🌹🌹🌹🌹🌹🌹
കഴിഞ്ഞ ദിവസം മതപരമായ ഒരു വിശ്വാസത്തിന്റെ ഭാഗമായി ഞാൻ ഒരുനാൾ ഉപവസിച്ചു. റമദാൻ നോയമ്പ് പോലെ വെള്ളം കുടിക്കാത്ത രീതിയിൽ അല്ല. അരിയാഹാരം ഒഴിവാക്കി പാലും പഴങ്ങളും മാത്രം കഴിച്ചു കൊണ്ട് ധാരാളം വെള്ളം കുടിച്ചു കൊണ്ടും ഒരു ഡയറ്റ് ! ‘ഒരിക്കൽ’ എന്ന് ഹിന്ദു മതപ്രകാരം പറയും. അങ്ങിനെ ‘ഒരിക്കൽ’ ഇരുന്നപ്പോഴാണ് മനസ്സിൽ ‘മഹാത്മാവി’നെക്കുറിച്ചുള്ള ചിന്തകൾ ഉയർന്നു വന്നത്.
വെറും ഒരു ദിവസത്തെ ഉപവാസം പോലും അൽപ്പം തളർച്ചയുണ്ടാക്കി എന്നിൽ. ഉപവസിക്കുന്നതിനോടൊപ്പം ആ സമയത്തുള്ള ശാരീരിക മാനസിക വ്യതിയാനങ്ങളെ നിരീക്ഷിക്കുക കൂടി ചെയ്തപ്പോൾ എന്തു കൊണ്ടാണ് ഗാന്ധിജി പ്രതിരോധത്തിനുള്ള മുറയായും പശ്ചാതാപത്തിനും ഒക്കെ ഉപവാസം തിരഞ്ഞെടുത്തത് എന്ന് സ്വയം ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയ പോലെ തോന്നി.
ഗാന്ധിജിയുടെ ഉപവാസങ്ങൾ ദിവസങ്ങളും ആഴ്ചകളും പിന്നട്ടവ ആയിരുന്നുവല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ആത്മ ശുദ്ധീകരണത്തിനുള്ള ഒരു മാർഗ്ഗമാണ് ഉപവാസം.ഉപവാസത്തിലൂടെ മനുഷ്യന്റെ തിന്മവാസനകൾ ലഘുകരിക്കപ്പെടുന്നു. സ്വയം വിചിന്തനത്തിന് വഴി തെളിക്കുന്നു ഉപവാസം.
1913 ൽ ദക്ഷിണ ആഫ്രിക്കയിൽ താമസിക്കുമ്പോൾ ആണ് “മോഹൻദാസ് കരം ചന്ദ്ഗാന്ധി “എന്ന നമ്മുടെ “ബാപ്പു “ആദ്യമായി ഉപവസിച്ചത്. ഏഴു ദിവസം നീണ്ട പശ്ചാത്താപ ഉപവാസം ആയിരുന്നു ആദ്യത്തേത്. തുടർന്ന് ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തെ നയിക്കുന്ന വേളയിൽ പലപ്പോഴായി അനവധി ഉപവാസങ്ങൾ അദ്ദേഹം നടത്തിയിട്ടിട്ടുണ്ട്. 1921ൽ വെയിൽസ് രാജകുമാരന്റെ വരവിനോട് അനുബന്ധിച്ചു ബോംബെയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ സമാധാനം സ്ഥാപിക്കുന്നതിനായി ഗാന്ധിജി മൂന്ന് ദിവസമാണ് ഉപവസിച്ചത്. ചൗരിചൗരാ സംഭവത്തിൽ പശ്ചാത്താപ ഉപവാസം തൊട്ടുകൂടായ്മ വിരുദ്ധ ഉപവാസം, ഹിന്ദു മുസ്ലിം ഐക്യത്തിനായി ഉപവാസം അങ്ങിനെ ഗാന്ധിജി അനുഷ്ഠിച്ച ഉപവാസങ്ങളുടെ ലിസ്റ്റ് നീളമേറിയത് തന്നെ.
അഹിംസയിലൂന്നിയ സത്യാഗ്രഹ മാർഗ്ഗത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരായി ഭാരതീയരെ ഒന്നടങ്കം അണിനിരത്തിയ ‘മഹാത് മാവിനെ ‘ലോകം മുഴുവൻ ആരാധിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രാധാന്യം കുറച്ച് കാണിക്കാൻ, ചരിത്രം തിരുത്തിയെഴുതാൻ പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നത് കാണുമ്പോൾ വ്യസനം തോന്നുന്നുണ്ട്.
രാജ്യം രാഷ്ട്രപിതാവിന്റെ 155ആമത് ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ മഹാ ശാസ്ത്രജ്ഞനും ഗാന്ധിജിയുടെ സമകാലീനനുമായിരുന്ന യിരുന്ന ആൽബർട്ട് ഐൻസ്റ്റീൻ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ കടമെടുക്കട്ടെ.
“മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവോ എന്ന് പോലും വരും തലമുറ സംശയിച്ചേക്കാം ”
എല്ലാവർക്കും
“ഗാന്ധി ജയന്തി ആശംസകൾ!”
5 Comments
അവസരോചിതമായ നല്ല എഴുത്ത്. അഭിനന്ദനങ്ങൾ പ്രിയേ ❤️❤️
സന്തോഷം. സ്നേഹം ❤️☺️സുഹൃത്തേ 😄☺️
ശോഭ ഒഴുക്കുള്ള ഈ എഴുത്ത് എത്ര മനോഹരം
ഗാന്ധിജയന്തി ആശംസകൾ
സന്തോഷം സ്നേഹം .സുഹൃത്തേ 😄😄😍
മഞ്ജു ചേച്ചി thank you!!😍😍