പള്ളിയുടെ പടവുകളിലേക്ക് വെയിൽ ഒരു അഗ്നിസ്തംഭം പോലെ ഇറങ്ങി വന്നു.
ജെസബൽ വെയിലിലേക്ക് മുഖം നീട്ടി.
എന്തെന്നാൽ സമയം അടുത്തിരിക്കുന്നു.
അനീതി ചെയ്തിരുന്നവൻ ഇനിയും അനീതി ചെയ്തു കൊള്ളട്ടെ.
പാപക്കറ പുരണ്ടവൻ ഇനിയും അങ്ങനെ തന്നെ കഴിഞ്ഞു കൊള്ളട്ടെ.
നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ.
വിശുദ്ധൻ ഇനിയും വിശുദ്ധീകരിക്കപ്പെടട്ടെ.
അസത്യത്തെ സ്നേഹിക്കുകയും അത് പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്.
ആകയാൽ, സൂര്യനെ അണിഞ്ഞു കഴിഞ്ഞ സ്ത്രീ ഇനി ഒരിക്കലും വിലപിക്കുകയില്ല.
കബീർ മുഹമ്മദും ജോർജ് മരക്കാരനും ജെറോമും അവിനാശും സന്ദീപും നന്ദഗോപനും ബാലഗോപാലും സെബിനും ഭരിക്കുന്ന ഭൂമിയുടെ നീതി.
ആണുങ്ങളുടെ വിചിന്തനത്തിന് മേൽ പ്രാണനും ജീവിതവും കൊണ്ട് കഥകൾ മെനയാൻ ശ്രമിച്ച് സ്വയം തോറ്റു അഴുകിയ പാഴ്മരം പോലെ മണ്ണിൽ അലിഞ്ഞു തുടങ്ങിയിട്ടും നേർത്ത സൂര്യരശ്മികളെ വലിച്ച് പിടിച്ച് ആവാഹിച്ച് കാലുകൾക്ക് ബലം കൊടുത്ത് എഴുന്നേറ്റ് നിന്ന ഒരുവൾ.
അവളിനി വീഴരുത്.
തട്ടി തടഞ്ഞു, വീണ് മൂക്കിൽ മണ്ണ് പറ്റരുത്. കാലം തൊടുത്തു വിട്ട ഈയത്തിന്റെ അമ്പ് പോലെ ലക്ഷ്യമില്ലെങ്കിലും അതിങ്ങനെ ചീറി പാഞ്ഞ് അന്തരീക്ഷം കീറി മുറിക്കട്ടെ.
രണ്ട് പുരുഷന്മാരെ അറിഞ്ഞ് അവരോട് ഒപ്പം ജീവിച്ച്, അവരുടെ ബീജം ഗർഭപാത്രത്തിൽ ഏറ്റു വാങ്ങി അതിൽ നിന്ന് വംശത്തെ സൃഷ്ടിച്ച വല്യമ്മച്ചിയും ആണിന്റെ ചൂടോ ചൂരോ അറിയാതെ രണ്ടോ മൂന്നോ പുരുഷന്മാരുടെ നിശ്വാസങ്ങൾക്ക് കീഴെ ചഞ്ചലമായ ഹൃദയത്തോടും കൊതിയുള്ള ശരീരത്തോടും അവരുടെ ദേഹത്തോട് ഒട്ടി നിന്ന്, എന്നിട്ടും അപഹാസ്യയായി പോയ കൊച്ചുമകളും ദൂരെ ആകാശം നോക്കി കളികൾ പറഞ്ഞു. പൊട്ടിച്ചിരിച്ചു. അന്യോന്യം കളിയാക്കി.
സൂര്യൻ മലകൾക്കിടയിലേക്ക് കാവ്യാത്മകമായി മറഞ്ഞിട്ടും ആ ചിരികൾ അന്തരീക്ഷത്തിൽ മറ്റൊലി കൊണ്ടു.
ഡിവോഴ്സ് കേസിന്റെ വിധിപകർപ്പ് വായിച്ചു കേൾപ്പിക്കുമ്പോൾ ജോർജ്ജ് മരക്കാരന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി നിറഞ്ഞത് ജെസബൽ ശ്രദ്ധിച്ചു. വീണ്ടും ഇയാൾ പഴയ ഭാവത്തിലേക്ക് പോകാനുള്ള തയാറെടുപ്പാണോ എന്നവൾ സംശയിച്ചു.
ആക്സിഡന്റ് സംഭവിച്ച് പൂർണമായും കിടപ്പിലായി പോയ മകനെ ഡോക്ടർ കൂടിയായ മരുമകൾ നോക്കുന്നില്ലെന്നും അവനെയും രോഗഗ്രസ്തനായ തന്നെയും ഉപേക്ഷിച്ച് അവൾ കണ്ടവന്മാരോടൊപ്പം അഴിഞ്ഞാടി നടക്കുകയും ആണെന്നും പറഞ്ഞ് കോടതിയിൽ തെളിവുകൾ നിരത്തി തന്റെ ഡിവോഴ്സ് കേസിനെ അട്ടിമറിച്ച അതേ കുടിലബുദ്ധി അയാളിൽ ഇനിയും ബാക്കിയുണ്ടോ എന്നവൾ ഭയന്നു.
പക്ഷേ വിറയ്ക്കുന്ന ചുണ്ടുകളോടെ തളർന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു.
“കർത്താവ് വലിയവനാ ജെസബലേ. എഴുന്നേറ്റ് നടക്കുമെന്ന് പറഞ്ഞ ജെറോം, നിന്നെ മിന്നു കെട്ടിയിട്ട് കൂട്ടുകാരനൊപ്പം കിടപ്പറ പങ്കിടാൻ പോയ അവൻ ഇന്നെവിടെ? ആറടി മണ്ണിൽ പുഴുവായി ഞ്ഞുളഞ്ഞു തീരാനുള്ള അവന്റെ എല്ലാ വൈകൃതങ്ങളുടെയും ഒടുക്കമല്ലേ അവനിപ്പോ കിട്ടിയത്? ഇനി ഞാനാ ബാക്കി. അവനെ ഇങ്ങനെ ആക്കിയ അവന്റെ അപ്പൻ.
ജോർജ്ജ് മരക്കാരൻ.. ”
അയാൾ മുഖം കോട്ടി. പിന്നെ തുടർന്നു.
“അവൾ പാവമായിരുന്നു കൊച്ചേ. എന്റെ ലില്ലി. നിന്റെ അമ്മായിഅമ്മ.
എല്ലാം സഹിച്ച് സഹിച്ച് അവസാനം ഞാൻ തന്നെ അവളെ വിഷം കുടിപ്പിച്ച് ചാവാനുള്ള ഇടയുണ്ടാക്കി. എന്നിട്ടും അതിന്റെ പഴി കൂടി ഞാൻ നിന്റെ പുറത്ത് വച്ചു തന്ന്. ജയിക്കാൻ വേണ്ടീട്ട്. എനിക്കും എന്റെ മോനും നിൽക്കാൻ വേണ്ടീട്ട്. ”
“എന്നിട്ടോ,ഞാനും അവനും കിടക്കയിൽ കിടന്ന് മുള്ളിയും തൂറിയും ശവങ്ങളെ പോലെ കിടന്നും പ്രാക്ക് കേട്ടും വെറി പിടിച്ചും… ”
ലില്ലി പ്രസവിച്ച എന്റേതല്ലാത്ത മോൻ വേണ്ടി വന്നു എന്റെ ജെറോമിനെ നോക്കാൻ..
പുഴുവിനെ പോലെ എന്റെ കാൽക്കീഴിലിട്ട് ചവിട്ടിയരച്ച നീ വേണ്ടി വന്നു എനിക്കൊരു തുള്ളി വെള്ളം തരാൻ.. ”
ദൈവം വലിയവനാ കൊച്ചേ. ഇവിടുന്ന് ചെയ്യുന്നേന് ഇവിടെ നീതിയും ശിക്ഷേം തന്നേമച്ചേ കൊണ്ട് പോകൂ. സ്വർഗ്ഗവും നരകവുമൊക്കെ അവനോൻ ജീവിക്കുന്നേന്റെ അനന്തരമാ.. ഇവിടുന്ന് വാങ്ങേണ്ടത് ഇവിടുന്ന് തന്നെ കിട്ടും”
അയാൾ കണ്ണുകൾ അടച്ചു.
മിഴിക്കോണിൽ എവിടെയോ തറഞ്ഞ് നിന്ന മഞ്ഞുത്തുള്ളി ചെന്നിയിലൂടെ ഒലിച്ചിറങ്ങി.
‘മനുഷ്യാ നല്ലതെന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ച് തന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക. കരുണ കാണിക്കുക. നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ നിന്നിൽ നിന്നെ എന്താണ് കർത്താവ് ആവശ്യപ്പെടുന്നത്?’
ജെസബലിന് അമ്മച്ചിയുടെ സ്വരത്തിൽ ബൈബിൾ വചനം കേൾക്കുന്നത് പോലെ തോന്നി.
ചെറുതായ് വായ് തുറന്ന് ഉറങ്ങുന്ന ജോർജ് മരക്കാരനോട് അവൾക്ക് വാത്സല്യം തോന്നി.
പശ്ചാത്താപം ആണത്രേ ഏറ്റവും വലിയ പ്രായശ്ചിത്തം.
ജെസബൽ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.
ഹോസ്പിറ്റലിന്റെ നീണ്ട കോറിഡോറിൽ നിൽക്കുമ്പോൾ എങ്ങോട്ട് പോകണം എന്നറിയാതെ ഒരു നിമിഷം അവളുടെ പ്രജ്ഞ അവളെ കളിയാക്കി.
വീട്ടിലേക്ക് പോണോ?
സ്വന്തം ക്യാബിനിലേക്ക് പോണോ?
ഇന്ന് ലീവ് ആക്കിയേക്കുവാണ്.
കുട്ടികളുടെ ഒരു സെമിനാർ വൈകിട്ട് മാനാർ വെൽഫയർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നുണ്ട്. അതിന്റെ നടപടികളിലാണ് പീടിയാട്ട്രീഷൻ വിംഗ് ഒക്കെയും. ഡോക്ടർ ബാബു മാത്യൂസ് ആണ് ടീം കോർഡിനേറ്റർ.
അങ്ങോട്ടേക്ക് പോയാലോ?
കാലുകൾ മുന്നോട്ട് ചലിച്ചു. ഫോണിൽ ഒരു കോൾ വന്നു.
സ്ക്രീനിൽ കബീർ മുഹമ്മദിന്റെ പേര് തെളിഞ്ഞു.
ഹൃദയവും ബുദ്ധിയും തമ്മിൽ മത്സരിച്ചു.
ആരു ജയിച്ചുവെന്നറിയില്ല. കോൾ താനേ കട്ടായി.
“എക്സ്ക്യൂസ് മീ. ”
പിറകിൽ നിന്നാരോ വിളിക്കുന്നു.
തിരിഞ്ഞു നോക്കിയപ്പോൾ നല്ല നീളവും ആവശ്യത്തിന് തടിയും ഒക്കെയുള്ള പൃഥ്വിരാജിനെ പോലൊരു മനുഷ്യൻ.
മനസ്സ് വീണ്ടും കുതിച്ചു ചാടി. കാണുന്നവന്മാരിലൊക്കെയും ഹൃദയമിടിപ്പ് തിരയുന്ന വൃത്തികെട്ട മനസ്സിനെ ശാസിച്ചു.
എവിടെയോ കബീറിന്റെ ഭാവങ്ങൾ അയാൾക്കുണ്ടെന്ന് വെറുതെ ആശ്വസിച്ചു. എല്ലാ സ്ത്രീകളും ഇങ്ങനെ ആണെന്ന് ന്യായീകരിച്ചു.
ഭംഗിയുള്ളതിനെ കണ്ടാൽ കുതിച്ചു ചാടുന്ന മനസ്സ് ആണിനും പെണ്ണിനും ഒരു പോലെയാണെന്ന് സമത്വം മുന്നിൽ നിർത്തി സമർത്ഥിച്ചു.
അയാൾ അടുത്ത് വന്നു.
” ഹായ്. ഐ ആം ഷ.. നോപ്പ് അർജുൻ. മാഡം ഡോക്ടർ ആണോ. എനിക്കീ സി ബ്ലോക്ക് എവിടാണെന്ന് ഒന്ന് പറഞ്ഞു തരാമോ?”
കട്ടിയുള്ള മീശയ്ക്കടിയിലെ നേർത്ത് ചുവന്ന ചെറിയ ചുണ്ടിൽ നിന്ന് ഘനഗംഭീരമായൊരു ശബ്ദം.
ജെസബൽ പതിയെ പറഞ്ഞു.
“അത് അപ്പുറത്തെ ബിൽഡിംഗ് ആണ്. ആശാ മെമ്മോറിയൽ ബിൽഡിംഗ്. കേറി ചെല്ലുമ്പോഴേ അവിടെ ഒരു റിസപ്ഷൻ കാണാം. അവിടെ ചോദിച്ചാൽ മതി. സെക്കന്റ് ഫ്ലോറിൽ ആണ് സി ബ്ലോക്ക്. ”
“താങ്ക്യൂ മാം. ”
“ആരാ അവിടെ?”
“ഫ്രണ്ട് കിടപ്പുണ്ട്. ആക്സിഡന്റ് പറ്റിയതാണ്. ഒന്ന് കണ്ടേച്ചും ഓടി വരാം. എന്താ പേര്?”
“ജെസബൽ. ”
“ആഹ്.. മാം വരുന്നോ ന്റെ കൂടെ. ? ”
അവൾ അവനെ നോക്കി നിന്നു. പിന്നെ അവന് നേരെ നടന്നു. ഇരുവരും കൂടി സി ബ്ലോക്കിലേക്ക് പോയി.
എന്തിനാണ് അവളെ വിളിച്ചതെന്നോ ആരെന്ന് അറിയാത്ത ഒരുവനോടൊപ്പം എന്തിന് പോകുന്നുവെന്നോ മനസ്സിലാവാതെ ഇരുവരും മെല്ലെ നടന്നു.
ജെസബലിനു വിശക്കുന്നുണ്ടായിരുന്നു.
ഫ്രണ്ടിനെ കണ്ടിട്ട് ഇറങ്ങി വന്നതും അർജുൻ പറഞ്ഞു.
“നമുക്കൊരു ചായ കുടിച്ചാലോ ജെസബൽ?”
അവൾ അത്ഭുതത്തോടെ അവനെ നോക്കി.
എത്ര പെട്ടെന്നാണ് തന്റെ ചിന്തകളെ അവൻ ഒപ്പിയെടുത്തതെന്ന് അവൾ ചിന്തിച്ചു.
ആരും ഇത് വരെ തരാത്ത ഒരു കൺസേൺ അർജുൻ തനിക്ക് നേരെ വച്ചു നീട്ടും പോലെ അവൾക്ക് തോന്നി.
ഇലഞ്ഞിക്കലച്ചന് ശേഷം തന്നെ മനസ്സിലാക്കിയ പുരുഷൻ.
വല്യമ്മച്ചി പറഞ്ഞ ആ പുരുഷൻ ഇവൻ ആയിരിക്കുമോ?
‘വെള്ള പുതച്ച മേഘപടലങ്ങളിലൂടെ വെള്ളി കുതിരയിൽ ജെസബലിന് ജീവന്റെ പുതുനാമ്പ് തളിർക്കുകയും പൂക്കുകയും ചെയ്യുന്നിടം കാണിച്ചു കൊടുക്കാൻ വന്നവൻ. നേർത്ത മഴ നൂലുകളിൽ ചിന്നിച്ചിതറി പോകുന്ന പ്രാണനാളികകളെ അവൾക്കായ് കൂട്ടി വയ്ക്കുന്നവൻ.
എന്തെന്നാൽ അവന് അവൾ വെറുമൊരു പെണ്ണല്ല. പടർന്ന് കയറാൻ മോഹിപ്പിക്കുന്ന ഉടൽ മാത്രവുമല്ല. കരയും കൈവഴികളും ഒന്നിച്ച് ചേർന്ന് ഒഴുകി മറിയുമ്പോൾ പ്രണയം സ്നേഹത്തിനും പരിഗണനയ്ക്കും ചേർത്ത് നിർത്തലിനും വഴി നൽകി കൊണ്ട് ഉയിർത്തെഴുനേൽപ്പിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തരുമവൻ. ‘
ജെസബൽ വിയർത്തു.
സാമാന്യം തിരക്കുള്ള ഒരു കോഫി ഷോപ്പിൽ ആവി പറക്കുന്ന ചായയ്ക്കൊപ്പം അവൻ ഓർഡർ ചെയ്ത ചിക്കൻ കറ്റ്ലെറ്റും സമൂസയും അവൾ ആർത്തിയോടെ കഴിച്ചു.
കുഞ്ഞുങ്ങൾ കഴിക്കുന്നത്ര നിഷ്കളങ്കതയോടെ കഴിക്കുന്ന ജെസബലിനെ ചെറുപുഞ്ചിരിയോടെ നോക്കി ഇരിക്കവേ അർജുന് ആരുണിയെ ഓർമ വന്നു. ആ ഓർമയിൽ അവനൊന്ന് ഉലഞ്ഞു.
ജീവന്റെ പാതി ആയിരുന്നവൾ.
ആഹാരത്തെ ഇത് പോലെ കുസൃതിയോടെ കഴിക്കുമായിരുന്നു.
അനുരാധയ്ക്ക് പോലും കൊടുക്കാതെ അവളുടെ പങ്കും തന്റെയും ഒക്കെ പങ്കിട്ടെടുക്കുന്ന എന്നാൽ ആവോളം സ്നേഹവും കരുണയും പങ്ക് വയ്ക്കുന്ന ആരുണിയുടെ മുഖം ഓർത്തതും അവന്റെ ഉള്ളം ചുട്ട് നീറി.
മുഖം ഉയർത്തി നോക്കിയ ജെസബൽ അവന്റെ ഭാവമാറ്റം കണ്ട് അമ്പരന്നു.
അവൾ സമൂസ അവന് നേരെ നീട്ടി.
അത് കണ്ട് അവൻ പൊട്ടിച്ചിരിച്ചു.
വായ് തുറന്നുള്ള അവന്റെ മനോഹരമായ ചിരി അവൾക്ക് ഇഷ്ടമായി.
എന്ത് കൊണ്ടോ അവൾക്ക് ക്ലോസപ്പ് ടൂത്ത് പേസ്റ്റ്ന്റെ പരസ്യം ഓർമ വന്നു.
അന്ന് രാത്രി അവൾ വല്യമ്മച്ചിയോട് ചേർന്ന് കിടന്ന് അർജുനെ പറ്റി പറഞ്ഞു.
അവന്റെ ചിരിയും കുറു നിരകളും വലത് താടി ഭാഗത്ത് ചെറുതായി പൊന്തി നിന്ന മുഖക്കുരു പോലും ഓർത്തെടുത്ത് പറഞ്ഞു.
” ആണുങ്ങൾ എല്ലാം സുന്ദരന്മാരാ കൊച്ചേ. അവന്റെ ബാഹ്യം കണ്ടിട്ട് ഉള്ള് പരിശോധിക്കാൻ നിൽക്കാതെ കൂടെ ജീവിക്കുന്നോണ്ടാ പെമ്പിള്ളേര് ഇങ്ങനെ ആയിപ്പോകുന്നെ. അവന്റെ ഉള്ളില് കനൽ എരിയുന്നുണ്ട്. എന്നിട്ടും ചിരിക്കുന്നത് അവൻ എന്തോ ബാക്കി വച്ചിട്ടുണ്ട് ചെയ്ത് തീർക്കാൻ. അല്ലെങ്കിൽ എന്നേ മണ്ണിനടിയിൽ പോയി ചേർന്നേനെ അവൻ.
ആ ചെറുക്കൻ നല്ലവനാടീ മോളെ. നിനക്ക് കിട്ടുമെങ്കില് നീ എടുത്തോ. എന്നിട്ട് സ്നേഹിക്ക്. കൊടുക്കുന്നതിന്റെ പത്തിരട്ടി തരുമവൻ.. സ്നേഹമാന്നേലും വെറുപ്പാന്നേലും. ”
വല്യമ്മച്ചി നിശബ്ദയായി.
അവരുടെ കൂർക്കംവലി കേൾക്കുമ്പോഴും ജെസബൽ ആലോചനയിൽ ആയിരുന്നു.
പിറ്റേന്ന് ഇലഞ്ഞിക്കലച്ചനോടൊപ്പം ജോർജിനെ കാണാൻ പോയി.
കണ്ടിട്ട് തിരിച്ച് ഇറങ്ങുമ്പോൾ അച്ചൻ അവളോട് പറഞ്ഞു.
“എന്നാ മാറ്റമാ കർത്താവ് മനുഷ്യന്മാർക്ക് വരുത്തി വയ്ക്കുന്നെ? അല്ലിയോ? എങ്ങനെ കിടന്നവനാ.. ഇപ്പോ തഞ്ചോം തരോം ഇല്ലാതെ.. ”
അദ്ദേഹം നെടുവീർപ്പിട്ടു.
അദ്ദേഹത്തെ യാത്രയാക്കിയ ശേഷം ജെസബൽ ആശുപത്രിയിലേക്ക് പോയി. അവിടെ വച്ച് തന്റെ ഡിവോഴ്സ് കേസ് വാദിച്ച എതിർഭാഗം വക്കീലിനെ കണ്ടു. അയാളുടെ പെങ്ങളുടെ മോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. കാണാൻ എത്തിയത് ആണയാൾ.
ജെസബലിനെ മനസിലായതും ഒരു പുച്ഛത്തോടെ അയാൾ അടുത്ത് വന്നു.
“കേസ് തള്ളി പോയിട്ടും സങ്കടം ഒന്നും കാണുന്നില്ലല്ലോ ഡോക്ടറെ. ഇപ്പോ ഭർത്താവിന്റെ കൂടെയാണോ താമസം? അതോ അയാളെ വേലക്കാരെ ഏൽപ്പിച്ച് കൊടുത്തിട്ട് ഇപ്പോഴും കറക്കമാണോ. ?”
മിനുപ്പ് മാറാത്ത മുഖവും ഉടവ് തട്ടാത്ത ഉടലും പ്രസന്നത നിറഞ്ഞ ഭാവവും കണ്ട് നിരാശയോടെ അയാൾ ചോദിച്ചു.
” അതിന് ജെറോം ജോർജ്ജ് മരക്കാരൻ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ വക്കീലേ. ഇന്നേയ്ക്ക് മൂന്ന് ദിവസമായി ജെറോം കർത്താവിൽ സന്നിധിയായിട്ട്. ”
അയാളുടെ ഞെട്ടിയ മുഖം കണ്ട് സമാധാനത്തോടെ അവൾ മുന്നോട്ട് നടന്നു.
കോടതിക്കൂട്ടിൽ തന്നെ നിർദാക്ഷിണ്യം വലിച്ചു കീറിയ മനുഷ്യൻ ആണ്.
ഒരു പെണ്ണിനെ കെട്ടിയിട്ട് അവൾക്ക് പുരുഷഗന്ധം എന്തെന്ന് പോലും അറിയിച്ചു കൊടുക്കാതെ, സഹപ്രവർത്തകനായ ഒരുവനോടൊപ്പം ഭർത്താവ് ആയി ജീവിച്ചിട്ട് കിടപ്പിലായപ്പോൾ മിന്നു കെട്ടിയവൾ ഡോക്ടർ ആയിട്ട് പോലും ഭർത്താവിനെ നോക്കാതെ ജോലിയും പരീക്ഷയും ഒക്കെയായി കൈ കാണിക്കുന്ന ഉടുപ്പും ജീൻസുമിട്ട് മുടിയും മുറിച്ച് ചുണ്ടിൽ ലിപ്സ്റ്റിക്കും പുരട്ടി ജീവിച്ചത് അഴിഞ്ഞാടാൻ വേണ്ടിയാണെന്ന് വരുത്തി തീർത്ത മനുഷ്യനാണ്.
ഇപ്പോഴും കന്യകയായ ഒരുവൾക്ക് പല പുരുഷന്മാരോടൊപ്പം അന്തിയുറങ്ങിയവൾ എന്ന പേര് സമ്പാദിച്ചു കൊടുത്തയാൾ.
ജസബെലിനു ചിരി വന്നു. ചെറിയ ചിരി വലിയ ചിരിയായി. പിന്നെ പൊട്ടി ചിരിയായി.
ചിരിച്ച് ചിരിച്ച് അവൾ കരഞ്ഞു. കരഞ്ഞ് കരഞ്ഞ് കണ്ണുകൾ അവളെ ചതിച്ചു. കണ്ണ് നിറഞ്ഞ് കാഴ്ച്ചകൾ മറഞ്ഞു.
മുന്നോട്ട് വീഴാൻ പോയ അവൾ അർജുന്റെ കയ്യിൽ ബാലൻസ് ചെയ്ത് നിന്നു. ഒന്നും മിണ്ടാതെ അവൾ കരഞ്ഞു കൊണ്ടിരുന്നു.
അർജുൻ അവളെ തന്നോട് ചേർത്ത് നിർത്തി. അവന്റെ മുതുകിൽ കൈകൾ വരിഞ്ഞു കെട്ടി അവൾ ആ നെഞ്ചിൽ കണ്ണീർ പാടുകൾ വീഴ്ത്തി.
അവൾ ശാന്തയകുംവരെ അവൻ ജെസബലിന്റെ പുറത്ത് തട്ടി ചേർന്ന് നിന്നു.
പഴയ കോഫിഷോപ്പിൽ വച്ച് ജെസബൽ ഒരിക്കൽ കൂടി തന്റെ കഥ പറഞ്ഞു. പലരോടും പറഞ്ഞ കഥ. എത്ര പറഞ്ഞിട്ടും മറ്റുള്ളവർക്ക് മനസ്സിലാവാത്ത തന്റെ ജീവിതകഥ.
കഥയായി തന്നെ ചിലതൊക്കെ അവശേഷിക്കുമ്പോൾ മറ്റെന്തിനും തെളിവുകളുടെ മേമ്പൊടി ചേർക്കുന്ന സാമൂഹികവ്യവസ്ഥിതി അവളുടെ അനുഭവങ്ങളെയും ജല്പ്പന്നങ്ങൾ മാത്രമാക്കി കളഞ്ഞു.
സ്ത്രീയുടെ അഹങ്കാരം എന്ന് വിലയിരുത്തപ്പെട്ട ഒരുപാട് ഉയർത്തെഴുന്നേൽപ്പുകളെ
തൃണവൽക്കരിച്ചു കളഞ്ഞത് പോലെ ജെസബലും കെട്ടുകഥകളുടെ രാജകുമാരി മാത്രമായി മാറി.
അർജുന് ജെസബലിനെ മനസ്സിലാകുമായിരുന്നു. കാരണം അത് പോലൊരു കെട്ട് കഥയ്ക്ക് ചുക്കാൻ പിടിച്ച കപ്പിത്താൻ ആണല്ലോ അവനും.
വിപ്ലവം സമൂഹത്തിൽ മാത്രമല്ല കുടുംബത്തിലും ജീവിതത്തിലും എന്തിന് ചിന്തകളിൽ പോലുമോ ഉണ്ടാകുമെന്ന് അവനെക്കാൾ ഏറെ ആർക്ക് അറിയാം?
“ജെസബലിന് ഞാനൊരു കഥ പറഞ്ഞു തരട്ടെ. ”
അവൾ അവന് നേരെ നോക്കി. എന്നിട്ട് മെല്ലെ തലയാട്ടി.
“ഇപ്പോഴല്ല. ഇവിടെ വച്ചുമല്ല. എന്റെ വീട്ടിൽവച്ച്. ഒരു പകൽ മുഴുവൻ എന്നോടൊപ്പം ചിലവഴിച്ച്. ഒരുമിച്ച് ഭക്ഷണം കഴിച്ച്.. ഒരുപാട് സംസാരിച്ച്.. അതിനിടയ്ക്ക് ഞാനാ കഥ പറഞ്ഞു തരാം. ”
അവളുടെ മനസ്സ് തുടി കൊണ്ടു. അവളുടെ സന്തോഷം മുഖത്തു പ്രതിഫലിച്ചു.
അടുത്ത ഞായറാഴ്ച.
ജെസബലും അർജുനും ഒരുമിച്ച് കപ്പ വേവിച്ചു. ബീഫ് തേങ്ങാകൂട്ട് ചേർത്ത് വരട്ടി.
തടിച്ച അയക്കോര മീൻ മസാല ചേർത്ത് പൊരിച്ചു. ചോറിൽ ഉപ്പ് ചേർത്ത് വാർത്ത് വച്ചു. കപ്പളങ്ങ മോര് കറിയും ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടിയും ഉണ്ടാക്കി.
പപ്പടം കാച്ചിയപ്പോൾ പൊള്ളിയ കയ്യിൽ ജെസബൽ മൃദുവായി തലോടി. ഓയ്ന്റ്മെന്റ് പുരട്ടി കൊടുത്തു. ഒരുമിച്ച് ഭക്ഷണം കഴിച്ചു.
ആദ്യമായി ഒരു പുരുഷന് മുന്നിൽ വിറയ്ക്കാത്ത ഹൃദയത്തോടെയും കൊതിക്കാത്ത ദേഹത്തോടെയും ജെസബൽ പൊട്ടിച്ചിരിച്ചു. കാര്യങ്ങൾ പറഞ്ഞു. തമാശകൾ പറഞ്ഞു.
മറന്ന് പോകാൻ വേണ്ടി ശ്രമിക്കുന്ന കാര്യങ്ങൾ അർജുൻ ജെസബലിനോട് വൈകുന്നേരത്തെ ചായകുടി സമയത്താണ് പറഞ്ഞത്.
അവൾ നിശബ്ദയായി എല്ലാം കേട്ടു കൊണ്ടിരുന്നു.
കായ വറുത്തതിൽ കൈ കൊണ്ട് ഞെരടി കൊണ്ടിരുന്നതല്ലാതെ അവൾ ഒരു കഷ്ണം എടുത്തില്ല. ചായ ആറി പോയിരുന്നു.
എല്ലാറ്റിനുമൊടുവിൽ അർജുൻ അവളെ നോക്കി പറഞ്ഞു.
“ഇനി പറ ജെസബൽ. ഒരാൾ നശിപ്പിച്ചു എന്ന് നീ കരുതുന്ന ജീവിതത്തിൽ നിന്നെ സ്നേഹിക്കാനും താങ്ങായി നിൽക്കാനും എത്ര പേരാണ് ഉള്ളത്? ഒന്നും ഇല്ലാത്തവന്റെ വേദന എന്തെങ്കിലും ഒക്കെ ഉള്ളവന്റെ മുന്നിൽ എന്ത് വലുതാണെന്ന് അറിയ്യോ ജെസബലിന്?”
അവൾ തല താഴ്ത്തി.
” ആണും പെണ്ണും മനുഷ്യരാണ് ജെസ്. അവർക്ക് സങ്കടങ്ങളിൽ വേർതിരിവ് ഇല്ല. കണ്ണീരിനും ഒരേ നിറവും മണവും തന്നെയാണ്. ദേഹത്തിനും മനസിനും വേദന ഒന്ന് തന്നെയാണ്. ”
“എനിക്ക് അറിയാം അർജുൻ. ”
ജെസബൽ അവന് നേരെ നോക്കി. നിമിഷങ്ങളോളം അവരിരുവരും കണ്ണുകളിൽ നോക്കി ഇരുന്നു.
ജെസബലിനെ നോക്കിയിരിക്കവേ,ആ മുഖം തന്റെ കൈ വെള്ളയിൽ ഒതുക്കി വെളുത്ത ആ മുഖം നിറയെ ഉമ്മകൾ കൊണ്ട് മൂടണമെന്ന് അവന് തോന്നി.
നനുത്ത മീശക്കുഞ്ഞുങ്ങൾ തന്റെ മുഖത്ത് പോറലേൽപിക്കുന്നത് സങ്കല്പിച്ച് അവളുമൊന്ന് കണ്ണുകൾ ചിമ്മി.
“ഞാൻ പറഞ്ഞ സമയം കഴിഞ്ഞു. ജെസബലിനെ ഞാൻ കൊണ്ടാക്കണോ?”
അവന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി.
പുറത്തേക്ക് നോക്കിയപ്പോൾ മാനം ഇരുണ്ട് തുടങ്ങിയിരുന്നു. മഴ വരാൻ കാത്ത് നിൽക്കുന്നത് പോലെ.
അവൾ എഴുന്നേറ്റു.
“വേണ്ട ഞാൻ പൊയ്ക്കോളാം. എന്റെ കാർ മുറ്റത്ത് ഉണ്ടല്ലോ?”
വാതിലിനു അടുത്ത് വരെ നടന്നിട്ട് അവൾ പയ്യെ തിരിഞ്ഞ് ചെറിയ ശബ്ദത്തിൽ ചോദിച്ചു.
“അല്ലെങ്കിൽ…. ഇന്ന് ഞാൻ ഇവിടെ കിടന്നോട്ടെ? അർജുന്റെ കൂടെ?”
അവന് ഞെട്ടലൊന്നും ഉണ്ടായില്ല. അവൻ ആഗ്രഹിച്ചതും ജെസബൽ പറയണമെന്ന് അവൻ മോഹിച്ചതും അത് തന്നെ ആയിരുന്നല്ലോ.
“ചോദ്യത്തിന് പ്രസക്തിയില്ല ജെസ്. ഈ വീട്ടിലേക്ക് നീ വന്നത് മുതൽ തന്നെ ഈ വീടും ഞാനും നിന്റെയായി കഴിഞ്ഞു. തീരുമാനങ്ങൾ നിനക്കായിട്ട് ഞാൻ വിട്ടു തന്നെന്ന് മാത്രം. ”
അവൾ തിരികെ നടന്ന് വന്ന് അർജുന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
കാമമില്ലാതെ.. അവഗണനകളുടെ തീനാമ്പുകളേറ്റ് ചൂളാതെ.. അസഭ്യവാക്കുകളുടെ ശരമേൽക്കാതെ.. അവളിൽ നിന്ന് താഴേക്ക് ഒഴുകി ഇറങ്ങി ആക്ഷേപിക്കുന്ന വിരൽത്തുമ്പുകളുടെ ചലനമില്ലാതെ..
അവൾ ആദ്യമായ് ഒരു പുരുഷന്റെ ചൂടിൽ സുരക്ഷിതയായി.
പരസ്പരം ഇണയും തുണയുമായി ആവുന്നിടത്തോളം ഒരുമിച്ച് ജീവിക്കാൻ മനസ്സ് കൊണ്ട് തയ്യാറായി അവരിരുവരും അത്രയേറെ സ്നേഹത്തോടെ, പ്രണയത്തോടെ ചേർന്ന് നിന്നു.
ഇരുണ്ട ഭൂമിയിൽ പ്രതീക്ഷകളുടെ പേമാരി പെയ്തു തുടങ്ങിയിരുന്നു.
#കെ. ആർ മീരയുടെ ‘സൂര്യനെ അണിഞ്ഞ സ്ത്രീ’ യിലെ നായിക ജെസബലും
സി. ആർ രാധാകൃഷ്ണന്റെ ‘മുൻപേ പറക്കുന്ന പക്ഷികൾ ‘ ലെ കഥാപാത്രം അർജുനും ഒരുമിച്ചു വന്നൊരു കഥ മെനഞ്ഞെടുത്ത അപൂർവമായൊരു കണ്ടുമുട്ടലാണിത്.
ജെസബൽ എന്ന പെണ്ണിനെ അത്രയേറെ സ്നേഹിച്ച ഞാൻ എന്ന ആരാധികയ്ക്ക് അവളൊറ്റയ്ക്ക് ജീവിക്കുന്നതിൽ പരമൊരു സങ്കടം വേറെയില്ല.
അത് പോലെ തന്നെ ഏറ്റവും ഇഷ്ടപെട്ട നോവലായ സി.രാധാകൃഷ്ണന്റെ ‘മുൻപേ പറക്കുന്ന പക്ഷിക’ളിലെ നായകൻ അർജുൻ എന്നുമെന്റെ ഉള്ളിലെ തീരാനോവാണ്.
ബന്ധുക്കൾ നഷ്ടപ്പെട്ട് ഒറ്റയ്ക്കായ് അവർക്ക് നീതി കിട്ടാൻ യുദ്ധം നയിച്ചവൻ.
അവനെയും ജെസബലിനെയും ചേർത്ത് നിർത്തി ഞാൻ എന്നിലെ സ്ത്രീയെ പൂർണയാക്കിയിരിക്കുന്നു.
ജീവിതത്തിൽ തോറ്റ അവരെ ചേർത്ത് നിർത്തി ഞാൻ ജയിച്ചിരിക്കുന്നു.
ഇത് എനിക്കുള്ള എന്റെ സമ്മാനമാണ്.
#ഇതിൽ ആർക്കെങ്കിലും എന്തെങ്കിലും അസ്വാഭാവികതയോ ബുദ്ധിമുട്ടോ നേരിട്ടാൽ എന്നോട് ക്ഷമിക്കുക.
7 Comments
മുറിവേറ്റ ഹൃദയങ്ങളെയാണ് അഞ്ജു എപ്പോഴും വരിച്ചിടാറ് എന്ന് തോന്നിയിടുണ്ട്. വായിക്കുന്നവരുടെ മനസ്സും ഒപ്പം കനക്കുകയും ചെയ്യും. നന്നായി. അവർ ഒന്നിക്കുക തന്നെ ചെയ്യട്ടെ. Super writing👌👌
സുര്യനെ അണിഞ്ഞ സ്ത്രീ ഞാൻ വായിച്ചിട്ടില്ല, സി രാധാകൃഷ്ന്റെ മുമ്പേ പറക്കുന്ന പക്ഷികൾ, കരളുരുകും കാലം, ഇനിയൊരു നിറകൺ ചിരി ഇത് മൂന്നും വായിച്ചിട്ടുണ്ട് ഒന്നിന്റെ തുടർച്ചയാണ് മറ്റേത് രണ്ടും.ആ അർജുൻ ഇങ്ങനെ.. അറിഞ്ഞൂടാ. എന്തായാലും അടിപൊളി writing ❤️🥰
മനോഹരം
അഭിനന്ദനങ്ങൾ👍
എന്ത് മനോഹരമായി എഴുതിയിരിക്കുന്നു. Jes എന്ന ജെസ്സബെൽ നെ കൂടുതൽ ഇഷ്ടപ്പെടാൻ തുടങ്ങി.
Super 👌
❤❤❤
അഞ്ചു.. ഇയാൾ നല്ലെഴുത്ത് ❤️ അധികാരികമായി വിലയിരുത്താൻ കെൽപില്ല 🙏അറിഞ്ഞു വായിച്ചു 👍
😍😍😊🙏
ജസബൽ എന്നും ഒരു നോവായിരുന്നു. വനിതയിൽ തുടർച്ചയായി വന്നപ്പോൾ വായിച്ചതാണ്. അർജ്ജുനും ആരുണിയും കുറെയൊക്കെ മറവിയിലേക്കു പോയി.
ഒരു പാടിഷ്ടപ്പെട്ടു❤️🌷