നിറവയറും ചൊമല നായയും
***************************
രാവിലെയുള്ള യാത്രകളിൽ ബസ്സിലെ കുലുങ്ങിക്കുലുങ്ങിയുള്ള ഇരിപ്പിലും പല തരത്തിൽ ഉറങ്ങുന്ന ഒരുപാട് മനുഷ്യരുണ്ടാകും ഒപ്പം. സീറ്റിൽ ചാരിക്കിടന്ന് മുകളിലേക്ക് കഴുത്ത് പൊക്കി വെച്ച് വാ പൊളിച്ച് അന്തം വിട്ട് ഉറങ്ങുന്നവർ. കുമ്പിട്ട് ഇരുന്ന് മടിയിലെ ബാഗിൽ തലവെച്ച് ഉറങ്ങുന്നവർ. ഉറക്കെ കൂർക്കം വലിക്കുന്നവർ, കവിളിലൂടെ ഊർന്നിറങ്ങുന്ന ഉമിനീരിൽ വന്നിരിക്കുന്ന ഈച്ചയെ ഓടിച്ചുകൊണ്ട് ഉറങ്ങുന്നവർ. രണ്ട് കൈകൾ കൊണ്ടും മുകളിലെ കമ്പിയിൽ പിടിച്ച് കൈക്കൾക്കുള്ളിലേക്ക് ഒരു തൊട്ടിലിൽ എന്ന പോലെ തല കിടത്തി വെച്ച് നിന്ന് കൊണ്ട് ഉറങ്ങുന്നവർ. ഫുട്ബോർഡിൽ ഇരുന്ന് കുട്ടികളെ മടിയിൽ കിടത്തി ഉറങ്ങുന്ന അമ്മാമാർ.
യാത്രക്കാരുടെ ഉറക്കത്തിന് പക്ഷേ ദൈർഘ്യമേറെ ഉണ്ടാകാറില്ല. പാലക്കാട് ടൗണിൽ നിന്നും പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ ഏകദേശം നാൽപ്പത് മിനിറ്റ് കൊണ്ട് ചുരം മുറിച്ച് വാളയാർ ചെക്പോസ്റ്റ് താണ്ടുന്നതോടെ ഉറങ്ങുന്ന മിക്ക യാത്രക്കാരും ഉണരും. ചെക്കിങ്ങിനായി ഊഴം കാത്ത് കിടക്കുന്ന ലോറികളിലെ ഉണക്ക മീനിന്റെയും എല്ല് പൊടികളുടെയും വളങ്ങളുടെയും ഗന്ധങ്ങളും കഷ്ടിച്ച് ഇരുനൂറ് മീറ്റർ മാത്രം നീളമുള്ള അതിർത്തി പാലം കടക്കുമ്പോൾ ഉണ്ടാകുന്ന പ്രകൃതി മാറ്റവും ഉറങ്ങുന്ന മനുഷ്യരിൽ അവധാനമുണ്ടാക്കിയിരുന്നു.
ബസ് സ്റ്റോപ്പുകൾക്ക് പുറമെ, സംസ്ഥാന അതിർത്തി മുറിച്ചു കടക്കാനെടുക്കുന്ന അൽപനേരത്തെ ആ ഗതാഗത കുരുക്കാണ് ബസിന്റെ വേഗതയെ പിടിച്ച് കെട്ടുന്നത്.
ഒരിക്കലെന്നോ ബസ്സ് അതിർത്തി കടക്കുന്ന സമയത്താണ് ജനാലയിലൂടെ പുറത്തേക്ക് നോക്കിയത്. നിര നിരകളായി പുക പറക്കുന്ന തട്ടുകടകളുടെ പുറകിൽ മുട്ടത്തോടുകളും ഉള്ളിതൊലിയും മറ്റനവധി ഭക്ഷണ മാലിന്യങ്ങളും തീർത്ത കൂമ്പാരങ്ങൾക്ക് പിന്നിലായി നീല ടാർപോളിനിൽ കയർ കെട്ടി ഉയർത്തിയ വളരെച്ചെറിയൊരു കൂടാരം. കൂടാരത്തിന് പുറത്ത് നരച്ച താടി മീശകളും കഷണ്ടി തലയുമുള്ള ഒരു കിളവനും ബ്ലൗസ് ഇല്ലാതെ മുഷിഞ്ഞ ഒരു സാരി മാത്രമുടുത്ത ഒരു കിളവിയും അല്പം മാറി ഉറങ്ങുന്ന ഒരു തുണിക്കഷണം പോലെയുള്ള ഒരു ചൊമല നായയും തറയിൽ ഇരുന്നിരുന്നു.
കേരളവും തമിഴ്നാട് അതിർത്തി പങ്കിടുന്നയിടങ്ങളിൽ ഇതുപോലെയുള്ള നൂറുകണക്കിന് ജീവിതങ്ങൾ തെരുവിൽ ചിതറിത്തെറിച്ചിട്ടുണ്ട്. മഴയില്ലാത്ത മറ്റൊരു നാൾ വാളയാറിൽ വണ്ടി വേഗത കുറച്ചപ്പോൾ ഞാൻ ജനാലയിലൂടെ വീണ്ടും നോക്കി. ആ കിളവൻ മുകൾവശം ചെത്തിക്കളഞ്ഞ ഒരു പ്ലാസ്റ്റിക് കുപ്പിയെ കോപ്പ പോലെയാക്കി അതിൽ ചാരായം പകർന്നു കുടിക്കുകയാണ്. കിളവിയാകട്ടെ കൂടാരത്തിന്റെ പിന്നിലേക്ക് നോക്കി തമിഴ് കലർന്ന മറ്റേതോ ഭാഷയിൽ ആരെയോ ഉറക്കെയുറക്കെ ചീത്ത വിളിക്കുന്നുണ്ട്. എത്ര കാതോർത്താലും അതെനിക്ക് കേൾക്കുമായിരുന്നില്ല. ചൊമല നായ ഒന്നുകൂടെ ക്ഷീണിതനായിട്ടുണ്ട്. കിളവിയുടെ പുലയാട്ടുകൾ പാഞ്ഞ ദിശയിൽ കൂടാരത്തിന് പിന്നിലായി കറുത്ത ചരടുകൾ കെട്ടിയ രണ്ട് പെൺകാലുകൾ മാത്രം തറയിൽ നീട്ടി വച്ചിരിക്കുന്നതായി കാണപ്പെട്ടു.
മടക്ക യാത്രകളിൽ ബസ് എതിർ ദിശയിലാവുമ്പോൾ ജനാലയിലൂടെ താണ് നോക്കിയാലും കൂടാരത്തിന്റെ മേൽഭാഗം മാത്രമേ വെളിപ്പെട്ടിരുന്നുള്ളു. കേരള അതിർത്തിയിലേക്ക് പ്രവേശിക്കുമ്പോൾ തെരുവോരങ്ങളിൽ ആദ്യം കാണുന്നത് ഒരു കള്ള് ഷാപ്പും ലോട്ടറി വിൽക്കുന്ന കുറെ കടകളുമാണ്.
തലയിൽ വിറകുചുമടുമായി ആ കൂടാരത്തിലേക്ക് നടന്ന് നീങ്ങുന്ന ഒരു നിറവയറുകാരിയെയാണ് അടുത്ത ദിവസം ഞാൻ കണ്ടത്. അവളുടെ കണങ്കാലുകളിൽ തളകൾ പോലെ കറുത്ത ചരടുകൾ കെട്ടിയിരുന്നു. അവൾക്ക് പുറകിൽ ആ ചൊമല നായയുണ്ട്. ഇന്നാകട്ടെ കിളവിയും കിളവനും ഒരുപോലെ വാറ്റ് കുടിക്കുന്നുണ്ട്. കിളവൻ, കയ്യിലുള്ള ചുരുട്ട് പോലെയുള്ള എന്തോ ഒരു സാധനം ഇടക്കിടെ ആഞ്ഞു വലിക്കുന്നുമുണ്ട്. തമ്പിനോട് ചേർന്നുള്ള തറയിൽ പുകയുന്ന അടുപ്പിനരികിലേക്ക് അവൾ തന്റെ തലച്ചുമട് തള്ളിയിട്ടു. കിളവൻ അവളോട് എന്തോ ഉച്ചത്തിൽ ദേഷ്യപ്പെട്ട് ചോദിക്കുന്നു. കിളവി മുഖം കറുപ്പിച്ച് ചാരായം കുടിക്കുന്നു.
ദിവസങ്ങൾ നാലോ അഞ്ചോ കടന്നു. കിളവനോ കിളവിയോ അല്ലെങ്കിൽ രണ്ട് പേരും ചേർന്നോ ആ നിറവയറിനെ നോക്കിയുള്ള തെറിവിളികൾ മാത്രം മാറ്റമില്ലാതെ തുടർന്നു.
തലച്ചുമട് കടത്തിയും, മാലിന്യ കൂമ്പാരത്തിൽ കയ്യിലുള്ള കമ്പുകൊണ്ട് ചികഞ്ഞും, ഒക്കത്തെ കുടങ്ങളിൽ വെള്ളം നിറച്ചുകൊമ്പ് വന്നും തറയിൽ കുന്തിച്ചിരുന്ന് അടുപ്പിൽ ഊതിയും ഓരോ ദിവസവും ഓരോ പണികൾ ചെയ്തുകൊണ്ട് അവളെ കാണപ്പെട്ടു. സന്തോഷമോ സങ്കടമോ ദേഷ്യമോ ഒന്നുമില്ലാത്ത നിസ്സംഗമായ ശാന്തഭാവമാണ് പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോലെയുള്ള ആ ഇരുണ്ട മുഖത്ത്. അവളുടെ കാൽച്ചുവട്ടിൽ നിന്ന് വിട്ടുമാറാതെ ആ ചൊമല നായയും
ഒരു ദിവസം കൂടാരത്തിനോട് ചേർന്നുള്ള ഒരു വേപ്പ് മരത്തിന് മുന്നിൽ വലിയൊരു മുളയുടെ കുറ്റി നിലത്ത് തല്ലി ഉറപ്പിക്കുന്നുണ്ടായിരുന്നു അവൾ. മഴുവിന്റെ തായ് ഭാഗം കൊണ്ട് ടക് ടക് എന്ന് മുട്ടുന്ന ഒച്ചയോടൊപ്പം ആ കിളവന്റെ നിലവിളിയും കേൾക്കാമായിരുന്നു. അന്ന് വൈകുന്നേരം കൂടാരത്തിന് മുന്നിലേക്ക് പാളി നോക്കിയപ്പോൾ കണ്ടത്, മരത്തിനും മുളങ്കുറ്റിക്കും കുറുകെ മറ്റൊരു കമ്പ്.
അവളൊരു തൊട്ടിൽ കെട്ടാനുള്ള ഒരുക്കത്തിലാണ്.
പിന്നീടുള്ള ദിവസങ്ങളിൽ കൂടാരത്തിനരികെ ബസ് ഇഴയുമ്പോൾ കൂടുതൽ ആവേശത്തോടെ ഞാൻ നോക്കി. അവിടെയൊരു കുഞ്ഞ് പിറന്നിരിക്കുമോ? ചാക്ക് കൊണ്ട് പോലും വാതിൽ മറയ്ക്കാത്ത ആ ടാർപോളിൻ കൂടാരത്തിൽ അവൾ എങ്ങിനെയാവും അവൾ ഒരു കുഞ്ഞിനെ വളർത്തുക. അതോ കുഞ്ഞിനേയും കൊണ്ടവൾ കുഞ്ഞിന്റെ അച്ഛനോടൊപ്പം പോകുമോ?
അവധിയായതിനാൽ അടുത്ത രണ്ട് നാളുകൾ യാത്ര ഉണ്ടായിരുന്നില്ല. എങ്കിലും ചെമ്പൻ മുടിയിഴകളുള്ള, വട്ട മുഖമുള്ള എണ്ണക്കറുപ്പുള്ള അവൾ പ്രസവിച്ചിരുന്നിരിക്കുമോ എന്ന് ഞാനിടക്ക് ഓർത്തു.
മഴ കനത്ത നാളുകളായിരുന്നു പിന്നീട്. ബസ്, ടൗണിൽ നിന്ന് പുറപ്പെടുമ്പോഴേക്കും സീറ്റിനോട് ചേർന്നുള്ള ഷട്ടർ വീണിരിക്കും. പക്ഷേ കേരളത്തിൽ മഴ നിർലോഭം പെയ്യുമെങ്കിലും പാലത്തിനപ്പുറം തമിഴ്നാട്ടിലേക്ക് ആ മഴ കടക്കില്ല എന്നതൊരു ആശ്ചര്യമാണ്. കേവലമൊരു പാലത്തിന് എങ്ങിനെയാണ് പ്രകൃതിയെ പോലും വേർതിരിക്കാനാവുക?
അടുത്ത നാൾ ബസ്സ് വാളയാർ എത്തിയപ്പോൾ ജനാലയോട് ചേർന്നുള്ള സീറ്റിൽ ഉറങ്ങുന്ന ആളെ അറിയിക്കാതെ ഞാനൊന്ന് ഷട്ടർ പൊക്കി പാളി നോക്കി.
കിളവൻ കിളവിയെ നോക്കി എന്തോ പറഞ്ഞ് ഉറക്കെയുറക്കെ ചിരിക്കുന്നുണ്ട്. കിളവിയാകട്ടെ കയ്യിലൊരു അടപ്പ് തുറന്ന പൈന്റ് ബോട്ടിലും പിടിച്ച് ഏതോ ഒരു പാട്ട് പാടുന്നു. രണ്ടുപേരുടെയും മുഖത്ത് സന്തോഷം.
അവൾ കൂടാരത്തിന് മുന്നിൽ തന്നെയുണ്ട്. പക്ഷേ ഇപ്പോൾ അവൾക്ക് നിറവയറില്ല. അവളുടെ മുഖത്ത് ഇപ്പോഴും ഒരു ഭാവമാറ്റമില്ല. മുളം കുറ്റിയുടെ കുറുകെ നാട്ടിയിരിക്കുന്ന മരക്കഷണത്തിൽ എന്തൊക്കെയോ ഭാണ്ഡങ്ങളും തുണികളും സഞ്ചികളും തൂങ്ങുന്നു.
കുഞ്ഞെവിടെ? കൂടാരത്തിനകത്തും പുറത്തുമായി എന്റെ കണ്ണുകൾ പരതി. ഇല്ല എവിടെയും ഒരു കുഞ്ഞില്ല.
കൂടാരത്തിന് വെളിയിൽ ചപ്പ് ചവറുകൾക്കരികിൽ ആ ചൊമല നായയുണ്ട്. അവനാകട്ടെ പിൻകാലുകൾ മടക്കി മുൻകാലുകൾ നിലത്തൂന്നി ശാന്തമായി നിലത്തിരുന്ന് നാവ് പുറത്തേക്ക് നീട്ടിയിട്ട് റോഡിലെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്നു. ഒന്നുകൂടെ നോക്കി. അവന്റെ നാവിലും വായ്ക്ക് ചുറ്റും ഉണങ്ങിയ ചോരപ്പാടുകൾ കാണാം.
“യോ തമ്പീ.. അറിവ് ഇല്ലിയാ ഉനക്ക്? തണ്ണി ഉള്ളെ വരുത്….. അന്ത കർട്ടനെ ക്ലോസ് പണ്ണ്..” ജനാലയോട് ചേർന്നുറങ്ങിയ യാത്രക്കാരൻ ഉണർന്നു. ഞാൻ കർട്ടൻ അടച്ചു.
തുടർന്നുള്ള നാളുകളിലും രാവിലെ നല്ല മഴയായിരുന്നു. ബസിന്റെ കർട്ടൻ മൂടപ്പെട്ടുതന്നെയിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് മഴയൊഴിഞ്ഞ ഒരു രാവിലെ നേരം കാണുന്നത്. ആ പഴയ കൂടാരം ഇപ്പോഴവിടെ ഇല്ല. പകരം മറ്റാരോ ചിലർ വന്ന് അവിടെ തമ്പടിക്കുന്നു. അവരെ ചുറ്റിപ്പറ്റി ആ ചൊമല നായയും.
******
2 Comments
അടുത്ത കഥകൾക്കായി കാത്തിരിക്കുന്നു
👌👌