“ഒരിക്കൽ കൈ പിടിച്ചു മുട്ടിയുരുമ്മി ഇണക്കുരുവികളെ പോലെ നടന്ന അതേ വഴിയിൽ നാം ഇന്ന് നടന്ന് പോകുന്നത് അപരിചിതരെ പോലെ…
അന്യരെ പോലെ..
എന്നായിരുന്നു നമുക്കിടയിൽ ഇത്രയും വലിയ അകലം വന്ന് തുടങ്ങിയത്?
ഒരുമിച്ചു ഒരേ ദിശയിൽ ഒരേ താൽപര്യത്തോടെ നോക്കി നിന്നിരുന്ന
നാം ഇന്ന് പകപ്പോടെ രണ്ട് വഴികളിലേക്ക് ദൃഷ്ടി നട്ടിരിപ്പാണ്. യാഥാർഥ്യത്തിന്റെ മുഖം എത്ര വികൃതമാണ്, അല്ലേ?
ആത്മാർത്ഥതയും സത്യസന്ധതയും എന്ന് മുതലാണ് വെറും നടിപ്പായി മാറിയത്. വെറുപ്പിന്റെ യഥാർത്ഥ നിറത്തെ, ആത്മാർത്ഥത തൊട്ട് തീണ്ടാത്ത ചിരിയുടെ മുഖം മൂടിക്കുള്ളിൽ ഒളിപ്പിച്ചു വെച്ചതാദ്യം നമ്മളിലാരായിരുന്നു?
ഉത്തരം കിട്ടാത്ത ഒരു കൂട്ടം ചോദ്യങ്ങൾക്കിടയിൽ കിടന്ന് ഞാൻ, ഒരു പക്ഷേ ശ്വാസം മുട്ടി മരിക്കുമോ എന്തോ?”