ചില സാര-യുപദേശ കഥകൾ…..
അന്ന് ആണ് -പെൺ സൗഹൃദങ്ങളിൽ ‘മറ്റേതാണെന്നതിനും പ്രണയമാണെന്നതിനും’ സാക്ഷ്യപത്രങ്ങളെഴുതിക്കൊടുത്തിരുന്നവരെ ഇന്ന് പോലീസിലെടുത്തിട്ടുണ്ട്. ഓല് മാറൂലാ😄.
…ഇനിയും മുഴുപ്പളന്ന് അവളുടെ മാറിടത്തിനു പുറകിലെ ഹൃദയം തുരന്ന് ശേഷിക്കുന്ന കനലിനെ ആളിക്കത്തിക്കരുത്. കൂർത്ത നോട്ടങ്ങളെ മാന്തിപ്പൊട്ടിക്കാൻ ശേഷിയില്ലാതെ പത്തിതാഴ്ത്തിയ പ്രതികാരമിപ്പോളും ആഞ്ഞുകൊത്താനായി തക്കംപാർത്തിരിപ്പുണ്ട്. എന്നോ നിങ്ങളുടെ നോട്ടങ്ങളിൽ പൊള്ളി വ്രണമുണങ്ങാതെ ചലമൊലിക്കുന്ന വലിയൊരു അറയുണ്ടതിനുള്ളിൽ. അതിൻ്റെ ബഹിർസ്ഫുരണങ്ങൾ നിങ്ങൾക്ക് താങ്ങാനായെന്നു വരില്ല. പലപ്പോളും ഉള്ളിലെ നീറ്റലൊളിപ്പിച്ച് നിങ്ങളെ തളർത്താനായി അവൾ ഓർമ്മപ്പെടുത്തിയ അമ്മയില്ലായ്മ നിങ്ങളെ തൊട്ടിട്ടേയില്ലെന്ന് ഇപ്പോളും അവൾക്കുറപ്പുണ്ട്. അതുകൊണ്ടാണല്ലോ അരക്കെട്ടിനുതാഴെ അന്നും ഇന്നും നിങ്ങൾക്ക് നനവുപറ്റുന്നത്.
എങ്കിലും അവളുടെ ഉടലളവുകളിൽ ത്രസിക്കുന്ന നയനസുഖിയന് മനസ്സ് തെറ്റിപ്പോകുന്ന മൂന്നിടങ്ങളുണ്ട്. ഒന്ന് പെങ്ങളൂട്ടിയുടെ പുറകിൽ ബോഡീഗാർഡ് ചമഞ്ഞ് മസിലു പെരുപ്പിച്ച് നടക്കുമ്പോളാണത്. തൻ്റെ കണ്ണുകൾ എങ്ങനെയാണ് മറ്റൊരുവളിൽ സഞ്ചരിച്ചിരുന്നതെന്ന് എതിർവശത്തെ പാമരനെനോക്കി അളക്കാനും അവൻ്റെ മെക്കിട്ടുകേറി കൈതരിപ്പ് തീർത്ത് ആളാകാനും ശ്രമിക്കുമ്പോൾ നോട്ടം തെറ്റാതെ ഒളിപ്പിച്ച ചിരിയോടെ അരക്കെട്ടിലെ നനവിൽ നിങ്ങളിലെ പൂച്ച പതുങ്ങുന്നുണ്ടാകും. പലപ്പോളും ഒരു ചെന്നായയെ കണ്ട അറപ്പോടെയും ഭയപ്പാടോടെയും നിങ്ങളുടെ സഹോദരിയുടെമാത്രം പ്രായമുള്ള അവൾ, തൻ്റെ പഠനത്തെയും സ്വപ്നങ്ങളെയും വഴിയിൽവച്ച് കഴുമരത്തിലേറ്റിയതിനു പിന്നിലെ യഥാർത്ഥ ഘാതകൻ നിങ്ങളായിരുന്നു. നിങ്ങളിലെ നോട്ടക്കൊതികളെ അടക്കിനിർത്താൻ ഗത്യന്തരമില്ലാതെയാണ് തൻ്റെ സ്വപ്നച്ചിറകുകളരിഞ്ഞെടുത്തവൾ തീക്കുണ്ടത്തിലെരിച്ചത്. അപ്പോളും നിങ്ങൾ ഒരു ജേതാവിൻ്റെ തലയെടുപ്പോടെ രണ്ടാൾ പൊക്കത്തിൽ ഞെളിഞ്ഞുനിന്ന് റോഡിൻ്റെയും തോടിൻ്റെയും നാലു ദിക്കുമളന്ന് കണ്ണിൽ മുഴുപ്പുകളെ കൊരുക്കും.
ഇനിയൊന്ന് നിങ്ങൾ ഒന്നിനെക്കെട്ടി കൂടെ പൊറുപ്പിക്കുമ്പോളാണ്. അവളുടെമേൽ വന്നുവീഴുന്ന നോട്ടങ്ങളൊക്കെയും കലുഷിതമായൊഴുകുന്ന പുഴപോലെ നിങ്ങളിൽ കുത്തിമദിക്കും. നോട്ടങ്ങളുടെ വേവിൽ നിങ്ങളിലെ ആണത്തത്തിനു പൊള്ളലേൽക്കും. തൻ്റെ പെണ്ണിനെ വരിഞ്ഞുമുറുക്കിയ നോട്ടങ്ങൾക്കിടയിൽ അവളുടെ നോട്ടം തെറ്റിപ്പോകുന്നുണ്ടോയെന്ന് നിങ്ങൾ ആഞ്ഞാഞ്ഞു തിരയും. കണ്ണുകൾ തമ്മിൽ വല്ല വ്യാജഭാഷയും കൈമാറിയോ എന്നുള്ള ഒരു നൂറ്, നൂറ്റിമുപ്പത് സംശയങ്ങളുടെ കൂരമ്പുകളായിരിക്കും മൂട്ടിൽ തറച്ചുനിൽക്കുന്നത്. ഇരിക്കാനും കിടക്കാനും വയ്യാതെ നിങ്ങൾ വെരുകിനെപ്പോലെ ഞെളിപിരികൊള്ളും. മിക്കവാറും കെട്ടിയിട്ടവളുടെ തുണിയൽപ്പം നീങ്ങിപ്പോയതിൻ്റെ പ്രഹരങ്ങളിൽ ന്യായവിധിക്കു മൂപ്പ് കൽപ്പിക്കും. ഏറുപടക്കം വീണ നെഞ്ചിലെ തീ അവളുടെ പുറത്തുതന്നെയിട്ടു പൊട്ടിച്ച് നിങ്ങളാ തീയണയ്ക്കും. സംശയരോഗങ്ങൾക്ക് വെടിവഴിപാടുതന്നെ ചിലപ്പോൾ നേർച്ചയാക്കിയിട്ടുണ്ടാകും.
അതിനിടയിലും അവളുടെ ഉടലളവുകളിൽ ചേർന്നു കിടന്ന് അരക്കെട്ടിൻ്റെ ഉറപ്പിൽ നിങ്ങൾ അഹങ്കരിക്കും. ചിലപ്പോൾ സുഖാലസ്യങ്ങൾക്ക് വൈകൃതങ്ങളുടെ യഥാർത്ഥ മുഖം വെളിവാക്കും. പൂച്ചയുടെ കൈയിലകപ്പെടുന്ന എലിയെപ്പോലെ എങ്ങോട്ടുമുരുട്ടാനുള്ള വെറുമൊരു നേരമ്പോക്കിനുള്ള ഉപകരണമായിട്ടുണ്ടാകും നിങ്ങൾക്കവളപ്പോൾ.
കൗതുകംതീർന്ന കളിപ്പാട്ടങ്ങളെ പൊതുവേ കുട്ടികൾ ഉപേക്ഷിക്കുകയാണ് പതിവ്. അവരുടെ ബുദ്ധിയുടെ വളർച്ചയാണത്. നിങ്ങൾക്ക് ഇണയോട് മാന്യത പുലർത്താനായില്ലെങ്കിൽ അവളെ തിരിച്ചേൽപ്പിക്കാനുള്ള കൽപ്പന ബാധിക്കപ്പെടാത്തവനെപ്പോലെ ആണഹന്ത നിങ്ങളെ മുച്ചൂടും മൂടും. As an equipment.. ദിവസവും അവളുടെ ഉപ്പുനോക്കി അതൃപ്തിയുടെ തീൻമേശയിലിരുത്തി നിങ്ങളവളെ മുള്ളുതീറ്റിക്കും. ഉള്ളിലെ ചിരി മറച്ചുവെച്ച് അവളപ്പോൾ പറയുന്നുണ്ടാകും, നിങ്ങൾ ഖബറടക്കിയ മയ്യിത്തിനെന്തു വികാരങ്ങളാണെന്ന്. നിങ്ങളതു കേൾക്കാഞ്ഞിട്ടാണ്. തീർച്ചായും നിങ്ങളതു കേൾക്കാഞ്ഞിട്ടുതന്നെയാണ്.
ഉറങ്ങിയെന്ന് ഉറപ്പ് വരുത്താൻവേണ്ടിമാത്രം അൽപ്പം കിടന്നെണീറ്റ് അതിരാവിലെ അടുക്കളയിലെയാ ഉപകരണത്തിൻ്റെ സ്വിച്ചമർത്തും അവൾ. ഒരിക്കൽ ഓണാക്കിയാൽ ഒരിക്കലും ഓഫാക്കാൻ പറ്റാത്ത, ഒരിക്കൽപോലും എണ്ണയിട്ടു കൊടുക്കാൻ സാധ്യതയില്ലാത്ത തേയ്മാനംമാത്രം സംഭവിക്കാനിടയുള്ള, ഒരിക്കലും വർക്കുഷാേപ്പ് കയറ്റാത്ത യന്ത്രമായിത്തീരുന്നതറിയാതെയായിരിക്കും അവളാ സ്വിച്ചമർത്തുന്നത്.
അവളെ നിങ്ങൾ മക്കൾക്കും വെറുമൊരു ഉപകരണമാക്കിക്കളയും.
മൂന്നാമത്തേത് നിങ്ങൾ മകളുടെ ലോകത്തായിരിക്കുമ്പോളാണത്. കഴുകൻനോട്ടങ്ങളുടെ യഥാർത്ഥ പൊരുളറിയുന്ന നിങ്ങൾ അവൾക്കുമുമ്പിൽ എപ്പോളുമൊരു പരിചയായിരിക്കാൻ ഒരഭ്യാസിയുടെ
മെയ്വഴക്കത്തോടെ എന്നും ഊണും ഉറക്കവുമൊഴിച്ച് കാവലിരിക്കും. തെറ്റിപ്പോയ തൻ്റെ പഴയ നോട്ടങ്ങൾ ഇന്ന് ചെന്നു നിൽക്കുന്നത് തൻ്റെ രാജകുമാരിയുടെ പൂമേനിയിലായിരുന്നെന്ന് നിങ്ങൾ തിരിച്ചറിയുന്നത് അപ്പോൾമാത്രമായിരിക്കും. അപ്പോൾമാത്രമാണ് പെണ്ണെന്നാൽ ഉടലളവുകളിൽ മുഴുത്തു നിൽക്കുന്ന മാംസബിംബമല്ലെന്നും ഇടുപ്പിനുള്ളിലെ ഗർഭഗൃഹത്തിൽ തന്നെ സംരക്ഷിച്ചുനിർത്തി, യോനി പൊട്ടിയൊഴുകുന്ന വേദനയിലും നിറഞ്ഞ സന്തോഷത്തോടെ നിന്നെ മാറോട് ചേർത്ത്, നിന്നെ മുലയൂട്ടി, ഇന്നീ നിലയ്ക്ക് അഹങ്കരിക്കുന്ന ആണാക്കിമാറ്റിയ, അമ്മയെന്ന ഈ ഭൂമിയെത്തന്നെയും വിരൽത്തുമ്പിൽ കറക്കുന്ന, നാളത്തെ ഭരണകർത്താക്കളെ തൊട്ടിലിലിട്ടാട്ടുന്ന, രാഷ്ട്രനിർമ്മാണത്തിൽ പുരുഷനോളമോ അതിനു മുകളിലോ പങ്കും പ്രാധാന്യവുമുള്ള രാഷ്ട്രശില്പിയാണ് അവളെന്ന ബോധം നിങ്ങൾക്കുണ്ടാകൂ.
ഇപ്പോളും തുരുമ്പെടുത്ത് ദ്രവിച്ചയാ ഉപകരണത്തിന് നിങ്ങൾ വലിയ വിലയൊന്നും കാണുന്നുണ്ടാകില്ല. അതിനെ മണ്ണിലേക്കു വലിച്ചെറിയുന്ന നേരത്തെയാ ശൂന്യതയ്ക്ക് നിങ്ങളാ ഉപകരണത്തെ ഒന്നു മഹത്ത്വപ്പെടുത്തിയെന്നിരിക്കും. അത്രമാത്രം. ഒടുവിൽ അവൾക്കൊരു പദവി നൽകി പതിയേ മറവിയെ കൂട്ടുപിടിക്കാൻ തിടുക്കം കൂട്ടും.
സ്ത്രീ സൗന്ദര്യമാണ്,
പുരുഷൻ സൗന്ദര്യാസ്വാദകനും.
തൻ്റെ സൗന്ദര്യത്തെ അവൾ പൊതിഞ്ഞു പിടിക്കുന്നതിലും നല്ലത് നിങ്ങളുടെ ആസ്വാദനപരിധിയ്ക്കു വരയിടേണ്ടതെവിടെയെന്ന സ്ഥലകാലബോധത്തോടെ നടക്കുന്നതായിരിക്കും. അതു നിങ്ങളെ മിനിമം കോടതിയിലേക്കെത്തുംമുമ്പുള്ള തല്ലുകൊള്ളാതിരിക്കലിനെങ്കിലും മരുന്നാകുന്നതാണ്.
പിന്നെ അന്നീ ഭൂമി ഇത്രത്തോളം വലുതായിരുന്നില്ല. നോട്ടങ്ങൾക്കാണേൽ ഭീതിയുടെ അകലവും. മനുഷ്യർ പെറ്റ് പെരുകിയപ്പോൾ അത്രത്തോളംതന്നെ വലുതായ ഭൂമി അവന് ലോകത്തെ കൈപ്പിടിയിലാക്കിക്കൊടുത്തു. കൈവെള്ളയിലൊതുങ്ങിയ ലോകത്ത് ഒന്ന് വിരലിട്ടുതിരിക്കാനുള്ള അല്പനിമിഷസുഖത്തിലേക്ക് തൻ്റെ അരക്കെട്ടുയർത്തുന്ന, ഉടൽമുഴുപ്പുകളിൽ വലിയ താത്പര്യമില്ലാത്ത ചില കൂറ്റൻ കഴുകൻമാരുണ്ട്. കുഞ്ഞിളം പ്രായത്തിലേ തൻ്റെ ഓർമ്മകളിലേക്കും ചിന്തകളിലേക്കും അടിച്ചേൽപ്പിക്കപ്പെടുന്ന മിഠായിക്ക് മധുരമായിരുന്നില്ല ചവർപ്പായിരുന്നെന്ന ഉറപ്പിലേക്ക് തുടപൊട്ടിയൊലിച്ച കുഞ്ഞുപൂമ്പാറ്റകളെ കൊത്തിത്തിന്നുന്നവൻ. കുത്തിപ്പൊട്ടിക്കേണ്ടത് അവൻ്റെ കണ്ണാണോ അരക്കെട്ടാണോ എന്ന ചോദ്യത്തിന് ഈ ലോകത്തെ വികൃതമായി നോക്കിക്കാണുന്ന അവൻ്റെ കണ്ണാണെന്നു പറയേണ്ടി വരുന്നതിൽ ഒട്ടും സംശയിക്കേണ്ടതില്ല.
ഓൺലൈനിൽ ഒരു തുണ്ടു ഭൂമി സ്വന്തമായുള്ള ഏതൊരു പെണ്ണിനുനേരെയും കാണിക്കുന്ന പച്ച വെളിച്ചത്തിൽ, ശിവരാത്രിയ്ക്ക് തിരക്കഥ രചിക്കുന്ന അല്പന്മാരുടെ പഞ്ചാര കമിഴ്ത്തലിൽ വീണുപോകുന്ന അവൻ്റെ ഇട്ടാവെട്ടത്തിലെ അവനെപ്പോലുള്ള ഒന്നുരണ്ടു പെണ്ണുങ്ങളുടെ മനശാസ്ത്രംവെച്ച് ഭൂമിയിലെ മുഴുവൻ പെണ്ണുങ്ങൾക്കും മധുരം വിളംബരുത്. എനിക്കിതുവരെ ഷുഗറില്ലെടോ. ഇനി വരുത്താനും താത്പര്യമില്ലെന്ന് അവൾ ഗർവ്വോടെ വിളിച്ചുപറയും.
NB: പെണ്ണിനെ, വീടിനുവെളിയിൽ കൂർത്ത നോട്ടങ്ങളുടെ അളവുപാത്രമായും വീട്ടിനുള്ളിൽ വേവുന്ന വയറിൻ്റെയും ഉടലിൻ്റെയും വെറും ആറ്റുപാത്രമായുംമാത്രം കാണക്കാക്കുന്ന, തല്ലല്ലാതെ മറ്റൊരു പ്രതിവിധിയും നിലവിലിൽ ചികിത്സയില്ലാത്ത, ഇന്നും മഹാരോഗികളായി തുടരുന്ന മാഹാന്മാരോടു പറയാനുള്ളത്.
______________________________
8 Comments
സൂപ്പർ സൂപ്പർ 👍👍
Super 👏🏻👏🏻👏🏻👏🏻
നന്നായി എഴുതി👌
കുത്തിക്കുറിച്ചതെല്ലാം മഹാസത്യങ്ങൾ……. പച്ചയായ യാഥാർത്ഥ്യങ്ങൾ….. പ്രതിഷേധിക്കുന്ന സ്ത്രീകൾ പുരുഷന്മാരുടെ കണ്ണിലെ കരടാണെന്ന് നാം അറിഞ്ഞു കൊണ്ടേയിരിക്കുന്നു.
ഒരു പാടിഷ്ടമായി❤️🌷👌
Oh.. Super
പെണ്ണെ നീ തീയാവുക എന്ന് പറഞ്ഞത് നിന്നോടോ ഹഫ്സൂ…
തല്ലുകൊള്ളില്ലായിരിക്കും😄😜
Oh.. Super