ഒരു സ്ത്രീ ഈ സമൂഹത്തിൽ നിന്ന് എന്താണ് പ്രതീക്ഷിയ്ക്കേണ്ടത്?
തികച്ചും അനീതി മാത്രമാണോ അവൾക്കിവിടെ ലഭിയ്ക്കുന്നത്?
അതേ എന്ന് തന്നെ മറുപടി പറയേണ്ടി വരും. എല്ലാ പുരുഷന്മാരുമല്ല പക്ഷേ പുരുഷന്മാരാണ് എന്ന് പറയാൻ ലജ്ജ തോന്നുന്നില്ലേ?
ഈയടുത്തു തന്നെ മനസാക്ഷിയെ ഞെട്ടിയ്ക്കുന്ന അതിദാരുണമായ ക്രൂരത നേരിടേണ്ടി വന്നത് സ്ത്രീയ്ക്കവളുടെ തൊഴിലിടത്തിൽ വച്ചാണ്. സത്യത്തിൽ ഓർക്കാൻ പോലും സാധിയ്ക്കുന്നില്ല അത്രമാത്രം ഹൃദയഭേദകമാണത്. സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനം നൽകുന്ന ഒരു ഡോക്ടർക്ക് തന്നെ ഇത്തരത്തിൽ ഒരനുഭവം ഉണ്ടാവുമ്പോൾ മറ്റുള്ളവർ എന്ത് തരത്തിലുള്ള നീതിയാണ് പ്രതീക്ഷിയ്ക്കേണ്ടത്?
ആ സംഭവത്തിന് ശേഷം ഇന്ത്യയിൽ നിരവധി പേർ പോൺ സൈറ്റുകളിൽ പ്രസ്തുത വീഡിയോക്കായി അന്വേഷിച്ച ഒരു റിപ്പോർട്ടും കണ്ടിരുന്നു.മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിൽ ഇരയായ പെൺകുട്ടിയെ അധിക്ഷേപിച്ചും, റേപ്പിസ്റ്റുകളെ ന്യായീകരിച്ചും ഉള്ള വാദങ്ങളും കണ്ടു.ഇത്തരത്തിലുള്ള ഈ രണ്ട്ഇ കൂട്ടരും അക്രമികളും തമ്മിൽ മാനസിക നിലവാരത്തിൽ യാതൊരു വ്യത്യാസവുമില്ല. അത്തരത്തിലുള്ള ഒരു രാജ്യത്ത് എന്ത് സുരക്ഷയാണ് സ്ത്രീകൾ പ്രതീക്ഷിയ്ക്കേണ്ടത്?
അതേ ഒരു സ്ത്രീ ആയതിൽ ഞാൻ ഭയപ്പെടുന്നു, മനുഷ്യനായതിൽ ലജ്ജിക്കുന്നു എന്തെന്നാൽ കാലമിത്രയായിട്ടും, മനുഷ്യസമൂഹം വളരെയധികം പുരോഗമിച്ചു എന്ന് നാം വിശ്വസിയ്ക്കുമ്പോഴും,നീതി നിഷേധിയ്ക്കപ്പെടുന്ന വർഗ്ഗമായി സ്ത്രീകൾ മാറുമ്പോൾ മറ്റെന്താണ് എനിയ്ക്ക് തോന്നേണ്ടത്, ഒരു മനുഷ്യനെന്ന നിലയിൽ?ഒരു സ്ത്രീയെന്ന നിലയിൽ?
എത്ര കാലമായി നീതിയ്ക്കും സമത്വത്തിനും വേണ്ടി പോരാടുന്നു, ജീവിതം തന്നെ സമരമായ് മാറുന്നതിൽ പരം ഗതികേട് മറ്റെന്താണ്?
എത്ര സ്ത്രീകൾ അവരുടെ ജീവിതം പോലും ത്യജിച്ചിട്ടാണ് ഇന്നത്തെ നിലയിലേക്കെങ്കിലും സ്ത്രീ സമൂഹത്തെ എത്തിച്ചത്, ഇനിയുമെത്ര പേർ..?
എന്നിട്ടും ഒരു സ്ത്രീക്ക് സ്വന്തം വാസസ്ഥലം മുതൽ തൊഴിലിടം വരെ സുരക്ഷിതമല്ല എന്നത് എത്ര അപമാനകരമായ വസ്തുതയാണ്.
ഇപ്പോഴിതാ മലയാളസിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടും പുറത്തു വന്നിരിയ്ക്കുന്നു. ഇത്രയും കാലം സിനിമ മേഖലയിലെ അനീതികൾ വെറും ഊഹാപോഹങ്ങൾ മാത്രമായിരുന്നു എങ്കിൽ , ഇന്നിതാ വ്യക്തമായ തെളിവുകളോടെ 2017 മുതൽ 2019 വരെ പഠിച്ചു തയ്യാറാക്കിയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്മു തന്നെയാണ് മുന്നിലുള്ളത് .
സിനിമ, ഒരു സമൂഹത്തിന്റെ,ഒരു കാലഘട്ടത്തിന്റെ പ്രതിഫലനമായതും വളരെ ജനകീയത ആർജ്ജിച്ചതുമായ മറ്റൊരു കല ഇല്ലെന്ന് തന്നെ പറയാം. പ്രത്യേകിച്ച് കൃത്രിമത്വത്തിന് പകരം യാഥാർഥ്യത്തിന് ഇത്രമേൽ പ്രാധാന്യം നൽകുന്നതെന്നും, മറ്റ്ന ഭാഷകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യവും അംഗീകാരവും നൽകുന്നുണ്ടെന്നും നാം അഹങ്കാരിയ്ക്കുന്ന മലയാള സിനിമലോകം ഇത്രയും അധഃപതിച്ചതാണെന്നറിഞ്ഞതിൽ വളരെയധികം നിരാശയാണ് തോന്നുന്നത്.
സിനിമ എന്ന വളരെ ആർഭാടകരമായ, ആകർഷകമായ ഒരു വ്യവസായത്തിൽ സ്ത്രീകൾ അനുഭവിയ്ക്കുന്ന ലൈംഗികചൂഷണങ്ങളും അനീതിയും അസമത്വവും ഏതൊരു സിനിമസ്നേഹിയേയും ഞെട്ടിയ്ക്കുന്നതാണ്.
സിനിമ മേഖലയിൽ തൊഴിൽ ചെയ്യുന്നവർ തങ്ങളുടെ അനുഭവങ്ങൾ അതീവ രഹസ്യമായി ഒരു കമ്മിറ്റിയെ വിശ്വസിച്ചു കൊടുത്ത മൊഴികൾ നാം തീർച്ചയായും മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്.കാരണം പുറമേ പറയാൻ കഴിയാത്ത വണ്ണം ട്രോമയിലകപ്പെട്ടു പോയിട്ടുണ്ടാവും പലരും. വിചാരിയ്ക്കുന്നത്ര നിസ്സാരമായ കാര്യമല്ലിത്, അവർക്കെന്താ no പറഞ്ഞു കൂടായിരുന്നോ അല്ലെങ്കിൽ അപ്പോൾ പറയാതെ വർഷങ്ങൾ കഴിഞ്ഞു പറയുന്നു എന്നൊക്കെ പരിഹസിയ്ക്കുന്നവരുണ്ട്.ചില സമയങ്ങളിൽ നോ എന്ന്ചി പറയാൻ കഴിയുക എന്നതും ഒരു പ്രിവിലേജ് തന്നെയാണ്. അന്ന് നോ പറയാൻ കഴിയാത്തതിനാൽ അവർ നേരിട്ട പീഡനം ഇല്ലാതാവുന്നില്ല. മാനസികമായി തകർന്നിരിക്കുന്ന ഒരു വ്യക്തിയ്ക്ക് ഇതെല്ലാം ആ സമയം തന്നെ പുറമേ പറയാൻ കഴിഞ്ഞു എന്നും വരില്ല.ഈ റിപ്പോർട്ട് അവർക്ക് അവരുടെ അനുഭവങ്ങൾ തുറന്നു പറയാനുള്ള ഒരവസരമാണ് നൽകിയിരിക്കുന്നത്. അവർക്ക് സപ്പോർട്ട് ലഭിയ്ക്കുന്ന ഈ അവസരത്തിൽ അത് വേണ്ടെന്ന് വിധിയ്ക്കാൻ മറ്റുള്ളവർക്കെന്ത് അധികാരം ?അവരുടെ അനുഭവം നിങ്ങൾക്ക് വെറുമൊരു കഥയാവാം, അത് അവർ അനുഭവിച്ചിട്ടില്ലെന്ന് പറയാൻ നിങ്ങൾക്കെന്ത് അവകാശം?
വേറെ ചിലരുടെ ന്യായവാദം ഇത്തരത്തിൽ അനുഭവങ്ങൾ നേരിടേണ്ടി വരുമ്പോൾ വേറെ ജോലിയ്ക്ക് പോവണം എന്നാണ്. എന്തേ സ്ത്രീ ആയതിനാൽ പാത്രം കഴുകിയെ ജീവിയ്ക്കാവൂ എന്നുണ്ടോ? അവർക്ക് ക്രീയേറ്റീവ് ആയ ഇടങ്ങളിൽ അവസരം വേണ്ടെന്നാണോ? അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തേണ്ട എന്നാണോ? പുരുഷന് മാത്രമല്ല തിരക്കഥയും കഥയും രചിയ്ക്കാനും, പാട്ടെഴുതാനും, അഭിനയിയ്ക്കാനും, മേക്കപ്പ് ചെയ്യാനും, ആടാനും പാടാനും തുടങ്ങി ക്രിയാത്മകമായ കഴിവുകൾ ഉള്ളത്. സ്ത്രീ ഒരു വസ്തു മാത്രമാണെന്ന ചിന്തയാലാണ് കഴിവും ആഗ്രഹവും ഉള്ള സ്ത്രീകളോട് ഇത്തരത്തിൽ ഉള്ള മോശമായ സമീപനം നടത്തുന്നത്.സ്ത്രീകളും ചിന്താശേഷിയും ക്രിയാത്മകമായ കഴിവുകളുമുള്ള മനുഷ്യർ തന്നെയാണ്, അങ്ങനെ ചിന്തിക്കാൻ കഴിവില്ലാത്തവരാണ് മറ്റ് വല്ല പണിയ്ക്കും പോവേണ്ടത്.
വേറെ ചിലരുടെ പ്രശ്നം റിപ്പോർട്ടിൽ ഒരാളുടെയും പേര് പരാമർശിയ്ക്കാത്തതാണ്. ചില മനുഷ്യന്മാരുണ്ട്, ഇവളുമാർക്കെന്താ പേര് പറഞ്ഞു കൂടെയെന്ന് മുറുമുറുക്കുന്നവർ. അവരോടാണ് പേര് വെളിപ്പെടുത്തിയവരിൽ എത്ര പേർക്ക് നീതി ലഭിച്ചു? എത്ര വേട്ടക്കാർ ശിക്ഷിയ്ക്കപ്പെട്ടു?അതിജീവിതമാർക്ക് ഈ സമൂഹത്തിൽ നിന്ന് ലഭിച്ചത് അവഹേളനം മാത്രമല്ലാതെ. എത്ര പേർ അവരെ കുറ്റപ്പെടുത്താതെ ഒപ്പം നിന്നു?
അവർ ആരുടെയെങ്കിലും പേര് വെളിപ്പെടുത്തിയാൽ ആ നിമിഷം അധിക്ഷേപിയ്ക്കാൻ കാത്തു നിൽക്കുന്നവരാണ് ഈ പ്രഹസനചോദ്യങ്ങൾ ഉയർത്തുന്നത്. ആരാന്റമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് എന്ന് പറഞ്ഞത് പോലെ ഏതോ ഇക്കിളിപ്പെടുത്തുന്ന സിനിമ കാണുന്നത് പോലെ കാഴ്ചയ്ക്ക് വേണ്ടി കാത്ത് നിൽക്കുന്നവരാണിവരിൽ ഭൂരിഭാഗവും.അവർ ഇരകൾക്ക് വേണ്ടി കാത്ത് നിൽക്കും സ്ലട്ട് ഷെയിം ചെയ്ത് മാനസികമായി തകർത്തു കളയാൻ.
തുറന്നു പറഞ്ഞവർക്കെന്നും ലഭിച്ചത് കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും മാത്രമാണ്. എങ്കിലും നിലപാടിൽ ഉറച്ചു കൊണ്ട്, തങ്ങൾക്കും തങ്ങൾക്ക് പിന്നാലെ വരുന്നവർക്കും ഇവിടെ അന്തസ്സോടെ തലയുയർത്തിപ്പിടിച്ചു കൊണ്ട് തൊഴിൽ ചെയ്യാനുള്ള അവസരമൊരുക്കാൻ സ്വന്തം കരിയർ പോലും നോക്കാതെ പോരാടിയ ആർജ്ജവമുള്ള പെണ്ണുങ്ങളുടെ പോരാട്ടത്തിന്റെ വിജയനിമിഷങ്ങളുടെ ആദ്യപടിയാണിത്, അവരെ നോക്കി പരിഹസിച്ചവർക്കുള്ള മറുപടിയാണീ റിപ്പോർട്ട്. ഇതിനെ തുടർന്ന് ചില പ്രമുഖരുടെ പേര് വെളിപ്പെട്ടതും,മുഖ്യസ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കേണ്ടി വന്നതും ഈയൊരു വിജയത്തിന്റെ ഭാഗം തന്നെയാണെന്ന് നിസ്സംശയം പറയുവാൻ സാധിക്കും.
മുഖം മൂടികൾ ഇനിയും അഴിഞ്ഞു വീഴണം,ഇനി ഒരു പെൺകുട്ടിയും തന്റെ സിനിമ എന്ന സ്വപ്നത്തിന് വേണ്ടി പ്രയത്നിയ്ക്കുമ്പോൾ വേട്ടക്കാരെ ഭയന്ന് മാറിനിൽക്കാനും ചൂഷണം ചെയ്യപ്പെടാനും പാടില്ല.സിനിമ എന്നല്ല ഏതൊരു തൊഴിലിടത്തിലും സ്ത്രീക്ക് അന്തസ്സോടെ, അഭിമാനത്തോടെ തന്റെ തൊഴിലിൽ ഏർപ്പെടാനുള്ള എല്ലാവിധ അവകാശവുമുണ്ട് മറ്റേതൊരു മനുഷ്യനെയും പോലെ.ഇരകളുടെയല്ല ഇരപിടിയന്മാരുടെ യഥാർത്ഥമുഖമാണ് വെളിപ്പെടുത്തപ്പെടേണ്ടത്.
ഹേമക്കമ്മിറ്റി റിപ്പോർട്ട് പ്രകാരം ആർക്കെതിരെയും കേസ് എടുക്കാൻ സാധിയ്ക്കില്ലെങ്കിലും പുതുതായി രൂപീകരിച്ച പ്രത്യേക ഏഴംഗ സംഘം വഴി കേസെടുക്കാനും നിയമനടപടികൾ സ്വീകരിയ്ക്കാനും കഴിയുമെന്നത് പ്രത്യാശ നൽകുന്നതാണ്.
മറ്റെന്തിനേക്കാളുമുപരി ഈ രാജ്യത്തെ നീതിന്യായവ്യവസ്ഥയിലും നീതിപീഠത്തിലും ഈ നാട്ടിലെ പൗരനെന്ന നിലയിൽ ഞാൻ വിശ്വാസമർപ്പിയ്ക്കുന്നു.
സ്ത്രീകൾക്കും ഇഷ്ട്ടമുള്ള തൊഴിൽ നേടിയെടുക്കാനും ജീവിയ്ക്കാനും സാധിയ്ക്കണം ഈ സമൂഹത്തിൽ. സ്ത്രീയായതിനാൽ അവർ തങ്ങളുടെ സ്വപ്നങ്ങൾക്ക് വിരാമമിട്ടുകൂടാ, ചൂഷണം ചെയ്യപ്പെട്ടുകൂടാ. ആത്മാഭിമാനത്തോടെ, സ്വാതന്ത്ര്യത്തോടെ, അന്തസ്സോടെ ഏതൊരു സ്ത്രീയ്ക്കും ഈ സമൂഹത്തിൽ തലയുയർത്തിപ്പിടിച്ചു ജീവിയ്ക്കാൻ സാധിയ്ക്കണം.
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
8 Comments
പുതിയ തലമുറ വരണം സാരമായ മാറ്റം വരണമെങ്കിൽ. അവരിലാണ് എനിക്ക് പ്രതീക്ഷ.😊
👍🏻👍🏻
പ്രതികരണശേഷിയുള്ള സ്ത്രീ സമൂഹം വളർന്നുവരുന്നതുവരെ ഈ പ്രവണത തുടർന്നുകൊണ്ടേയിരിക്കും. നോ പറയേണ്ടടത്ത് നോ എന്നുതന്നെ പറയാൻ ശീലിക്കണം.
പണത്തിനും പ്രശസ്തിക്കും വേണ്ടി വഴങ്ങി കൊടുക്കുന്നവരും ഈ പെൺകൂട്ടത്തിൽ തന്നെ ഉണ്ട്.
👍🏻👍🏻,കുറച്ചു കൂടെ ഡീറ്റെയിൽസ് ചേർത്ത് എഴുതിയെങ്കിൽ ഒന്നുടെ മനോഹരമാവുമായിരുന്നു.
Thank you🥰ശ്രമിയ്ക്കാം
കാലികപ്രസക്തിയുള്ള എഴുത്ത്. 👌തീർച്ചയായും ഈ അവസ്ഥ മാറും. നട്ടെല്ലുള്ള സ്ത്രീകൾ ഉണ്ടെങ്കിൽ 🙏
👏
തീർച്ചയായും 👍🏻👍🏻
കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് 🤗