ചെറിയ വിഹ്വലതകളും, കൊച്ചു കൊച്ചു സന്തോഷങ്ങളും പകർന്ന്, ഇമ്പമുള്ള സംഗീതത്തിൻ്റെ അകമ്പടിയിൽ ക്ലൈമാക്സിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ഒരു സാധാരണ സിനിമയെ ഒരു ക്ലാസിക്കിലേക്ക് കറക്കിയെറിഞ്ഞു കൊണ്ടാണ് വെളുത്ത അംബാസഡർ കാറിൽ മല കയറി അയാൾ വരുന്നത്, ഡോ. നരേന്ദ്രൻ !
തൻ്റെ പ്രിയ പത്നിയായ ഗൗരിയെ അന്വേഷിച്ചാണയാൾ ആ നാട്ടിലെത്തുന്നത്.
എന്തൊരു പാത്രസൃഷ്ടിയായിരുന്നു അത്…
സിനിമ കണ്ടിറങ്ങിയതിനു ശേഷവും പിന്നീടും മനസിനെ സ്നേഹചൂണ്ടലെറിഞ്ഞ് കൊളുത്തി വലിക്കുന്ന നരേന്ദ്രൻ!
അദ്ദേഹം അന്വേഷിച്ചു വന്ന ഗൗരി തൻ്റെ പ്രണയഭാജനമായ മായ അല്ലല്ലോ എന്ന് ആശങ്ക കലർന്ന പ്രതീക്ഷയോടെ ചോദിക്കുന്ന ശരത്തിനോട് എന്തു പറയണമെന്നറിയാതെ നിസ്സഹായനായി പോകുന്നുണ്ട് നരേന്ദ്രൻ.
സ്നേഹമെന്നാൽ, അതിൻ്റെ പരകോടിയിൽ , സ്വന്തമാക്കലും അടക്കി വയ്ക്കലുകളുമല്ലായെന്നും ; അത് ദീപ്തമാവുന്നത് മനസറിഞ്ഞുള്ള വിട്ടു കൊടുക്കലുകളുമാണെന്നറിയുണ്ടയാൾ… അറിയിക്കുന്നുണ്ടയാൾ…
ഗൗരിയുടെ കണ്ണുകളിൽ തെളിയുന്ന അപരിചിത ഭാവങ്ങളിൽ, ഓർമ്മയുടെ പിന്നാമ്പുറങ്ങളിലെങ്ങും താൻ അവശേഷിക്കുന്നില്ലെന്ന തിരിച്ചറിവിൽ, അവൾ ഏറ്റവും സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകളിലാണെന്ന ബോധ്യത്തിൽ, അയാൾ തൻ്റെ സ്വാർത്ഥതകളും അവകാശങ്ങളും സ്വത്വം പോലും ഉപേക്ഷിച്ച് ആ വെള്ള അംബാസഡർ കാറിൽ മലയിറങ്ങുകയാണ്.
ഒരുമിച്ചുണ്ടായിരുന്ന കാലത്തെ മധുരമായ ഓർമകളുടെ ഭാണ്ഡം തുറക്കാതെ അയാൾക്കാവുന്നില്ല.
ശരതും മായയും ഒന്നിച്ചു കാണാൻ ആഗ്രഹിച്ച പ്രേക്ഷകർ പോലും നരേന്ദ്രനൊപ്പം ആ നീറ്റൽ അനുഭവിക്കുന്നുണ്ട്.
പൊള്ളിപ്പിടയുന്നുണ്ട്…
കണ്ണുകൾ സജലമാവുന്നുണ്ട്…
ഒരുപക്ഷേ ഒരു പിൻവിളി അയാളും പ്രതീക്ഷിച്ചു കാണുമോ?
നരേന്ദ്രൻ്റെ ഇനിയുള്ള ജീവിതം എന്തായിരിക്കാം?
നരേന്ദ്രൻ ഗൗരിയെ സ്നേഹിച്ചിരുന്നതു പോലെ ശരത് മായയെ സ്നേഹിക്കുന്നുണ്ടാവുമോ?
ഗൗരിയുടെ ഓർമകളിൽ എന്നെങ്കിലും ഒരു നാൾ നരേന്ദ്രൻ മടങ്ങി വരുന്നത് ഒരു വിറയലോടെ മാത്രമേ ചിന്തിക്കാൻ സാധിക്കുന്നുള്ളൂ…
പിൻകുറിപ്പ് : സുരേഷ് ഗോപിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ഡോ.നരേന്ദ്രൻ എന്ന് നിസംശയം പറയാം. അത്രയും ശക്തമായ കഥാപാത്രം സുരേഷ് ഗോപിയിൽ സുരക്ഷിതമായിരുന്നോ എന്ന ചിന്ത ഇന്നുമുണ്ട്. നരേന്ദ്രൻ വന്ന് റൂമിലിരിക്കുമ്പോൾ തൻ്റെ മായയെയല്ല അന്വേഷിച്ച് വന്നത് എന്നതിൻ്റെ സന്തോഷാധിക്യത്തിലാവണം ശരത് അപ്പോൾ തന്നെ ഓടിച്ചെന്ന് മായയെ ആലിംഗനം ചെയ്യുന്നത്. എങ്കിലും മായയുടെ സിന്ദൂരം (താൻ ഗൗരിയ്ക്ക് സീമന്ത രേഖയിൽ ചാർത്തിയ കുങ്കുമ രേഖ) ശരതിൻ്റെ ഷർട്ടിൽ പടർത്തി അത് കഥാകാരൻ നരേന്ദ്രനെ കാട്ടിയത് എന്തിനാവാം? ലങ്കയിൽ കഴിഞ്ഞ സീതാദേവിയെ സംശയത്തിൻ്റെ പേരിൽ അഗ്നിശുദ്ധി കൽപിച്ച ശ്രീരാമചന്ദ്രൻ്റെ പാട്രിയാർക്കി ട്രെയിറ്റ് നരേന്ദ്രൻ്റെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന പരോക്ഷ ധ്വനിയോട് മനസിന് ഐക്യപ്പെടാൻ കഴിയുന്നില്ല..
#എന്റെരചന
വെള്ളിത്തിരയിലൂടെ മനസ്സിൽ കുടിയേറിയവർ
5 Comments
👌👌
നിമിഷനേരം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ കഥാപാത്രം 😍
ഇന്നും കാണുമ്പോൾ നെഞ്ച് പിടയ്ക്കുന്ന നിമിഷങ്ങൾ….
ഒരു ആവറേജ് മ ലയാള സിനിമ പ്രാന്തനോട് അയാളുടെ ഇഷ്ടപ്പെട്ട 10കഥാപാത്രങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ അതിൽ ഒന്ന്ന നരേന്ദ്രനായിരിക്കും
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ
ഇന്നാരോ പീലിയുഴിഞ്ഞൂ …