നമ്മുടെ ജീവിത യാത്രയിൽ നമ്മൾ പല തരത്തിൽ ഉള്ള ആൾക്കാരെ കണ്ടു മുട്ടിയിട്ടുണ്ടാകും. ചിലർ നമുക്ക് വഴി കാണിച്ചു തന്നവർ, ചിലർ വഴി മുടക്കിയവർ. അങ്ങനെയുള്ള ചില വ്യത്യസ്ത കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാൻ ഇന്ന് എഴുതുന്നത്.
‘ആവശ്യക്കാരന് ഔചിത്യം പാടില്ല’ എന്നാണ് പഴഞ്ചൊല്ല് എങ്കിലും മലയാളിക്ക് തീരെ ഇല്ലാത്ത ഒന്നാണ് ഈ ഔചിത്യബോധം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
കൊറോണാ കാലത്തിന് മുമ്പാണ്. ഒരിക്കൽ ഒരാൾ കല്യാണം ക്ഷണിക്കാൻ വന്നു. കല്യാണ ചെലവുകളെ പറ്റിയും സ്വർണ്ണത്തിന്റെയും സാരിയുടെയും വിലയെ പറ്റിയും ഹാൾ വാടകയെ കുറിച്ചും കേറ്ററിംഗ്കാരുടെ ചാർജിനെപറ്റിയൊക്കെ ദീർഘനേരം പ്രസംഗിച്ചു. അവസാനം കല്യാണക്കുറി തന്നിട്ട് പറഞ്ഞു. ‘ഏതായാലും മുടിഞ്ഞു. ഇവിടുന്നും എല്ലാവരും പോന്നോളു.’ എന്ന്. 😂😂
വിവാഹം കഴിഞ്ഞ് പുതുമോടിയിൽ ഭാര്യയെയും കൊണ്ട് എല്ലാ ബന്ധു വീടുകളും ഒന്ന് സന്ദർശിച്ചേക്കാം എന്ന് തീരുമാനിച്ചു പയ്യൻസ്. ഒരു വീട്ടിൽ ചെന്നപ്പോൾ അവിടുത്തെ മുത്തശ്ശി ഓടിവന്ന് പയ്യനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു കൊണ്ട് ഒരു സ്നേഹപ്രകടനം. ‘അയ്യോ, എൻറെ പൊന്നുമോനെ നിൻറെ ചേട്ടന്മാർക്ക് ഒക്കെ എത്ര നല്ല പെണ്ണിനെയാ കിട്ടിയത് നിനക്ക് മാത്രം ഈ ഗതി വന്നല്ലോ? ‘ അന്ധാളിച്ചു നിൽക്കുന്ന പുതു പെണ്ണിനെ കെട്ടിപ്പിടിച്ച് സ്നേഹപൂർവ്വം അടുത്തിരുത്തി വിശേഷം ചോദിച്ചറിയുന്നതിനിടയിൽ സ്വർണം ഒക്കെ 916 ഉള്ളതാണോ എന്ന് പരിശോധിക്കും. താലിമാലയുടെ കൊളുത്ത് ബലപ്പെടുത്തിയോ, കല്ലുള്ള മോതിരം സൂക്ഷിക്കണെ മോളേ, എന്നും പറഞ്ഞ് അതിൻറെയും കണക്ക് എടുക്കും. ചുരുക്കത്തിൽ മുമ്പ് പറഞ്ഞു കേട്ടതും നേരിൽ കണ്ടതും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് കണ്ണടച്ചുതുറക്കും മുമ്പേ മുത്തശ്ശി കണ്ടുപിടിച്ചു കഴിയും. എന്താ കഴിവ് അല്ലെ? വിശേഷം പറയുന്നതായി ഭാവിച്ച് മുത്തശ്ശി ഏതൊരു കമ്പ്യൂട്ടർ എഞ്ചിനീയറെയും വെല്ലുന്ന രീതിയിലുള്ള കണക്കുകൂട്ടൽ നടത്തുകയാകും മനസ്സിൽ. 🎎
പിന്നെ ഏറ്റവും അധികം തമാശ നടക്കുന്ന ഒരു സ്ഥലമാണ് ഡോക്ടർമാരെ കാത്തിരിക്കുന്ന മുറി. പരിചയക്കാരെ ആരെയെങ്കിലും അവിടെവച്ച് കണ്ടുപോയാൽ അന്നത്തെ ദിവസം പോയി എന്ന് കൂട്ടിയാൽ മതി. ഓടി വന്ന്, ‘എന്താ ഇവിടെ? എന്താ അസുഖം? ‘ എന്നൊക്കെ ഒറ്റശ്വാസത്തിൽ ചോദിക്കും. ഡോക്ടറോട് പറയേണ്ട കാര്യങ്ങൾ ഒന്നൊന്നായി ആലോചിച്ചുറപ്പിച്ചി രിക്കുമ്പോഴായിരിക്കും പരിചിതന്റെ കുശലാന്വേഷണം. എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ പരിചയക്കാരനോട് വിളമ്പും.ഡോക്ടറുടെ മുറിയിലെത്തുമ്പോൾ ഡോക്ടറോട് ഇതിൻറെ പാതിയെ പറയു. മടക്കയാത്രയിൽ കൺഫ്യൂഷൻ ആകും. അസുഖവിവരം ഞാൻ ആരോടാണ് വിശദമായി പറഞ്ഞത്? ഡോക്ടറോടോ അതോ പരിചയക്കാരനോടോ? രണ്ടുമൂന്നു ദിവസം കഴിഞ്ഞും രോഗം മാറാതിരിക്കുമ്പോൾ പരിചയക്കാരനെ പ്രാകാൻ തുടങ്ങും. പിന്നെ അവൻറെ അസുഖത്തെ പറ്റി എനിക്കും അറിയാൻ കഴിഞ്ഞല്ലോ എന്ന ഒരു സ്വകാര്യ സന്തോഷം മാത്രം മിച്ചം. അത് 10 പേർക്ക് മെസ്സേജ് ആയി ഫോർവേഡ് ചെയ്യും. അതിൻറെ സുഖം ഒന്നു വേറെ.🥰🥰🥰
രണ്ടുമൂന്നു വർഷം ആയി വിവാഹം കഴിഞ്ഞ ദമ്പതികളോട്, വിശേഷം ഒന്നും ആയില്ലേ? ഡോക്ടറെ കണ്ടോ? സത്യത്തിൽ ആർക്കാണ് കുഴപ്പം? കുഴപ്പം കണ്ടു പിടിച്ചോ? ചികിത്സ തുടങ്ങിയോ? ചോദ്യവും അന്വേഷണവും ഒക്കെ കേട്ടാൽ തോന്നും അമ്മച്ചി ഇപ്പോൾ ഇതിൻറെ ഒറ്റമൂലി അവർക്ക് പറഞ്ഞു കൊടുക്കുമെന്ന് !!. 😜
എന്നും പ്രഭാത… സായാഹ്ന…… സവാരിക്ക് ഇറങ്ങുന്നവരെ പിടിച്ചുനിർത്തി വർത്തമാനം പറയുക, സ്ഥിരം പള്ളിയിലേക്ക് പോകുന്ന ചേടത്തിമാരോട് പള്ളിയിലേക്ക് ആണോ? കൊച്ചു പെൺകുട്ടികളുടെ ഒപ്പം നടന്ന് നീ ട്യൂഷനു പോവുകയാണോ? ഏത് സബ്ജക്ട്നാണ് പോകുന്നത്, കെമിസ്ട്രിക്ക് ആണെന്ന് പറഞ്ഞാൽ, ‘അയ്യോ, അങ്കിൾ പറഞ്ഞു തരാമല്ലോ എന്ന് പറഞ്ഞ് വഴിനീളെ കെമിസ്ട്രി ക്ലാസ്സ് എടുത്തു കളയും ചിലർ.
ഇക്കൂട്ടരെ കൊണ്ട് ഏറ്റവും വിഷമിക്കുന്ന ഒരു വിഭാഗം സിനിമക്കാരാണ്. ഒരു സിനിമാക്കാരനെ ഒത്തു കിട്ടിയാൽ ഉടനെ ആദ്യം ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്. ‘ഇപ്പൊ പടം ഒന്നും ഇല്ല അല്ലേ? എനിക്കറിയാമായിരുന്നു നീ രക്ഷപ്പെടില്ല എന്ന്. വെറുതെ സമയം കളയാതെ വേറെ വല്ല ജോലി കണ്ടുപിടിക്കാൻ നോക്ക്. അല്ലെങ്കിലും നീ കാണാൻ ഭംഗിയുണ്ടെങ്കിലും ഫോട്ടോ ഫേസ് തീരെയില്ല.’ ആധികാരികമായിട്ടുള്ള സംസാരം കേട്ടാൽ തോന്നും ഇദ്ദേഹം ബെസ്റ്റ് ക്യാമറാമാൻ അവാർഡ് വാങ്ങിയ ആളാണെന്ന്.
ഹെൽമെറ്റും വെച്ച് ബിവറേജസിന് മുമ്പിൽ ക്യൂ നിൽക്കുന്ന ആളെ അതിവിദഗ്ധമായി തിരിച്ചറിഞ്ഞ് സേതുരാമയ്യർ സിബിഐ ഒരു കേസ് തെളിയിച്ചതുപോലെ “ങ്ഹാ നീ ഇന്ന ആളല്ലേ”? എന്ന് ചോദിച്ച് ഉറപ്പുവരുത്തുന്ന മറ്റൊരു കൂട്ടർ. അവിടെ ക്യൂ നിൽക്കുമ്പോൾ അഞ്ചാമത്തെയോ ആറാമത്തെയോ ആളോട് പരിചയഭാവം ഭാവിച്ച് മുപ്പതാമത് നിൽക്കുന്ന ആൾ വലിയ ലോഹ്യത്തിൽ സംസാരിക്കാൻ തുടങ്ങും.തികച്ചും ഒരു അപരിചിതൻ ആയിരിക്കും. ക്യൂ നിൽക്കുന്നവർ വഴക്കിനു വരില്ല കാരണം അദ്ദേഹം പുറത്തുനിന്ന് വർത്തമാനം പറയുകയാണല്ലോ, പിന്നെ വരി എത്തുമ്പോൾ ‘ങ്ഹാ എന്നാ പിന്നെ എനിക്കും കൂടി ഒരെണ്ണം വാങ്ങിയേക്ക്, എന്ന് പറഞ്ഞു പൈസ എടുത്തു കൊടുക്കും. അങ്ങനെ ക്യു നിൽക്കാൻ ക്ഷമയില്ലാത്ത ചില വിദ്വാൻമാർ.
പിന്നെ വേറെ ചിലരുണ്ട്. അയൽക്കാരും എല്ലാ ദിവസവും കാണുന്നവരുമായിരിക്കും പക്ഷേ ഒരു കല്യാണ വീട്ടിലോ മറ്റോ വച്ച് കണ്ടാൽ, ‘ഹലോ എന്തുണ്ട് വിശേഷം? സുഖമാണോ?’ ചോദ്യം കേട്ടാൽ തോന്നും ടിയാന് അന്ന് ദുബായി നിന്ന് വന്നിട്ടേ ഉള്ളു എന്ന്. ആ വീട്ടിലേക്ക് വരുന്ന എല്ലാവരുടെയും കൈ ഹലോ, ഹലോ, എന്നു പറഞ്ഞു ഇദ്ദേഹത്തിൻറെ കൈക്കുള്ളിൽ ആയിരിക്കും.സംശയിക്കണ്ട, ആള് അടുത്ത് തന്നെ ഇലക്ഷന് നിൽക്കുന്നുണ്ട് എന്നർത്ഥം. നാലാമത്തെയോ അഞ്ചാമത്തെയോ ആൾ ആകുമ്പോൾ കയ്യെടുത്ത് കക്ഷത്തു വയ്ക്കും. പിന്നെ ഓരോരുത്തരായി കൈ കുടഞ്ഞ് രക്ഷപ്പെട്ടു ഓടേണ്ടി വരും.😘😘
പിന്നെ മറ്റൊരു കൂട്ടരുണ്ട് കാപ്പി വേണ്ട എന്നൊന്നും പറഞ്ഞാൽ കേൾക്കില്ല. വിഭവസമൃദ്ധമായ ടീ പാർട്ടി സാധനങ്ങൾ മേശപ്പുറത്ത് നിരത്തിവയ്ക്കും. പക്ഷേ കാപ്പി ഒഴിച്ച് ഒന്നും തൊടാൻ പോലും നമുക്ക് അവസരം തരില്ല. ഇടവും വലവും ഇരുന്ന് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. മറുപടി പറഞ്ഞു പറഞ്ഞു നമ്മൾ കുഴഞ്ഞു പോകും. അപ്പോഴേക്കും പോകേണ്ട സമയമാകും. ആറിതണുത്ത കാപ്പി മാത്രം എങ്ങനെയെങ്കിലും കഴിച്ച് സ്ഥലം വിടും. 🍵🥪🌮🥪🥙🍿🍰
ഏത് കാര്യത്തിനും അമിത പ്രതികരണം നടത്തുന്ന വേറൊരു കൂട്ടരുണ്ട്. ‘ചേട്ടാ കഴിഞ്ഞദിവസം ഞാൻ നടന്നു വരുമ്പോൾ ഒരു ചെക്കൻ സൈക്കിൾ കൊണ്ടുവന്ന് എൻറെ നടുവിനിട്ടു ഒരൊറ്റ ഇടി. ‘ “ഹോ!” ആ ഇടി തന്റെ നെഞ്ചത്ത് കൊണ്ടമാതിരി കേൾവിക്കാരൻ പ്രതികരിച്ചു.’കുഴമ്പ് വാങ്ങാനും മറ്റും ഒരു 150 രൂപ കിട്ടിയാൽ കൊള്ളാമായിരുന്നു’. ടിയാൻ തന്റെ ആവശ്യം ഉന്നയിച്ചു. ഇത് കേൾക്കുന്നതോടെ പെട്ടെന്ന് ഫ്യൂസ് പോയത് പോലെ അമിതാവേശം ചോർന്ന് അദ്ദേഹം മിന്നൽവേഗത്തിൽ നടന്നുപോകും.🥺🥺
കുശലാന്വേഷണത്തിനു വേണ്ടി എന്തെങ്കിലും പറയുക. കേൾക്കുന്നവൻറെ മനസ്സ് ഒന്ന് തളർത്താൻ പറ്റിയാൽ പറയുന്നവർക്ക് ഒരു സുഖം അത്രയേ അവർ വിചാരിക്കുന്നുള്ളൂ. അത്രയേ അവർ ഇതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. എന്തെല്ലാം വേഷങ്ങൾ!😂😂😂
വിമർശനങ്ങളിൽ തളർന്നു പോകാതെ അവയിൽ പ്രയോജനപ്പെടുന്നവ സ്വീകരിക്കാനുള്ള പ്രതികരണശേഷി ഉണ്ടാക്കിയെടുക്കുക. ബാക്കി തള്ളി കളയുക.
മേരി ജോസി മലയിൽ,
തിരുവനന്തപുരം.
2 Comments
good observations
🙏