ഞാനും അച്ഛനും സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ അനൗൺസ് ചെയ്തിരുന്നു. സീറ്റ് കണ്ടുപിടിച്ചു എന്റെ ബാഗും മറ്റും അച്ഛൻ തന്നെ അടുത്ത് വെച്ചു തന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ കൈ വീശുന്ന അച്ഛനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞു.
ഞാൻ മായ. പ്ലസ് ടു അധ്യാപിക. അഞ്ചു ദിവസത്തെ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് ആണ് യാത്ര. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി വീണ്ടും ബസിൽ മുക്കാൽ മണിക്കൂർ യാത്ര ചെയ്തു ട്രെയിനിങ് നടക്കുന്ന സ്കൂളിൽ എത്തിച്ചേർന്നു.
സ്കൂൾ, കോളേജ്, ടി ടി സി ട്രെയിനിങ് സെന്റർ എല്ലാം ചേർന്ന വിശാലമായ കോമ്പൗണ്ട് ആദ്യ കാഴ്ച്ചയിൽ തന്നെ ഇഷ്ടപ്പെട്ടു.
പതിനൊന്ന് മണി കഴിഞ്ഞാണ് അന്നത്തെ സെഷൻ ആരംഭിച്ചത്. മുപ്പതോളം അധ്യാപകർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നു. ഉച്ചഭക്ഷണ സമയത്ത് കുറച്ച് പേരെ പരിചയപ്പെട്ടു.
ഊണ് കഴിഞ്ഞു മൂന്ന് മണിയോടെ രണ്ടാം സെഷൻ ആരംഭിച്ചു. വൈകി വന്നവർ രണ്ടാം സെഷൻ മുതൽ പങ്കെടുത്തു. ട്രെയിനിങ് ആണെങ്കിലും ബോറടിപ്പിക്കാത്ത ക്ലാസുകൾ ആയിരുന്നു. ഏഴ് മണിയോടെ റൂമിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് എന്റെ പേര് വിളിച്ചു കൊണ്ട് ഒരാൾ അടുത്തേക്ക് വന്നത്. മങ്ങിയ വെളിച്ചത്തിൽ അടുത്തേക്ക് വന്നയാൾ പ്രതാപ് സർ ആയിരുന്നു. ഒരുകാലത്ത് എന്റെ എല്ലാമായിരുന്ന പ്രതാപേട്ടൻ.
“എന്താടോ താനിങ്ങനെ മിഴിച്ചു നോക്കുന്നെ?”
“സാറിനെ ഇവിടെ കാണുമെന്ന് ഞാൻ കരുതിയില്ല”
“സാർ എന്ന് വിളിക്കാൻ മാത്രം അന്യനായോ ഞാൻ?” വേദന നിഴലിച്ച ഭാവത്തോടെ പ്രതാപേട്ടൻ ചോദിച്ചു.
“എന്റെ അധ്യാപകൻ അല്ലെ? അപ്പൊ ഞാൻ അങ്ങനെ അല്ലെ വിളിക്കേണ്ടത്?” ചെറിയ ചിരിയോടെ ഞാൻ പറഞ്ഞു.
“സുഖമാണോ എല്ലാർക്കും?
സാറിന്റെ മുഖത്തെ സന്തോഷത്തിൽ സുഖമാണെന്ന് എനിക്ക് ഊഹിക്കാം.” ഞാൻ പറഞ്ഞു
“ഈ ഭൂമിയിലെ ഏറ്റവും വലിയ അടിമത്തം എന്താണെന്നു നിനക്കറിയുമോ?
അറിയില്ല എന്ന അർഥത്തിൽ ഞാൻ നോക്കി.
” ഇഷ്ടപ്പെടാത്ത ഒന്നിനോട് പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരുന്ന നിസ്സഹായത. ”
ബി എഡ് കോളേജിന്റെ ഹോസ്റ്റലിൽ ആയിരുന്നു അധ്യാപികമാർക്ക് താമസം റെഡിയാക്കിയിരുന്നത്. അവിടെ എത്തും വരെ പ്രതാപേട്ടൻ പിന്നീട് ഒന്നും മിണ്ടിയില്ല. ഹോസ്റ്റലിലേക്ക് തിരിയാൻ നേരം എന്റെ കണ്ണുകളിലേക്ക് നോക്കി പ്രതാപേട്ടൻ ചോദിച്ചു.
“എന്താണ് ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് തുടരാൻ ആണോ ഭാവം?”
“അങ്ങനെയൊന്നുമില്ല, മനസ്സിന് ഇണങ്ങിയൊരാൾ വന്നില്ല. അതുവരെ കാത്തിരിക്കാം” അത് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. പിന്നെയും ആ മുഖത്ത് നോക്കി കള്ളം പറയാൻ എനിക്കാവില്ലായിരുന്നു.
പ്രതാപേട്ടാ, നിങ്ങളെയാണ് ഞാൻ സ്നേഹിച്ചത്, പ്രാണനിൽ ചേർത്ത് വെക്കാൻ കൊതിച്ചത്… കൈയകലത്തിൽ നഷ്ടപ്പെട്ടു പോയത്… എന്റെ മനസ്സ് കേണു.
പകരം വെക്കാനാവാത്ത ചിലതുണ്ടാകും ജീവിതത്തിൽ. എനിക്കത് ഞാൻ കൊതിച്ച എന്റെ ജീവിതം തന്നെയാണ്.
റൂമിൽ എത്തുമ്പോൾ നേരത്തെ എത്തിയവരെല്ലാം വീടുകളിലേക്ക് ഫോൺ ചെയ്യുന്ന തിരക്കിൽ ആയിരുന്നു. റൂമിൽ നിന്ന് തുറക്കുന്ന ബാൽക്കണിയിലെ ചാരുകസേരയിലേക്ക് ഞാനിരുന്നു.
എന്നാണ് പ്രതാപേട്ടനെ ഞാൻ അവസാനമായി കണ്ടത്? പന്ത്രണ്ട് വർഷം മുൻപ് ബി എഡ് പഠിക്കുന്ന സമയം ടീച്ചിങ് പ്രാക്ടീസ് നടക്കുന്ന സ്കൂളിൽ എന്നെ കാണാൻ പ്രതാപേട്ടൻ വന്നപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ആയിടെയാണ് പ്രതാപേട്ടന് വില്ലേജ് ഓഫീസിൽ ജോലി കിട്ടിയത്.
മായ കുറച്ച് നേരത്തെ ഇറങ്ങാൻ കഴിയുമോ? എനിക്ക് സംസാരിക്കാനുണ്ട്.
ഞാൻ സന്തോഷത്തിലായി. സ്നേഹത്തിൽ പിശുക്ക് കാണിക്കുന്ന ആൾ എന്ന് ഞാൻ കളിയാക്കുന്ന പ്രതാപേട്ടൻ എന്നോടൊപ്പം കുറച്ച് സമയം ചെലവിടുന്നു.
ഞാൻ ഒരു മണിക്കൂർ നേരത്തെ അനുവാദം വാങ്ങി പുറത്തിറങ്ങി. ഏട്ടൻ കാത്തു നിന്നിരുന്നു. ബീച്ചിലും പാർക്കിലും ഒന്നുമല്ല ഞങ്ങൾ പോയത്. ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് ആയിരുന്നു. അവിടെ ഐ സി യു വിൽ ഏട്ടന്റെ അനിയത്തിയെ അഡ്മിറ്റ് ആക്കിയിരുന്നു. അവൾക്ക് ഇടയ്ക്ക് വരുന്ന ബുദ്ധിമുട്ടുകൾ വൃക്ക തകരാർ ആണെന്ന് കണ്ടു പിടിച്ചു. മാറ്റി വെക്കുക അല്ലാതെ വേറെ മാർഗമില്ല.
ഏട്ടന്റെ അമ്മയുടെ വൃക്ക യോജിക്കുന്നതായിരുന്നു. പക്ഷേ പണം ഒരു തടസ്സമായി. എത്രയും പെട്ടെന്ന് സർജറി ചെയ്യണം. മുപ്പത് ലക്ഷത്തോളം രൂപ ആവശ്യമാണ്.
പിന്നെ ഏട്ടന്റെ അമ്മയാണ് സംസാരിച്ചത്, ഏട്ടന് ജോലി ഉള്ളത് കൊണ്ട് ഒരാൾ പണം നൽകാം എന്ന് സമ്മതിച്ചിട്ടുണ്ട്. പക്ഷേ പകരം അയാളുടെ സഹോദരിയുടെ മകളെ ഏട്ടൻ വിവാഹം കഴിക്കണം. അവർക്ക് നേരത്തെ തന്നെ അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നത്രെ..
എന്തു പറയണം എന്നറിയാതെ ഞാൻ സ്വയം നഷ്ടപ്പെട്ടു നിന്നു. ചുവരിൽ മുഖം ചേർത്ത് കരയുന്ന പ്രതാപേട്ടനെ നോക്കി, അമ്മയുടെ കൈപിടിച്ചമർത്തി ഞാൻ ഇറങ്ങി നടന്നു. നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ മറന്ന്…
ആറു വർഷത്തെ ഞങ്ങളുടെ പ്രണയം ആണ് അന്ന് അവിടെ ഉപേക്ഷിച്ചത്. ആ മനുഷ്യന് എന്നോടുള്ള സ്നേഹത്തിന് പകരം, എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ നന്മ അതായിരുന്നു എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.
“സ്നേഹം ആർക്കും ഭാരമാകരുതല്ലോ…”
ജീവിതം ചിലപ്പോൾ ഇങ്ങനെയാണ്. പ്രതീക്ഷകളുടെയും സ്നേഹത്തിന്റെയും പച്ചതുരുത്തുകൾ കാട്ടി കൊതിപ്പിക്കും. പക്ഷേ നേടാനുള്ള സാവകാശം നൽകില്ല.
അനിയത്തിയുടെ ഓപ്പറേഷൻ നടന്നു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞു പ്രതാപേട്ടൻ വിവാഹിതനാകുന്നു എന്നറിഞ്ഞു. മനസ്സുകൊണ്ട് എല്ലാ അനുഗ്രഹങ്ങളും നേർന്നു ഞാൻ.
സ്വന്തമാക്കുമ്പോൾ അല്ല സ്വതന്ത്രമാക്കിയും സ്നേഹിക്കാം എന്ന് മനസ്സിനെ ആശ്വസിപ്പിച്ചു.
മനഃപൂർവം താഴിട്ടു പൂട്ടിയ ഓർമകളുടെ പടിവാതിലുകൾ പിന്നെ ഞാൻ എന്നേക്കുമായി ഉപേക്ഷിച്ചു.
ഒപ്പമുള്ള ഒരു ടീച്ചർ വന്നു തട്ടിവിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ആ ചാരുകസേരയിൽ ഇരുന്നു ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
പ്രതാപേട്ടന് ഒപ്പമുള്ള നാലു ദിവസങ്ങൾ എന്നെ വീണ്ടും പഴയ കോളേജ് പെൺകുട്ടി ആക്കുന്നോ എന്ന് ഞാൻ ഭയന്നു.
അഞ്ചാം ദിവസം ദൂരെയുള്ള അധ്യാപകർക്ക് ഉച്ചക്ക് തിരിച്ചു പോകാൻ അനുവാദം കിട്ടി.
ഞാൻ പ്രതാപേട്ടനോട് യാത്ര പറയാൻ ചെന്നു.
“മായ, നമുക്ക് ഒരുമിച്ച് ഇറങ്ങാം.”
“അയ്യോ ഇപ്പോഴെങ്കിലും ഇറങ്ങിയില്ലെങ്കിൽ എനിക്ക് ട്രെയിൻ കിട്ടില്ല” ഞാൻ ദുർബലമായ ഒരു കള്ളം പറയാൻ ശ്രമിച്ചു.
“നീ ഇനിയും കള്ളം പറയാൻ പഠിച്ചില്ല അല്ലെ?”
പ്രതാപേട്ടൻ വേഗത്തിൽ ബാഗും മറ്റും എടുത്തു എല്ലാരോടും യാത്ര പറഞ്ഞു വന്നു. ബസ് സ്റ്റാൻഡിലേക്ക് ഒരു ഓട്ടോയിൽ അടുത്തടുത്ത് ഇരിക്കുമ്പോൾ, എന്തിനെന്നറിയാതെ, ആഹ്ലാദത്തിന്റെ ഒരു അല വന്നെന്നെ മൂടി.
റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അറിഞ്ഞത് ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ റദാക്കി. ഇനി അടുത്ത വണ്ടി രാത്രിയിലെ ഉള്ളൂ.
“അത് നന്നായി, തിരുവനന്തപുരത്ത് വന്നിട്ട് ഒന്നു കറങ്ങാതെ പോകുന്നത് മോശമല്ലേ. വാ, നമുക്ക് പെട്ടെന്ന് പോകാൻ പറ്റുന്ന എല്ലായിടവും ഒന്നു കാണാം.” പ്രതാപേട്ടൻ വിളിച്ചു.
“വേണ്ടാ, ഇവിടെ വെയിറ്റ് ചെയ്യാം.”
“എന്നോടൊപ്പം വരാൻ നിനക്ക് ഭയമുണ്ടോ?
എനിക്ക് എന്നെയാണ് പേടി എന്ന് ഞാൻ പറഞ്ഞില്ല.
കായൽ തീരത്തു തിരക്കൊഴിഞ്ഞ അറ്റത്തെ കോട്ടെജിന്റെ ജനാലയിലൂടെ, മങ്ങിതുടങ്ങിയ വെയിൽ തീർത്ത, അവ്യക്തമായ നിഴൽചന്തം നോക്കി ഞാൻ നിന്നു.
വസന്തകാലത്തിന്റെ തുടക്കമായതു കൊണ്ടാകാം ദേശാടനകിളികളുടെ ഒരു ചെറുകൂട്ടം കായലിലേക്ക് ചാഞ്ഞ പൂവരശിന്റെ ഇലചാർത്തുകളിൽ ഇടം പിടിച്ചു കലപില കൂട്ടുന്നുണ്ടായിരുന്നു. വീണ്ടും കണ്ടുമുട്ടിയതിന്റെ ആഹ്ലാദസ്വരമാകാം അവരുടേതും….
ട്രെയിനിങ് സ്ഥലത്ത് എല്ലാർക്കുമിടയിൽ വാതോരാതെ സംസാരിച്ച പ്രതാപേട്ടൻ ഇപ്പോൾ തീർത്തും നിശബ്ദനായി കായലിലേക്ക് കണ്ണു നട്ട് നിൽക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി.
ഞാൻ നോക്കി നിൽക്കുന്നത് കണ്ടിട്ടാകാം പ്രതാപേട്ടൻ എന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ ചോദിച്ചു “നീ ഇതുവരെ എന്നെ കണ്ടു തീർന്നില്ലേ?”
“നമ്മൾ മാത്രമായ നിമിഷങ്ങളിൽ ടെൻഷൻ മാറി, പകരം കൗതുകമായി” ഞാനും ചിരിച്ചു.
ഓഹോ… എന്റെ നേരെ തിരിഞ്ഞ പ്രതാപേട്ടന്റെ കണ്ണുകളിൽ സ്നേഹത്തിന്റെ കടലിളകുന്നത് ഞാൻ കണ്ടു.
പിന്നെയെപ്പോഴോ…
സ്നേഹം… പരന്നൊഴുകിയൊരു കടലായ് എന്നിൽ നിറഞ്ഞു തൂവി.
പതഞ്ഞൊഴുകിയ സ്നേഹത്തിൽ ഞാൻ നനഞ്ഞലിഞ്ഞു…..
ചുഴികളിൽ മുങ്ങാം കുഴിയിട്ടു…മുത്തും പവിഴവും വാരിയെടുത്തു…
ഒരു വ്യാഴവട്ടത്തിലെ മുഴുവൻ ഋതുക്കളും ആ നിമിഷങ്ങളിൽ എനിക്ക് ചുറ്റും വർണ്ണ പീലിവിടർത്തി നൃത്തം വെച്ചു…..
നമ്മൾ മനുഷ്യർ എത്ര ദുർബലരാണ്!!!
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത
മനോഹര നിമിഷങ്ങൾ ഹൃദയത്തിൽ
ചേർത്തു വെച്ചു ഞങ്ങൾ മടങ്ങി.
പ്രാണനിൽ അലിഞ്ഞു ചേർന്ന സ്നേഹത്തിന് മുന്നിൽ തെറ്റുകളില്ല…. ശരികൾ മാത്രം….
5 Comments
നല്ല കഥ 👌
നല്ല കഥ .നന്നായെഴുതി🥰👍👍
നല്ല കഥ ❤️
മനോഹരം
ഇഷ്ട്ടായി ❤️