സൂപ്പർ മാർക്കറ്റിലേക്ക് കയറുമ്പോഴാണ് രമയെ കണ്ടത്. കണ്ട ഉടനെ അവൾ ചോദിച്ചു.
“അനിതയുടെ മോന്റെ കല്യാണത്തിന് പോവുന്ന കാര്യം ഞാൻ ഇന്നലെ രാത്രി വോയിസ് മെസ്സേജ് ഇട്ടിരുന്നല്ലോ? നീ എന്താ റിപ്ലൈ ഒന്നും പറയാതിരുന്നത്.”
“ഓ അതോ ഏട്ടൻ അപ്പോൾ ഉറങ്ങിട്ടുണ്ടായിരുന്നില്ല. കിടന്നിട്ടു ഫോൺ എടുത്താലേ ദേഷ്യം വരും.”
ഞാൻ പറഞ്ഞപ്പോൾ അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു.
“പത്തുഅമ്പത്തിനാലു വയസ്സായിട്ടും നിങ്ങൾ രണ്ടുപേരും ഒരു മുറിയിൽ ആണോ കിടക്കുന്നതു? നിനക്കു നാണമില്ലേ ഇതു പറയാൻ.”
അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു. എനിക്കു ഒന്നും മനസ്സിലായില്ല. ഞാൻ മോശമായിട്ടു എന്തോ ചെയ്തതു പോലെയാണ് അവളുടെ ഭാവം.
“അപ്പോൾ നിങ്ങള് ഒരു മുറിയിൽ അല്ലേ ഉറക്കം?”
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ വീണ്ടും ചിരിച്ചു പുച്ഛം നിറഞ്ഞ അതേ ചിരി. എന്നിട്ടു പറഞ്ഞു.
“മുന്നാലു വർഷങ്ങളായി അദ്ദേഹം മേലെത്തെ മുറിയിൽ ആണ് ഞാൻ താഴെയും. ഫാൻഫുൾ സ്പീഡിൽ ഇട്ടാലെ പുള്ളിക്ക് ഉറക്കം വരു. എനിക്കാണെങ്കിൽ ഫാനിന്റെ സ്വിച്ച് ഇടുമ്പോൾത്തന്നെ കാലിന്റെ മസിലു കേറും. പിന്നെ എന്റെ മോന്റെ കുട്ടി നന്ദമോളും ഞാനും കൂടി അങ്ങു കിടക്കും. അവൾക്കു എന്റെ അടുത്തു കിടന്നാലേ ഉറക്കം വരൂ. അല്ലെങ്കിലും രണ്ടുപേരും തൊട്ടുതൊട്ടു കിടക്കാൻ വയസ്സ്
ഇരുപതോ ഇരുപത്തിഅഞ്ചോ അല്ലല്ലോ.” അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ മറുപടി ഒന്നും പറയാൻ പോയില്ല.
സാധനങ്ങൾ ഒക്കെ വാങ്ങിച്ചു വീട്ടിലേക്കു പോവാനായി ഓട്ടോയിൽ കയറിയിരുന്നപ്പോൾ വീണ്ടും എന്റെ മനസ്സിൽ രമയുടെ പുച്ഛത്തോടെയുള്ള നോട്ടം കയറിവന്നു.
പ്രായമാവുമ്പോൾ അല്ലേ പരസ്പരം തുണ ആവേണ്ടത് എന്നായിരുന്നു ഞാൻ ചിന്തിച്ചത്.
ജീവിതം തുടങ്ങുന്ന നേരങ്ങളിൽ മക്കൾക്ക് വേണ്ടിയും പ്രായമായ മാതാപിതാക്കൾക്കു വേണ്ടിയും ആണ് മിക്കവരും ജീവിക്കുന്നത്. പല സ്വപ്നങ്ങളും വേണ്ടെന്നു വയ്ക്കുന്നു. എല്ലാ കടമകളും തീർന്നശേഷം ജീവിത സായാഹ്നത്തിൽ എന്തിനു അപരിചിതരെ പോലെ കഴിയണം.
രാത്രിയിൽ മസിലു കയറുന്ന കാല് ഒന്നു അമർത്തി പിടിക്കാനും ഗ്യാസ് കയറുമ്പോൾ
ഇത്തിരി ജീരകം വറുത്തു വെള്ളം തരാനും മുറിയിൽ ഒരാൾ കൂടി ഉള്ളതല്ലേ നല്ലത്. ജീവിതത്തിൽ ഉടനിളം പരസ്പരം പിന്തുണ നൽകിയവരാണെങ്കിൽ പുലർകാലത്തുള്ള തണുപ്പിൽ ഒന്നു പുതപ്പിക്കുന്നതിലും നെറ്റിയിൽ വീണുകിടക്കുന്ന മുടിയിഴകൾ മാടിയൊതുക്കി സ്നേഹത്തോടെ അവിടെ ഒന്നു ചുണ്ട് അമർത്തുന്നതിലും എന്തിനു നാണക്കേട് വിചാരിക്കണം..
രാത്രയിൽ എന്തെങ്കിലും പേടിസ്വപ്നങ്ങൾ കണ്ടു ഞെട്ടി ഉണരുമ്പോൾ അകലെ എങ്ങോ
കാലൻകോഴിയുടെ കുവൽ കേൾക്കുമ്പോൾ പുറത്തെ കാർപോർച്ചിൽ ആരോ സംസാരിക്കുന്നതു പോലെ തോന്നുമ്പോൾ ചേർത്തു പിടിക്കാൻ ഒരു കൈ ഉണ്ടാവുന്നത് എന്തിനു തട്ടിക്കളയണം.
വീട്ടിന്റെ മുന്നിൽ എത്തി ഓട്ടോയിൽ നിന്നു ഇറങ്ങുമ്പോൾ എന്റെ മനസ്സിനെ ഞാൻ
ആശ്വസിപ്പിച്ചു. “ചിലർ അങ്ങിനെയാണ്.”
5 Comments
നന്നായിട്ടുണ്ട് ജലജേച്ചി . അവനവൻ്റെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിക്കേണ്ടത്. മറ്റുള്ളവരുടെ കളിയാക്കലുകളെ ഭയന്നല്ല😊🥰
പരസ്പരം തണലാക്കേണ്ടത് അപ്പോഴാണ്.
Thanks dear❤️❤️
👍👍
ചിലർ അങ്ങനെ തന്നെയാണ്. സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും വില മനസ്സിലാക്കാത്തവർ❤️❤️