കാർ ഓടി കൊണ്ടിരുന്നു…
തല ഉയർത്തി നിൽക്കുന്ന കരിമ്പനകൾ പിന്നിലേക്ക് ഓടി മറയുന്നു. ദൃശ്യങ്ങളിൽ അവ്യക്തത.
അസ്നുവിന്റെ തട്ടം കൊണ്ട് കണ്ണട തുടച്ചു വീണ്ടും മുഖത്ത് വെച്ചു. ‘എന്ത് പറ്റി. അവൾ ചോദ്യ ഭാവത്തിൽ നോക്കി. ഒന്നുമില്ലെന്ന് ചുമൽ കൂപ്പി കാണിച്ചു വീണ്ടും പിന്നിലേക്ക് ഓടി മറയുന്ന കാഴ്ചകളിലേക്ക് ദൃഷ്ടി പായിച്ചു.
ഒരു മംഗള കർമ്മത്തിൽ പങ്കെടുക്കാനുള്ള യാത്രയിലാണ് ഞാനും ഭാര്യ അസ്നയും. വെള്ളിയങ്ങാട് എന്ന തമിഴ് നാട്ടിലെ ഒരു കാട്ടു ഗ്രാമത്തിലേക്ക്. ഞാൻ ആ
കത്തിലേക്ക് ഒന്ന് കൂടി പാളി നോക്കി. കൈപ്പട സീനുവിന്റേത് തന്നെ ആയിരിക്കണം.
ദീന എന്നാണ് അവന്റെ പേര്… അത് ദീനു ആക്കിയത് ഞാനാണ്. വെള്ളിയങ്ങാട്ടിലെ ഐ ടി സി പേപ്പർ ഫാക്റടറിയിൽ നിന്ന് തുടങ്ങിയ ഒരു ബന്ധം. സഹോദര ബന്ധം…
അവിടെ നിന്ന് പോന്നതിനു ശേഷം ആ ബന്ധം തുടരാൻ ആയില്ല. കത്തെഴുതാൻ അറിയില്ലായിരുന്നു അവന്. അല്ലെങ്കിൽ തന്നെ കത്തുകളും അത് കൊണ്ട് വന്നിരുന്ന പോസ്റ്റുമാൻ വേലായുധേട്ടനും മരിച്ചിട്ട് കാലമേറെ ആയിരിക്കുന്നു. എന്നിട്ടും ഒരു കത്ത് കൂടി എന്നെ തേടി വന്നിരിക്കുന്നു. സീനുവിന്റ കല്യാണ കത്ത്.
കൊച്ചരി പല്ലുകൾ കാട്ടി ചിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ മുഖം മനസ്സിലുണ്ട്.
രായണ്ണനെയും ഭുവനേശ്വരി അമ്മയെയും ഓർത്തു. കഠിനമായ കുറ്റബോധം തോന്നി. ചില മറവികൾ ജീവിത സാഹചര്യം കൊണ്ട് സംഭവിക്കുന്നതാണ് എങ്കിലും എനിക്ക് അന്വേഷിക്കാമായിരുന്നു. തേടി പിടിക്കാമായിരുന്നു. ചെയ്തില്ല എന്നല്ല അവരെ ഓർത്തില്ല എന്നതാണ് സത്യം.
നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടോ.
ഹേയ് ഇല്ല.
ഈ ദീനു അവരുടെ സ്വന്തം മകനല്ലല്ലോ. അസ്ന ചോദ്യത്തോടെ എന്നെ നോക്കി.
അല്ല വളർത്തു മകൻ.
വില കൊടുത്തു വാങ്ങിയ മകൻ.
ആ അപ്പൊ സ്വന്തം തന്നെ.
വില കൊടുത്തു എന്ത് വാങ്ങിയാലും അത് നമ്മുടെ സ്വന്തം തന്നെ.
അവളുടെ ആ യുക്തിയിൽ എനിക്കെന്തോ ഒരു പോരായ്മ തോന്നി.
അക്കാലങ്ങളിൽ ഉൾ ഗ്രാമങ്ങളിൽ നാടോടി സ്ത്രീകളിൽ നിന്നും കുട്ടികളെ വില കൊടുത്തു വാങ്ങാറുണ്ട് ചിലപ്പോൾ ആയിരം രൂപക്കോ ഒരു കുപ്പി മദ്യത്തിന് പോലും കുട്ടികളെ വാങ്ങാൻ കഴിയുമായിരുന്നു. മദ്യത്തിന് രക്തത്തേക്കാൾ കട്ടിയുണ്ടോ?
ഗാന്ധി പുരം കഴിഞ്ഞിരിക്കുന്നു അര മണിക്കൂർ യാത്ര കൂടിയുണ്ട്
കാരമടയിലേക്ക്. കാരമട കഴിഞ്ഞാൽ പിന്നെ യാത്ര കാട്ടിലൂടെയാണ്. ഈ യാത്രയിൽ പരിഭവങ്ങൾ പറഞ്ഞു തീർക്കണം. സ്നേഹ ബന്ധങ്ങൾ വീണ്ടെടുക്കണം. സൂര്യകാന്തി പാടങ്ങൾ കണ്ടു തുടങ്ങി. സീസൺ ആയിരിക്കുന്നു. വിടർന്നു നിൽക്കുന്ന പൂക്കൾ. അവ ആ ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ആവാഹിച്ചു പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.
ഈറ്റ വെട്ടുന്ന ജോലി ആയിരുന്നു രായണ്ണന്. കല്യാണം കഴിഞ്ഞു വർഷം ആറു കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയാത്ത അവർക്കിടയിലേക്ക് ദീനുവുമായി ഒരു നാടോടി എത്തുകയായിരുന്നു.
രായണ്ണന്റെയും ഭൂവനേശ്വരിയമ്മയുടെയും ജീവിതത്തിൽ പുതു വെളിച്ചം. മങ്ങി തുടങ്ങിയിരുന്ന സന്തോഷവും സമാധാനവും അവർ വീണ്ടെടുത്തു.
രായണ്ണനും ഭുവനെശ്വരിയമ്മക്കും ദീനു സ്വന്തം മകന് തന്നെ ആയിരുന്നു, ദീനുവിനു തിരിച്ചും അങ്ങനെ തന്നെ.
ദീന യുവാവായിരിക്കുന്നു. ഇന്ന് ദീനുവിനു ഒരു കുഞ്ഞു അനിയത്തി കൂടിയുണ്ട് സീന. രായണ്ണന്റെയും ഭുവനെശ്വരിയമ്മയുടെയും സ്നേഹത്തിനു ദൈവം കൊടുത്ത സമ്മാനം.
അക്കാലത്താണ് ഒരു ജോലി തേടി ഞാനും അവിടെ എത്തുന്നത്. ഞങ്ങൾ പരിചയപെട്ടു കൂട്ട് കൂടി. അതൊരു വല്ലാത്ത ബന്ധം തന്നെ ആയിരുന്നു ഞായറാഴ്ചകളിലെ ഒഴിവ് ദിനങ്ങൾ ഞങ്ങൾ ഉത്സവങ്ങളാക്കി മാറ്റി മിക്ക ഞായറാഴ്ചകളിലും എന്റെ ഉച്ചയൂണ് അവിടെ ആയിരുന്നു സ്നേഹത്തിന്റെ രുചിയുള്ള ആ ഊണ് ഇന്നും എന്റെ മനസ്സിലുണ്ട്.
ദീനു വിവാഹം കഴിച്ചത് ഞങ്ങളുടെ സഹ പ്രവര്‍ത്തകയെ തന്നെയായിരുന്നു രുക്കു. രുക്കുവിന്റെ ആ മനോഹര നയനങ്ങളില്‍ ഒന്നിന് മാത്രമേ ജീവനുള്ളൂ എന്നറിഞ്ഞിട്ടും അവളെ പ്രണയിച്ച ദീനു എനിക്കൊരു മാതൃക ആയിരുന്നു എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച മാതൃക.
ദീനുവിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തുമ്പോള്‍ നേരം സന്ധ്യയോടു അടുത്തിരുന്നു. ആലിപ്പഴം പെയ്തിറങ്ങിയ സന്ധ്യ , ആകാശ ഗംഗയില്‍ നിന്നും മുത്തു മണികള്‍ ഒരു അനുഗ്രഹമോ ആശീർവാദമോ ആയി ഞങ്ങളെ സ്വീകരിക്കാനായി പൊഴിഞ്ഞു കൊണ്ടേയിരുന്നു.
സ്വീകരിക്കാനായി ആ കുടുംബം മുഴുവൻ മുറ്റത്തേക്കിറങ്ങി വന്നത് അസ്നയെ അത്ഭുതപെടുത്തി. ഞാൻ അവളെ അഭിമാനത്തോടെ നോക്കി പുഞ്ചിരിച്ചു. എന്റെ കണ്ണുകൾ ദീനയെ തിരഞ്ഞു. അവനെങ്കെ… മലയാളം കലർന്ന തമിഴിൽ ഞാൻ തിരക്കി.
സീന എന്റെ കൈ പിടിച്ചു കൊണ്ട് പോയി ഭിത്തിയില്‍ തൂങ്ങുന്ന ആ വലിയ ചിത്രം കാണിച്ചു തന്നു. പെയ്തിറങ്ങുന്ന ആലിപഴങ്ങള്ക്ക് ശക്തി പ്രാപിച്ചു. കാറ്റ് ആഞ്ഞു വീശി. ഇരുമ്പ് കൂടം കൊണ്ട് ഒരു അടി കിട്ടിയ പോലെ തല മരവിച്ചു. ഒരു ആശ്രയത്തിനായി ഞാൻ സീനുവിന്റെ തോളിൽ ശക്തിയായി പിടിച്ചു. വർഷം മൂന്നു കഴിഞ്ഞു ഏട്ടൻ പോയിട്ട്, പാമ്പ് കടി ഏറ്റായിരുന്നു. സീന ഗദ്ഗദത്തോടെ പറഞ്ഞു.
ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നൊരു പരാതി പറയാന്‍ പോലും അവകാശമില്ലാതെ സങ്കടം ഇരമ്പുന്ന മനസ്സിനെ അടക്കി നിര്‍ത്തി ഞാൻ വിതുമ്പി. ആളുകൾ ശ്രദ്ധിക്കുന്നു, അസ്ന ശാസനയോടെ പറഞ്ഞു. ഞാന്‍ ആത്മ സംയമനം പാലിച്ചു. മരണ അറിയിപ്പ് കിട്ടിയിട്ട് വന്നവനല്ല ഞാന്‍ ഒരു കൂടി ചേരലിന് സാക്ഷിയായി യുവമിഥുനങ്ങളെ അനുഗ്രഹിക്കനായി എത്തിയവനാണ്. എന്റെ സങ്കടങ്ങള്‍ എന്റെ മാത്രം സങ്കടങ്ങള്‍ ആകട്ടെ ,
എന്റെ സാന്നിധ്യം രുക്കുവിന്റെ വിരഹ വേദനയെ വർദ്ധിപ്പിച്ചിരിക്കണം. രുക്കു ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ തുടക്കുന്നത് കാണാമായിരുന്നു. രുക്കുവിനോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു എങ്ങനെ ആശ്വസിപ്പിക്കണം എന്നും അല്ലെങ്കിലും ഇപ്പോൾ എന്ത് പറഞ്ഞാലും ആ സങ്കട കടലിന്റെ ആഴം ഇപ്പോൾ കൂടുകയേ ഉള്ളൂ.
രായണ്ണനും ഭുവനേശ്വരിയമ്മയും ഒക്കെ ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുക ആയിരുന്നു. തമിഴ് അറിയാതെ പകച്ചു നിന്നിരുന്ന അസ്നയെ രുക്കു ആ ആഘോഷത്തിന്റെ ഭാഗമാക്കി മാറ്റി.
നികത്താനാവാത്ത നഷ്ടത്തിന്റെ വേദന രുക്കുവിനെ പക്വതയുള്ള വീട്ടമ്മയായി മാറ്റിയിരിക്കുന്നു. ദുഃഖങ്ങള്‍ അവനവന്റെത് മാത്രമായി ശീലിക്കാന്‍ രുക്കുവും പഠിച്ചു കഴിഞ്ഞിരിക്കുന്നു. കുറച്ചു കഴിഞ്ഞു അസ്ന ദീനയുടെ മകളെയും എന്നെ കൊണ്ടുവന്നു കാണിച്ചു. ദീനയെ പറിച്ചു വെച്ച പോലെ ഒരു നാല് വയസ്സുകാരി സുന്ദരി കുട്ടി ലക്ഷ്മി.
ഈ കുടുംബം എന്നിലൂടെ ദീനയെ ആണ് കാണുന്നതെന്ന് മനസ്സിലാക്കിയ ഞാന്‍ കര്‍ത്തവ്യ നിരതനായി. ചെറിയ ശാസനകളിലൂടെയും ചെറിയ നിര്‍ദേശങ്ങളിലൂടെയും ആ കല്യാണത്തിന്റെ നേതൃത്തം ഏറ്റെടുത്തു. ഒടുവിൽ എന്റെ ദീനുവിന്റെ സ്ഥാനത്തു നിന്നു സീനയെ അനുഗ്രഹിച്ചു യാത്രയാക്കുമ്പോള്‍ എന്റെ കണ്ണുകൾ സജലങ്ങളായി അവളുടേതും.
ഇനി മടക്ക യാത്രയാണ്. ഏറ്റവും അടുത്ത് തന്നെ വീണ്ടും വരുമെന്നും ഫോൺ നമ്പറുകൾ പരസ്പരം കൈ മാറിയും പഴയ അകലങ്ങളെ അകറ്റി പുതിയ ബന്ധങ്ങളെ അടുപ്പിച്ചു. അസ്നയും രുക്കുവും പരസ്പരം ആലിംഗനം ചെയ്തും ഓരോരുത്തരോടായി യാത്ര പറഞ്ഞു.
ആ നനുത്ത സന്ധ്യയില്‍ ശുഭകരമായ ആശംസകള്‍ നല്കി കൊണ്ട് കൈകള്‍ വീശുന്നുണ്ടായിരുന്നു സ്നേഹ മയിയായ ആ വീട്ടുകാര്‍.
ആ കൈകളെ പുറകിലാക്കി കൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു.
അസ്നാക്ക് തീരെ മനസ്സില്ലായിരുന്നു അവിടെ നിന്നും തിരിച്ചു പോരാന്‍…
അവള് അവരുമായി അത്രയ്ക്ക് അടുത്ത് കഴിഞ്ഞിരിക്കുന്നു.
പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരു കുടുംബം മുഴുവൻ കൈകൾ വീശി കൊണ്ട് അപ്പോഴും ആ മുറ്റത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. കൂടെ എന്റെ ദീനയും.
ഫൈസൽ മന്ദലംകുന്ന്