മഴയും മഞ്ഞും ഹൃദയത്തിൽ തൊട്ടു വിളിച്ചവർ
—————————————-
മഴ… എനിക്ക് അത്രമേൽ പ്രിയമായത് എന്തുകൊണ്ടാണെന്നോ? പച്ചപൊടിപ്പിൽ തളിരിലകൾ വിരിയിച്ചു, പുതുജീവന് നാമ്പു നൽകുന്ന മഴ. മഴയോർമ്മകൾ ഓരോ നിമിഷത്തിലും പൊടിച്ചു വളർന്നു എന്നെ പൊതിയുന്ന മനസിലെ പച്ചപ്പാണ്.
വെള്ളച്ചാട്ടത്തിന്റെ കുതിപ്പിൽ നുരയുന്ന വെളുപ്പിന്റെ അനുപമ സൗന്ദര്യം മുഴുവനായി വരച്ചിടാൻ വാക്കുകൾക്കു ആവില്ലല്ലോ, അതുപോലെ മഴയോടും മഞ്ഞിനോടുമുള്ള എന്റെ പ്രണയവും എഴുതി ഫലിപ്പിക്കാൻ, ഞാൻ ഇനിയും വാക്കുകൾ തേടേണ്ടിയിരിക്കുന്നു.
മഴക്കു മുൻപ് വീശുന്ന ഇളം തണുപ്പു കാറ്റും ആ കാറ്റുതിർക്കുന്ന ദലമർമ്മരവും പൊഴിയുന്ന മഴത്തുള്ളികൾ പേറുന്ന കാറ്റിന്റെ സുഖദമായ ഇളം തണുപ്പും സാഗരത്തിന്റെ അഗാധത പോലെ നീലാകാശത്തിന്റെ അനന്തത പോലെ ആളന്നെടുക്കാൻ കഴിയാത്ത പാലാഴിയായ് മനസ്സിൽ നിറയുന്നു.
പച്ചപ്പാടത്തിനു മുകളിൽ, കാറ്റിനൊപ്പം ഓടിയെത്തുന്ന ചാറ്റൽ മഴ. സൂചിരൂപം പൂണ്ടു പെയ്യുന്ന മഴയെ കാറ്റു തൊട്ടിലാട്ടി ദിശ തിരിച്ചു വിടുന്ന കാഴ്ച. വളർന്നു വലുതായി ശക്തിപ്രാപിച്ചു കനത്തിൽ പെയ്യുന്ന മഴയോട് സുല്ലിട്ടുപോകുന്ന കാറ്റിനെ നോക്കി കളിയാക്കി ചിരിക്കുന്ന മഴ.
നിറഞ്ഞൊഴുകുന്ന തോടുകളും അതിൽ തുടിക്കുന്ന പരൽ മീനും വെള്ളപരപ്പിൽ ആഴുന്ന പാടങ്ങളും അവയ്ക്ക് മുകളിൽ പറക്കുന്ന ചുവന്ന കല്ലൻ തുമ്പികളും വെയിൽ കൊതിച്ചു ചിറകൊതുക്കിയിരിക്കുന്ന നനഞ്ഞ പക്ഷികളും മഴക്കാലത്തിലെ മിഴിവുള്ള ചിത്രങ്ങളാണ്.
പാടവരമ്പിലൂടെ നല്ല വേഗത്തിൽ കാറ്റിന്റെ എതിർ ദിശയിൽ ഓടുമ്പോൾ
മുഖത്തു വന്നടിക്കുന്ന ഈർപ്പമുള്ള കാറ്റും പുറകിലേക്ക് പറക്കുന്ന മുടിയും എന്റെ ഓർമ്മകളിൽ പുഞ്ചിരി വിടർത്തി പറന്നു കൊണ്ടിരിക്കുന്നു. ഞാൻ അത്രമേൽ സ്നേഹിക്കുന്ന മഴയുടെ വരവറിയിക്കുന്ന കാറ്റിന്റെ തലോടൽ എനിക്ക് എന്നും ഹൃദ്യമാണ്.
ഉമ്മറത്തെ തിണ്ണയിൽ ചാറ്റൽ മഴയെത്തി, കുട്ടിയായിരുന്ന എനിക്കായ് നനച്ചിടുന്നിടത്തു ഞാൻ ചൂണ്ടുവിരൽ കൊണ്ടു കോറിവരച്ചും തൂവാല (എറിച്ചിൽ ) നനക്കുന്ന തലമുടിയിൽ തങ്ങി നിൽക്കുന്ന ജലകണങ്ങൾ ഉടയാതെ സൂക്ഷിച്ചും എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ചങ്ങാത്തം കൂടുന്ന മഴയുടെ ഭംഗി കൺകുളിർക്കെ ആസ്വദിക്കുമായിരുന്നു.
ആറു വശങ്ങൾ ഉള്ള സ്വർണപണിയിൽ, അറ്റത്തു തൂക്കിയ ചെത്തിയെടുത്ത വലിയ ഉരുണ്ട കടും ചുവപ്പ് കല്ല്. ചെറിയ ഉലച്ചലിൽ പോലും തെരുതെരെ ആടുന്ന എന്റെ ‘മഴത്തുള്ളി കമ്മൽ’. കാറ്റിനൊപ്പം പൊഴിയുന്ന മഴത്തുള്ളികളും മഴത്തുള്ളിക്കമ്മലും എനിക്ക് അത്രമേൽ ഇഷ്ടമായിരുന്നു.
കർക്കിടകം പെയ്തുത്തിമർക്കുമ്പോൾ
പുതു മണ്ണ് നനയുന്ന മണം. ഈയ്യാംപാറ്റകൾ, കത്തിച്ചു വെച്ച വിളക്കിനു ചുറ്റും പറന്നാർക്കുന്ന നേരം, ഞാൻ അവരോടു ചോദിച്ചിരുന്നു,
‘മഴ പെയ്യും വരെ നിങ്ങൾ എവിടെ ഒളിച്ചിരുന്നു? നിങ്ങളെ ഉണർത്തി ജീവൻ വെപ്പിക്കുന്നത് ഈ മഴയാണോ? നിങ്ങൾക്കും മഴയെ എന്നെപ്പോലെ അത്രമേൽ ഇഷ്ടമാണോ കൂട്ടരേ?’
ഓട് മേഞ്ഞ വീട്ടിൽ താമസിച്ചിരുന്ന ബാല്യത്തിലായിരുന്നു മഴയുടെ സൗന്ദര്യം ഏറ്റവും കൂടുതൽ ആസ്വദിച്ചത്. പുരപ്പുറത്തു ഓടിൽ നിന്നും ഒഴുകുന്ന വെള്ളം ഒരു സ്ഫടികത്തിന്റെ സുതാര്യതയോടെ മുറ്റത്തു വീണു, മണ്ണിൽ കുത്തിത്തിരിഞ്ഞു, കുമ്പിൾ ആകൃതി മെനയുന്ന ഭംഗി, അത്രമേൽ ഭംഗിയുള്ള വേറൊന്നും ഞാൻ എന്റെ ജീവിതത്തിൽ കണ്ടില്ല എന്നുണ്ടോ?
ചില്ലുവെള്ളം ഉള്ളം കയ്യിൽ വീഴ്ത്തി തട്ടിത്തെറിപ്പിച്ചു നനഞ്ഞ കാലം. ഓരോ മഴ കാണുമ്പോഴും അറിയാതെ ഉള്ളങ്കയ്യിൽ പടരുന്ന നനവ്, ഞാൻ അത്രമേൽ ആസ്വദിച്ച കുളിരിന്റെ ബാഷ്പീകരിക്കപ്പെടാത്ത ബാക്കിപത്രങ്ങളാണ്
മുറ്റത്തും തെങ്ങിൻത്തടത്തിലും നിറഞ്ഞ വെള്ളത്തിൽ കടലാസുവഞ്ചികൾ ഒഴുക്കി വിടുക, കൂട്ടുകാരുടെ വഞ്ചിയിൽ ചെറിയ കല്ലു എടുത്തു എറിഞ്ഞു മുക്കുക, ആ കളികളും കുസൃതിയും തന്ന സന്തോഷം, ബാല്യത്തിലേക്കു തിരിച്ചു നടക്കാൻ വെറുതെ ഒരു മോഹം എന്നെ വന്നു പൊതിയുന്നു.
മഴക്കാലത്തു തൊടിയിലെ കിണറ്റിൽ, നിറഞ്ഞുയർന്ന തെളിഞ്ഞ വെള്ളത്തിൽ, അസാമാന്യ വിരുതോടെ വെള്ളത്തിൽ മുങ്ങാംകുഴിയിടുന്ന തവളകളുടെ വേഗവും ഇളം മഞ്ഞ തൊലിയുടെ തെളിമയും കണ്ടു അസൂയപ്പെടും. “എന്തൊരു പോക്കാണ് പോണ്യേ… എന്താ സ്പീഡ് “, ഞങ്ങൾ കൂട്ടുകാർ ചേർന്നു കിണറിന്റെ ചുറ്റുമതിലിൽ ചാരിനിന്നു നെടുവീർപ്പിടും.
കിണറ്റിന്റെ ചുറ്റുമതിലിൽ പൊടിച്ച മഷിത്തണ്ട് ചെടി പറിച്ചെടുത്തു, സുതാര്യമായ തണ്ടിൽ സംഭരിച്ച വെള്ളം കൊണ്ടു കല്ലുസ്ലേറ്റ് തുടച്ചു മിനുക്കുന്നതു മഴക്കാല വിനോദമായിരുന്നു. കൂട്ടുകാരോടൊപ്പം അവിടിവിടെ കെട്ടികിടക്കുന്ന വെള്ളകുഴികളിൽ കാൽ ചവിട്ടി, വെള്ളം തട്ടിത്തെറിപ്പിച്ച മഴക്കാലം, ഓർക്കും തോറും പെരുകുന്ന മധുരമഴയായ് മനസ്സിൽ പെയ്തു തിമർക്കുന്നു.
ഇത്രയും രസികൻ മഴ, എന്താണ് എപ്പോഴും ഇല്ലാത്തത് എന്നു ചിന്തിച്ചു ഞാൻ മുതിർന്നവരോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.
“എങ്ങിന്യാ ഈ മഴ പെയ്യണേ?, ”
“ആകാശത്തിന് അപ്പടി ഓട്ടയല്ലേ, അതു ചോരണതാ…”, അവരിൽ ചിലർ മറുപടി പറഞ്ഞു.
ആ ഉത്തരം ന്യായമാണെന്ന് വിശ്വസിപ്പിച്ചത് ബാല്യത്തിന്റെ നിഷ്കളങ്കതയായിരിക്കാം. അത്രമേൽ എനിക്ക് ഇഷ്ടമായിരുന്ന മഴയെ കുറിച്ച് എന്തും കേൾക്കാൻ ഞാൻ കൊതിച്ചിരുന്നിരിക്കാം. ഇന്നും ഒട്ടും ചോർന്നുപോയിട്ടില്ല മഴയോടുള്ള എന്റെയിഷ്ടം.
മഴയോടൊപ്പം വിരുന്നു വന്ന രസങ്ങളും കൊതിപ്പിച്ചുകൊണ്ടിരുന്നു. വേനലിൽ വിളഞ്ഞ മാങ്ങ വലിയ മൺഭരണിയിൽ ഉപ്പുവെള്ളത്തിൽ കിടന്നു ഉപ്പും പുളിയും പരസ്പരം കൈമാറി, ഞങ്ങളെ കാത്തുകിടക്കും. ഭരണിയിൽ നിന്നും തോണ്ടിയെടുത്ത ഉപ്പുമാങ്ങ കടിച്ചു മുറിച്ചു തിന്നു മഴ കാണുമ്പോൾ ഉള്ള രസം പറഞ്ഞാൽ തീരില്ല.
അതിരാവിലെ തൊടിയിലെ ഇളം തണുപ്പിൽ, ഞാൻ തിരയുന്ന തണ്ണീർകുടം. രാത്രിയുടെ തണുപ്പിൽ ഉറഞ്ഞുപോയ മഴത്തുള്ളികൾ, പുൽ നാമ്പിൻ ആഗ്രത്തിൽ മുത്തുമണികളായി ചേർന്നിരിക്കും. കണ്ണിൽ ഇറ്റു വീഴും മുമ്പേ അടർന്നു വീണ മഴത്തുള്ളിയോട് പിണങ്ങി, പരിഭവിച്ചു തിരിഞ്ഞു നടന്ന ബാല്യം. വർണം വാരി വിതറുന്ന മഴവില്ലു വിരിയിച്ചുക്കാട്ടി, പിണക്കം മുറിക്കുന്ന വർണമഴ.
പുതുവർഷത്തിലെ സ്കൂൾ യാത്രയിൽ കൂട്ടുവന്ന ആർത്തലച്ചുപെയ്യുന്ന മഴ. കാറ്റ് തട്ടിപ്പറിക്കുന്ന പുത്തൻ കുടയ്ക്കു പുറകെ ഓടി, എത്തിപ്പിടിക്കുമ്പോളേക്കും എന്നെ നനയിച്ചു കാറ്റിൽ ഒളിക്കുന്ന മഴ.
വഴിയിൽ കുത്തിയൊലിച്ചു പായുന്ന മഴ വെള്ളം നനച്ച പാവാടയുടെ തണുപ്പും നനഞ്ഞ മുടിപിന്നലിൽ നിന്നും ഇറ്റിറ്റു വീണ മഴത്തുള്ളികളും വർഷങ്ങൾക്കിപ്പുറവും സ്നിഗ്ദമായൊരു വികാരവായ്പാകുന്നു.
പകൽ മഴയും രാത്രി മഴയും ഇരട്ട സുന്ദരികൾ പോലെയാണെനിക്ക് .
പകൽ മഴ കണ്ണിനു വിരുന്നായി പെയ്തൊഴിയുന്നു.
കാറ്റുലയ്ക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ഒഴുകിയിറങ്ങി പരക്കുന്ന വെള്ളം കൂട്ടുചേർന്നു ആദ്യം അരുവിയും പിന്നെ പുഴയുമായി യാത്ര പോകുന്നു.
രാത്രിമഴ, സാത്വികഭാവം പൂണ്ടു, ഒരേ താളത്തിൽ, ഒരേ ഈണത്തിൽ, നിശയുടെ ഇരുണ്ട മേലാപ്പിൽ നിന്നും ഗന്ധർവഗാനമായി പെയ്തിറങ്ങുന്നു. ചീവിടുകളുടെ കരച്ചിലും ഈർപ്പം വലിച്ചു കുടിച്ച കനത്ത ജനാലപ്പാളികൾ കാറ്റിൽ ഊക്കിൽ തുറന്നടയുന്ന സ്വരവും താളമിട്ട ഗാനത്തിന് കാതോർത്തു മയങ്ങിയ എന്റെ കൗമാരം.
ഇടിമുഴക്കത്തിന്റെ ഉരുളുന്ന അലകൾക്കു മുന്നെത്തി, ആകാശത്തു മിന്നൽ പിണരുകൾ, വെളിച്ചമായ് ചാട്ടവാർ മിന്നിക്കുമ്പോൾ തോന്നിയ
ഭയത്തിൽ പൊതിഞ്ഞ കൗതുകം. കാലവർഷവും തുലാവർഷവും പെയ്തു തീർത്ത മഴയോർമ്മകൾ.
സമീപക്കാലത്തു പ്രളയമായി സംഹാരതാണ്ഡവമാടിയ മഴ പ്രകൃതിസംരക്ഷണം മറന്നുപോകുന്ന നമുക്ക് നേരെ രൗദ്രഭാവം പുറത്തെടുത്തു. ഓരോ പ്രളയവും മനുഷ്യന്റെ വിനാശകാരമായ ആർത്തിയുടെ പരിണിതഫലങ്ങളാണെന്ന് നമ്മെ ഇടയ്ക്കു ഓർമ്മപ്പെടുത്തുന്നു.
മഴയോളം കാല്പനികഭാവങ്ങൾ ഉൾകൊണ്ട മറ്റൊന്നുണ്ടോ? പ്രണയമണിത്തൂവൽ പൊഴിയുന്ന മഴയും കണ്ണീർ ചാലിട്ട കണ്ണീർ മഴയും കഥാപാത്രങ്ങളായ കല്പനകൾ മനസ്സിന്റെ ലോലഭാവങ്ങൾ തൊട്ടുണർത്തുന്നു.
ദൂരെ ദൂരെ കാനഡയിൽ, ഇവിടെ തണുപ്പ് രാജ്യത്തു മഞ്ഞയും പച്ചയും ചുവപ്പും ഓറഞ്ചും നിറത്തിൽ, കൊഴിഞ്ഞു വീണ മേപ്പിൾ ഇലകളെ നനച്ചു, ശിശിരത്തിൽ, ഇരമ്പി ആർക്കാത്ത നേർത്ത തണുത്ത മഴ, പുൽമേടുകളെ നനച്ചു കാറ്റിനൊപ്പം പറന്നു പോകുന്നു. കുശലം ചോദിക്കാനും തിമർത്തു പെയ്യാനും നിൽക്കാതെ അടയാളം കാണിച്ചു കടന്നുപോകുന്ന മഴ.
മനസ്സിലാദ്യം, അത്രമേൽ എന്നെ മോഹിപ്പിച്ച കാഴ്ചകൾ നൽകിയ കനത്ത മഴയനുഭവം നഷ്ടപ്പെട്ട വിതുമ്പലായിരുന്നു.
പക്ഷെ താപനില കുറഞ്ഞു, തണുപ്പ് കൂടി ജലകണങ്ങൾ ഉറഞ്ഞു മഞ്ഞായ് പെയ്തിറങ്ങിയപ്പോൾ മഴയ്ക്കാണോ മഞ്ഞിനാണോ കൂടുതൽ ഭംഗി എന്ന് ഞാൻ സ്വയം ചോദിച്ചുപ്പോയി.
മഞ്ഞു പൊഴിയുന്ന കാഴ്ച മഴ പോലെ തന്നെ അതിമനോഹരമാണ് .ചെറിയ സ്ഫടികചിന്തുകൾ മെല്ലെ ആലോലമാടി പറന്ന്, ചെറുപഞ്ഞിത്തുണ്ടുകൾ പോലെ അന്തരീക്ഷം മുഴുവൻ നിറയുന്നതും തീരെ നേർത്ത ധൂളികൾ കാറ്റിൽ, മെല്ലെ താണിറങ്ങി പുൽനാമ്പുകളെ തൊട്ടുരുമ്മിയിരിക്കുന്നതും അതീവ ഹൃദ്യമായ കാഴ്ചയാണ്.
മഞ്ഞ് ചെടികളിലും മരങ്ങളിലും പറ്റിച്ചേർന്നിരുന്നു വെള്ളപ്പൂക്കൾ പൂത്തുലഞ്ഞ പ്രതീതിയുണർത്തും.
അന്തരീക്ഷത്തിൽ മഞ്ഞുതുള്ളികൾ തങ്ങി നിൽക്കുന്ന കാഴ്ചയിൽ രമിച്ചു, മഴയെ അഗാധമായി പ്രണയിച്ച ഞാൻ മഴയെ ‘തേച്ചിട്ട് ‘ മഞ്ഞിനു പുറകെ പോയി തുടങ്ങി.
മഞ്ഞുപെയ്ത്തു കഴിഞ്ഞാൽ മഞ്ഞിന്റെ മേലാപ്പു വന്നു ഭൂമിയെ മൂടും. മഴവെള്ളം പോലെ ഒഴുകിപോകാതെ ചെറുകുന്നുകളായി കാത്തു കിടക്കും. ഞാനും നിങ്ങളിൽ ഒരാളായി ഈ ഋതു മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടെന്ന് ചൊല്ലുന്ന മഞ്ഞിനെ ഹൃദയത്തിൽ ചേർത്തു പിടിക്കാതിരിക്കുന്നതു
എങ്ങനെ? ചുറ്റും തിളങ്ങുന്ന അനുപമ ശുഭ്രനിറം ശാന്തിയുടെ പ്രതീകമാണ്. അകളങ്കിത ധവള പ്രഭ (pristine white) മഞ്ഞിനു മാത്രം സ്വന്തം.
പെയ്തിറങ്ങിയ ഉടനെ മഞ്ഞ് വളരെ മൃദുവും, ഏതു ആകൃതിയിലും രൂപങ്ങൾ മെനെഞ്ഞു എടുക്കാൻ തക്കം വഴക്കമുള്ളതുമാണ്. ഉള്ളം കയ്യിൽ ഇളം തണുപ്പ് പടർത്തുന്ന മഞ്ഞ് വാരിയെടുക്കലും മഞ്ഞുമനുഷ്യനെ
മെനയലും രസകരമായ അനുഭവമാണ്.
മരങ്ങൾ ഇലപൊഴിക്കുന്ന ശിശിരത്തിനു പിന്നാലെ തോട്ടങ്ങളും മൈതാനങ്ങളും മനോഹരമായ തൂവെള്ള നിറമുള്ള മഞ്ഞുവിരിപ്പണിയുന്നു. മഞ്ഞിൽ തട്ടിത്തെറിക്കുന്ന സൂര്യരശ്മികളുടെ പ്രതിഫലനം ധവളപ്രഭയായി പകലിനെ കൂടുതൽ ദീപ്തമാക്കും.
മനുഷ്യന്റെ മാനസികാവസ്ഥയെ
വ്യക്തമായി പ്രതിഫലിപ്പിക്കാൻ, മഞ്ഞിനെ കലാകാരന്മാർ ഒരു സങ്കേതമാക്കാറുണ്ട്. കാരണം മഞ്ഞുകാഴ്ചകൾ, അനേകം സൂക്ഷ്മഭാവങ്ങളുടെ സങ്കലനമാണ്.
ഓരോ മഞ്ഞുവീഴ്ചയും എന്നിൽ നിറക്കുന്നത് ആഹ്ലാദത്തിന്റെയും ശാന്തിയുടെയും തീർത്തും വ്യത്യസ്തമായ തീവ്രലോലഭാവങ്ങളാണ്.
എന്നെ തഴുകി തലോടുന്ന നനവായ് എന്നിൽ നിറയുന്ന കുളിരായ് എന്റെ പ്രിയ മഴയോർമ്മകളും വൈകിയെന്റെ ഹൃദയത്തിൽ ചേക്കേറിയ മഞ്ഞും ഒരു കുഴക്കുന്ന ചോദ്യം എന്റെ മുന്നിലേക്ക് എറിയുന്നു.
‘ഞങ്ങളിൽ ആരെയാണ് കൂടുതലിഷ്ടം?’
‘ഞാൻ അത്രമേൽ സ്നേഹിക്കുന്ന മഴയും മഞ്ഞും വെറും രൂപാന്തരങ്ങൾ മാത്രമല്ലേ?’, ഞാനൊരു മറുചോദ്യം ചോദിച്ചു ഇരട്ടകുഞ്ഞുങ്ങളെ പോലെ മഴയേയും മഞ്ഞിനേയും ഇരുകൈളാൽ ചേർത്തു പിടിക്കുന്നു.
അത്രമേൽ ഞാൻ സ്നേഹിക്കുന്ന എന്റെ ഹൃദയത്തെ തൊട്ടുവിളിച്ച നിങ്ങളുടെ ആത്മാവ് ഒന്നുതന്നെയാണല്ലോ.
6 Comments
ഓർമ്മകൾ എന്നെന്നും മാധുര്യം നിറഞ്ഞ വൈൻ പോലെ വീര്യം ഉള്ളതാണെന്ന് തോന്നിയിട്ടുണ്ട്. ഒന്ന് സ്വാസ്ഥമായി ഇരിക്കുമ്പോൾ ഓർമ്മയിൽ എന്നെന്നും ഓടി എത്തുന്നത് ബാല്യകാലം തന്നെ ആവും. എന്റെ ഓർമ്മയിൽ ജനിച്ചപ്പോൾ മുതൽ ഓല മേഞ്ഞ വീട്ടിൽ ആയിരുന്നു. മഴ പെയ്താൽ കുളത്തിലെ വെള്ളം മുഴുവൻ വീട്ടിലേക്ക് ഓടി എത്തും. വിശന്നിട്ട് ഒരു രക്ഷയും കാണില്ല. അടുപ്പ് കത്തിക്കാൻ യാതൊരു മാർഗം ഉണ്ടാകില്ല. എന്നിട്ട് അടുത്ത വീട്ടിലെ ചേച്ചി കഴിക്കാൻ കൊണ്ട് വന്നു തരുമായിരുന്നു. വെള്ളം വീടിന്റെ അകത്തു കയറുമ്പോൾ അച്ഛന്റെ തറവാട്ടിൽ പോയി കിടക്കും. മഴയും പോയി ഒരു വിധം വെള്ളം ഇറങ്ങി മൊത്തത്തിൽ പൊളിച്ചു പണിയും . എന്റെ ഓർമ്മയിൽ 6 പഠിക്കുമ്പോഴാണ് തറ കെട്ടി ഷിറ്റ് ഇട്ട veed ആകുന്നത്. രണ്ട് റൂം തട്ടി കൂട്ടി എടുത്തു. പിന്നേം എത്ര നാൾ കഴിഞ്ഞിട്ട് ആണ് കുഞ്ഞു സ്വർഗം ആയത്. ഇപ്പോഴും വീട് പണിയുണ്ട്. മഴ കുറിച്ച് പറയാൻ ആണെങ്കിൽ ഇത് പോലെ ഇനിയുണ്ട് . ഇത് ഒന്നും നമ്മടെ മറവി ഉണ്ടാകുന്നത് വരെ എന്നെന്നും കൂടെ ഉണ്ടാകും. എന്നത് തീർച്ചയാണ്. ഒരു കാലത്ത് ഞാൻ മഴയോട് എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കുമായിരുന്നു. അതൊക്കെ യും ബുക്കിൽ എഴുതി വയ്ക്കുമായിരുന്നു. കാലത്തിന്റെ ഒരു കൊഴിഞ്ഞ പൂവാണ് നമ്മുടെ ഒക്കെ ബാല്യം. എത്ര മനോഹരമായ ആ നാളുകളിലെ സുന്ദരമായ മഴക്കാലത്തിന്റെ ഓർമ്മപ്പെടുത്താൽ കൂടിയാണ് ഓരോ മഴക്കാലവും എന്ന് തോന്നാറുണ്ട്. മഞ്ഞു മാസം അടുത്തുള്ള പറമ്പിൽ ചപ്പ് ചവറുകൾ കൂട്ടിയിട്ട് കത്തിച്ചു തീ കയുമായിരുന്നു. ക്രിസ്തുമസ് മാസവും മലയ്ക്ക് പോകുന്ന വൃശ്ചിക രാവിന്റെ മഞ്ഞും ഓർമ്മയിൽ എന്നെന്നും ഒരു കുളിർ കാറ്റ് ആണ്.
ഇന്ന് എല്ലാ ഋതുഭേദങ്ങളും മാറി കൊണ്ടിരിക്കുന്നു. എല്ലാ മാസവും മഴയുമുണ്ട് വെയിലും വികസനം അത്രമേൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്നുണ്ട്..
ഓർമ്മ യിലേക്ക് കൂട്ടി കൊണ്ട് പോയതിന്.
ഇനിയും ഉണ്ട് പറഞ്ഞു തീരാത്ത വിശേഷങ്ങൾ പോലെ…
ജോയ്സ്, അത്രമേൽ ഹൃദ്യമായ കവിത പോലൊരെഴുത്ത്… ഗൃഹാതുരത തുള്ളിത്തുളുമ്പി ഹൃദയത്തിൽ തൊട്ടുതൊട്ട് നനു നനുത്ത ഒരെഴുത്ത് 🥰🥰🥰🥰🥰
Super ❤️ മഴയോടൊപ്പം കുട്ടിക്കാലത്തേക്ക് യാത്ര പോയപ്പോൾ മഞ്ഞിനോടൊപ്പം കഴിഞ്ഞ വെക്കേഷനിലെ മണാലിയാത്ര വിരുന്നെത്തി. നല്ല എഴുത്ത്. ❤️❤️
Wow 👌👌👌🩷🩷🩷
മനോഹരമായ അവതരണം 👌👌👌
Wow !
Beautiful writeup.. 👍👍