ഈ കഥ ഓഡിയോ ആയി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
————————–
ലാപ്റ്റോപ്പ്
ബാക്ക്പാക്ക്
കഴിഞ്ഞു പാക്കിങ്. രാത്രി 10.45നാണ് ഫ്ലൈറ്റ്. പാസ്പോർട്ടും ടിക്കറ്റും ഹാൻഡ് ബാഗിൻ്റെ പുറത്തെ കള്ളിയിലേക്ക് മാറ്റിവച്ചു. മൊബൈൽ ചാർജറിലിട്ട് അമല ബാൽക്കണിയിലേക്ക് ചെന്നു. പുറത്ത് നഗരം രാത്രിജീവിതത്തിൻ്റെ ചിലപ്പുകളിലേക്ക് അലിയുന്നു.
കോളിങ് ബെൽ മുഴങ്ങി. വിനയനാണ്.
“ആർ യു ഷുവർ അമ്മു?”
ഒരു കൈയ്യിൽ ഭക്ഷണപ്പൊതി നീട്ടിക്കൊണ്ട് വിനയൻ മറുകൈ കൊണ്ട് ടൈ അഴിക്കാൻ തുടങ്ങി.
“ഹ് മം” അമല മൂളി.
“ഞാൻ ഫ്രെഷായിട്ട് ഭക്ഷണം കഴിക്കാം. എന്നിട്ട് പുറപ്പെടാം. എല്ലാം റെഡിയല്ലേ?”
“യെസ് ”
അമല ഫ്രിഡ്ജിൽ നിന്ന് വെള്ളക്കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി. എയർപോർട്ടിലേക്കുള്ള യാത്രയിലും അമല മൂകയായിരുന്നു. വാട്ടർ ഫൗണ്ടെയ്നുകൾ പോലെയുള്ള വഴിവിളക്കുകൾ അവർ കടന്നു പോയി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറമാണ് നാട്ടിലേക്കുള്ള ഈ മടങ്ങിപ്പോക്ക്. ഈ നീണ്ട കാല പ്രവാസത്തിന് കാരണക്കാരിയായ അമ്മയെ അവസാനമായി കാണാൻ.
“നീയൊന്നു വന്നു കാണൂ മോളെ, അല്ലെങ്കിൽ എന്നേലും നിനക്കതൊരു മനഃപ്രയാസായാൽ നമ്മള് നിസ്സഹായരാവും. ” ഇളയച്ഛന് അച്ഛൻ്റെ അതേ ശബ്ദമാണ്.
അച്ഛൻ്റെ മരണശേഷം ഇളയച്ഛൻ അമ്മൂ എന്ന് വിളിച്ചു കയറി വരുമ്പോഴെല്ലാം ഞൊടിയിടയിൽ ഓടിയെത്തിയിരുന്നു താൻ.
“ജീവിച്ചിരിക്കുമ്പോൾ തോന്നാത്ത എന്ത് നിസ്സഹായതയാണ് ഇളയച്ഛാ മരിച്ചു കഴിയുമ്പോൾ തോന്നണത്?”
” മനസിൻ്റെ കളികൾ ഏറെ വിചിത്രമാണെന്ന് അറിയാത്ത ആളല്ലല്ലോ എൻ്റെ കുട്ടി. തർക്കിച്ച് നിൽക്കാതെ പുറപ്പെടൂ മോളേ ” – കിലോമീറ്ററുകൾക്കപ്പുറത്തു നിന്നുള്ള ആ വാക്കുകളാണ് ഈ യാത്ര.
പഴേ രൂപം തന്നെയാകുമോ അമ്മയ്ക്കിപ്പോൾ?
ആ സാരിത്തുമ്പിൽ പിടിച്ച് കുന്നിൻ മുകളിലെ അമ്പലത്തിലേക്ക് പടവുകൾ എണ്ണിക്കയറുന്ന ഒരു ഉടുപ്പുകാരിയെ ഓർത്തു അമലയപ്പോൾ.
” ഇത്രയും ഇമോഷനൽ സ്ട്രെയിൻ എടുത്ത് നീയെന്തിനാ പോണത് ” – വിനയൻ ചോദിച്ചു.
” ഞാൻ പോയി വരാം വിനയാ. ഇനി ഞാനാ മുഖം കാണില്ലല്ലോ “- അമല അവൾക്കു തന്നെ വിശ്വസിക്കാനായെന്നോണം പറഞ്ഞു.
….. ….. …. …..
അമ്പലത്തിലേക്കുള്ള പടവുകളെല്ലാം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. മുമ്പത് കരിങ്കല്ലായിരുന്നു. ഇരുവശത്തുമുണ്ടായിരുന്ന ചെമ്പരത്തിക്കാടുകളും കാണാനില്ല. അമ്പലത്തിൽ നിന്ന് തിരിച്ചുപോരും വഴി അമ്മ ചെമ്പരത്തിയിലകൾ പൂക്കൂടയിലേക്ക് പറിച്ചിടും. ഉലുവയും ചെമ്പരത്തിയിലയും വെള്ളത്തിലിട്ട് കുതിർത്തരച്ച് തലയിൽ പുരട്ടി കുളിച്ചിരുന്നു അക്കാലങ്ങളിൽ.
അച്ഛൻ മരിച്ചു കഴിഞ്ഞാണ് അമ്മയുടെ സ്വഭാവം മാറിയത്. ചെറിയ ചെറിയ കാര്യങ്ങളിൽ കലഹം പതിവായി. എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അച്ഛൻ കൊഞ്ചിച്ചു പെണ്ണിനെ വഷളാക്കിയെന്ന് അമ്മ പതം പറഞ്ഞു കരഞ്ഞു. പാവാട വേണ്ട ചുരിദാർ മതിയെന്ന് പറഞ്ഞപ്പോൾ, എഞ്ചിനീയറിങ് വേണ്ട സാഹിത്യം പഠിച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ, ഇത്ര വലിയ സ്വർണാഭരണങ്ങൾ ഇട്ടോണ്ട് നടക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ.. അപ്പോഴെല്ലാം അമ്മ എനിക്കൊട്ടും പരിചയമില്ലാത്ത ഒരാളെ പോലെ എന്നെ നേരിട്ടു.
ഒരുപാട് അമ്മ പോരാട്ടങ്ങൾക്കൊടുവിൽ അമ്മ അർധസമ്മതം മൂളിയ കല്യാണപ്പകലിൽ യാത്ര പറയാൻ ചെന്നപ്പോൾ ” എന്നെ മയക്കിയെടുത്ത് നടത്തിയ കല്യാണത്തിൽ സന്തോഷത്തോടെയിരിക്കാൻ പറ്റുമെന്ന് നീ വ്യാമോഹിക്കണ്ട ” എന്നു അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ട് തലയിൽ ആണിതറഞ്ഞിറങ്ങിയ പോലെ താൻ പിടഞ്ഞു.
അമ്മ അസാമാന്യ പാടവത്തോടെയാണ് കടകളും കൃഷിയും നോക്കി നടത്തിയത്. ഓരോ തെങ്ങിൽ നിന്നു കിട്ടുന്ന തേങ്ങകളുടെ കണക്ക് വരെ അമ്മയ്ക്ക് മനപാഠമായിരുന്നു.
“എങ്ങനെ വളർത്തിയ കുട്ടിയാണ്. തന്നിഷ്ടക്കാരിയായിപ്പോയെന്ന് ” തന്നെ അന്വേഷിക്കുന്നവർക്ക് മുന്നിൽ അമ്മ ആവലാതിപ്പെട്ടു.
“അമ്മ എന്നെയൊരു മുതിർന്നയാളായി പരിഗണിച്ച് സംസാരിക്കൂ” തൻ്റെ ആവശ്യം അമ്മ ഒരിക്കൽ പോലും കേട്ടതായി ഭാവിച്ചില്ല.പകരം “നിനക്കു വേണ്ടിയല്ലേ ഇതെല്ലാം? എന്നിട്ടും നീയെന്താ ഇങ്ങനെയെന്ന് ” ചോദിച്ചു കൊണ്ടേയിരുന്നു.
” ഞാൻ അമ്മയുടെ മകൾ തന്നെയാണോ ” എന്ന് പലവട്ടം ചോദിക്കണംന്ന് വിചാരിച്ചിട്ടുണ്ട്.
…. …… …… …… …….
ബസ് സ്റ്റോപ്പിൽ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ചു കൊണ്ടുള്ള ഫ്ലക്സ്. പാടത്തിനു നടുവിലൂടെയുള്ള കല്ലുവഴി ഇപ്പോൾ കോൺക്രീറ്റ് ചെയ്തിരിക്കുന്നു. വഴിവിളക്കുകൾ വന്നിരിക്കുന്നു. കാർ ഗേറ്റ് കടന്നു മുറ്റത്തെത്തി നിന്നു. ഇറങ്ങിയപ്പോൾ ഇളയച്ഛൻ അടുത്തേക്ക് വന്നു.
” ഈ സമയാകുമ്പഴേക്കും എത്തൂംന്ന് തന്ന്യാ കരുതീത്. വാ.. ” – അകത്തെ മുറിയിൽ വാഴയിലയിൽ കിടത്തിയിരിക്കുന്ന അമ്മ, മുറിത്തേങ്ങയിൽ കത്തിച്ചു വെച്ച തിരിയുടെ വെളിച്ചത്തിൽ ഉറങ്ങിക്കിടക്കും പോലെ തോന്നി. ഭിത്തിയിലെ ഫോട്ടോകൾ, ജനൽ കർട്ടനുകൾ എല്ലാം അന്നത്തെ പോലെ തന്നെ.
” ഇപ്പോൾ ഇറങ്ങണം ഈ വീട്ടിൽ നിന്ന്” ആ പഴയ അലർച്ച ഇപ്പോഴും ഈ മച്ച് വിട്ടിറങ്ങിയിട്ടില്ലാത്ത പോലെ.
അപകടത്തിൽ നട്ടെല്ലിന് പരുക്കേറ്റ ഹരിയേയും അഞ്ചു വയസുകാരി മോളേയും കൊണ്ട് ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണ് വീട്ടിലെത്തിയത്. മോളുണ്ടായ ശേഷം അമ്മ നല്ല സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞതോടെ അമ്മ പഴയ അമ്മയായി.
” വയസുകാലത്ത് സാധാരണ മക്കൾ അച്ഛനമ്മമാരെ നോക്കും. എനിക്കിവിടെ തിരിച്ചാണ്. എണീറ്റിരിക്കാൻ പോലും വയ്യാത്തൊരു മരുമോനും അഹങ്കാരം തലയ്ക്കു പിടിച്ച ഒരു മകളും, ഒരു നിമിഷം അടങ്ങിയിരിക്കാത്ത ഒരു പേരക്കുട്ടീം. എൻ്റെയൊരു യോഗം” അമ്മ പരാതിക്കെട്ടുകളഴിച്ചു പലപ്പോഴും. എന്നാലും പേരക്കുട്ടിയെ ജീവനായിരുന്നു. അവളെ കുളിപ്പിച്ചും പലവട്ടമൊരുക്കിയും മുടിയഴിച്ച് കെട്ടിയും കഥകൾ പറഞ്ഞു കൊടുത്തും നടക്കുന്നത് കണ്ടപ്പോൾ ഇതേത് അമ്മ എന്ന് സന്ദേഹപ്പെട്ടു.
“ഇതെൻ്റെ അച്ഛൻ്റെ വീടാണ്. എനിക്കും കൂടി അവകാശപ്പെട്ട വീട്. അമ്മയിങ്ങനെ കുത്തിയിരുന്ന് കണക്കു പറയേണ്ട ” സഹികെട്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്.
ഒരു നിമിഷം കൊണ്ട് അമ്മ ഭദ്രകാളിയായി.
” നിൻ്റെ അച്ഛനോ? നിൻ്റച്ഛൻ നീ എൻ്റെ വയറ്റിലുണ്ടെന്നറിഞ്ഞപ്പോഴേ പേടിച്ചോടി പോയവനാണ്. അയാൾ നിനക്കായിട്ടൊന്നും തന്നിട്ടുമില്ല, ഇങ്ങനൊരു മകള് ണ്ട്ന്ന് പോലും അയാൾക്കറിയില്ല. എന്നിട്ടാണ് അച്ഛൻ്റെ അവകാശോം പറഞ്ഞ് വന്നിരിക്കണത്. എൻ്റേം മരിച്ച് മണ്ണിൻ്റടീല് കെടക്കണ ആ മനുഷ്യൻ്റേം ദയയാണ് നിൻ്റെ ഈ ജീവിതം. ഇപ്പോ ഇറങ്ങിക്കോണം ഇവിടുന്ന് ” അമ്മ ഉറഞ്ഞു തുള്ളി.
കടന്നു പോകുന്നത് ഏറ്റവും മോശപ്പെട്ട ഒരു സ്വപ്നത്തിലൂടെയാണെന്നും എത്രയും പെട്ടെന്ന് സ്വപ്നമവസാനിച്ച് ഉണരണമെന്നും ആഗ്രഹിച്ച് താൻ തന്നെ പിടിച്ചു മാന്തി. ബഹളം കേട്ട ഹരി കട്ടിലിൽ കിടന്ന് “അമ്മൂ അമ്മു” എന്നു നീട്ടി വിളിച്ചു.
ഒട്ടുനേരം കഴിഞ്ഞ് വിളറി വെളുത്ത മുഖങ്ങളോടെ തങ്ങളിരുവരും സ്വബോധത്തിലേക്ക് മടങ്ങി വന്നു.
പിറ്റേദിവസം തന്നെ വീടുവിട്ടു. കഷ്ടപ്പാടിൻ്റെ നാളുകളിലൊന്നിൽ പോലും അമ്മ ഒന്നന്വേഷിച്ചില്ല. ഹരിയേട്ടൻ മരിച്ചപ്പോഴെങ്കിലും വരുമെന്ന് വിചാരിച്ചു. ഉണ്ടായില്ല.
” അവൻ പോയത് നന്നായി. എൻ്റെ കുട്ടിക്ക് ഇനിയെങ്കിലും നടു നീർത്താലോ” എന്ന് അമ്മ അമ്മിണിയമ്മായിയോട് മൂക്കുപിഴിഞ്ഞത്രെ.
…… ….. ….. ….., ……
”ഇനിയാരും വരാനില്ലല്ലോ, പ്രേതത്തെ എടുക്കാം ലേ” കർമ്മി അകത്തേക്ക് നോക്കി ചോദിച്ചു. ഇളയച്ഛൻ അടുത്തേക്ക് വന്നു.
“എന്നാ പിന്നേ എടുക്കാം ലേ മോളേ. രാജൂനോട് കുളിച്ചു വരാൻ പറയാം. ” ഇളയച്ഛൻ പുറത്തേക്കു പോയി
മുറ്റത്ത് എള്ളും പൂക്കളും നിലവിളക്കുകളും തയ്യാറായി കഴിഞ്ഞു. ഒരു ജീവിതം മടങ്ങിപ്പോവുകയാണ്, യാത്രയാക്കുകയാണ്.
മുറ്റത്തേക്കിറങ്ങി ഇളയച്ഛനെ നോക്കി. രാജുവേട്ടനൊപ്പം കിണറ്റിൻകരയിലേക്ക് നടക്കുകയാണ്.
” ഞാൻ ചെയ്യാം ഇളയച്ഛാ കർമ്മങ്ങൾ ”
“മോളേ അത്…”
“ജീവിച്ചിരിക്കുമ്പോഴല്ല മരിക്കുമ്പോഴാണ് ചെലര് നമുക്ക് പ്രിയപ്പെട്ടവരാകണത്, ഇളയച്ഛാ ” അമല ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു.
അവൾ കിണറ്റിൻകരയിലേക്ക് നടന്നു. അവിടെ ദേഹം മുഴുവൻ വെന്ത വെളിച്ചെണ്ണ തേപ്പിച്ച് കുളിപ്പിക്കാനായി നിർത്തിയ ഒരു കുഞ്ഞിനേയും തോർത്ത് തോളത്തിട്ട് വെള്ളം കോരുന്ന ഒരമ്മയേയും കണ്ട് അമല ആദ്യമായി പൊട്ടിക്കരഞ്ഞു.
5 Comments
പ്രിയപ്പെട്ട പാതി നഷ്ടപ്പെട്ടതിൽനിന്നുണ്ടായ മാനസികത്തകർച്ചയാവാം. ചിലതെല്ലാം നമുക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയാത്തത്ര ക്രൂരമാണെന്നു തോന്നും.
നോവ്💔💔
അമ്മയുടെ ദേഷ്യത്തിന് എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവില്ലേ. നല്ല കഥയായിരുന്നു, ഇങ്ങനെ മക്കളെ ശപിക്കുന്ന ഒട്ടേറെ അമ്മമാരെ കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്., നന്നായി എഴുതിയിട്ടുണ്ട്. അമ്മയുടെ വശത്തു നിന്നും ചിന്തിച്ചാൽ എന്തായിരിക്കും ഇവിടെ കിട്ടുക.
എന്താവും? അറിയില്ല. എനിക്ക് പരിചയമുള്ള ഒരു സ്ത്രീയാണ് അവർ
എന്താ പറയാ…
ഇവർ നമുക്കിടയിലുണ്ട്, നമ്മളിൽ ഇല്ലാതായിരിക്കാൻ ശ്രമിക്കുക.
നല്ലെഴുത്ത് 👍
മനസ്സില് തട്ടിയ രചന