തീരെ അപരിചിതമായൊരു രൂപം കാലങ്ങൾക്കിപ്പുറം നിലക്കണ്ണാടിക്ക് മുൻപിൽ എന്നോട് കൊഞ്ഞനം കുത്തുന്നു.
വധുവിന്റെ രൂപത്തിൽ നിന്നും
അടുക്കളക്കാരിയിലേക്കുള്ള
രൂപമാറ്റം സംഭവിച്ചപ്പോൾ
പ്രിയപ്പെട്ടവരെ കാത്തുപരിപാലിക്കാൻ,
നിമിഷ നേരം കൊണ്ട്
ആയിരിക്കുന്ന രൂപത്തിനൊപ്പം
മാറും ജലം പോൽ കെട്ടിയാടേണ്ടിവന്ന
പല പല രൂപങ്ങൾ
സ്വന്തം രൂപം ശ്രദ്ധിക്കാൻ നേരമൊക്കാതെയുള്ള
ഓട്ടപ്പാച്ചിലുകൾക്കവസാനം
വിരൂപിയായപ്പോൾ
” ഇതെന്തൊരു രൂപം എന്തൊരു കോലം” എന്നുരചെയ്തതൊക്കെ
ആ പ്രിയപ്പെട്ടവരൊക്കെത്തന്നെ
ഇന്നിപ്പോൾ ആർക്കും മുഖം കൊടുക്കാതൊരു അരൂപിയായി
മാറാൻ മനം കൊതിക്കുന്നു