മനസ്സിൽ വാക്കുകൾ തികട്ടി വന്ന് ശ്വാസം മുട്ടിച്ചപ്പോഴാണ് എഴുതാൻ പേപ്പറിനും പേനക്കും വേണ്ടി അവൾ പരതിയത്, രണ്ട് വാക്ക് കുടഞ്ഞിടുമ്പോഴാണ് ഭാര്യയാണെന്നും അമ്മയാണെന്നും ഓർമപ്പെടുത്തലുകൾ വന്നലച്ച് സ്വൈര്യം കെടുത്തിയത്.
പേന തിരികെവച്ചു അവൾ തിരിയവേ അക്ഷരങ്ങൾ അവളോട് “അപ്പോൾ ബാക്കിയായ ഞങ്ങളോ” എന്ന് ആരാഞ്ഞു.
“സമയം കിട്ടുമ്പോൾ ”
“എപ്പോൾ ”
“അറിഞ്ഞൂടാ ”
“നിന്റെ പേനത്തുമ്പിലൂടെ പെറ്റു വീഴുന്നത് വരെ ഞങ്ങൾ നിന്റെ സ്വസ്ഥത കെടുത്തും, നിന്നെ വീർപ്പുമുട്ടിക്കും, ഭ്രാന്ത് പിടിപ്പിക്കും”
“സാരമില്ല, വേറാരും അറിയില്ലല്ലോ”
ആരും അറിയാതൊരാക്ഷരം ഇടനെഞ്ച് കീറിമുറിച്ചു കണ്ണീരിന്റെ ഉറവിടം തേടിപ്പോയി.