ഡോർ ബെല്ല് അടിക്കുന്നത് കേട്ടാണ് നനഞ്ഞ കൈവിരലുകൾ നൈറ്റിയിൽ തുടച്ചുകൊണ്ട് ധൃതിയിൽ വാതിൽ തുറന്നത്..
“ആഹാ, വരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ അതാണോ ഓടിവന്നത്.. ”
ഭർത്താവിന്റെ ഇരുണ്ട മുഖവും കടുത്ത വാക്കും കേട്ട് ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടക്കുമ്പോൾ മറുപടി അല്ലെങ്കിലും അയാൾ അർഹിക്കുന്നില്ലെന്നു തോന്നി..
വിവാഹം കഴിഞ്ഞ നാളുമുതൽ കാണുന്നതാണല്ലോ ഈ സംശയം ! തിരിച്ച് എന്തെങ്കിലും പറഞ്ഞാൽ കരണം പുകയ്ക്കുന്ന പ്രതികരണം ആണ് സമ്മാനമായി കിട്ടുന്നത്..
വാതിൽ തുറക്കാൻ ഒന്ന് താമസിച്ചു പോയാൽ ഏതവൻ ആടി അകത്ത് എന്നായിരിക്കും ചോദ്യം..
കരയ്ക്കൂടിയും വെള്ളത്തിൽ കൂടിയും വയ്യന്നായിരിക്കുന്നു!
സംശയരോഗം കൂടി എറിഞ്ഞു പൊട്ടിച്ച ഫോണുകൾ മൂന്നെണ്ണം, ഇനി ആകെ കയ്യിലുള്ളതിന്റെ ആയുസ്സും പ്രവചനാതീതം…
ദേഷ്യം കൂടുമ്പോൾ തൊട്ടും തൊടാതെയും മുന വെച്ചുള്ളപ്രയോഗങ്ങൾ അവളെ പേടിപ്പിച്ചു കൊണ്ടിരുന്നു.
പുതിയൊരു വീട്ടിൽ താമസത്തിനു വന്നപ്പോഴും ചുറ്റുപാടുമുള്ള വീടുകളിലേക്കായിരുന്നു അയാളുടെ ശ്രദ്ധ മുഴുവനും. ഏതെങ്കിലും ചെറുപ്പക്കാരായ ആണുങ്ങൾ തൊട്ടടുത്ത് താമസത്തിനു വന്നാൽ അതും അവളുടെ കുറ്റമായിരുന്നു.
അങ്ങനെ നോവുകൾ മുഴുവനും സ്വയം ഏറ്റു വാങ്ങി കഴിയവേ ആണ് അയാൾ ഭാര്യയെയും മക്കളെയും കൂട്ടി കുറെ ദൂരെയൊരു ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നത്.
രസീത് എടുക്കാൻ പോയ ഭർത്താവിനെയും കാത്തു നിൽക്കുമ്പോൾ എതിരെ വരുന്ന രണ്ട് ചെറുപ്പക്കാരെ കണ്ട് അവളുടെ ഉള്ളൊന്ന് വിറച്ചു..
അവളെ കണ്ട് അപ്പോഴേക്കും അവരിൽ ഒരാൾ ചിരിയോടെ അടുത്തേക്ക് വന്നു.. പഴയ കുറെ ഓർമ്മകളുടെ ജാലകം അറിയാതെ മുന്നിലേക്ക് തുറന്നിട്ടത് പോലെയാണ് അവൾക്കപ്പോൾ തോന്നിയത്. പരസ്പരം ഉള്ള ഓർമ്മ പുതുക്കലുകൾക്കിടയിൽ ഭർത്താവ് അടുത്തേക്ക് വരുന്നത് കണ്ട അവളുടെ ഉള്ളൊന്ന് പിടഞ്ഞു..
“ദേ.. എന്റെ കൂടെ കോളേജിൽ പഠിച്ചതാ.. ”
വല്ലവിധേനയും അവൾ പറഞ്ഞൊപ്പിച്ചു. ഒരു ചിരി മുഖത്ത് ഫിറ്റ് ചെയ്ത് അയാൾ ഷേക്ക് ഹാൻഡിനായി കയ്യ് നീട്ടി..
രണ്ട് പേരും സംസാരിക്കുമ്പോൾകയ്യിലിരുന്ന കൊച്ചുമോൾ താഴെ മണ്ണിലിറങ്ങാനായി ശാഠ്യം പിടിച്ചു കൊണ്ടിരുന്നു..
ഒടുവിൽ യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോൾ ഭർത്താവിന്റെ മുഖം വല്ലാതെ ഇരുണ്ടിരുന്നു.. വീട്ടിൽ എത്തുവോളം ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന അയാളോട് എന്തെങ്കിലും ഒന്ന് മിണ്ടാൻ അവളും ഭയന്നു..
കിടപ്പ് മുറിയിലെ സ്വകാര്യ നിമിഷങ്ങളിൽ ആണ് ഓർക്കാപ്പുറത്ത് ആ ചോദ്യം വന്നു വീണത്.. “എത്ര നാള് പ്രേമിച്ചു നടന്നു..?”
“കൂടെ പഠിച്ച എല്ലാരേയും പ്രേമിക്കാൻ എനിക്കെന്താ തലയ്ക്കു ഭ്രാന്ത് ഉണ്ടോ.”
ചുഴിഞ്ഞു നോക്കുന്ന ആ കഴുകൻ കണ്ണുകളിൽ ഉള്ളിലെ എല്ലാ വിചാരങ്ങളെയും പിടിച്ചെടുക്കാനുള്ള കാന്ത ശക്തി ഉണ്ടായിരുന്നു ..
എങ്കിലും ഈ കാര്യത്തിൽ മാത്രം ചെറിയൊരു വാശി തോന്നി.. എന്തിനും ഏതിനും സംശയിക്കുന്ന അയാളുടെ ചിന്തകൾ മാത്രമാണു ശരിയെന്നുള്ള ധാരണ പൊളിച്ചെഴുതണമെന്ന് തോന്നി..
“ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല.. വഞ്ചകികൾ.. ”
“അതേ പെണ്ണിനെ മാത്രമല്ല ഒരൊറ്റ ആണിനേയും വിശ്വസിക്കാൻ കൊള്ളില്ല.. ചതിയന്മാർ !”
ഒരമ്പരപ്പോടെ തന്നെ നോക്കുന്ന അയാളുടെ ഉള്ളിലെ ഭാവം താനിതിനു മുൻപും പലപ്പോഴും കണ്ടിട്ടുള്ളതാണല്ലോ..
അല്ലെങ്കിലും ഒരുപാട് സംശയിക്കുന്ന ഏതൊരാളുടെയും ഉള്ളിൽ ഉണ്ടാവും എന്തെങ്കിലും മറച്ചു വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു മനസ്സ് !!
ഇനിയും താൻ വെറുമൊരു പൊട്ടിയാണെന്ന ധാരണ തിരുത്തിയെ മതിയാകൂ എന്ന് ഉള്ളിലിരുന്ന് ആരോ പിടിച്ചു കുലുക്കി കൊണ്ടിരുന്നു !
“വെറുതെ എന്നെ സംശയിക്കേണ്ട.. അയാൾ വിവാഹം കഴിച്ചിരിക്കുന്നത് ഒരു ശ്രീബാലയെ ആണ്.. നിങ്ങടെ പഴയ ആ കാമുകിയെ !
ഓർമ്മയുണ്ടോ ആവോ ?? ”
രക്തം പോലെ ചുവന്നുപോയ ഭർത്താവിന്റെ മുഖം കാണാനാകാതെ തിരിഞ്ഞു നിന്നാണ് ബാക്കി പൂർത്തിയാക്കിയത്..
“നിങ്ങടെ പ്രേമത്തെ കുറിച്ചൊന്നും പാവം രാജീവിന് അറിയില്ല..കേട്ടോ. ഞാനായിട്ട് ആരുടെയും ജീവിതം തകർക്കാനുമില്ല.”
പിന്നിൽ വല്ലാത്തൊരു കൊടുംകാറ്റ് അലയടിക്കുന്നുണ്ടെന്ന് ഭയാനകമായ ആ നിശബ്ദത വിളിച്ചോതി !!
ചോദ്യങ്ങളും പറച്ചിലുകളും ഒന്നും ഉണ്ടായില്ല.. ഇത് കുറച്ചു നേരത്തെ വേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നി പോകുന്നു !
പുറത്തേക്ക് ഇറങ്ങി പോയ ആളിന്റെ മനസ്സ് എരിയുന്നത് തനിക്ക് മാത്രമേ അറിയൂ.
കുറച്ച് ഒന്ന് ഏരിയട്ടെ ! അവൾക്ക് വല്ലാത്തൊരു ആത്മ സംതൃപ്തി തോന്നി.
എപ്പോഴോ മുറിയിലേക്ക് ആള് കയറി വരുന്നതും വാതിൽ കൊളുത്ത് വീഴുന്നതും ഉറക്കം നടിച്ചു കിടന്ന അവൾ അറിയുന്നുണ്ടായിരുന്നു.
നേരം ഒരുപാട് ആയിരുന്നു !! തനിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഭർത്താവിന്റെ കൂർക്കം വലികൾ കേട്ട് ഉറക്കം വരാതെ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു. ശബ്ദം കേൾപ്പിക്കാതെ അലമാര തുറന്ന് വർഷങ്ങളായി തുണികൾക്കിടയിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു കവർ മെല്ലെ പുറത്തെടുത്തു.
അതിനുള്ളിൽ നിറയെ പഴയ കാലത്തെ കുറെ കത്തുകളും ഫോട്ടോസും നിറം മങ്ങി തുടങ്ങിയിരുന്നു..
കത്തുകൾ കുറെ തവണ വായിച്ചു മടുത്തവയാണ്.. ഒട്ടിച്ചേർന്ന നിലയിൽ കുറച്ചു ഫോട്ടോകൾ അവൾ മെല്ലെ ഇളക്കിയെടുത്തു.
ഒരു സുന്ദരിയായ യുവതിക്കൊപ്പം ചിരിച്ചു കൊണ്ട് നിൽക്കുന്ന തന്റെ ഭർത്താവിന്റെ ഫോട്ടോയിലേക്ക് അവൾ ഉറ്റു നോക്കി.. അയാളുടെ അത്രയും മനോഹരമായ ചിരി അവൾ ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടുണ്ടായിരുന്നില്ല
കാമുകിയെ ചേർത്ത് പിടിച്ചിരിക്കുന്ന അയാളുടെ കൈ വിരലുകളുടെ ശക്തി ഇതിന് മുൻപ് ഒരിക്കലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല..
വിവാഹം കഴിഞ്ഞു വന്ന ആദ്യ നാളുകളിൽ തന്നെ അവൾ ഈ ഫോട്ടോകളും കത്തുകളും കണ്ടിരുന്നു. നശിപ്പിച്ചു കളയാൻ കഴിയാഞ്ഞിട്ടായിരുന്നുവോ അതൊക്കെയും സൂക്ഷിച്ചു വെച്ചിരുന്നതെന്ന് പോലും സംശയിച്ചിട്ടുണ്ട്.
പക്ഷേ അതൊക്കെ അയാളുടെ മുൻപുള്ള ജീവിതത്തിന്റെ മറിച്ചു കഴിഞ്ഞ താളുകൾ ആയിരുന്നതിനാൽ വീണ്ടുമൊരിക്കൽ ആ അദ്ധ്യായങ്ങൾ തുറന്നു നോക്കാനും ജീവിതം നരകതുല്യമാക്കാനും അവൾ ആഗ്രഹിച്ചിരുന്നില്ല.. എന്നിട്ടും തനിക്ക് ഇതുവരെയും നേരിടേണ്ടി വന്നത് കടുത്ത അപമാനങ്ങളും സംശയത്തിന്റെ കൂരമ്പുകളും ആയിരുന്നുവല്ലോ..
ഇന്ന് ക്ഷേത്രത്തിൽ വെച്ച് കണ്ട കൂടെ പഠിച്ച ആളിനെ പോലും സംശയിച്ച ഭർത്താവിനോട് അവൾക്ക് ആദ്യമായി സഹതാപം തോന്നി.
ഒരിക്കൽ ഒരു കല്യാണത്തിനാണ് രാജീവിനെ വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടുന്നത്. കോളേജിൽ എല്ലാ പ്രവർത്തനങ്ങളിലും മുൻപിൽ ഉണ്ടായിരുന്ന രാജീവിനെ എല്ലാവർക്കും വലിയ കാര്യവുമായിരുന്നു..
കണ്ട മാത്രയിൽ ഓടിവന്ന ആളിന്റെ സ്നേഹാന്വേഷണങ്ങൾ തന്നെയും വല്ലതൊന്ന് അത്ഭുതപ്പെടുത്തി !
കുടുംബത്തെ പരിചയപ്പെടുത്താൻ കൂട്ടിക്കൊണ്ട് പോകുമ്പോൾ രാജീവ് അയാളുടെ ഭാര്യയെ കുറിച്ചും രണ്ട് പെൺകുഞ്ഞുങ്ങളെയും കുറിച്ചും വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു..
കുറെ പേരുടെ ഇടയിൽ ഇരുന്ന യുവതിയെ അടുത്തേക്ക് കയ്യാട്ടി വിളിക്കുമ്പോൾ മുൻപ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടുകൊണ്ടിരുന്നു.
അടുത്തേക്ക് വന്ന ആളിന്റെ തോളിൽ കയ്യിട്ടു കൊണ്ടാണ് രാജീവ് ഭാര്യയെ പരിചയപ്പെടുത്തിയത്.
ശ്രീബാലയെന്ന പേരിനോടൊപ്പം ആളും ഒരു സുന്ദരി തന്നെ..
മാറി നിന്ന് കളിച്ചു കൊണ്ടിരുന്ന മക്കളെ അയാൾ ചൂണ്ടിക്കാണിച്ചു.. സംസാരിക്കുമ്പോഴൊക്കെയും ഈ മുഖം എവിടെയാണ് മുൻപ് കണ്ടിട്ടുള്ളതെന്ന് പരതുകയായിരുന്നു !
വീട്ടിൽ തിരിച്ചെത്തിയതും ആദ്യം അലമാരയിലെ ആ പഴയ കവർ തപ്പിയെടുക്കുകയാണ് ചെയ്തത്.
അതേ ആ മുഖം തന്നെ !!
നെഞ്ചിനുള്ളിൽ ഒരു കരച്ചിൽ കയ്യും കാലുമിട്ടടിച്ചു കൊണ്ടിരുന്നു.
പക്ഷേ തന്റെ ഉള്ളിലെ രഹസ്യം ഈ നിമിഷം വരെയും ആരോടും പങ്ക് വെച്ചിട്ടില്ല.. പല തവണ തന്റെ അഭിമാനത്തെ കുത്തി പരിക്കേൽപ്പിക്കുമ്പോൾ പോലും അറിയാതെ ആ ഒരു പേര് നാവിൽ നിന്നും വീണുപോകാതിരിക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട്..
ഇന്നും രാജീവിനെ കണ്ടപ്പോൾ തന്റെ. പൂർവ്വ കാമുകനെ കണ്ടെത്തിയതുപോലെ ആവേശത്തോടെ കൊമ്പ് കോർക്കാൻ വന്ന ആളിനോട് ശ്രീ ബാലയെ കുറിച്ച് പറയണമെന്ന് വിചാരിച്ചതേയില്ല..
പക്ഷേ വീണ്ടും വീണ്ടും അപമാനിച്ചു കൊണ്ടിരുന്ന അയാളോട് അന്ന് അവൾക്ക് വല്ലാത്തൊരു പക തോന്നി..
ചില അറിവുകൾ താങ്ങാനാവാത്ത പ്രഹരമാണ് സമ്മാനിക്കുന്നത്. പക്ഷേ അതിന്റെ ശക്തി അറിഞ്ഞത് ഏറ്റവും മുൻപേ അവളായിരുന്നു എന്ന് മാത്രം !
മനസ്സിന് വല്ലാത്തൊരു കനക്കുറവ് പോലെ.. ഇതുവരെ ചാരം മൂടി കിടന്ന ഒരു രഹസ്യം മറ നീക്കി പുറത്ത് വന്നതിന്റെ വല്ലാത്ത ഒരാശ്വാസം അവൾക്ക് അനുഭവപ്പെട്ടു !
കയ്യിലിരുന്ന കവറുകൾ തിരിച്ച് വീണ്ടും അലമാരയ്ക്കുള്ളിൽ പൂഴ്ത്തി വെയ്ക്കാൻ മനസ്സ് വന്നില്ല.. നാളെ രാവിലെ തന്നെ ആരും കാണാതെ എല്ലാം കത്തിച്ചു കളയണം. ഇനി പഴയതൊന്നും ഇവിടെ വേണ്ടാ..
ഇനിയും സംശയം കൊണ്ട് ഇരുൾ മൂടുന്ന മനസ്സ് അയാളിൽ നിന്ന് പിഴുതെറിയപ്പെടണം..
മുറിക്കുള്ളിൽ അതുവരെ തോന്നിയ ചൂട് കുറഞ്ഞ് വല്ലാത്തൊരു കുളിരു പടർന്നതുപോലെ.. അവൾ ഫാനിന്റെ സ്പീഡ് ലേശം കുറച്ച ശേഷം ഭർത്താവിനോട് ചേർന്നു കിടന്നു.
———–ശാലിനി മുരളി ✍️ ———–
ചിത്രത്തിന് കടപ്പാട് : pinterest
3 Comments
നല്ല രചന. ഒരുപാട് ഇഷ്ടപ്പെട്ടു. ❤
തീരുമാനങ്ങളെടുക്കാൻ താമസിക്കുന്തോറും പലരുടെയും ജീവിതം നീറിപ്പുകയും.
നല്ലെഴുത്ത്.❤️
അഭിനന്ദനങ്ങൾ👌💐❤️
നേരത്തെ ആകാമായിരുന്നു.
നല്ലെഴുത്ത് 👍