ദാസപ്രവൃത്തി, അതൊരു സ്ഥാനപ്പേരാണ്. മതിലകം ജോലിക്കാർക്ക് നൽകിയിരുന്ന സ്ഥാനപ്പേര്. ശ്രീപദ്മനാഭൻ്റെ ദാസന്മാരായി പ്രവർത്തിക്കുക. അതാണ് അതിൻ്റെ പൊരുൾ.
എൻ്റെ അപ്പൂപ്പൻ ദാസപ്രവൃത്തിക്കാരൻ ആയിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക് മതിലകത്തു നിന്ന് പായസം, പുന്നെല്ലു കുത്തരി ചോറ്, ഉപ്പുമാങ്ങ, പാൽമാങ്ങാ, നെയ്പ്പായസം, കടും പായസം, മേനിത്തുലാ പായസം എല്ലാം കിട്ടും. സ്കൂളിൽ പോകുന്നത് തന്നെ, ഉച്ച ഊണിനു മണിയടിക്കുന്നതു കേട്ടതും, സ്കൂളിൽ നിന്ന് ഓടി, സ്കൂളിലേക്ക് വരുന്ന വഴി ശ്രീപദ്മനാഭൻ്റെ ശീവേലി പുരയിൽ ഉച്ചക്ക് വന്നു ഇരിക്കാൻ ഇട്ടു വയ്ക്കുന്ന, ചുട്ടി കുത്തിയ ഉത്തരീയത്തിൽ വന്നു കിതപ്പോടെ ഇരിക്കാനാണ്.
ക്ഷേത്രത്തിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് സ്കൂൾ.
വിശപ്പിൻ്റെ സമയം അറിയുന്നത് സ്കൂൾ ബെൽ വഴിയാണ്.
രാവിലെ ഉണർന്നു കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത്, തലേ ദിവസം വൈകുന്നേരം കഴുകിയിട്ട ചുട്ടി ഉത്തരീയം ഒരു പന്ത് പോലെ ചുറ്റി സ്കൂൾ ബാഗിൽ വയ്ക്കുക എന്നതാണ്.
പുസ്തകങ്ങൾ എടുക്കാൻ മറന്ന ദിവസങ്ങൾ ഏറെ ഉണ്ട്. എന്നാൽ ചുട്ടി ഉത്തരീയം, അതു മറക്കുകയെ ഇല്ല. ആ ഉത്തരീയ പന്തിൻ്റെ ഒരറ്റം കൈയിൽ പിടിച്ചു കൊണ്ട് അതിനെ രണ്ടു കൽ തൂണുകളുടെ ഇടക്ക് ഉരുട്ടി ഉച്ച ഊണിനു സ്ഥലം പിടിച്ചിടുക, എന്ത് കൃത്യമായി ഞങ്ങൾ ചെയ്തിരുന്നു.
കൂട്ട് കുടുംബ വ്യവസ്ഥ ഉള്ള സമയമായിരുന്നു. അച്ഛനും അമ്മയും ഞങ്ങൾ നാലു കുട്ടികളും കൂടാതെ, അച്ഛൻ പെങ്ങൾ, രണ്ടു കൊച്ചാപ്പന്മാർ, അമ്മുമ്മ, അപ്പുപ്പൻ ഇത്രയും പേർ വീട്ടിൽ ഉണ്ട്. ഞങ്ങൾ കുട്ടികൾ നാലു പേരെങ്കിലും വീട്ടിൽ നിന്ന് ആഹാരം കഴിക്കാതിരുന്നാൽ മാത്രമേ മറ്റുള്ളവർക്ക് ഒരു നേരം ആഹാരം കഴിക്കാൻ പറ്റു എന്നൊന്നും അന്ന് അറിയില്ലായിരുന്നു.
അപ്പൂപ്പൻ, വാതപ്പനി വന്നു മരിച്ചു പോയപ്പോൾ, മതിലകത്തു നിന്ന് ശിപ്പായി, വീട്ടിലെ മറ്റാരെങ്കിലും ദാസപ്രവർത്തിക്കു വരുന്നുണ്ടോ എന്ന് ചോദിച്ചു കൊട്ടാരത്തിൽ നിന്ന് ശീട്ട് കൊണ്ടു വന്നു.
അച്ഛന് ഒരു ചെറിയ സർക്കാർ ജോലി കിട്ടിയിരുന്നു. രണ്ടു കൊച്ചാപ്പന്മാരോടും അച്ഛൻ കേണു പറഞ്ഞു. മതിലകത്തു ദാസപ്രവർത്തിക്കു പോകാൻ. രണ്ടു പേർക്കും നാണക്കേടായിരുന്നു. അനന്തൻ കൊച്ചപ്പൻ കള്ളവണ്ടി കയറി, മദിരാശി പട്ടണം പോയിന്ന് ആരോ പറഞ്ഞു. അച്ഛൻ പെങ്ങളെ അമ്മയുടെ ഒരകന്ന ബന്ധുവായ ഒരു ബസ് ഡ്രൈവറെ കൊണ്ടു കെട്ടിച്ചയച്ചു. പിന്നെയും വീട്ടിലെ അംഗ സംഖ്യ എട്ടുണ്ട്. അതിൽ 4 പേർ കുട്ടികൾ ആണ്. വിശപ്പടക്കാൻ കഴിയാത്ത പ്രായക്കാർ.
അപ്പൂപ്പൻ്റെ മരണ ചടങ്ങും വീട്ടിലെ ദുസ്ഥിയും എല്ലാം ഒന്ന് മാറി വന്നു ഞങ്ങൾ വീണ്ടും സ്കൂളിൽ പോയി തുടങ്ങി. ചുട്ടി ഉത്തരീയവും എടുത്തു പതിവ് പോലെ ഞങ്ങൾ പോയി. ഞങ്ങളുടെ സ്ഥാനം ശ്രീപദ്മനാഭൻ്റെ ശീവേലി പുരയിൽ, മറ്റാരോ കൈവശപ്പെടുത്തി. ചേട്ടൻ അവരുമായി അടിയുണ്ടാക്കി. തല കരിങ്കൽ ഭിത്തിയിൽ ഇടിച്ചു വീണു. ഞങ്ങൾ ഭയന്നു വിറച്ചു. കരഞ്ഞു. വീട്ടിൽ തിരിച്ചു വന്നു.
പാവം അമ്മ. ഞങ്ങളെ കെട്ടിപിടിച്ചു കരഞ്ഞു.
“ഇനി ശിവേലിപുരയിൽ പോകണ്ട”. എന്ന് പറഞ്ഞു.
പിന്നെ വിശപ്പു ഞങ്ങൾ അറിഞ്ഞു തുടങ്ങി. ഏട്ടൻ എപ്പോഴും വഴക്ക് ഉണ്ടാക്കും. വിശക്കുന്നുന്ന് പറഞ്ഞു.
ഞങ്ങൾ താമസിച്ചിരുന്ന വീടിന് വാടക കൊടുക്കണമായിരുന്നു. അച്ഛൻ്റെ ഒരു വരുമാനത്തിൽ എല്ലാം നടക്കില്ലായിരുന്നു. അച്ഛമ്മക്കു വാതത്തിൻ്റെ അസ്കിത തുടങ്ങി. അമ്മ, അച്ഛൻ അറിയാതെ അടുത്ത വീടുകളിൽ അരി ആട്ടി കൊടുക്കാൻ പോകും. പിന്നാലെ ചേച്ചിയും. ചേച്ചിയുടെ പഠിത്തം നാമമാത്രമായി. ഇതൊന്നും എനിക്കറിയില്ല എന്ന ഭാവത്തിൽ കിട്ടുന്ന ഭക്ഷണം കഴിച്ചു കൂട്ടുകൂടി നടക്കും കൊച്ചപ്പൻ.
അമ്മക്ക് ആസ്ത്മ പിടിപെട്ടു. വളരെ അസ്വസ്ഥത തുടങ്ങിയ സമയം. അച്ഛൻ സംഘടന പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാൽ അച്ഛനെ പട്ടാമ്പിയിലെക്കു സ്ഥലം മാറ്റി. അച്ഛന് കൃത്യമായി കാശ് ഒന്നും അയച്ചു തരാൻ പറ്റുന്നില്ലായിരുന്നു. ചേട്ടൻ പത്താംതരം പഠിക്കുന്നു. പരീക്ഷ അടുക്കാറാകുന്നു. മതിലകത്തു നിന്ന് അച്ഛമ്മക്ക് രണ്ടു പട ചോറ് തരും അതു അച്ഛമ്മയും കൊച്ചപ്പനും പത്താംതരം കാരൻ ചേട്ടനും കഴിക്കും. ചേച്ചിയും കൊച്ചേട്ടനും ഞാനും സ്കൂളിൽ പോകും ഇടക്ക് മണിയടിക്കുമ്പോൾ അമ്മ ഒരു അലുമിനിയം തൂക്കു പത്രത്തിൽ പേരറിയില്ലാത്ത ഒരു കഞ്ഞി കൊണ്ടു വന്നു ഞങ്ങളുടെ വായിലോട്ടു ഒഴിച്ചു തരും. അപ്പോഴെല്ലാം അമ്മ കരയും.
ഒരുദിവസം ഞങ്ങൾ അടുക്കളയിൽ നിന്നും വലിയ ഉച്ചത്തിൽ ശബ്ദം വരുന്നത് കേട്ട് ഓടി പോയി. പത്താംതരം പഠിക്കുന്ന ചേട്ടൻ അമ്മയോട് വഴക്കുണ്ടാക്കുന്നു. മതിലകത്തു പടച്ചോറു നിറുത്തി. അമ്മ ഞങ്ങൾക്ക് തരാറുള്ള കഞ്ഞി ചേട്ടനും കൊടുത്തു. അവനതു തട്ടിക്കളഞ്ഞു.
“എന്താ ഇത്? “
അമ്മ മറുപടി പറയുന്നില്ല. വീണ്ടും വീണ്ടും ചോദിച്ചു. അഭിമാനിയായ അമ്മ ഒച്ച വെക്കരുത് എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നിട്ടും ചേട്ടൻ അലറി വിളിച്ചു ചോദിച്ചു.
“എന്താ ഈ സാധനം?”
“ഇതിൻ്റെ പേര് എന്താ?”
ചേച്ചി, ചേട്ടനോട് സ്നേഹത്തോടെ പറഞ്ഞു.
“അതു കഞ്ഞിയാ, ഞങ്ങൾക്ക് അമ്മ സ്കൂളിൽ കൊണ്ട് തരാറുണ്ട്. ചേട്ടൻ കഴിച്ചിട്ടില്ല. അതാണ്. “
ചേട്ടൻ കഞ്ഞി പത്രം എടുത്തു നിലത്തടിച്ചു. ഞങ്ങളെ കെട്ടിപിടിച്ചു കരഞ്ഞു.
“മക്കളെ. ഇതു അടുത്ത വീട്ടിൽ ഇന്നലെ ചോറ് വാർത്ത കഞ്ഞിയാണ്. കലത്തിൽ അടച്ചു വച്ചു തണുപ്പിച്ചു കട്ടയാക്കി അതിൽ എന്തൊക്കയോ ചേർത്താണ് നിങ്ങൾക്കും തന്ന് അമ്മയും കഴിക്കുന്നത്”.
അതാണ് ഈ പാവത്തിന് ആസ്ത്മാ. ആഹാരം കഴിക്കാൻ ആകാതെയും രാത്രി ഉറങ്ങാതെയും കഷ്ടപ്പെടുന്നത്.
ചേട്ടൻ ഏങ്ങിയേങ്ങി കരഞ്ഞു.
അമ്മ പാവം. ഞങ്ങളെ കെട്ടിപിടിച്ചു പതുങ്ങിയ ശബ്ദത്തിൽ പറഞ്ഞു.
“മക്കളെ, വിശന്നാൽ പുലി പുല്ലും തിന്നും.”
ചേട്ടൻറെ കണ്ണ് തുടക്കുമ്പോഴും, അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
✍️ജെകെ
16/9/2023
ചിത്രത്തിന് കടപ്പാട് : ഗൂഗിൾ
18 Comments
You have presented the past in a very touching manner. True to say… I have also had the privilege of tasting the “Kattisatham” (Padachoru) of Sri Padmababha Swamy, which I used to fetch from Chottupura during my school days at 7 pm. Those days are really unforgettable. I bow with all humbleness before our ancestors who had really struggled a lot to make both ends meet. Pranamam. Hearty Felicitations for Sri Vinayaka Chaturthi.
Thanks sir
Touching 🥰
🙏🏻
🫂
വിശപ്പിന്റെ നേർകാഴ്ച്ച.. 😞😞
🙏🏻
ഹൃദയത്തില് തൊട്ടു. എഴുത്ത് തുടരുക
🙏🏻
നന്ദി.. നിങ്ങളുടെ പ്രോത്സാഹനം ആണ് എന്റെ പേനയിലെ മഷി
പഴയ കാലത്തിലേക്ക് സന്തോഷത്തോടെ ഇറങ്ങിവരികയായിരുന്നു. പക്ഷേ കുട്ടികളും അമ്മയും….. കരയിച്ചുകളഞ്ഞു. വല്ലാതെ നൊന്തു. നല്ല ഒഴുക്കുള്ള എഴുത്ത്.❤️🥰
നല്ല വാക്കുകൾ.. നന്ദി
ഒരു കാലത്ത് മിക്ക കുടുംബങ്ങളും ഇതേ അവസ്ഥയിലൂടെ കടന്നുപോയി.നൊമ്പരമായി എഴുത്ത് 😔🩵
ഇനിയും എഴുതാനുള്ള സ്കോപ്പ് ഉണ്ടല്ലോ തുടരൂ 👍
ഒരു കാലഘട്ടം അങ്ങനെ ഉണ്ടായിരുന്നു എന്ന് പുതിയ തലമുറയെ അറിയിക്കുക കൂടി യാണ് ഈ എഴുത്തിലൂടെ ഉദേശിച്ചത്. എല്ലാവരിലും എത്തിക്കുക.. നന്ദി
തുടരാം 🙏🏻
വേറെ ഒരു കാലഘട്ടത്തിലേക്ക് കൊണ്ടുപോയ touching ആയ എഴുത്ത്. വിശപ്പു സഹിക്കാൻ കഴിയാത്ത കുഞ്ഞുങ്ങൾ കണ്ണുകൾ ഈറനാക്കി.
ഓർമയുടെ നേരിപ്പോടാണ്