംഗ് ഒരു കലാസൃഷ്ടിയാണ്, ഒരു കഥയാണ്, ഒരു സ്വപ്നമാണ്. ആ രൂപം നമ്മുടെ മനസ്സിൽ എന്നും ജീവിക്കും. പക്ഷേ, കലാലോകത്തിന് കാര്യമായ സംഭാവനകൾ നൽകിയിട്ടും ശ്രീ. മാധവൻ്റെ പേര് വിസ്മൃതിയിലെങ്ങോ ആണ്ടു പോയിരിക്കുകയാണ്. സിനിമാ മേഖലയിൽ കലാകാരന്മാർ പലപ്പോഴും അവഗണിക്കപ്പെടുന്നതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. സംവിധായകരും അഭിനേതാക്കളും limelight ൽ നിറയുമ്പോൾ, അവരുടെ vision ന് ജീവൻ നൽകുന്ന കലാ/കരകൗശല വിദഗ്ധർ പലപ്പോഴും വാഴ്ത്തപ്പെടുന്നില്ല.
മണിച്ചിത്രത്താഴ് ഒരു സിനിമ മാത്രമല്ല; എണ്ണമറ്റ കലാകാരന്മാർ/കലാകാരികൾ തങ്ങളുടെ മുദ്ര പതിപ്പിച്ച ഒരു ക്യാൻവാസാണിത്. 31 വർഷങ്ങൾക്ക് ഇപ്പുറവും ഈ cult movie നമ്മളെ ത്രസിപ്പിക്കുമ്പോൾ, ഒരു സിനിമാ മാസ്റ്റർപീസ് സൃഷ്ടിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ അക്ഷീണം പ്രവർത്തിക്കുന്ന മനുഷ്യരെയും നമുക്ക് ഓർക്കാം. ഈ ഐതിഹാസിക ചിത്രത്തിന് ആർ.മാധവൻ്റെ സംഭാവനകൾ സർഗ്ഗാത്മകതയുടെ അനശ്വരതയുടെ തെളിവാണ് – തിരശീലയ്ക്ക് പിന്നിൽ നിൽക്കുന്ന യഥാർത്ഥ നായികാ/നായകന്മാരെ തിരിച്ചറിയേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെയും !!
എഴുത്ത് © ദീപ പെരുമാൾ
ചിത്രം കടപ്പാട് © അശ്വിനി (ചെറുമകൾ)
വിവരണങ്ങൾക്ക് കടപ്പാട്: © ഹരി ശങ്കർ ടി എസ് (അടുത്ത ബന്ധു), ശരത് സുന്ദർ രാജീവ് (ചരിത്രകാരൻ)
.
12 Comments
👍👍
Thank you 🙂
Very nice write up.Good effort and a tribute to the artist.
Thank you da … 🙂
Good tribute to great artist.
തിരശീലക്കു പിറകിൽ പ്രവർത്തിക്കുന്ന അനേകം കലാകാരമാരെ നമ്മൾ അറിയാറില്ല.
നല്ല രചന.
Satyam ! Thank you dear 🙂
മനോഹരം. പലപ്പോഴും നയന മനോഹരങ്ങളായ ശില്പങ്ങളേയും ചിത്രങ്ങളെയും നമ്മൾ പ്രകീർത്തിക്കും. അത് ഗ്യാലെറിക്കകത്തായാലും അതെ ശ്രീക്കോവിലനകത്തായാലും അതെ. പക്ഷെ ആ സൃഷ്ടിയെ ആ രൂപത്തിൽ എത്തിച്ച ആ കലാകാരനെ നമ്മൾ ലാലരും മറക്കും അതോ പടിക്കുപുറത്ത് നിർത്തും. അത് ആ കലാകാരന്റെ പ്രയത്നത്തെ മറന്നുപോകുന്നത് കൊണ്ടല്ല മറിച്ച് അവരുടെ സൃഷ്ടിയുടെ മാസ്മരിക്കാത്ത കൊണ്ടാകാം. അതിനെ താങ്കൾ നന്നായി ഇവിടെ പ്രതിപാദിച്ചു. Great❤️❤️
Thank you so much 🙂
Good write up
Thank you da 🙂
good information 👍👍
Thank you !!