കുറച്ച് മുൻപാണ് നടനായ ബാലയുടെയും, ഗായികയായ അമൃതയുടെയും മകളായ പന്ത്രണ്ടുവയസ്സുകാരി അവന്തിക യൂട്യൂബിൽ പങ്കുവച്ചൊരു വീഡിയോ ശ്രദ്ധയിൽപ്പെടുന്നത്. ആ കുട്ടിക്ക് രണ്ടോ രണ്ടരയോ വയസ്സുള്ളപ്പോൾ വേർപിരിഞ്ഞതാണ് അമൃതയും ബാലയും. പിന്നീട് കുട്ടി അമ്മയായ അമൃതയുടെ സംരക്ഷണയിലാണ്. സെലിബ്രിറ്റീസ് ആയതുകൊണ്ടു തന്നെ ബാലയുടെയും അമൃതയുടെയും പ്രണയവും, വിവാഹവും, വിവാഹമോചനവും, വേർപിരിയലിന് ശേഷമുള്ള ജീവിതവുമൊക്കെ സോഷ്യൽമീഡിയയിൽ ചൂടുള്ള വാർത്തകൾ ആയിരുന്നു. സ്വാഭാവികമായുള്ള അന്തിച്ചർച്ചകൾക്കപ്പുറം ബാലയും അമൃതയും സോഷ്യൽമീഡിയയിലൂടെ പരസ്പരം ചെളിവാരി എറിയുന്നത് നിത്യസംഭവം ആയതുകൊണ്ട് തന്നെ, സോഷ്യൽമീഡിയയും രണ്ടുചേരിയായി തിരിഞ്ഞ് രണ്ടുപേർക്കും വേണ്ടി യുദ്ധം ചെയ്യുന്നതും പതിവാണ്. മിക്കവാറും പ്രശ്നങ്ങൾ തുടങ്ങിവക്കുന്നത് ബാലയാണ്. അയാൾ ഏതെങ്കിലും ഇന്റർവ്യൂവിൽ അമൃതക്കെതിരെ സംസാരിക്കും. അമൃത അതിന് മറുപടിയായിട്ട് എത്തും. സോഷ്യൽമീഡിയ അതേറ്റെടുക്കും. സൈബർ ആക്രമണം തുടങ്ങും. മിക്കവാറും സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതും അമൃതയും കുടുംബവും ആയിരിക്കും. വേർപിരിഞ്ഞു പത്തുവർഷങ്ങൾക്ക് ശേഷം ബാല വീണ്ടും വിവാഹിതനായി. പിന്നീട് അമൃതയും പ്രശസ്തനായൊരു സംഗീതസംവിധായകനൊപ്പം ജീവിതവും തുടങ്ങി. ബാല പുനർവിവാഹിതനായ ശേഷമാണ് അമൃത പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. പക്ഷേ പബ്ലിക്കിന് അമൃത പുതിയൊരു ജീവിതം തുടങ്ങിയത് മാത്രമായിരുന്നു പ്രശ്നം. നാളുകൾക്കു ശേഷം ബാല വീണ്ടും വിവാഹമോചിതനായി. അമൃതയും പങ്കാളിയുമായി പിരിഞ്ഞു. അവിടെയും അമൃതയുടെ പങ്കാളിയുമായുള്ള ബന്ധം അവസാനിച്ചത് മാത്രമേ ആളുകൾ ചർച്ച ചെയ്യുന്നുള്ളൂ. അമൃതക്കും, കുഞ്ഞടങ്ങിയ ആ കുടുംബത്തിനും നേരെ മാത്രമേ സൈബർ ആക്രമണം വരുന്നുള്ളൂ. ഇതിനൊക്കെ കമന്റ് തൊഴിലാളികൾ പറയുന്ന ന്യായം അമൃത രണ്ടാമത് വിവാഹിത ആയില്ല… ലിവിങ് ടുഗെതർ ആയിരുന്നുവത്രെ. അതുപോലെ അമൃതയുടെ രണ്ടാമത്തെ ബന്ധത്തിലെ പങ്കാളി ഒരു പോളിഗമി ആണെന്നതും ആളുകൾക്ക് പ്രശ്നമാണ്. ഇതിലൊക്കെ നാട്ടുകാർക്കെന്താ കാര്യമെന്നാണ് മനസ്സിലാകാത്തത്. പ്രായപൂർത്തിയായ രണ്ടു വ്യക്തികൾ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ജീവിക്കുന്നതിൽ നാട്ടുകാർക്ക് എന്താണ് പ്രശ്നം?. അവർ ആരുടെയെങ്കിലും ചിലവിലാണോ ജീവിക്കുന്നത്?. അതോ അവർ ആരെയെങ്കിലും ദ്രോഹിക്കാൻ വന്നോ?. പിന്നെ എന്തിനാണ് അവരെ പിറകേ നടന്ന് ഇങ്ങനെ അറ്റാക്ക് ചെയ്യുന്നത്?. അമൃതയുടെ മകൾ ചെയ്യുന്ന വീഡിയോയുടെ കീഴിൽ പോലും പോയി ആ കുട്ടിയെ അമൃതയുടെ മുൻപങ്കാളിയുമായി ചേർത്ത് അനാവശ്യങ്ങൾ എഴുതിയിടുന്നതൊക്കെ എന്തുതരം മനോരോഗമാണ്?.
ഇപ്പോൾ ഈ പ്രശ്നങ്ങളിൽ ഇടപെട്ട് പബ്ലിക് ആയി അച്ഛനായ ബാലക്കെതിരെ സംസാരിച്ച് വീഡിയോ ചെയ്തിരിക്കുകയാണ് ദമ്പതികളുടെ മകളായ അവന്തിക. കുട്ടിക്കാലത്ത് അച്ഛൻ തന്നേയും അമ്മയേയും ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട് എന്ന് അവന്തിക പറയുന്നുണ്ട്. തനിക്കു നേരെ അച്ഛൻ കുപ്പിയെടുത്ത് എറിഞ്ഞുവെന്നും, അമ്മയത് തടഞ്ഞതുകൊണ്ട് മാത്രമാണ് താനിപ്പോൾ ജീവനോടെ ഉള്ളതെന്നും ആ കുട്ടി പറയുന്നുണ്ട്. അതുപോലെ അച്ഛനെ ഇഷ്ടമല്ല എന്നും താനും അമ്മയും ആന്റിയും മുത്തശ്ശിയും അടങ്ങിയ ഞങ്ങളുടെ കുടുംബത്തെ ഇനിയും ഉപദ്രവിക്കരുത് എന്നും കുഞ്ഞ് പറയുന്നു. വീഡിയോ കുട്ടി സ്വന്തം ഇഷ്ടത്തിന് ചെയ്തതാണോ, വീട്ടുകാർ ചെയ്യിച്ചതാണോ എന്നെനിക്കറിയില്ല. അതുപോലെ കുട്ടിക്കാലത്തെ സംഭവങ്ങളൊക്കെ രണ്ടുരണ്ടര വയസ്സിൽ അച്ഛന്റെ അടുത്ത് നിന്നും പോന്ന കുട്ടിയുടെ ഓർമകളിൽ ഉണ്ടാകുമോ എന്നുമറിയില്ല. മിക്കവാറും വീട്ടിൽ നടന്ന ചർച്ചകളിൽ നിന്നുമാകും കുട്ടിക്ക് ഇതൊക്കെ ഓർമയിൽ കിട്ടിയത്. ട്രോമ ഉണ്ടാകും തീർച്ച പക്ഷേ അത്ര ചെറുപ്പത്തിലെ ഓർമകൾ ഒരു കുഞ്ഞിന്റെ മനസ്സിൽ നിൽക്കുമോ?.അറിയില്ല. മകൾ വീഡിയോ ചെയ്തതിന് പിന്നാലെ അച്ഛന്റെ ദുഃഖം പറഞ്ഞു ബാല വീഡിയോ ചെയ്തു. അതോടെ ആ കുഞ്ഞിനെ വലിച്ചു കീറുകയാണ് സോഷ്യൽമീഡിയ. ഇപ്പോൾ തന്റെ ദുരവസ്ഥ പറഞ്ഞു അമൃതയും വീഡിയോ ചെയ്തിരിക്കുന്നു. എന്റെ സംശയം ഇങ്ങനെ ഈ പ്രശ്നം പബ്ലിക്കിൽ കൊണ്ടുവന്നു കൂടുതൽ വഷളാക്കാതെ പേർസണൽ ആയി പറഞ്ഞു തീർത്തുകൂടേ ഇവർക്ക്?. ആ കുഞ്ഞിനെ ഓർത്തെങ്കിലും!. കുഞ്ഞിനെ ഇങ്ങനെ മീഡിയയ്ക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുക്കണോ?. മുൻപങ്കാളിയുടെ കുറ്റവും കുറവും പബ്ലിക്കിൽ വന്നു വിളിച്ചുപറയുന്നത് കൊണ്ട് എന്ത് ഉപകാരമുണ്ട്?. നാട്ടുകാർക്ക് ഇതൊക്കെ കാണുന്നതും, ചർച്ച ചെയ്യുന്നതും, സൈബർ അറ്റാക്ക് ചെയ്യുന്നതുമൊക്കെ രസമായിരിക്കും. ഇതിനിടയിൽ നശിക്കുന്നത് ഇവരുടെ തന്നെ മെന്റൽഹെൽത്ത് ആണെന്ന് മറന്നുപോകുന്നു. ഇരകൾ ആക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ദുരവസ്ഥയെ പറ്റിയും ചിന്തിക്കുന്നില്ല.
ഒരർത്ഥത്തിൽ ആ കുട്ടിയുടെ ഇത്രയും കാലത്തെ ജീവിതം കടന്നുപോകുന്നത് വലിയ ട്രോമയിലൂടെയാണ്. ഓർമയുറക്കുന്നതിന് മുൻപ് അച്ഛനമ്മമാർ തമ്മിൽ പിരിയുന്നു, അച്ഛനും അമ്മയും സെലിബ്രിറ്റികൾ ആയതുകൊണ്ട് തന്നെ ആ വേർപിരിയലിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു… മാധ്യമങ്ങൾ ചർച്ച ചെയ്ത് ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു, അച്ഛനും അമ്മയും പബ്ലിക് ആയി പരസ്പരം ചെളിവാരി എറിയുന്നു, കുട്ടി വലുതാകും തോറും സ്വാഭാവികമായും പല ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കേണ്ട ബാധ്യത കുട്ടിക്ക് വരുന്നു, കുട്ടിയുടെ അച്ഛനാണോ ശരി അമ്മയാണോ ശരി എന്ന ചർച്ച സ്കൂളിൽ സൗഹൃദങ്ങൾക്കിടയിൽ തന്നെ നടക്കുന്നു, ഒരു പരിധി കഴിഞ്ഞപ്പോൾ അമ്മയുടെ സംരക്ഷണയിൽ നടക്കുന്ന കുട്ടിക്ക് എതിരെ തന്നെ സൈബർ ആക്രമണം വരുന്നു… അങ്ങനെ ഈ പന്ത്രണ്ടു വയസ്സിനുള്ളിൽ തന്നെ ആ കുട്ടി എന്തൊക്കെ ദുരനുഭവങ്ങളിലൂടെ കടന്നുപോയിരിക്കുന്നു. അതൊരു ചെറിയകുട്ടിയാണ് എന്നുപോലും ചിന്തിക്കാതെ എന്തൊക്കെ ദുഷിപ്പാണ് പലരും കമന്റ് ബോക്സുകളിൽ എഴുതിയിടുന്നത്. അമ്മയെ പോലെ നീയുമൊരു പ്രൊസ്റ്റിട്യൂട്ട് ആകുമെന്ന കമന്റൊക്കെ ഒരു പന്ത്രണ്ടു വയസ്സുകാരിയെ കുറിച്ച് ഞാൻ വായിച്ചത് ഞെട്ടലോടെയാണ്. അപ്പോൾ ആ കുഞ്ഞിന്റെയും കുടുംബത്തിന്റെയും മാനസികാവസ്ഥ എന്തായിരിക്കും?. ആ കുഞ്ഞിനെ തങ്ങളുടെ സ്വരച്ചേർച്ചയില്ലായ്മയുടെ ഇരയാക്കിയ മാതാപിതാക്കൾ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദികൾ എന്ന് പറയാതെ വയ്യ.
വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനമായൊരു ഘട്ടമാണ്, തീരുമാനമാണ് എന്നൊക്കെ എല്ലാവരും പറയും. പക്ഷേ എന്റെ അഭിപ്രായത്തിൽ രണ്ടുവ്യക്തികൾ ഏറ്റവും ആലോചിച്ചു എടുക്കേണ്ട തീരുമാനം ഒരു കുഞ്ഞിനെ ജനിപ്പിക്കണോ, വേണ്ടയോ എന്നതാണ്. മര്യാദക്ക് കുഞ്ഞിനെ നോക്കി വളർത്താൻ ഉള്ള ശാരീരികവും മാനസികവും വൈകാരികവുമായ പക്വത ഉണ്ടെങ്കിൽ മാത്രം കുഞ്ഞുങ്ങളെ ജനിപ്പിക്കുക. അല്ലാതെ കല്യാണം കഴിച്ചു, അടുത്തത് കുഞ്ഞിനെ ജനിപ്പിക്കുക ആണ് നാട്ടുനടപ്പ് അല്ലെങ്കിൽ എല്ലാവരും കുഞ്ഞായില്ലേ എന്ന് ചോദിക്കുന്നു എന്നതൊന്നും കൊണ്ട് കുഞ്ഞുങ്ങളെ ജനിപ്പിക്കരുത്. കുഞ്ഞ് ജനിച്ചു കഴിച്ചാൽ പിന്നെ ജീവിതകാലം മുഴുവൻ ആ കുഞ്ഞിനോട് ഒരു ഉത്തരവാദിത്തം പേരെന്റ്സിന് ഉണ്ട്. അത് അവർ ഭാര്യയും ഭർത്താവും ആയി തുടർന്നാലും, വേർപിരിഞ്ഞാലും പേരെന്റ്സ് എന്ന നിലയിലുള്ള ഉത്തരവാദിത്തം അവിടെ തന്നെയുണ്ട്. അത് മറന്നുകൊണ്ടാണ് ഇപ്പോൾ ആ കുഞ്ഞിനെപ്പോലും അവർ പബ്ലിക്കിലേക്ക് വലിച്ചിട്ടിരിക്കുന്നത്. ബാല പ്രകോപിപ്പിക്കും, മിക്കവാറും ആ പ്രകോപനത്തിൽ അമൃത വീഴും. ഇതിനൊക്കെ കമന്റ് ചെയ്യാനും, സൈബർ ആക്രമണം നടത്താനും അവരുടെ ജീവിതത്തെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത കുറേ കമന്റോളികളും. പബ്ലിക് റിയാക്ഷൻസ് കണ്ട് അവരുടെ ജീവിതം അനലൈസ് ചെയ്ത് വികാരവിക്ഷോപിതർ ആകുന്ന നമുക്ക് ആർക്കെങ്കിലും അറിയുമോ എന്തായിരുന്നു അവരുടെ യഥാർത്ഥ ജീവിതമെന്ന്?. എന്തായിരുന്നു അവർ തമ്മിലുള്ള പ്രശ്നങ്ങളെന്ന്?.
ബാലയായാലും അമൃതയായാലും നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് ആ കുഞ്ഞിനെ കരുവാക്കാതിരുന്നാൽ നന്ന്…ഈ പ്രായത്തിൽ തന്നെ ആ കുഞ്ഞ് വേണ്ടതിൽ അധികം ദുരിതം അനുഭവിച്ചു കഴിഞ്ഞു. അതിനൊരു സമാധാനമുള്ള ജീവിതം കിട്ടാൻ വേണ്ടിയെങ്കിലും രണ്ടുപേരും പരസ്പരമുള്ള… പബ്ലിക് ആയുള്ള വിഴുപ്പലക്കൽ നിർത്തുക. പ്രശ്നങ്ങൾ പേർസണൽ ആയോ, കോടതി വഴിയോ തീർത്താൽ നന്ന്… കമന്റോളികളോട് പറഞ്ഞിട്ട് കാര്യമില്ല. പബ്ലിക്കിൽ വരുന്ന വാർത്തകളോട് ഞങ്ങൾ ഞങ്ങൾക്കിഷ്ടമുള്ളത് പോലെ പ്രതികരിക്കും എന്ന് ന്യായം പറയുന്നവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. എങ്കിലും വിഷം തുപ്പുമ്പോൾ അതൊരു കുഞ്ഞാണ് എന്നൊരു പരിഗണന കൊടുക്കുക. അതിനറിയില്ല അച്ഛനാണോ, അമ്മയാണോ ശരി എന്ന്. ഓർമവച്ച കാലം മുതൽ നോക്കുന്നതും വളർത്തുന്നതും അമ്മയായതുകൊണ്ട് സ്വാഭാവികമായും അമ്മയോടേ കുട്ടിക്ക് സ്നേഹം വരൂ. അത് കുട്ടിയുടെ തെറ്റല്ല. ജന്മം കൊടുത്തു എന്നതുകൊണ്ടല്ലല്ലോ പ്രവൃത്തികൊണ്ടല്ലേ കുഞ്ഞുങ്ങൾക്ക് സ്നേഹം തോന്നൂ. അങ്ങനെയൊരു സാഹചര്യത്തിൽ ജീവിക്കുന്ന കുഞ്ഞിനോട് പോയി പിതൃസ്നേഹം ക്ലാസ്സെടുക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. ആ കുഞ്ഞ് കാണുന്നതേ അത് വിശ്വസിക്കൂ. അതിനുള്ള പക്വതയേ ആ കുഞ്ഞിനുള്ളൂ. ദയവുചെയ്ത് അമൃതയോടുള്ള വിരോധം ആ കുഞ്ഞിനോട് തീർക്കാതിരിക്കാനുള്ള മര്യാദ കാണിക്കുക.
ആരാണ് ശരി എന്ന് കാലം തെളിയിക്കട്ടെ…
അശ്വതി ജോയ് അറയ്ക്കൽ….
6 Comments
ഇതേ സാഹചര്യത്തിലൂടെ കടന്നു പോയവർക്ക് പെട്ടെന്ന് മനസിലാകും..
Nannayii ….
Well written 👍
കഷ്ടാണ് ട്ടോ…അല്ലേലും സെലിബ്രിറ്റി ആയാൽ പിന്നെ അവരും കുടുംബവും ഒരു പൊതുസ്വത്താണെന്നാണ് “പ്രബുദ്ധരായ” നമ്മൾ മലയാളികളുടെ ധാരണ. അതിനേക്കാൾ ക്രൂരമാണ് നമ്മുടെ മാധ്യമങ്ങളും. എന്നാണാവോ നമ്മളൊക്കെ ഒന്നു നന്നാവും?
അതേ, ഇങ്ങനെ യുദ്ധം ചെയ്യുന്ന മാതാപിതാക്കൾ കാരണം കുഞ്ഞുങ്ങൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ നിരവധിയാണ്
സത്യം