ചുവപ്പ് ചാറിയൊഴുകിയ
പാലറ്റിൽ വിരൽ
മുക്കി
ഒന്നിച്ചൊരു ചിത്രം
വരയ്ക്കുകയായിരുന്നു
അവരപ്പോൾ
അവസാന ചിത്രം
‘
ഇരമ്പിയാർക്കുന്ന
പ്രണയാവേഗ ചുഴറ്റലുകളിൽ
അവളുമവളും
തെറിച്ചു വീണുക്കൊണ്ടേയിരുന്നു
ചെമ്പരത്തിക്കിത്ര
ചുവപ്പ് വേണ്ടെന്നും
ചുണ്ടിനിത്തിരി ചുവപ്പാകാമെന്നും
ഒരുവൾ
ഉമ്മ വെച്ചതിൻ്റെ
ചോരയൊഴുകിയ
ചുവപ്പ്
എങ്ങനെ ക്യാൻവാസിൽ
പകർത്തുമെന്ന്
മറ്റവൾ
നിൻ്റെ
പൊക്കിൾച്ചുഴിയുടെ
ആഴവും
നുണക്കുഴിയുടെ പരപ്പും
വരകൾക്കും നിറങ്ങൾക്കും
അപ്പുറത്താണെന്ന
അവൾച്ചിരികളിൽ
ക്യാൻവാസ് വിറച്ചു
പുറത്ത് പിശറൻ കാറ്റാർത്തു
നിൻ്റെ ചിരി ചുവപ്പിൽ
മാതളയല്ലികൾ പോലും
തോറ്റുപോകുമെന്ന്
പതുക്കെ മന്ത്രിച്ച്
അവൾ
അവൾപ്പാതിയുടെ
വിരൽത്തുമ്പിലേക്ക്
പിന്നെയും പിന്നെയും
ചുവപ്പ് വീഴ്ത്തി
എൻ്റെ സ്നേഹമേ
എൻ്റെ ഉയിരേ
എൻ്റെ നീയേ
എന്ന് ശബ്ദമില്ലാതെ
അലറി വിളിച്ചുക്കൊണ്ടവർ
ഒരിക്കൽ കൂടി
പാലറ്റിൽ കൈകളാഴ്ത്തി
അവർ വരച്ചുതീർന്ന
ഗുൽമോഹർ ചുവപ്പുകൾ
കനൽപ്പാടം പോലെ ഇളകിയാടി
വിഷം തീണ്ടിയ
ചെഞ്ചായം
ചുണ്ടുകളിൽ
തേച്ചവളുമാർ
ആഞ്ഞാഞ്ഞു ചുംബിച്ചു
പാലറ്റിലെ ചുവന്ന ചായം
ഒഴുകിയൊഴുകി പരന്നു
ഭൂമിയിൽ തിരസ്കരിക്കപ്പെട്ട
പ്രണയച്ചുവപ്പിന്
അന്തിയാകാശങ്ങളിലെ
നക്ഷത്രങ്ങൾ കൂട്ടിരുന്നു.