ഇതൊരു മൊബൈൽ ഗാഥയാണ്. പ്രശ്നങ്ങളും അതിലുപരി പ്രയോജനങ്ങളും ഉള്ള മൊബൈൽ എന്ന ഉപകരണത്തെക്കുറിച്ചുള്ള വീരഗാഥ!
ഇന്ന് വൈവിദ്ധ്യമാർന്ന മൊബൈൽ-നെറ്റ്വർക്കുകളുടെ ഹാമ്മോക്കുകളിൽ കിടന്ന് ആലോലമാടി വിലസുന്നവരാണ് നമ്മൾ. നെറ്റ് ശക്തവും ഇഴയടുപ്പം ഉള്ളതും ആണെങ്കിൽ പിന്നെ അതിൽ കിടന്നുള്ള ആട്ടത്തിന്റെ രസവും വേഗതയും കൂടും. ഇന്നത്തെ ഇത്തരം സൗകര്യങ്ങളിൽ നിന്ന് ആലോചിക്കുമ്പോൾ അന്നൊരു മൊബൈലിന്റെ അഭാവം കൊണ്ട് നമ്മുടെ മനസ്സിൽ ഒരു തേങ്ങലും വിങ്ങലുമൊക്കെ ബാക്കിയാക്കി വേർപിരിഞ്ഞവരെ നിങ്ങൾക്കോർമ്മ വരുന്നുണ്ടോ? നിങ്ങളുടെ മനസ്സെനിക്ക് വായിക്കാം,
“എന്ത് ചോദ്യാ..ദ് ..? ഓർമ്മയുണ്ടോന്നോ..?”
എന്നല്ലേ ഇപ്പോൾ നിങ്ങളുടെ മനസ്സിൽ?
ഇല്ലാത്ത ചക്ക വരട്ടിയ്ക്ക് ഗാഥ എന്ന ചേരാത്ത പേരുമിട്ട്, അതിനൊരു ക്യാപ്ഷൻ വേണം എന്ന മുടന്തൻന്യായവും പറഞ്ഞ് ഗാഥ ജോലി ചെയ്യുന്ന അഡ്വർട്ടയ്സിങ് കമ്പനിയിൽ അയാൾ ഇടയ്ക്കിടെ കയറിയിറങ്ങി. എന്നിട്ട്, എത്ര ആസ്വദിച്ചാലും മതിവരാത്ത ഒരു കൽക്കണ്ട തേൻ മധുരം ചാലിച്ച സുമുഹൂർത്തം നമുക്കേവർക്കും സമ്മാനിച്ചുകൊണ്ട്, നിർബന്ധമായി അവളെക്കൊണ്ട്, തന്നെ കെട്ടിപിടിപ്പിച്ച് ‘ഐ ലവ് യൂ..’ പറയിപ്പിച്ചു.
ഒരേസമയം ഗാഥയുടെ മനസ്സിലേക്കും, നമ്മുടെ മനസ്സിലേക്കും കയറികൂടിയ ‘ഉണ്ണിക്കിഷൻ’. “എങ്കിലേ..എന്നോട് പറ, ഐ ലവ് യൂ……ന്ന്” എന്ന് പറയുന്നതിലെ മനോഹാരിത, ആ ഒരു വെമ്പൽ ഒരുപക്ഷേ അന്ന് മൊബൈൽ ഉണ്ടായിരുന്നെങ്കിൽ കളഞ്ഞ് കുളിച്ചേനെ, നമ്മളും അവരും…
“വേർ എവർ യു ഗോ ആം ദേർ”
എന്ന് പറഞ്ഞ് ഗാഥയ്ക്ക് പിന്നാലെ കൂടിയ ഉണ്ണികൃഷ്ണന്റെ അതേ ഡയലോഗ്, പറയാതെ പറഞ്ഞ് ഇന്ന് നമ്മുടെ കൂടെ കൂടിയിരിക്കുന്ന നായകനും വില്ലനും ആയ മംഗലശ്ശേരി നീലകണ്ഠൻ ആണ് മൊബൈൽ. മൊബൈൽ നമ്മുടെ ജീവിതത്തെ സംബന്ധിച്ച് സുഗുണനും ദുർഗുണനും ആണ്.കുറെയേറെ നന്മകളുള്ള ഒരു ആത്മമിത്രത്തിന്റെ ദുർഗുണങ്ങൾ നമ്മൾ സൗകര്യപൂർവ്വം കണ്ടില്ലെന്ന് നടിച്ച് അയാളെ ആഴത്തിൽ സ്നേഹിക്കുന്ന പോലെയുള്ള ഒരു ടെക്ക്നീക്ക്.
ഉണ്ണികൃഷ്ണൻ ഗാഥയിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നത് ഗാഥ പറയാൻ സമയമെടുത്തപ്പോൾ, ‘എന്താണിത്ര ആലോചിക്കാൻ, നീ പറഞ്ഞില്ലെങ്കിൽ ഇപ്പോൾ ഞാൻ ഇടയിൽ കയറിപ്പറയും’ എന്ന് തോന്നിയ കൗമാരക്കാരിൽ അന്ന് ഞാനുമുണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തിൽ പറഞ്ഞ് വച്ച സമയത്ത് പരസ്പരം ഫോണിലൂടെ സംസാരിക്കാൻ ആവാതെ, തമ്മിൽ പിരിയേണ്ടി വന്നവർ. അവർ ഒന്നായി ജീവിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ച കാഴ്ച്ചക്കാരായ നമ്മളും, പിരിമുറുക്കത്തിന്റെ മുൾമുനയിൽ നിന്ന ആ സിനിമയുടെ അവസാന സീനുകൾ.
ഒരു ഫോൺ ആയിരുന്നു അവർ ഒന്നിച്ച് ജീവിക്കണോ വേണ്ടയോ എന്ന സുപ്രധാനതീരുമാനം എടുത്തത്, അതും നമ്മെ ഏവരെയും നഷ്ടബോധത്തിന്റെ കയത്തിലേക്ക് തള്ളിവിട്ടുകൊണ്ട് അവർ രണ്ടുപേരും രണ്ട് ദിശയിൽ പോയി… ഗാഥയോടും ഉണ്ണികൃഷ്ണനോടും മാപ്പ്. ഇന്ന് മൊബൈൽ ഗാഥകൾ എഴുതുന്നു നമ്മൾ. അന്ന് ഈ മൊബൈൽ ഉണ്ടായിരുന്നെങ്കിൽ അവർക്ക് ഒരിക്കലും പിരിയേണ്ടിവരില്ലായിരുന്നു. അതില്ലാഞ്ഞത് കൊണ്ട് രണ്ട് വഴിക്ക് ഒഴുകേണ്ടി വന്ന പുഴകളായി അവർ, ഹതഭാഗ്യർ..
“വീട് പൂട്ടിയിറങ്ങവേ, എന്തിനാണ് ഉണ്ണികൃഷ്ണാ നീ പ്രണയിനി ഗാഥയെ ഫോണിൽ കിട്ടാത്ത സങ്കടത്തിൽ ആ താക്കോൽ മുറ്റത്തെ കാട് പിടിച്ച ചെടികൾക്കിടയിലേക്ക് വലിച്ചെറിഞ്ഞത്?”
എന്ന് മനസ്സിൽ ഞാൻ പലവട്ടം ചോദിച്ചു. അതുകൊണ്ടല്ലേ ഒരു സ്ഥലത്ത് നിന്ന് മാത്രം സംസാരിക്കാനാവുന്ന ലാൻഡ് ഫോണിന് അടുത്തേക്ക് നിനക്കോടിയെത്താൻ ആവാഞ്ഞതും, ആ ഫോണും താക്കോലും നിങ്ങൾ ഇരുവർക്കുമിടയിലെ വില്ലന്മാരായതും! ഇത്തരം സന്ദർഭങ്ങൾ ഓർമ്മയിൽ തെളിയുമ്പോൾ ആണ് മൊബൈൽ ഇന്നത്തെ ഒരു നായകൻ കൂടി ആണെന്ന ചിന്ത വരുന്നത്.
ഇന്നാണെങ്കിൽ രണ്ടുപേർക്കും മൊബൈലിലേക്ക് ഒരു വിളി,
ഒരു മെസ്സേജ്,
അതുമല്ലെങ്കിൽ
ഒരു വാട്സ്ആപ്പ് വോയ്സ് മെസ്സേജ്.. വെരി വെരി ഈസി.
ഇന്ന് എല്ലാ തുറകളും മൊബൈൽ അടക്കി വാഴുന്ന കാലമായിട്ടും, കഥയുടെ പരിസമാപ്തി ഇന്നത്തെ കാലഘട്ടവുമായി തട്ടിച്ച് നോക്കുമ്പോൾ അപ്രസക്തമായിട്ടും, ഇന്നും ‘വന്ദനം’ വന്ദനമർഹിക്കുന്ന ചിത്രമായി മനസ്സുകളിൽ വിരാജിക്കുന്നു. കാരണം കൂടിക്കാഴ്ചകളും, ഫോൺ സംഭാഷണങ്ങളും വിരളമായതുകൊണ്ട് അന്നത്തെ പ്രണയങ്ങൾക്ക് മധുരം ഏറിയിരുന്നു, ദിനംപ്രതി ഏറിക്കൊണ്ടിരുന്നു.
പ്രാപ്തമാക്കാൻ പ്രയാസമുള്ളതെന്തിനും ജീവിതത്തിൽ കൂടുതൽ പ്രസക്തി ഉണ്ടെന്നല്ലേ അതിൽ നിന്നും മനസ്സിലാകുന്നത്? സൗകര്യങ്ങൾ കൂടിയപ്പോൾ പ്രണയത്തിന്റെ മാധുര്യം കുറഞ്ഞു എന്നത് ഒരു വസ്തുതയാണ്. ഒന്ന് കാണാൻ വെമ്പുന്ന, ഒന്ന് മതിയാവോളം സംസാരിക്കാൻ കൊതിക്കുന്ന പ്രണയിതാക്കൾ ഒരവസരത്തിനായി കാത്തിരിക്കുന്ന ആ സുഖം ഇന്നില്ല എന്നത് ഒരു സത്യം തന്നെയല്ലേ? ഇന്നത്തെ വാട്സ്ആപ്പ് മെസ്സേജുകൾ പണ്ടത്തെ പ്രണയലേഖനങ്ങളുടെ വശ്യത കളഞ്ഞ് കുളിച്ചു. സ്വന്തം കൈപ്പടയിൽ എഴുതി അയക്കുന്ന, അല്ലെങ്കിൽ ആരെങ്കിലും വഴി കൈമാറുന്ന പ്രണയലേഖനങ്ങളിൽ പ്രണയം ആത്മാർത്ഥത എന്നിവ നിറഞ്ഞ് തുളുമ്പിയിരുന്നു. സാധാരണ ഒരു എഴുത്ത് ആണെങ്കിൽ പോലും അതിനൊരു ജീവനുണ്ടായിരുന്നു, സുഖമുള്ള കാത്തിരിപ്പുണ്ടായിരുന്നു.
എപ്പോൾ വേണമെങ്കിലും ഒന്ന് സ്വൈപ്പ് ചെയ്താൽ മൊബൈൽ സ്ക്രീനിലെ വെളിച്ചത്തിൽ തെളിയുന്ന അവന്റെ അല്ലെങ്കിൽ അവളുടെ ചിത്രത്തിന്റെയും, ഇഷ്ടഗാനത്തിന്റെയും അകമ്പടിയോടെ സംസാരം തുടങ്ങാം. അതൊരു പ്രയോജനം തന്നെ ആണ്. എന്നിരുന്നാലും കൈ വെള്ളയിലോ കീശയിലോ സഞ്ചിയിലോ ഏതുനേരവും ഉള്ള മൊബൈൽ ഒന്നുണ്ടെങ്കിൽ പിന്നെ കാത്തിരിപ്പിന്റെ രസം, അതില്ലാതായി.
“അവന്റെ ഒരു മോവീല്…” എന്ന് പറഞ്ഞ് മൊബൈൽ ചവിട്ടി പൊട്ടിക്കുന്ന രാജമാണിക്യന്മാർ ആവുന്നുണ്ട് ഇന്ന് പലരും മനസ്സ് കൊണ്ടെങ്കിലും… അമിതോപയോഗം ! പറഞ്ഞിട്ടെന്തുകാര്യം.. ഒരുപാട് സംഗതികൾ വിരൽതുമ്പുകൊണ്ടുള്ള ഒരു സ്പർശനത്തിന് പിന്നിൽ ഒളിപ്പിച്ച, മിന്നുന്ന ആ അത്ഭുത ദീർഘചതുരക്കഷ്ണം നമ്മെ നോക്കി ഊറിച്ചിരിക്കുന്നു.
ഞാൻ ദേവനുമാണ്, അസുരനുമാണ് എന്നാണ് ആ ചിരിയുടെ അർത്ഥം. നേരത്തെ പറഞ്ഞ ആ ഒരു മംഗലശ്ശേരി നീലകണ്ഠൻ സ്റ്റൈൽ.. ഒരേസമയം ദേഷ്യവും ഇഷ്ടവും തോന്നുന്ന വില്ലനായ നായകൻ.. ഇന്ന് ഫോണും വാച്ചും അലാമും കാൽക്യൂലേറ്ററും ക്യാമറയും പാട്ടും റെക്കോർഡറും സിനിമയും എഴുത്താണിയും സംശയനിവാരണവും റൂട്ട്മാപ്പും റിമോട്ടും ഗൈഡും ഡോക്യുമെന്റ്സ് സ്റ്റോറേജും എല്ലാം ഇവൻ ഈ നീലകണ്ഠൻ തന്നെ.. ഒരു സർവ്വകലാവല്ലഭൻ.. പിന്നെ അവനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? അവന് മുന്നിൽ ചിലങ്ക കെട്ടി ആടുന്ന ഭാനുമാരായി നമ്മൾ ഓരോരുത്തരും. ഇന്ന് അവനില്ലെങ്കിൽ പറ്റില്ലെന്നായി… പോരെങ്കിൽ പലവർണ്ണത്തിലുള്ള ഉടുപ്പുകൾ മാറി മാറി ധരിച്ച്, മികവുകൾ എടുത്ത് കാട്ടി, പുതിയ പല പല നാമധേയങ്ങളിൽ വന്ന് ഇഷ്ടം പിടിച്ച് വാങ്ങുന്നു.
അധികായാൽ അമൃതും വിഷം എന്നറിയാമെങ്കിലും ആ അമൃതിന്റെ സ്വാദിൽ മതിമറന്ന് പോകുന്നവരിൽ അഥവാ അടിമപ്പെട്ട് പോകുന്നവരിൽ ഞാനുമുണ്ട്. നാടോടുമ്പോൾ നടുവേ ഓടിയില്ലെങ്കിൽ നമ്മൾ പിന്നിലായിപ്പോകും.
ഇന്ന് ഈ എഴുതുന്നതിന് പോലും പേനയും പേപ്പറും വേണ്ട. മൂന്ന് കൈ വിരലുകൾക്ക് പണി കൊടുത്ത് പേന പിടിച്ച് എഴുതിയിരുന്ന ഞാൻ ഇന്ന് ഒരു വിരൽ തുമ്പ് കൊണ്ട് മാത്രം എഴുതുന്നു. ഇതൊക്കെ നേട്ടങ്ങളുമാണ് കോട്ടങ്ങളുമാണ്. ചുരുക്കം പറഞ്ഞാൽ ഇരുതല മൂർച്ചയുള്ള വാൾ ഉപയോഗിക്കുന്ന പോലെ…
മൊബൈൽ പ്രചാരത്തിൽ വന്ന കാലത്ത്, ഓഫീസ് ഉപയോഗത്തിനായിട്ടാണ് ഭർത്താവ് ആൾക്ക് സ്വന്തമായി ഒരു മൊബൈൽ വാങ്ങിയത്.അന്നത്തെ നോക്കിയ.ഒരു ലക്സ് ഇന്റർനാഷണൽ സോപ്പിന്റെ വലിപ്പം മാത്രമുള്ള ഒരു വെളുത്ത കോപ്പ്.
സോപ്പ് പോലെയുള്ള ആ കോപ്പിൽ അന്ന് ആപ്പില്ല.
വെറും വിളികളും, എസ് എം എസ്സുകളും, പിന്നെ വളരെക്കുറച്ച് സൗകര്യങ്ങളും മാത്രം. എന്നാലും അറിയാത്തവർ അത് ഞെക്കിയാൽ, ഞെക്കുന്നവരെ അത് ആപ്പിലാക്കിയിരുന്നു! അങ്ങനെ ഞാനും ആപ്പിലായി. ഇന്ന് മൊബൈൽ ആപ്പുകളുടെ ആർപ്പുവിളിയാണ്. സൗകര്യാർത്ഥം തള്ളുകയോ കൊള്ളുകയോ ആവാം.
ആപ്പില്ലാത്ത കാലത്തും മൊബൈൽ എന്ന വിരുതൻ എന്നെ ആപ്പിലാക്കിയ ഒരു സംഭവം..
എയർപോർട്ടിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എന്റെയാൾ വന്ന് ഉറക്കമായാൽ ഞാൻ എന്റെ ഡേ ഡ്യൂട്ടി തുടങ്ങുകയായി. ഈ മൊബൈൽ എന്താണെന്നും എങ്ങിനെയാണെന്നും ഒക്കെ അതിൽ തുരുപ്പ് പിടിച്ച് നോക്കൽ ആണ് മെയിൻ പണി. ആൾ അറിയാതെ ചെയ്യുന്ന സംഭവം ആയതുകൊണ്ടും, അറിയാത്ത പണിയിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നതുകൊണ്ടും ഹൃദയമിടിപ്പ് കൂടിക്കൂടി കൈകാൽ വിരലുകളുടെ അറ്റം തണുത്ത് ഉറയുകയുമൊക്കെ ചെയ്യാറുണ്ട് ഈ സാധനം കൈയ്യിലെടുത്താൽ. എന്നാലും ഒന്ന് അറിയണമല്ലോ. പ്രശ്നമാണ് എന്ന് തോന്നിയാൽ എന്താണ് പ്രശ്നം എന്നറിയാനുള്ള ഒരു തരം ആകാംക്ഷയാണ് പിന്നെ. മനുഷ്യസഹജം! ആൾ ഉറങ്ങിയാൽ എന്നിലെ ജിജ്ഞാസ സട കുടഞ്ഞ് ഉണർന്നെണീക്കും.
കുരങ്ങന്റെ കൈയ്യിൽ കിട്ടിയ പൂമാല പോലെ എന്ന് പറഞ്ഞാൽ അധികമാവില്ല. തിരിച്ചും മറിച്ചും ഞെക്കിയും ഒക്കെ നോക്കുമ്പോൾ സ്വിച്ച് ഓഫ് ചെയ്ത് വച്ച ആ സാധനം എവിടെയോ എന്റെ വിരൽ കൊണ്ട് കുഞ്ഞുങ്ങൾ കോട്ടുവായിട്ട് ഞെളിഞ്ഞ് പിരിഞ്ഞ് ഉറക്കമുണരും പോലെ കണ്ണുകൾ ചിമ്മി തുറന്ന് ടീങ്… എന്നൊരു ശബ്ദമൊക്കെ ഉണ്ടാക്കി ഉണരും. അപ്പോൾ ടെക്നിക്ക് പിടികിട്ടി, ഓൺ ആവാനുള്ള ബട്ടനിൽ ആണ് ഞാൻ തലോടിയത്. സ്ക്രീനിൽ എന്നോടൊരു ചോദ്യം പോലെയൊന്ന് വരും ഇംഗ്ലീഷിൽ…
നോക്കിയാ..
എനിക്ക് ചിരി വരും. നോക്കിയോ ന്നോ.. .എന്ത് നോക്കിയോന്ന്.. നോക്കിയില്ല, നോക്കണോ, നോക്കാം. ശരിക്ക് ഒന്ന് നോക്കാൻ പോകുന്നേയുള്ളു..
ഞാൻ സമ്മതം കിട്ടിയ പോലെ വിശദമായി നോക്കും.
നോട്ടത്തിനിടെ ചില നോട്ടപ്പിശക് പറ്റുന്നതാണ് ഏറ്റവും വലിയ പ്രശ്നം. കൈ കൊണ്ട് കോൾ പോകും. ആളുടെ കോൺടാക്ട് ലിസ്റ്റിൽ ആദ്യാക്ഷരം ആയ A യിൽ കിടക്കുന്ന ആദ്യത്തെ കോൺടാക്റ്റിലേക്ക് ഒറ്റപ്പോക്കാണ് കോൾ. അജീർണ്ണം വന്നയാൾ ടോയ്ലറ്റ് കാണുമ്പോൾ ഉള്ള ധൃതി പോലെ..
നോക്കുമ്പോൾ അവിടത്തെ ACP യുടെ ഫോണിലേക്കാണ് വിളി പോകുന്നത്, ACP എന്ന് തന്നെയാണ് പേര് സേവ് ചെയ്തിരിക്കുന്നത്. എയർപോർട്ട് ആവശ്യങ്ങൾക്ക് ഉള്ള പോലീസ് കണക്ഷൻ ആണ്.
പോയ കോൾ എങ്ങനെ നിർത്തലാക്കുമെന്ന് അറിയാത്ത ഞാൻ, നീന്തലറിയാതെ കുളത്തിൽ മുങ്ങിച്ചാവാൻ പോകുന്നവരെപ്പോലെ കൈകാലിട്ടടിക്കും. ചെവിക്കല്ലിന് തൊട്ട് താഴെയാണ് അപ്പോൾ ഹൃദയമിടിപ്പ്, അത്രക്ക് സ്ഫുടമായി കേൾക്കാം
എന്നും ഇത് തന്നെയാണ് സംഭവിക്കാറ്. ACP എങ്ങാനും ഫോൺ എടുത്താൽ തീർന്നു. എവിടെയൊക്കെയോ അമർത്തി നോക്കും. അറ്റകൈക്ക് ഓൺ ചെയ്ത ബട്ടൺ തന്നെ പിടിച്ചമർത്തി നോക്കി വെപ്രാളത്തിനിടെ… ഹാവൂ… സ്വിച്ച് ഓഫ് ആയി കിട്ടി കുന്തം! അന്നത്തെ അഭ്യാസം മതിയാക്കി മൊബൈൽ എടുത്തിടത്ത് തന്നെ കൊണ്ട് പോയി ഭദ്രമായി വച്ചു. മൊബൈൽ ഓഫ് ആയി, പക്ഷെ എന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ ആയിരുന്നു കുറച്ച് നേരത്തേക്ക്.. അന്നുമുതൽ എന്നും കോൾ പോയാൽ സ്വിച്ച് ഓഫ് ആക്കുക എന്നത് ഞാൻ പതിവാക്കി.
ഉറക്കം കഴിഞ്ഞ് എണീറ്റ് വന്ന ആൾ നോക്കുമ്പോൾ എന്നും ഒരു കോൾ പോവുന്നുണ്ട് ACP സാഹിബിന്. കോൾ ലിസ്റ്റിൽ മുമ്പൻ ആയി കിടക്കുന്ന ACP യെ നോക്കി, വിളിച്ച സമയം നോക്കി ആൾ എന്നെ ഒരു ദിവസം കൈയ്യോടെ പിടികൂടി.
“ഞാൻ ഉറങ്ങുമ്പോ താൻ എന്തിനാ ACP സാറിനെ വിളിക്കണേ?” ന്യായമായ ചോദ്യം.
ഞാൻ വിഷയം മാറ്റാൻ നോക്കി,വിക്കലോടെ, വിളറലോടെ… ചായ എടുക്കട്ടെ എന്നായി. ആൾ വിടാനുള്ള മട്ടില്ല. അമ്പടാ… ഞാനും വിട്ടില്ല.
“എനിക്ക് നിങ്ങളെക്കുറിച്ച് കുറേ കംപ്ലയിന്റ് ഉണ്ട്. അത് പറയാനാ..”
“അതുശരി അപ്പോ ഇതാണ് പണി അല്ലേ… എക്സ്പിരിമെൻറ്സ്..”
ആളെന്നെ നോക്കി കണ്ണുരുട്ടി.
ഞാൻ പറഞ്ഞു..
“അതൊന്ന് പഠിക്കാനാ ഇഷ്ട്ടോ… അല്ലാണ്ട് ഒന്നിനുമല്ല. എനിക്കും വേണം ഇത് പോലെ ഒന്ന്..”
വാങ്ങിത്തരാട്ടാ… എന്ന മട്ടിൽ എന്നെയൊന്ന് അടിമുടി നോക്കി, ആക്കിയ മട്ടിൽ കണവൻ തലയാട്ടി.
“ആക്കിയ നോട്ടം വേണ്ട, എനിക്ക് നോക്കിയ വേണം” എന്ന് ഞാൻ.
അവനെ കൈയ്യിൽ കിട്ടാൻ പിന്നെയും ഏറേനാൾ എടുത്തു. കുവൈറ്റിൽ പോയപ്പോൾ എനിക്ക് പിറന്നാൾ സമ്മാനമായി വാങ്ങി തന്നു ഒരെണ്ണം. നോക്കിയ തന്നെ.. എന്റമ്മോ എന്ത് സന്തോഷമായിരുന്നു ! ക്യാമറയും,ടച്ച് സ്ക്രീനും ഒന്നും അന്നില്ലെങ്കിലും നിധി കിട്ടിയ സന്തോഷം. സ്വന്തമായി ഒന്ന് കൈയ്യിൽ കിട്ടിയതിന് ശേഷമാണ് ഞാൻ അവനെ ശരിക്ക് പഠിച്ചത്. ACP യെ ഭയക്കാതെ..ആദ്യമായി അറിഞ്ഞിരിക്കേണ്ട ബട്ടൺ ഡിലീറ്റ് ബട്ടണും, സ്വിച്ച് ഓഫ് ബട്ടണും ആണ് എന്നതാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ എന്റെ ഒരു ഇത്.. പറ്റുന്ന അബദ്ധങ്ങൾക്ക് കൈയ്യും കണക്കും ഇല്ലെങ്കിൽ പ്രത്യേകിച്ചും!😃😆
ടച്ച് സ്ക്രീൻ വന്നപ്പോൾ ആദ്യമായി ദുബൈയിൽ നിന്നും ഒരെണ്ണം വാങ്ങി..
തോണ്ടുന്ന ഫോൺ.. സാംസങ്..
അതിന് ശേഷം പല ആപ്പുകൾ ആയി, വാട്സ്ആപ്പ് പ്രിയമായി, യു ട്യൂബ് ആയി, വീഡിയോ കോൾ ആയി, മൊബൈലിൽ നിന്നും കണ്ണെടുക്കാതെയായി..
“യെപ്പോ നോക്കിയാലും മൊബൈലിലാ…”
എന്നത് പരസ്പരം പഴി ചാരാനുള്ള ആപ്തവാക്യവുമായി. മന്തുള്ള സ്വന്തം കാൽ കുഴിയിൽ ഇട്ട് വെച്ചിട്ട് “ദേ… പോണു മന്ത് കാലൻ” എന്ന് പറഞ്ഞ പോലെ ആണ് കാര്യങ്ങൾ.
വായന കുറഞ്ഞു, ആപ്പിൽ ആപ്പിലായി.. ഇപ്പോൾ വായിക്കുന്ന, എഴുതുന്ന പ്രിയ മൊബൈൽ ആപ്പുകളും പേജുകളും വന്നപ്പോൾ വീണ്ടും നല്ല കുട്ടി ആയി വായന കുറച്ചൊക്കെ തുടങ്ങി വച്ചു.
പിന്നെ ഒരു അനുഗ്രഹം എന്താണെന്ന് വച്ചാൽ, ഇലയിൽ ചവിട്ടി വഴക്കുണ്ടാക്കൽ സ്വല്പം കുറഞ്ഞിട്ടുണ്ട്. ഒന്നും ചെയ്യാനില്ലാതെ ഇരിക്കുമ്പോൾ ഉള്ള ഒരു തരം സ്വഭാവം ആയിരുന്നു വിഷയം ഉണ്ടാക്കി രംഗം ചൂടാക്കുക എന്നത്. മൊബൈലിൽ നോക്കിയിരിക്കുമ്പോൾ എന്ത് പറഞ്ഞാലും, കേട്ടുവോ എന്നറിയാൻ ആണ് മാർഗ്ഗമില്ലാത്തത്. യാന്ത്രികമായി മൂളി എല്ലാം കേട്ടിട്ടുണ്ട് വേണ്ടത് ചെയ്യാം എന്ന തെറ്റിദ്ധാരണ ഉളവാക്കി പിന്നെ കേട്ടതും പറഞ്ഞതും ഒന്നും ഓർമ്മയില്ലാതെ അസ്തപ്രജ്ഞരായി ഇരിക്കുമ്പോൾ ആണ് പിന്നെ ശരിക്കും രംഗം ചൂടാവാറുള്ളത്. അങ്ങനെ നോക്കുമ്പോൾ ഗൃഹാന്തരീക്ഷത്തിൽ ചൂടും തണുപ്പും മാറി മാറി പ്രദാനം ചെയ്യാൻ കഴിവുള്ള ഒന്നാണ് ഈ ഗുണദോഷസമ്മിശ്രൻ മൊബൈൽ.
ഇന്ന് എന്തിനെക്കുറിച്ചുള്ള സംശയങ്ങളും പെട്ടെന്ന് നിവാരണം ചെയ്യാൻ ഒരു പരിധി വരെ മൊബൈൽ ഉള്ളതുകൊണ്ട് ഗൂഗിൾ മുഖേന സാധിക്കുന്നുണ്ട്. കഴിഞ്ഞ് പോയ ലോക്ക്ഡൗൺ സാഹചര്യങ്ങളിൽ നമുക്ക് ഏറെ പ്രയോജനപ്പെട്ടത് മൊബൈൽ തന്നെയാണ് എന്നതിൽ സംശയമില്ല. ഓൺലൈൻ ക്ലാസ്സ് ആയും, ഗൂഗിൾ മീറ്റ് ആയും, കോൺഫ്രൻസ് കോൾ ആയും എല്ലാം വീട്ടിൽ ഇരുന്ന് തന്നെ സാധിക്കുന്നു.
“ബ്യൂട്ടിപാർലർ വീട്ടിൽ തന്നെ..” എന്ന പരസ്യം പോലെ ഇന്ന് എല്ലാം വീട്ടിൽ തന്നെ..പാചകം, മറ്റ് കഴിവുകൾ എന്നിവയുടെ പരിപോഷണസഹായി കൂടിയാണ് മൊബൈൽ.
ഇന്ന്, ആര് ആരുടെ കൂടെ കൂടിയിരിക്കുകയാണെന്ന് ചോദിച്ചാൽ അത് വലിയൊരു ആശയക്കുഴപ്പം തന്നെ സൃഷ്ടിക്കും. മൊബൈൽ നമ്മുടെ കൂടെയാണോ അതോ മൊബൈലിന്റെ പിന്നാലെ നമ്മളോ? അതാണ് ഇന്നത്തെ സ്ഥിതിഗതികൾ. ഇന്ന് മൊബൈൽ ഇല്ലാതെ കാര്യങ്ങൾ നടക്കുമോ എന്ന് ചോദിച്ചാൽ ഉത്തരം ഇല്ല എന്ന് തന്നെയാണ്. നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങളുമായി അത് ഇടകലർന്ന് പോയിരിക്കുന്നു വേർപെടുത്താൻ ആവാത്തവണ്ണം. ഒരുപാട് പ്രിയനിമിഷങ്ങളെ നഷ്ടപ്പെടും മുൻപ് പകർത്തി വച്ച് സൂക്ഷിച്ച് മൊബൈൽ പ്രിയപ്പെട്ടതാവുന്നുണ്ട്.
തുടക്കത്തിൽ, കൂട്ടുക്കാർക്ക് ഇടേണ്ട ജോക്ക്സും, വീഡിയോസും ഒക്കെ ഫാമിലി ഗ്രൂപ്പിൽ കൊണ്ടിട്ട് ഉപ്പിൽ വീണ പല്ലി പോലെ ആയിട്ടുണ്ട്.. ‘ഇത് ഞാനല്ല…’ എന്ന് പറഞ്ഞ് തടി തപ്പാൻ പറ്റാത്തത് കൊണ്ട് സോറി പറഞ്ഞ് ആ സന്ദർഭത്തിന് ചേരുന്ന ഇമോജികളും കൂപ്പുകൈകളും ഒക്കെ ഇട്ട് മുങ്ങി. അവർക്കും ഇങ്ങനെയൊക്കെയുള്ള അബദ്ധങ്ങൾ ഒക്കെ പറ്റിക്കാണും എന്ന് ആലോചിച്ച് സമാധാനിച്ചു. ഇന്നിപ്പോൾ ‘ഡിലീറ്റ് ഫോർ എവ്രി വൺ’ തന്ന് സഹായിച്ച ആപ്പിനെ നന്ദിയോടെ സ്മരിക്കുന്നു. അതായിരുന്നു അവർ ആദ്യം കണ്ട് പിടിക്കേണ്ടിയിരുന്നത് 😆
ദൂരം അരികെ എന്ന ഒരു തോന്നൽ ഉളവാക്കുന്നുണ്ട് മൊബൈൽ. അകലത്തെ പ്രിയപ്പെട്ടവരെ എന്നും കണ്ട് സംസാരിക്കാം എങ്കിലും തൊട്ടടുത്ത് ഇരിക്കുന്നവർ ദൂരെ ആയ സ്ഥിതിവിശേഷവും ഇല്ലാതില്ല.കണികണ്ടുണരുന്നതും ഇവനെ തന്നെ. സ്ക്രീനിൽ ഇഷ്ടഭഗവാന്റെ വർണ്ണ ചിത്രം ചേർത്ത് വച്ച് ആ പ്രശ്നം അങ്ങോട്ട് പരിഹരിച്ചു. മൊബൈൽ ഇടക്കാലത്ത് വന്ന് ചേർന്ന ഒന്നായതുകൊണ്ട് ബാല്യം അപഹരിയ്ക്കപ്പെട്ടില്ല. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നമുക്കുണ്ടായിരുന്ന പോലെയുള്ള വർണ്ണശബളമായ ഒരു ബാല്യത്തെക്കുറിച്ച് പറയാനുണ്ടാവില്ല. അത് ഒരു തീരാനഷ്ടം തന്നെയാണ്. ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ടിയും, മൊബൈൽ ഗെയിംസിന് വേണ്ടിയും കുട്ടികളുടെ കൈകളിൽ എത്തിപ്പെടുന്ന മൊബൈൽ അവർ ദുരുപയോഗം ചെയ്യാതെ നോക്കുക എന്ന സുപ്രധാന ചുമതല കൂടി രക്ഷിതാക്കൾക്ക് ഉണ്ട്.
മൊബൈൽ ഗാഥയിൽ എടുത്ത് പറയേണ്ട കാര്യം എന്താണെന്ന് വച്ചാൽ,അത് ഉപയോഗപ്പെടുത്തുന്നതിന്റെ രീതി അനുസരിച്ച് ചിലപ്പോൾ ആ തുലാസിന്റെ ദോഷങ്ങളുടെ തട്ട് താഴ്ന്നിരിക്കും, മറ്റു ചിലപ്പോൾ ഗുണങ്ങളുടെ തട്ട് താഴ്ന്നിരിക്കും എന്നതാണ്.
ഒരാളുടെ കുറ്റങ്ങളും കുറവുകളും ഗുണങ്ങളും അയാളെ മുന്നിൽ ഇരുത്തി നിർദ്ദാക്ഷിണ്യം പറഞ്ഞപോലെയായി മൊബൈലിന്റെ ഗുണവും ദോഷവും ഒക്കെ അവന്റെ സഹായത്തോടെ തന്നെ എഴുതിയത്. എഴുതിയത് പോസ്റ്റ് ചെയ്യാൻ നോക്കുമ്പോൾ പോയി പണി നോക്കാൻ പറയുമോ ആവോ?
ഇല്ലത്രെ… പറയില്ലത്രേ…
വളരെ സ്പോർട്ടീവ് ആയി അവൻ പറയുന്നു…
“വേർ എവർ യു ഗോ ഐ വിൽ ബി ദേർ..”
#എന്റെരചന
പ്രയോജനപ്പെട്ട ഉപകരണം
✍🏻(>സുജാത നായർ<)✍🏻
17 Comments
വിശദമായ മൊബൈൽ ഗാഥ രസകരമായി 😀😍
നല്ലെഴുത്ത്. 👏
മൊബൈൽ എന്ന ദേവനും അസുരനും, നല്ല ഉപമ. ഒരു ഉപകരണം എന്ന വിഷയത്തിൽ ‘ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ‘, ചിന്തിച്ച എഴുത്ത്. 👌
താങ്ക്സ് ജോ..for such a lovely comment 🥰
അസ്സലായി എഴുതി സുജേ 👍👍🙏🙏
മനോഹരമായ എഴുത്ത്….. അഭിനന്ദനങ്ങൾ…. ഇനിയും പ്രതീക്ഷിക്കുന്നു… 👍👏👏👏
Thank you friend🥰
വിശദമായി രസകരമായി എഴുതി
Thanks a lot sreeja😍
സത്യം. രസകരമായി അവതരിപ്പിച്ചു.
Thank you Nishiba🥰
Thanks a lot Nishiba 🥰🥰
മൊബൈൽ കൊണ്ട് ഒരു സദ്യ തന്നെ വിളമ്പി..
അസ്സലായി….. അഭിനന്ദനങ്ങൾ 💐🥰
ഫൈസൽ മന്ദലംകുന്ന്
നോക്കിയാ!! വെറുതെ നോക്കുക മാത്രമല്ല വിശദമായിട്ട് വായിക്കുകയും ചെയ്തു. എന്ത് മനോഹരമായിട്ട് എഴുതിയിരിക്കുന്നത്… ഒത്തിരി ഇഷ്ടമായി…മോഹൻലാൽ ഫാൻ ആണെന്ന് തോന്നുന്നു… ശരിയാ അന്ന് വന്ദനം സിനിമ കാണുമ്പോൾ അവർക്ക് ഒന്നിക്കാൻ പറ്റാത്തതിൽ എനിക്ക് ഒത്തിരി സങ്കടം ഉണ്ടായിരുന്നു
എഴുത്ത് 👌👌
Ys. അക്കാലത്തെ മോഹൻലാൽ ഫാൻ ആണ്. 😀😀Thank you for a detailed inspiring comment. 😍😍😍😍
Thank you Nishiba😍
Thank you so much ഫൈസൽ 👍🏻🙏🏻
Thanks a lot faisal👍🏻👍🏻