പ്രിയ സുനിതേ,
നിൻ്റെ കത്ത് കിട്ടി. മകൻ്റെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം. ഹോളിവുഡ് പോലെയുള്ള വലിയൊരു ലോകത്ത് കാസ്റ്റിങ് ഡയറക്ടർ പദവിയിലേക്ക് എത്തപ്പെടുക എന്നു പറഞ്ഞാൽ, വലിയൊരു കാര്യമല്ലേ? നിന്നിലെ മാതാവിന് സായൂജ്യമടയാം. വളരെ വൈദഗ്ധ്യം വേണ്ടുന്ന മേഖലയാണെന്ന് നീ പറഞ്ഞത് ഞാനോർക്കുന്നു. അവന് എല്ലാ ഭാവുകങ്ങളും നേരുന്നു. പിന്നെ നിൻ്റെ ആസ്ട്രേലിയക്കാരൻ കെട്ടിയോൻ എന്ത് പറയുന്നു? പുള്ളിയുടെ പശു ഫാം നന്നായി പോകുന്നുവോ? പാൽമണം നിറഞ്ഞ നിൻ്റെ വീട് കാണാൻ കൊതിയായി. സ്റ്റീവിനോട് എൻ്റെ അന്വേഷണം അറിയിക്കുക. നിൻ്റെ പുതിയ ജോലി എങ്ങനെയുണ്ട്? അവിടെ എപ്പോഴും മലയാളി നഴ്സുമാർക്ക് നല്ല ഡിമാൻഡാണല്ലോ.
ഇവിടെ സ്കൂൾ തുറന്നു. മഴക്കാലം തുടങ്ങി. പകലൊക്കെ കട്ടനും കുടിച്ച് ജനലിലൂടെ മഴയും നോക്കിയിരിക്കുന്നത് ഒരു ഹരമായിട്ടുണ്ട്. ദിനേശേട്ടന് ഡപ്യൂട്ടി കളക്ടറായി സ്ഥാനക്കയറ്റം കിട്ടി. കുറച്ചു ദൂരെയാണ് പോസ്റ്റിങ്ങ്. തഹസിൽദാർ ആയിരുന്ന സമയത്ത് ഉണ്ടായിരുന്ന പോലെയാണ് എപ്പോഴും തിരക്ക്. രാത്രി വരുമ്പോൾ വളരെ വൈകും. പരസ്പരമുള്ള തുറന്നു പറച്ചിലുകൾ കുറഞ്ഞു. അതിനാൽ ഞങ്ങൾക്കിടയിലുള്ള വഴക്കുകളും കുറഞ്ഞു. രാത്രിയിൽ മടങ്ങിയെത്തുന്നതു തന്നെ ഉറങ്ങാനാണെന്ന് തോന്നി പോകും.
ജോലിഭാരം കൂടിയത് കൊണ്ടാണോയെന്തോ, മദ്യപാനവും സ്ഥിരമായിട്ടുണ്ട്. ഒരേ കട്ടിലിൽ ഉറങ്ങുന്നതു മാത്രമായി ഞങ്ങളുടെ ഇടയിലുള്ള ബന്ധം. ഒരു ട്രെയിനിലെ യാത്രക്കാരെ പോലെയാണ്, ഇടയ്ക്കിടെ കണ്ണുകൾ കൂട്ടിമുട്ടും, പരസ്പരം എന്തെങ്കിലും മിണ്ടും. യാത്രയ്ക്കിടയിൽ റിഫ്രഷ് ആകാനായി ചായ കുടിക്കുന്നത് പോലെ, കട്ടിലിൽ എൻ്റെ വശത്തേയ്ക്ക് ചരിഞ്ഞു കിടന്ന് ആഗ്രഹപൂർത്തീകരണം നടത്തി തിരിഞ്ഞു കിടക്കും. ഞങ്ങളുടെ ദാമ്പത്യയാത്ര മറുകരയെത്താറായി. അൻപതു കഴിഞ്ഞ പുരുഷൻമാർ സ്വന്തം ഭാര്യയോട് മാത്രമാണോ ഇങ്ങനെ അരസികമായി പെരുമാറുന്നത്. ഞങ്ങളുടെ ദാമ്പത്യ വല്ലരി ശൈത്യകാലത്ത് മുരടിക്കുകയും വസന്തകാലത്ത് മാത്രം തളിർക്കുകയും ചെയ്യുന്ന ഒന്നായി മാറി.
മക്കളുടെ പഠനം അവർക്കിഷ്ടമുള്ളതു പോലെയവർ കൊണ്ട് പോകുന്നു. അവരുടെ അഭിപ്രായത്തിൽ മാതാപിതാക്കൾ കുട്ടികളുടെ കാര്യത്തിൽ അമിതമായി ആശങ്ക പെടേണ്ടതില്ല. മകൻ പ്ലസ്ടു വിലും മകൾ ഒമ്പതാം ക്ലാസ്സിലും പഠിക്കുന്നു. കൗമാരത്തിന്റെ സമയമായതു കൊണ്ടാകും രണ്ടാൾക്കും ദേഷ്യവും വാശിയും കൂടുതലാണ്. അവരുടെ പൊളിറ്റിക്കൽ സയൻസ് ടീച്ചറുടെ മികവാണോ? അതോ അവരുടെ തലമുറയുടെ പ്രത്യേകതയാണോ? കടമകൾ പഠിച്ചില്ലെങ്കിലും അവകാശത്തെ കുറിച്ച് പൂർണമായ ബോധ്യമുണ്ട്. ചെയ്യേണ്ടത് ചെയ്തില്ലെങ്കിലും വാങ്ങേണ്ടത് ചോദിച്ചു വാങ്ങാറുണ്ട്.
ഞാനിപ്പോൾ എൻ്റെ അവകാശങ്ങളെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരികുന്നു. എപ്പോഴും അതാണ് ചിന്ത. എനിക്കുമില്ലേ അവകാശങ്ങൾ. ഭാര്യയെന്ന നിലയിൽ, അമ്മയെന്ന നിലയിൽ, ഒരു സ്ത്രീയെന്ന നിലയിൽ. എൻ്റെ ആഗ്രഹങ്ങൾ, അതെനിക്ക് എത്ര വലുതാണ്. ഇപ്പോഴെൻ്റെ ഏറ്റവും വലിയ ആഗ്രഹം നിന്നെ കാണാൻ ആസ്ട്രേലിയയിൽ വരണമെന്നതാണ്. നിൻ്റെ വീടു കാണണം, പാൽ മണമുള്ള ആ വീട്ടിലിരുന്ന് നിൻ്റെ കൈ കൊണ്ടുണ്ടാക്കിയ കോട്ടേജ് ചീസ് കഴിയ്ക്കണം.
നിൻ്റെ മറുപടികത്ത് വന്നിട്ട് യാത്രയുടെ കാര്യം ഇവിടെ അവതരിപ്പിക്കാം. നിന്നോടൊപ്പം കുറച്ചു ദിവസം കഴിയണം. എൻ്റെ ചെറുപ്പം വീണ്ടെടുക്കണം. ഞാൻ ആരുമറിയാതെ പാസ്പോർട്ട് പുതുക്കി വാങ്ങി. യാത്രയുടെ കാര്യം അവതരിപ്പിക്കുമ്പോൾ നൂറുകൂട്ടം തടസങ്ങൾ നിരത്തും. ഇഴയടുപ്പം കുറയുമ്പോൾ ബന്ധങ്ങൾ ശൈഥില്യമാകും. അത് പാടില്ല. എനിക്കൊരു അപ്ഡേഷൻ വേണം. എന്തായാലും തീരുമാനിച്ചു കഴിഞ്ഞു. രണ്ടാഴ്ച ഞാനില്ലാതെ… അവർക്കും ഒരു ചേഞ്ച് വേണ്ടേ.
പണ്ടേ നമ്മൾ കൂട്ടുപ്രതികളാണല്ലോ, ഈയിടെ ഒരു ബന്ധുവിന്റെ കല്യാണത്തിന് ഒത്തു കൂടിയപ്പോഴാണ് നാത്തൂൻ്റെ മകൾ ആ വെടി പൊട്ടിച്ചത്. തിരിച്ച് കാറിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ മകൾ, അവളുടെ അച്ഛൻ്റെയും സഹോദരൻ്റെയും സാന്നിധ്യത്തിൽ എന്നോട് ആ ചോദ്യം ചോദിച്ചത്.
“അമ്മ കല്യാണത്തിന് മുൻപ് ആരുടെ കൂടെയാണ് ഒളിച്ചോടിയത്? രണ്ട് മൂന്ന് ദിവസം എവിടെയായിരുന്നു? “
ആ ചോദ്യത്തിന് മുന്നിൽ ഞാൻ ചൂളിപോകുമെന്ന് അവൾ കരുതി. എയർ കണ്ടിഷൻ ഓണാക്കിയിട്ടും അവളുടെ അച്ഛൻ വിയർക്കുന്നത് എനിക്ക് കാണാമായിരുന്നു.
“ഒളിച്ചോട്ടമായിരുന്നില്ല എൻ്റേത്. എൻ്റയൊരു ആത്മാർത്ഥ സുഹൃത്ത് അപകടകരമായ ഒരു ബന്ധത്തിൽ ചാടി. വീട്ടിലെ പണിക്കാരനായ തമിഴനോടൊപ്പം ചെന്നൈയിലേക്ക് വണ്ടി കയറി. ഞാനെത്ര പറഞ്ഞിട്ടും അവൾ കേട്ടില്ല. ഞാനവരറിയാതെ അതേ ട്രെയിനിൽ അവരെ പിൻതുടർന്നു. റയിൽവേ സ്റ്റേഷനിൽ വച്ചു ഒരു കുറിപ്പെഴുതി അച്ഛന് പോസ്റ്റ് ചെയ്തു. അന്ന് എല്ലായിടത്തും ഫോണില്ല. ചെന്നൈ സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ തമിഴനോടൊപ്പം കുറെ ആളുകൾ ഒത്തു കൂടി. സംഭവം പന്തിയല്ലെന്ന് കണ്ടു ഞാൻ റയിൽവേ പോലീസിൽ അറിയിച്ചു. അവർ ഞങ്ങളെ നാട്ടിലെത്തിച്ചു. എൻ്റെ വീട്ടുകാർക്ക് എല്ലാ സത്യവും അറിയാം. അവർക്ക് എന്നെ വിശ്വാസമായിരുന്നു. “
അവൾക്ക് കെട്ടുകഥകളല്ലേ അറിയൂ. ഞാനവളുടെ വായടപ്പിച്ചു. ഞാനെന്തോ മഹാപരാധം ചെയ്ത പോലെയായിരുന്നു മകൻ്റെ നോട്ടം. അന്ന് ഞാൻ നിന്നെ പിൻതുടർന്നത് നന്നായില്ലേ. അത് കാരണം അവർക്ക് നിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നമ്മുടെ സൗഹൃദ ത്തിൻ്റെ ആഴം ഈ കുട്ടികൾക്കറിയില്ലല്ലോ.
കൂടുതലെഴുതി ദീർഘിപ്പിക്കുന്നില്ല. എൻ്റെ അക്ഷരങ്ങളിലൂടെയാണ് നീ മലയാളത്തെ ഓർക്കുന്നതെന്ന് കേട്ടപ്പോൾ സന്തോഷം. എൻ്റെ വാട്ട്സാപ്പും ഫേസ്ബുക്കുമൊന്നും സ്വകാര്യമല്ലെനിക്ക്. എൻ്റെ ഫോണിവിടെ പൊതുസ്വത്താണ്. എൻ്റെ പേരിൽ വരുന്ന കത്തുകളും മാസികകളുമൊന്നും ഇവിടെ ആരും തിരിഞ്ഞു നോക്കാറില്ല. കാരണമവരെല്ലാം അക്ഷരവിരോധികളാണ്.
നിനക്ക് എൻ്റെ അച്ഛൻ നമുക്ക് പറഞ്ഞു തന്ന അമ്മചിലന്തിയുടെ കഥ ഓർമയുണ്ടോ? ആത്മഹത്യാപരമായ മാതൃപരിചരണം. തൻ്റെ ശരീരമാണ് ഭക്ഷണമായി അമ്മ കുഞ്ഞുങ്ങൾക്ക് നല്കുന്നത്. ആ അമ്മചിലന്തി തൻ്റെ വിധിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കാറില്ല. എന്താണ് അതിനു പറയുന്നത് “മാട്രിഫാഗിയോ”?
നമുക്കു ചുറ്റുമുള്ള ചുരുക്കം ചില അമ്മമാർ സ്വന്തം ജീവിതം മക്കൾക്ക് വേണ്ടി ബലികഴിക്കാറില്ലേ. ഞാനെന്തായാലും അത്തരമൊരമ്മയല്ല. മണ്ണിരയെപോലെ… രണ്ടാക്കിയാൽ രണ്ടു കഷണങ്ങൾക്കും ജീവൻ വയ്ക്കണം.
നിൻ്റെ മറുപടി പെട്ടെന്ന് വേണം. നിർത്തട്ടെ. കുട്ടികൾ വരാൻ സമയമായി. സുഖിയൻ ഉണ്ടാക്കാൻ ചെറുപയർ പുഴുങ്ങി വച്ചിട്ടാണ് ഞാൻ കത്തെഴുതാനിരുന്നത്. വാതിൽ തുറക്കാൻ വൈകിയാൽ പിന്നെ ദേഷ്യമായി. എഴുത്തായിരുന്നുവെന്നറിഞ്ഞാൽ രണ്ടാളും ഇന്നു മുഴുവനും ദുർമുഖം കാണിയ്ക്കും. ഇതൊന്നൊളിപ്പിച്ച് വച്ചിട്ട് അടുക്കളയിലേയ്ക്ക് ചെല്ലട്ടെ. അമ്മ പറഞ്ഞിട്ടുണ്ട് ഒരാളുടെ മനസ്സിലേയ്ക്ക് കയറാൻ എളുപ്പവഴി, അയാളുടെ നാക്കിലൂടെയാണെന്ന്, ഇഷ്ട രുചികളായി.
നിൻ്റെ സ്വന്തം
രത്നം¸
എയർ പോർട്ടിലേക്കുള്ള യാത്ര മദ്ധ്യേ മുംബെയിൽ നിന്നും മൂത്തചേട്ടൻ ഫോണിൽ വിളിച്ചു പറഞ്ഞ കാര്യങ്ങൾ രത്നത്തിന്റെ മനസ്സിൽ കിടന്നു പുകയുകയായിരുന്നു.
“രത്നം നിന്നെ ഞങ്ങൾക്ക് മനസിലാകുന്നില്ല. നീ എന്തൊക്കെയാ കാട്ടിക്കൂട്ടുന്നത്. പാവം ദിനേശനായിട്ടാണ്, നിന്നെ ഇങ്ങനെ കയറൂരി വിടുന്നത്. ഞാനായിരിക്കണം ആ സ്ഥാനത്തു, എങ്കിൽ നീ അടങ്ങിയൊതുങ്ങി വീട്ടിലിരുന്നേനെ. കുട്ടികളെയും ഭർത്താവിനെയും വീട്ടിലാക്കി നിന്റെ ഒരു ഊരുചുറ്റ്. സുനിതയുടെ ചരിത്രമൊക്കെ നിനക്കറിയാലോ. പണ്ടും നീ സുഹൃത്തുകൾക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുത്തവളല്ലേ. നിനക്കൊരു പ്രശ്നം വരുമ്പോൾ ആരും ഉണ്ടാകില്ല, സഹോദരനായ ഈ ഞാൻ പോലും. ആദ്യം സ്വന്തം കുടുംബത്തിന്റെ കാര്യം, അതല്ലേ ഉത്തമയായ ഒരു സ്ത്രീയുടെ മുൻഗണന. ഇനിയിപ്പോൾ ദിനേശൻ നിന്നെ ഉപേക്ഷിച്ചാലും ഞങ്ങളാരും ഒന്നിലും ഇടപെടാൻ വരില്ല. അതോടെ തീർന്നു എല്ലാമെന്നു കരുതിക്കോ. ” എല്ലാം കേട്ട്, ഒന്നും പറയാതെ ഫോൺ കട്ടാക്കി.
രത്നത്തെ ആസ്ട്രേലിയയിലേയ്ക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള സുനിതയുടെ മറുപടി കത്ത് വന്നതും വീട്ടിൽ കാര്യം അറിയിച്ചു. ഭയങ്കര ബഹളം പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. നിസ്സഹകരണം, എല്ലാവരും ഗാന്ധിയൻ പാതയിലായിരുന്നു, മൗനവൃതം. പിന്തിരിപ്പിക്കാനുള്ള അവസാനത്തെ അടവ്. പിന്തിരിഞ്ഞില്ല. ഒന്നും അടിയറവു വച്ചില്ല. ഔദ്യോഗിക യാത്രകളും, പഠന യാത്രകളും ആനന്ദിക്കുന്നവർക്കു വീടിന്റെ ഇരുട്ടറയിൽ കഴിയുന്ന ഒരു വീട്ടമ്മയുടെ വീർപ്പുമുട്ടൽ മനസ്സിലാകുമോ? ആദ്യമായി വെള്ളിവീണ മുടിയിഴകൾ കണ്ടപ്പോളാണ് നഷ്ടബോധം തോന്നിതുടങ്ങിയത്. നഷ്ടപ്പെട്ട നിറങ്ങളെ തേടിയലയാൻ തീരുമാനിച്ചത്. നമ്മൾ എന്നു മാത്രം ചിന്തിച്ചിടത്ത് നിന്നും “ഞാൻ, എനിക്ക്” എന്ന് ചിന്തിക്കാൻ തുടങ്ങിയത്. ആത്മ വിശ്വാസവും ആത്മധൈര്യവും വീണ്ടെടുക്കാനുള്ള എളിയ ശ്രമം.
വിസയും ടിക്കറ്റും ഒക്കെ ശരിയാക്കാൻ തനിയെ പോകേണ്ടി വന്നു. പക്ഷെ ഒക്കെ ഒരു വാശിയായിരുന്നു. ഇത് പോലും തന്നെ കൊണ്ട് കഴിഞ്ഞില്ലെങ്കിൽ കഴിഞ്ഞ നാല്പത്തഞ്ചു വർഷത്തെ ജീവിതം പാഴായിയെന്ന് തോന്നി. ആദ്യമായി വിമാനത്തിൽ കയറിയപ്പോഴും ഭയമൊന്നും തോന്നിയില്ല, കൗതുകമായിരുന്നു. സിഡ്നിയിലെ എയർ പോർട്ടിൽ ചെന്നിറങ്ങുമ്പോൾ സുനിതയും സ്റ്റീവും കാറും കൊണ്ട് കാത്തു നിന്നിരുന്നു. സുനിതയുടെ സ്നേഹ പ്രകടനം കണ്ടിട്ടാകും, അയാൾക്ക് മുഷിഞ്ഞു എന്ന് തോന്നി. രാത്രി വൈകിയത് കൊണ്ടാണെന്നും രാവിലെ ശരിയാകുമെന്നും സുനിത മലയാളത്തിൽ പറഞ്ഞു. ചെന്നപാടെ ഒരു ചൂട് വെള്ളത്തിലെ കുളിയും നടത്തി ആഹാരവും കഴിച്ചു ഉറങ്ങാൻ പോയി. നാട്ടിലേക്കു വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. വാട്സാപ്പ് മെസ്സേജിലൂടെ എല്ലാവരെയും സുരക്ഷിതമായി സുനിതയുടെ വീട്ടിലെത്തിയ കാര്യം അറിയിച്ചു.
രാവിലെ ഉണർന്നപ്പോൾ സുനിത ഹോസ്പിറ്റൽ യൂണിഫോമിലാണ്.
“സോറി ഡിയർ, ഐ ഹാവ് ടു ഗോ ടുഡേ, മറ്റെന്നാൾ മുതൽ ഒരാഴ്ച ലീവ് ഉണ്ട്. രണ്ടു ദിവസം നീ അഡ്ജസ്റ്റ് ചെയ്യൂ. സ്റ്റീവ് നിന്നെ പുറത്തു കൊണ്ട് പോകും. “
“എന്റെ ഗുരുവായൂരപ്പാ. “
അന്യ പുരുഷന്മാരോടൊത്തു പുറത്തു പോകാത്ത രത്നം, അന്യ നാട്ടിൽ അതും ഒരു സായിപ്പിനോടൊത്തു, ആ കൊടും തണുപ്പിലും അവൾ വിയർക്കാൻ തുടങ്ങി. സുനിതയുമൊന്നിച്ചു കഴിക്കാനിരിക്കുമ്പോൾ ചോദിച്ചു.
“എന്താടി ഇയാൾ മുഖം വീർപ്പിച്ചു നടക്കുന്നെ, കേരളത്തിലെ ചില ചൊറിയൻ ഭർത്താക്കന്മാരെ പോലെ. ഇവിടെയും ഇങ്ങനെ ഒക്കെ തന്നാണോ. “
“പോടീ, കുറച്ചു കഴിയുമ്പോൾ ശരിയാകും, രാവിലെ നാലുമണിക്ക് തുടങ്ങുന്നതല്ലേ ഫാമിലെ പരിപാടികൾ, പത്തു പതിനൊന്നു മണിയാകും ആളൊന്നു ഫ്രീയാകാൻ. പിന്നെ നീ നോക്കിക്കോ, മിടുക്കാനാകും. “
അവൾ പറഞ്ഞത് പോലെ സ്റ്റീവ് ഒരു പത്തുമണി ആയപ്പോൾ ഫാമിൽ നിന്നും മടങ്ങി. അപ്പോൾ അയാൾക്ക് നല്ല ചാണക ഗന്ധമായിരുന്നു. അയാളുടെ ആറടി പൊക്കവും സാമാന്യം വലിയ ശരീരവും മുട്ടത്തലയും ഇരട്ട താടിയും വെള്ളാരം കണ്ണുകളും അവൾക്കൊരു ഉൾഭയം തോന്നി തുടങ്ങി. ആത്മധൈര്യമില്ലാത്ത പെണ്ണിന്റെ കുഴപ്പമാണോയെന്തോ? അര മണിക്കൂർ കഴിഞ്ഞപ്പോൾ സ്റ്റീവ് പുറത്തു പോകാൻ തയാറായി ആയി വന്നു, ഷേവ് ചെയ്ത് കുട്ടപ്പനായി. ഇപ്പോളയാളെ കണ്ടാൽ സിനിമകളിലൊക്കെ കാണുന്ന സുന്ദരനായ സായിപ്പ്. ഒന്നിച്ചു യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ സങ്കോചമൊക്കെ മാറി. അയാൾ നല്ലൊരു സുഹൃത്തായി. ഓസ്ട്രലിയക്കാർ പൊതുവെ വർണവെറിയന്മാരാണ്. തവിട്ടു നിറക്കാരിയും കറുത്ത് ചുരുണ്ട നീളൻ മുടികാരിയുമായ രത്നം അയാളോടൊപ്പം ഭക്ഷണം കഴിക്കാനായി കയറിയത് ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ആയിരുന്നു. അവൾക്കിഷ്ടപ്പെട്ട ഭക്ഷണം അവൾ ആസ്വദിച്ച് കഴിക്കുന്നത് അയാളെ സന്തോഷവാനാക്കി.
തുടർന്നുള്ള ദിവസങ്ങളിലും അവളുടെ ഗൈഡും കെയർ ടേക്കറും സ്റ്റീവ് ആയിരുന്നു. സുനിത ലീവ് എടുത്ത ദിവസങ്ങളിൽ, സ്റ്റീവ് ജോലി സഹായിയെ ഏല്പിച്ചു രത്നത്തെ സിഡ്നി കാണിക്കാനായി തയാറായി. ആദ്യത്തെ ദിവസം ബ്ലൂ മൌണ്ട് നാഷണൽ പാർക്ക്. ഏക്കറുകളോളം പറന്നു കിടക്കുന്ന യൂക്കാലി വനങ്ങൾ, കാറ്റിന് പോലും യൂക്കാലിയുടെ ഗന്ധം, ത്രീ സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന കൂറ്റൻ പാറക്കൂട്ടങ്ങൾ. ബ്രൈഡൽ വെയിൽ വെള്ളച്ചാട്ടം, പ്രകൃതിരമണീയമായ റെയിൽവേയിലെ ജാമിസൺ വാലിയിലൂടെയുള്ള യാത്രയും. അടുത്ത ദിവസം ഹണ്ടർ വാലി എന്ന സ്ഥലത്താണ് പോയത്, അവിടെ ധാരാളം ആർട്ട് ഗാലറികളും ഹോർട്ടികൾച്ചർ ഗാർഡൻ, ഹോട്ട് എയർ ബലൂണിലുള്ള യാത്ര, പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള ഒരു അവസരമായി. പിന്നീടുള്ള ദിവസങ്ങളിലും യാത്രകളും കാഴ്ചകളുമായിരുന്നു. മാൻലി ബീച്ച്, സീ ലൈഫ് സാങ്ച്വറി, സിഡ്നി ഓപ്പറ ഹൌസ്, ഹോക്സ്ബറി റിവർ ക്രൂയിസിലൂടെ യാത്ര, ഓസ്ട്രേലിയൻ തലസ്ഥാനമായ ക്യാൻബെറയിലെ പുതിയ പാർലമെന്റ് മന്ദിരം, ടോബ്രൂക് ഷീപ് സ്റ്റേഷൻ, അവിടത്തെ ബൂമറാംഗ് എറിയൽ, ചെമ്മരിയാടുകളുടെ രോമം നീക്കം ചെയ്യുന്ന രീതി ഇതൊക്കെ കാണാൻ സാധിച്ചു..
ഈ യാത്രകളെക്കാൾ അവൾക്ക് ഇഷ്ടമായത്, സ്റ്റീവിൻ്റെ ഫാമും, അയാളുടെ സഹായിയേയും പശുക്കളെയുമാണ്. നാട്ടിൽ കാളയേയും കൊണ്ട് വീടുവീടാന്തരം പശുവിനെ ഇണ ചേർക്കാൻ നടക്കുന്ന ചെട്ടിയാരെ ഓർമ്മ വരുന്നു. നാട്ടിലെ പശുക്കളൊക്കെ ഒന്നിച്ചു ഗർഭിണികളായിരുന്ന കാലം. സ്റ്റീവിൻ്റെ സഹായി പുതിയൊരു പടുകൂറ്റൻ കാളയുമായി ഫാമിൽ പ്രവേശിച്ചു. കെട്ടിയിട്ടിരുന്ന ഓരോ പശുവിൻ്റെയടുത്തും പോയി ഒരേ പ്രക്രിയ ആവർത്തിപ്പിക്കുന്നു.. കാഴ്ച കാണാൻ സുനിതയോടൊപ്പം പോയി നിന്നെങ്കിലും, അധികനേരം നോക്കി നിൽക്കാൻ അവൾക്ക് പറ്റിയില്ല. അവളുടെ മനസ്സ് പശുവിൻ്റെ നിസ്സഹായതയോർത്ത് വിഷമിക്കുകയായിരുന്നു. ഒരു തരം ബലാൽക്കാരം. മനുഷ്യനായാലും മൃഗമായാലും പെൺവർഗത്തിന് സമാനതകളാണ്.
ഇടക്കിടക്ക് സ്റ്റീവിന്റെ വക അഭിന്ദനങ്ങൾ അവൾക്ക് കിട്ടി കൊണ്ടിരുന്നു
“യു ർ ഔർ ഗസ്റ്റ്. യു ർ ട്രൂലി എ ജം. യു ർ എ ഗിഫ്ട് ടു അസ്. “
രത്നം സന്തോഷവതിയാകാൻ ഇപ്പോഴും ശ്രമിച്ചു. പക്ഷെ അവളുടെ ഉള്ളിന്റെ ഉള്ളിൽ വീട്, ഭർത്താവു, കുട്ടികൾ എന്ന ചിന്തകൾ ഇടയൊഴിയാതെ പൊങ്ങി വന്നിരുന്നു. മടങ്ങാൻ രണ്ടു ദിവസമേ ബാക്കിയുള്ളു. സ്റ്റീവിന്റെ പ്ലാൻ പ്രകാരം ഇനിയും സ്ഥലങ്ങൾ അവിടെ സന്ദർശിക്കാൻ ബാക്കിയുണ്ട്. പക്ഷെ ആ ദിവസങ്ങളിൽ രത്നം സുനിതയോടൊപ്പം കഴിയാനാണ് ആഗ്രഹിച്ചത്. അവരെ ഒരു തരത്തിലും ശല്യപ്പെടുത്താതെ സ്റ്റീവ് അവർക്കു മനസ് തുറന്നു സംസാരിക്കാനുള്ള അവസരമൊരുക്കി കൊടുത്തു.
സുനിതയെന്നും രത്നത്തെ മാതൃകയാക്കി ജീവിക്കാനാണ് ഇഷ്ടപെട്ടത്. പക്ഷെ തന്റെ ബാല്യകാല സുഹൃത്തായ രത്നത്തിന്റെ ഒരു നിഴൽ മാത്രമാണിപ്പോൾ തന്റെ കൂടെയുള്ളതെന്നവൾക്കു മനസിലായി. തുറന്നു സംസാരിച്ചപ്പോഴാണ് അവൾ ആ വീട്ടിൽ ഭർത്താവിനും മക്കൾക്കുമൊപ്പമാണെങ്കിലും തികച്ചും ഒറ്റപ്പെട്ട മാനസിക നിലയിലാണെന്ന് മനസിലായത്. സിഡ്നി എയർ പോർട്ടിൽ നിന്നും നാട്ടിലേക്കു വിമാനം കയറുമ്പോൾ ഇനിയുള്ള തന്റെ ജീവിതത്തിനു, തനിക്കു കുടുംബത്തിൽ ചിലപ്പോൾ ഇനി സ്ഥാനമുണ്ടാകില്ലായെന്ന ഒരു ഉൾഭയം അവൾക്കു തോന്നിയത്. സ്വന്തം കൂടപ്പിറപ്പുപോലും തള്ളി കളഞ്ഞ സ്ഥിതിക്ക് അവരാരും ഇനി അംഗീകരിക്കില്ല എന്ന തോന്നൽ. “രത്നം ” എന്നെഴുതിയ പ്ലക്കാർഡ് ദൂരെ നിന്ന് കണ്ടപ്പോൾ വേറെയും രത്നം ഉണ്ടാകുമെന്നു കരുതി. തന്നെ വിളിക്കാൻ ആര് വരാനാണ്. അല്ലെങ്കിൽ തന്നെ മടങ്ങി വരവ് ആരെയും അറിയിച്ചിട്ടില്ലല്ലോ.
രത്നം വിളിക്കുന്നത് ദിനേശേട്ടനാണ്. അവൾ സങ്കോചത്തോടെ അയാളുടെ അടുത്തേക്ക് ചെന്നു. അടുത്ത് ചെന്നപ്പോൾ ആണവൾക്കു തോന്നിയത്, സങ്കോചിക്കേണ്ട കാര്യമെന്ത്? അവൾ ആത്മ വിശ്വാസത്തോടെ ആ കണ്ണുകളിലേക്കുറ്റു നോക്കി, അയാൾ തുറന്നു കൊടുത്ത കാറിന്റെ മുൻവശത്തെ സീറ്റിൽ അവൾ കയറിയിരുന്നു. കാറിൽ കയറുമ്പോഴാകും വാക്ശരങ്ങൾ കൊണ്ട് തന്നെ കീഴ്പെടുത്തുന്നത്, വീട്ടിൽ ചെല്ലുമ്പോൾ ശാരീരിക ആക്രമണം ഉണ്ടാകാം, താനും എതിർക്കും, അവസാനം ബാഗുമെടുത്തു അവിടെ നിന്നും ചാടി രക്ഷപെടും.
“യാത്ര എങ്ങനെയുണ്ടായിരുന്നു. നിന്റെ ആദ്യത്തെ സോളോ ട്രിപ്പല്ലേ. “
“ഞാൻ വരുന്നുവെന്ന് എങ്ങനെ അറിഞ്ഞു. “
അയാൾ ആദ്യമായി അയാളുടെ ഫോൺ അവൾക്കു നേരെ നീട്ടി. സാധാരണ ലോക്കിട്ടു സൂക്ഷിക്കുകയാണ് പതിവ്. ഒരിക്കലൊരു സഹപ്രവർത്തകയുമായി രാത്രി ചാറ്റ് ചെയ്തപ്പോൾ അവളൊന്നു വിമർശിച്ചു. അന്ന് മുതലാണ് ഫോണിന് ലോക്ക് വീണത്. അവൾ അയാളുടെ വാട്സാപ്പ് തുറന്നു. സുനിതയുടെ നമ്പറിലുള്ള ചാറ്റാണ്. പണ്ടേ ദിനേശേട്ടനുള്ളതാണ്, അവളുടെ ഫോണിൽ നിന്നും അവളുടെ വളരെ അടുത്ത സുഹൃത്തുക്കളുടെ നമ്പർ എടുത്തു സൂക്ഷിക്കുക. അങ്ങനെ എടുത്തതാകും. തനിക്ക് ഭർത്താവിൻ്റെ സുഹൃത്തുക്കളുടെ നമ്പർ അറിയില്ലല്ലോയെന്നവളോർത്തു. ചാറ്റ് ഹിസ്റ്ററി അവൾ പരിശോധിച്ചു. താൻ നാട്ടിൽ നിന്നും വിമാനം കയറുന്നതു മുന്നേ തുടങ്ങിയിരുന്നു അവരുടെ ചാറ്റുകൾ. രത്നം തീരെ ഒറ്റപ്പെട്ടെന്നും, അത് കൊണ്ട് രണ്ടാഴ്ചകൊണ്ട് അവളെ സന്തോഷവതിയാക്കി തന്റെ പഴയ ഭാര്യയെ തിരികെ നല്കണമെന്നുമുള്ള ദിനേശേട്ടന്റെ അപേക്ഷ. അന്ന് മുതലെടുത്ത എല്ലാ ഫോട്ടോകളുമുണ്ട്. ഞങ്ങളെ ഒത്തൊരുമിപ്പിക്കാനാകും സുനിത ഇതിന് കൂട്ട് നിന്നത്, അതാകും അവളത് തന്നിൽ നിന്നും മറച്ചു വച്ചത്.
“നിങ്ങളെ എനിക്ക് മനസിലാകുന്നില്ല ദിനേശേട്ടാ. “
അയാൾ അവളുടെ വിരലുകൾ കോർത്ത് പിടിച്ചു.
“നിന്നെ മനസിലാക്കാൻ ഞാനും കുറെ വൈകി. ജോലി തിരക്ക് എന്നൊക്കെ പറഞ്ഞു നടന്നപ്പോൾ നിന്നെ തിരിച്ചറിഞ്ഞില്ല. നിനക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നെനിക്കു ആഗ്രഹമുണ്ട്. ഈയിടെയായി ഞാൻ നമ്മുടെ കല്യാണ വീഡിയോ ഒന്ന് പ്ലേയ് ചെയ്തു. നിന്റെ അച്ഛൻ നിന്റെ കൈ പിടിച്ചു ഏൽപ്പിക്കുമ്പോൾ നിന്റെ കണ്ണുകളിൽ എന്തൊക്കെ പ്രതീക്ഷകളായിരുന്നു എന്ന് തിരിച്ചറിയാൻ ഞാൻ വൈകി രത്നം. നിന്റെ പേര് പോലെ തന്നെ നീ ശരിക്കും എന്റെ രത്നമാണ്. എൻ്റെ മാത്രം രത്നം”
അയാളവളുടെ കൈ വിരലുകളിൽ ചുംബിച്ചു. അവൾക്കിഷ്ടപ്പെട്ട ഹോട്ടലിൽപോയി ഭക്ഷണം കഴിച്ചു.
കാറിലെ സ്റ്റീരിയോയിലൂടെ ലതാ മങ്കേഷ്കർ അവളുടെ പ്രിയഗാനം “തേരെ ബിനാ ജിയാ ജായേ നാ” പാടുകയായിരുന്നു.
“മകളുടെ പ്രേമം കണ്ടു പിടിച്ചപ്പോൾ, നീ വളരെ ആശങ്കയോടെ വന്നെന്നോട് പറഞ്ഞപ്പോൾ ഞാൻ അവളുടെ കൂടെ ചേർന്ന് നിന്നെയൊരു ഔട്ട്ഡേറ്റഡ് അമ്മയായി പരിഹസിച്ചു. മകൻ്റെ ബാഗിൽ നിന്നും കൂട്ടുകാരൻ നല്കിയ മയക്കുമരുന്ന് പാക്കറ്റ് ക്ലോസറ്റിൽ ഫ്ലഷ് ചെയ്ത് നീ നശിപ്പിച്ചപ്പോളും അവൻ്റെ കൂടെ ചേർന്ന് ഗ്ലൂക്കോസ് ആണെന്ന് ഞാൻ ന്യായീകരിച്ചു. അന്വേഷണത്തിൽ അത് മയക്കുമരുന്ന് ആണെന്ന് തെളിഞ്ഞിരുന്നു. നിനക്ക് താങ്ങും തണലുമായി നിൽക്കേണ്ട ഞാൻ കുട്ടികളുടെ മുന്നിൽ വച്ചു പലപ്പോഴും നിന്നെ തേജോവധം ചെയ്തു. ഞാനൊരിക്കലും നല്ലൊരു ഭർത്താവായിരുന്നില്ല. എല്ലാത്തിനും മാറ്റം വേണം. “
കുട്ടികൾ സ്കൂളിൽ നിന്നും വന്നപ്പോൾ അവൾ മാറി നിന്നു. മേശപ്പുറത്ത് വച്ചിരുന്ന പഴംപൊരി കടിച്ചയുടനെ മകൻ പറഞ്ഞു, അമ്മയുടെ രുചിയാണിതിന്, എൻ്റെ അമ്മ തിരികെ വന്നോ അച്ഛാ. കുട്ടികൾ ഓടി വന്നു കെട്ടിപ്പിടിച്ചു ഉമ്മകൾ തരും വരെ അവൾ ആശങ്കയിലായിരുന്നു. ഇനിയെല്ലാം പഴയത് പോലെയാകുമോ? , ദിനേശേട്ടനെ തിരികെ കിട്ടി, പക്ഷെ കുട്ടികൾ?
സ്റ്റീവ് സ്നേഹപൂർവം കുട്ടികൾക്കായി തന്നുവിട്ട ഹോംമേയ്ഡ് ചോക്ലേറ്റ് കൈമാറുമ്പോൾ, അടുത്ത വേക്കേഷന് ഞങ്ങളെയും കൂടെ കൊണ്ട് പോകണമെന്ന് മകൾ കെഞ്ചി പറഞ്ഞു. താനുടനെ തന്നെ രത്നത്തിൻ്റെ ആഗ്രഹപ്രകാരം ഒരു കമ്പ്യൂട്ടർ വാങ്ങുകയാണെന്നും അവളുടെ എഴുതാനുള്ള കഴിവു മെച്ചപ്പെടുത്താനും അവളുടെ സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടി താനൊരു ജോലി കണ്ടു വച്ചിട്ടുണ്ടെന്നും ദിനേശൻ പറഞ്ഞു.
“ഫ്രീലാൻസ് റൈറ്റർ, കോൺട്രാക്ട് ബേസിൽ ഇഷ്ടമുള്ള സമയത്ത് എഴുതിയാൽ മതി. തൻ്റെ യാത്രകൾക്കുള്ള പണം തനിക്കതിൽ നിന്നും കണ്ടെത്താം. തൻ്റെ ജന്മസിദ്ധമായ കഴിവുകൾ നശിക്കുകയുമില്ല, പഴയ പോലെ നിരാശയും വേണ്ട. “
“പരസ്പരം സഹായിച്ചും മനസ്സിലാക്കിയും എല്ലാവരും പെരുമാറിയാൽ ആർക്കും നിരാശയും ദേഷ്യവും സങ്കടവും ഒന്നും ഉണ്ടാകില്ല. മാതാപിതാക്കൾ മക്കൾക്ക് മാതൃകയാകേണ്ടത് അങ്ങനെയാണ്. “
ഇപ്പോൾ തനിക്ക് സന്തോഷത്തോടെയും തലയുയർത്തിയും നിൽക്കാൻ കഴിയുന്ന ത് താനെടുത്ത ശക്തമായ തീരുമാനമാണെന്നോർത്ത് അവൾക്ക് അഭിമാനം തോന്നി.
✍️✍️✍️ നിഷ പിള്ള