നിന്റെ അവഗണനയിൽ
പെയ്യാൻ മടിച്ചൊരു മഴമേഘം കൺകോണിൽ വിതുമ്പി
പതിയെ ഉൾവലിയാൻ നെടുവീർപ്പിന്റെ
കൈത്താങ്ങു തേടി
പിന്നാമ്പുറത്തേക്കോടി
എച്ചിൽ പാത്രക്കൂനയിൽ
വീണുടഞ്ഞു
കഞ്ഞിക്കലത്തിൽ കിടന്നു
തിളച്ചു ചോറിന്റെ ഉപ്പ് പാകപ്പെടുത്തി
പച്ചക്കറികൾക്കൊപ്പം കഴുകി വാലാൻ വെച്ചിട്ടും
കുളിച്ചപ്പോൾ സോപ്പു പതയ്ക്കൊപ്പം വീണ്ടും ഒഴുകിയിറങ്ങി
അലക്കി വിരിച്ചിട്ട തുണികളിൽ
ഉണങ്ങാൻ കിടന്നിട്ടും
ഉറങ്ങാൻ കിടന്നപ്പോൾ ജാലകത്തിനപ്പുറം പെയ്ത
മഴയ്ക്കൊപ്പം വീണ്ടും
ഇടിച്ചുകുത്തി പെയ്തു