കള്ളൻ പവിത്രനറിയുവാൻ.. സുഖമാണോ എന്ന് ചോദിക്കുന്നതിൽ കാര്യമില്ലെന്നറിയാം. പരോളിനിറങ്ങിയതിന്റെ ക്ഷീണം കാണും. ഇതെല്ലാം ഒരു വെല്ലുവിളിയായി കണ്ടു മുന്നോട്ട് നീങ്ങുക. നേരിൽ വന്നു കാര്യം ബോധിപ്പിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ അറിയാമല്ലോ. അതു കൊണ്ട് ഈ കത്ത് വായിച്ചു വേണ്ടത് പോലെ ഒരു സഹായം ചെയ്യണം, അപേക്ഷയാണ്. ഇത്തവണ കവലയിൽ നിന്ന് കിഴക്കോട്ടു പോകുന്ന വഴിയിൽ കാണുന്ന ചുവന്ന വീട്ടിൽ തന്നെ കയറണം. ഒരു പൊങ്ങച്ചക്കാരിയും അര പാവാടയിട്ട അവളുടെ മോളും ഉണ്ട്. ഇട്ടു മൂടാൻ ഉള്ള സ്വർണ്ണം പേർഷ്യയിൽ നിന്ന് കൊണ്ട് വന്നിട്ടുണ്ട് കെട്ടിയോൻ. അവിടെയാണെങ്കിൽ വഴക്കും വക്കാണവും ഇല്ല. കഷ്ടപ്പാടും പെടാപാടും പേരിനു പോലുമില്ല.കാറും പൂന്തോട്ടവും ഇരുമ്പിന്റെ ഊഞ്ഞാലും എല്ലാം ഉണ്ട്. ഇതൊന്നും പോരാതെ കഴിഞ്ഞ ആഴ്ച ലോട്ടറിയുമടിച്ചു. എത്രയാണെന്ന് വച്ചാ ഞാനിതെല്ലാം സഹിക്കുക.രാത്രി ഉറങ്ങാൻ മേല അത്രക്ക് മനപ്രയാസമാണ്. നെഞ്ചു വേദന കൊളുത്തി പിടിച്ചു ജീവൻ പോകുന്നതിനു മുൻപ് വേണ്ടത് പോലെ പവിത്രൻ ചെയ്യുമല്ലോ. സ്നേഹപൂർവ്വം..
ഒരു അയൽവാസി
1 Comment
😀👌👌👌👌