ഒരു സ്ത്രീയുടെ പകൽ സ്വപ്നം
ഇനി ഒരു ജൻമം ഉണ്ടെങ്കിൽ ആണായി ജനിക്കണം.
യൂണിഫോമിന്റെ പുറത്ത് ഓവർക്കോട്ടും ഷാളും ഇട്ട് പുതച്ച് നടക്കുന്ന സ്കൂൾ കോളേജ് ജീവിതത്തിൽ നിന്ന് മോചനം ലഭിക്കണം.
അടങ്ങി ഒതുങ്ങി നടക്കാൻ പറഞ്ഞ് ചെവിക്ക് ചുറ്റും ആയിരം ഉപദേശങ്ങൾ കേൾക്കാതെ വളരണം.
നിർബന്ധിച്ച് രാവിലെ എഴുന്നേൽപ്പിച്ച് മുറ്റം അടിപ്പിക്കുന്നതിൽ നിന്നും, അടുക്കള പണി ചെയ്യിക്കുന്നതിൽ നിന്ന് രക്ഷപ്പെടണം.
‘വെറേ വീട്ടിൽ ചെന്ന് കയറേണ്ട പെണ്ണ്’ ആണെന്ന് വീട്ടുകാർ നാഴികക്ക് നാൽപത് വട്ടം പറയുന്നത് കേൾക്കാതെ ജീവിക്കണം.
പ്രണയം വീട്ടിൽ അറിഞ്ഞാൽ നാട് കടത്തൽ, പഠനം നിർത്തൽ എന്നീ പരിപാടികളിൽ നിന്ന് രക്ഷപ്പെടണം.
പഠനം കഴിഞ്ഞ് ജോലി കിട്ടിന്നതേ വീട്ടുകാർ പിടിച്ച് കെട്ടിക്കുന്നതിൽ നിന്നും മോചനം ലഭിക്കണം.
മുപ്പതുകളിലും ബാച്ച്ലർ ലൈഫ് ആസ്വദിക്കണം.
ജനിച്ച് വളർന്ന വീട്ടിൽ അതിഥി ആവാതെ, ഇഷ്ടം ഉള്ള കാലത്തോളം കഴിയണം.
ആരുടെയും വിലയിരുത്തൽ പേടിക്കാതെ മതിവരുവോളം ഉറങ്ങണം.
മറ്റുള്ളവരുടെ ഷെഡ്യൂൾ അല്ലാതെ സ്വന്തമായി ഷെഡ്യൂൾ ഉണ്ടാവണം.
ആരെയും കൂസാതെ കാലിൽ മേൽ കാൽ കയറ്റി വെച്ച് ഉമ്മറത്ത് ഇരിക്കണം.
പിരീഡ്സിന്റെ വേദനകളും മൂഡ് ചെയ്യ്ഞ്ചസും ഇല്ലാതെ മാസം മുഴുവൻ സന്തോഷിക്കണം.
പിരീഡ്സ് ദിവസങ്ങളിലെ രക്തക്കറ പേടിക്കാതെ തോന്നിയത് പോലെ എന്നും കിടക്കണം.
ചൂട് എടുക്കുമ്പോൾ ഷർട്ടിന്റെ ബട്ടൺസ് രണ്ടെണ്ണം അഴിച്ച് ഇടണം.
ആരുടെയും വൃത്തികെട്ട കരങ്ങളെ പേടിക്കാതെ തിരക്കുളള സ്ഥലത്ത് കൂടി നടക്കണം.
വൃത്തികെട്ട പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കുന്നത് ഓർത്ത് ടെൻഷൻ അടിക്കാതെ യാത്ര ചെയ്യണം.
വെള്ളം കുടിക്കുന്ന കുറയുമ്പോൾ തേടി എത്തുന്ന UTI യുടെ പുകച്ചിൽ അനുഭവിക്കാതെ ജീവിക്കണം.
PCOD പേടിച്ച് ഫുഡ് കൺട്രോൾ ചെയ്യാതെ, PCOD കാരണം മുഖത്തും ദേഹത്തും വളരുന്ന ഹെയർ കണ്ട് വിഷമിക്കാതെ, മാസങ്ങളോളം മിസ് ആയ പിരീഡ്സ് വരാൻ മരുന്നുകൾ കഴിക്കാതെ, അത് മൂലം ഉണ്ടാകുന്ന മാനസിക വിഷമങ്ങൾ അനുഭവിക്കാതെ ജീവിക്കണം.
പ്രസവം എന്ന ഭീതി ഇല്ലാതെ ദാമ്പത്യം ആസ്വദിക്കണം.
വീർത്ത് വരുന്ന വയറും താങ്ങി നടക്കുന്നതിന്റെയും, കിടക്കുന്നതിന്റെയും, ഇരിക്കുന്നതിന്റെയും ബുദ്ധിമുട്ടുകൾ അറിയാതെ, ഒരോ മാസവും പി വി ചെയ്യുന്നതിന്റെ ഭീതി പേറി ചെക്കപ്പിന് പോകാതെ, ലേബർ റൂമിൽ സെക്കൻറുകൾക്ക് മണിക്കൂറുകളുടെ നീളം തോന്നാതെ, എല്ലുകൾ നുറുങ്ങുന്ന വേദന അറിയാതെ കുഞ്ഞിനെ കിട്ടണം.
ഉറക്കം ഇല്ലാത്ത പ്രസവാനന്തര ദിവസങ്ങളിൽ നിന്നും, സ്റ്റിച്ച്ന്റെ നീറ്റലുകളിൽ നിന്നും, ദുർഗന്ധം വമിക്കുന്ന ഡിസ്ചാർജിൽ നിന്നും രക്ഷപ്പെടണം.
ചുക്കി ചുളിഞ്ഞ വയറും സ്ട്രെച്ച് മാർക്കുകളും ഇല്ലാതെ, പ്രസവിച്ച് വണ്ണം വെച്ച് അമ്മച്ചി ആയല്ലോ എന്ന വാക്കുകൾ കേൾക്കാതെ ജീവിക്കണം.
പ്രസവശേഷം ജോലിക്ക് പോകണ്ട, എങ്ങനെ കുഞ്ഞിനെ ഇട്ടിട്ട് പോകാൻ തോന്നി തുടങ്ങിയ കുത്തുവാക്കുകളിൽ കേൾക്കാതെ ജീവിക്കണം.
മനസ്സിൽ കരയാതെ കുഞ്ഞിനെ വീട്ടിൽ ആക്കി ജോലിക്ക് പോകണം. മാറിടങ്ങൾ വിങ്ങാതെ, നിറഞ്ഞ് തുളുമ്പാതെ ജോലി ചെയ്യണം.
തിരിച്ച് വീട്ടിൽ വന്ന് ചായ കുടിച്ച് റിലാക്സ് ചെയ്യണം.
ഏറ്റവും നല്ല ഫുഡ് മാത്രം കഴിച്ച് എന്തും ഏതും അഡ്ജസ്റ്റ് ചെയ്യാതെ ജീവിക്കണം.
പാത്രങ്ങൾ എല്ലാം കഴുകി വെക്കാതെ, രാവിലെ എന്ത് കഴിക്കാൻ ഉണ്ടാക്കും എന്ന് ഓർക്കാതെ ഉറങ്ങണം.
സ്വന്തം വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കണം.
പൊട്ടിച്ചിരിക്കണം.
പിന്നെ ജനിക്കുന്നത് ഇന്ത്യയിൽ തന്നെ ആയിരിക്കണം, അല്ലെങ്കിൽ ഇതൊന്നും നടക്കില്ലല്ലോ.
©️Renju_Antony
അഞ്ച് വയസ്സ് ആകുമ്പോഴെ വെറേ വീട്ടിൽ പോകാൻ ആണെന്ന് പറഞ്ഞ് പെൺകുട്ടികളെ അടുക്കള പണി പഠിപ്പിക്കുന്നവർക്ക് സമർപ്പിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ സ്വയം പര്യാപ്തരായിരിക്കണം, വന്ന് കയറുന്ന പെണ്ണ് വെച്ച് ഉണ്ടാക്കി തരും എന്നോർത്ത് ഇരിക്കുന്ന ആൺകുട്ടികൾ എല്ലാം പോയി കഞ്ഞി വെക്കാൻ പഠിക്കുന്നതാവും ബുദ്ധി.
2 Comments
അടിപൊളി👌💐❤️
Super👍🏻