രണ്ടാം പ്രവാസത്തിലെ യദു. (കഥ )
————————————–
പതിവു യാത്രകളേക്കാൾ വളരെയധികം പ്രത്യേകത നിറഞ്ഞതാണല്ലോ ഈ യാത്ര, അനിതയോർത്തു.
ഇരുപത്തിയഞ്ചു വർഷങ്ങളായി, ഒരിക്കലും മുടങ്ങാത്ത യാത്ര. പക്ഷെ മുൻപൊക്കെ തോന്നിയിരുന്ന, നാട്ടിലെത്താനുള്ള വെമ്പൽ, ഈ യാത്രയിൽ ഒട്ടുമില്ലാതായിപ്പോയി.
വിമാനത്തിൽ അവസാനത്തെ അനൗൺസ്മെന്റ് മുഴങ്ങി, എയർ ഹോസ്റ്റസ്, ശുഭ യാത്ര ആശംസിച്ചപ്പോൾ പതിവില്ലാത്ത നൊമ്പരം അരിച്ചിറങ്ങി.
നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുള്ള മടക്കം. രക്തബന്ധത്തേക്കാൾ കരുത്തുള്ള കർമ്മബന്ധങ്ങൾ ഇവിടെ മനസ്സില്ലാമനസ്സോടെ അഴിച്ചുവെക്കുന്നു.
സൗഹൃദങ്ങളുടെ ഇഴയടുപ്പം, ഇവിടെ ചില നഷ്ടങ്ങൾ തിരിച്ചുപ്പിടിച്ചു, ഉള്ളിലെ വേവലാതികളുടെ തീ ആളിപടരാതെ അണച്ചു കളഞ്ഞു. ആദ്യം തോന്നിയ വൈമുഖ്യത്തിന്റെ വിയർപ്പു കരുത്തുറ്റ സൗഹൃദങ്ങൾ വീശിയകറ്റി. മെല്ലെ മെല്ലെ ഈ ഊഷരഭൂമിയോട് പൊരുത്തപ്പെട്ടു. അതു വളർന്നു മമതയായി. ദിവസവും കണ്ടുണരുന്ന കാഴ്ചകളും നടന്നു പരിചയിച്ച വഴികളും വഴിയോരത്തെ സുപരിചിതമായ കടകളും ഇനി അന്യമാകുന്നു. ഇപ്പോൾ ഇവിടം വിട്ടുപോകുമ്പോൾ മനസ്സു തേങ്ങുന്നു. ഒരു രണ്ടാം പ്രവാസത്തിന്റെ ഉണർത്തുപ്പാട്ട് തന്നെ തെല്ലു അലോസരപ്പെടുത്തുന്നു.
മറ്റു പലരെയും പോലെയല്ലല്ലോ, മക്കളില്ലാത്ത ഞങ്ങൾ. അനിതയുടെ മുഖം വലിഞ്ഞു മുറുകി. അവൾ അടുത്തിരിക്കുന്ന ഭർത്താവിനെ നോക്കി. സുരേഷും എന്തോ ആലോചിക്കുന്നു, എന്നു മാത്രം കരുതാൻ അവൾ കൊതിച്ചു.
നീണ്ട കാലയളവിൽ ചെയ്തിരുന്ന ജോലിയും സഹപ്രവർത്തകരും അയാളുടെ മനസ്സിലും മായാത്ത ചിത്രങ്ങൾ കോറിയിരിക്കും. പരോപകാരിയും ഏവരോടും സൗമ്യമായി സംസാരിക്കുകയും ചെയ്യുന്ന സുരേഷിനെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കുവാൻ കഴിയുക? തന്നെപോലെ, വിഴുങ്ങാൻ കാത്തുനിൽക്കുന്ന ഏകാന്തതയെ സുരേഷും ഭയക്കുന്നുണ്ടാകുമോ?, ഉള്ളിൽ ചോദ്യങ്ങൾ പെരുകി.
വർഷങ്ങൾക്കുള്ളിൽ, വളർന്ന കുടുബങ്ങൾ, ബന്ധുക്കളെ സ്വന്തം തിരക്കുകളിലേക്ക് ചുഴറ്റിയെറിഞ്ഞു. ക്രമേണ ഒറ്റപ്പെട്ട തുരുത്തായി, അനിതയുടേയും സുരേഷിന്റേയും ഓരോ അവധിക്കാലവും. അവരുടെ ദിവസങ്ങളിൽ നിന്നും ആരവം ഒഴിഞ്ഞുപ്പോയിരുന്നു.
അനന്തമായ വിഹായസ്സിൽ, തന്നെ വലിച്ചുപറക്കുന്ന പക്ഷിയുടെ നേർത്ത കുറുകലിൽ, പൊങ്ങി മറഞ്ഞു ഉടയുന്ന മേഘക്കൂട്ടങ്ങളിൽ രൂപങ്ങൾ മെനഞ്ഞു, അവൾ സുരേഷിന്റെ ചുമലിൽ ചാരി മെല്ലെ മയങ്ങി.
കുറെ ദിവസത്തെ ഒതുക്കിപെറുക്കലിന്റെ തിരക്കിൽ നിന്നും അനിത മെല്ലെ അടർന്നു മാറി. വിരസമായ പകലുകൾ അവർക്കിടയിൽ ചുരുൾനിവർത്തി.
ചെറിയ കാറ്റിൽ, സൂചിരൂപം പൂണ്ടു മഴ ചാഞ്ഞും ചെരിഞ്ഞും നൃത്തമാടി. മഴയുടെ തണുപ്പിൽ, നനഞ്ഞു കുതിർന്ന മണ്ണിൽ ഇളം പച്ചപ്പ് മെല്ലെ തലനീട്ടി. ഓരത്തു വലിച്ചെറിഞ്ഞ, പൊട്ടിയ കളിമൺ പിഞ്ഞാണത്തുണ്ടുകൾ, മഴവെള്ളം അവയെ കഴുകി വെളുപ്പിച്ചു. പൊടി കഴുകിയിറങ്ങിയ വെള്ള പിഞ്ഞാണത്തുണ്ട് വെൺശോഭയോടെ തിളങ്ങി. മഴ തീർന്നു തെളിഞ്ഞ മാനം നോക്കിയിരിക്കുമ്പോളാണ് ഇരുമ്പുഗേറ്റ് തട്ടുന്ന സ്വരം കേട്ടത്.
ഏകദേശം എഴുപതുവയസ്സിനോട് അടുത്തു പ്രായം വരുന്ന സ്ത്രീ, നീട്ടി വിളിച്ചു ചോദിച്ചു, “ഇവിടെ പാല് വേണോ? വേണമെങ്കിൽ കൊണ്ടു തരാം. ”
മുന്നിലെ അല്പം നീളം കൂടിയ പല്ലുകൾ പുറത്തേക്കു ഉന്തി നിൽക്കുന്നു. അവരുടെ ചുണ്ടുകൾ അതിനുമുകളിൽ ഉയർന്നു നിന്നിരുന്നു. അതുകൊണ്ടായിരിക്കും, അവർ തീരെ ചിരിക്കാത്തതും തികച്ചും ഗൗരവഭാവം അവരിൽ എഴുന്നു നിൽക്കുന്നതെന്നും അവൾക്കു തോന്നി.
അവരെ അടുത്തു വിളിച്ചു കാര്യങ്ങൾ തിരക്കി.
“പാല് വൈകീട്ട് മതിയോ?”, അവർ ചോദിച്ചു.
“എന്നാൽ അങ്ങനെ ആയ്ക്കോട്ടെ,” തനിക്കു കാര്യമായി തിരക്കൊന്നും ഇല്ലല്ലോ, അനിത കരുതി.
പിറ്റേന്ന് പടികടന്നു വന്നത് ഒരു യുവതിയും മൂന്നു വയസ്സുവരുന്ന ഒരു ആൺകുട്ടിയുമായിരുന്നു.
അവളുടെ വലിയ തുണിസഞ്ചിയിൽ പാൽ കുപ്പികൾ നിറച്ചു വെച്ചിരുന്നു. അല്പം മെലിഞ്ഞ വട്ടമുഖകാരി. തിളങ്ങുന്ന കണ്ണുകളും വിടർന്ന ചിരിയും കുളിപിന്നലുള്ള ഈറൻ മുടിയും നെറ്റിയിലെ ചുവന്ന പൊട്ടും ആ യുവതിയെ ആകർഷകയാക്കിയിരുന്നു.
സാരിത്തുമ്പു മെല്ലെ കടിച്ചുവലിച്ചു അമ്മയുടെ പുറകിൽ ഒളിച്ചും എത്തിനോക്കിയും കളിക്കുന്ന മകനും അമ്മയുടെ അതെ ഛായയെന്നു തോന്നി. ആ പിഞ്ഞാണത്തുണ്ടുകളുടെ അതെ തിളക്കം അവന്റെ വലിയ കണ്ണുകൾക്കും സ്വന്തമായിരുന്നു.
“എന്താ പേര്?”, അനിത ചോദിച്ചു.
“യദൂന്നാ…..” ,അവൻ അമ്മയുടെ സാരിത്തലപ്പിൽ മുഖം പൂഴ്ത്തി.
” യദുകൃഷ്ണൻ”, അവന്റെ അമ്മ വാത്സല്യത്തോടെ അവന്റെ നെറുകയിൽ തഴുകി.
” നല്ല പേര്”, അനിത കുനിഞ്ഞുനിന്നു അവന്റെ താടി പിടിച്ചുയർത്തി. അവൻ നാണിച്ചുചിരിച്ചു, അവന്റെ അമ്മയോട് കൂടുതൽ ചേർന്നുനിന്നു.
ദിവസങ്ങൾ അവർക്കിടയിലെ അപരിചിതത്വത്തിന്റെ പാളി മെല്ലെ അലിയിച്ചുകൊണ്ടിരുന്നു.
“ഞാനിവിടെ ഇച്ചിരിനേരം കളിച്ചോട്ടെ?”, യദു അനിതയുടെ വീട്ടിൽ കളിയ്ക്കാൻ അമ്മയോടു അനുവാദം ചോദിച്ചു.
” ഉം… കുറുമ്പൊന്നും കാട്ടരുത് കേട്ടോ, ഒരു താക്കീതോടെ അവന്റെ അമ്മ സമ്മതം കൊടുത്തു.
അനിത അവന്റെ കൈപ്പിടിച്ചു. ആ കുഞ്ഞുവിരലുകളുടെ മാർദ്ദവം, അനിത തന്റെ ഉള്ളംകൈയിൽ ചേരുന്നതറിഞ്ഞു.
അനിതയുടെ വലിയ വീടിന്റെ ഓരോ മുറികളിലും അവൻ ഓടിനടന്നു. ഗോവണിപ്പടികൾ ചവിട്ടികയറിയിറങ്ങി ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. വീടിന്റെ ചുമരുകളിൽ കൈകൾ ഉരുമ്മി ഓടിനടന്നു. ഭിത്തിയിൽ കൈത്തലം ഊക്കിൽ അടിച്ചുചിരിച്ചു.
യദുവിനു വേണ്ടി പലഹാരവും കളിപ്പാട്ടങ്ങളും കാത്തുവെക്കുന്ന അനിതയെ നോക്കി സുരേഷ് നെടുവീർപ്പിട്ടു. പക്ഷെ അവളിൽ വന്നു ചേർന്ന പ്രസരിപ്പ്, മറിച്ചൊന്നും പറയാൻ അയാളെ അനുവദിച്ചില്ല.
കുറേക്കാലം കാത്തിരുന്ന ആശുപത്രി ഇടനാഴികൾ ചുരത്തിയ മൗനം അവളിൽ കൂടുകൂട്ടിയിരുന്നു.
” Let’s hope for the best.” ,
നീണ്ട ചികിത്സക്കു ശേഷം, പ്രതീക്ഷ കൈവിടരുതെന്നു പറയാൻ ബുദ്ധിമുട്ടിയിരുന്ന ഡോക്ടറുടെ മുഖത്തേക്ക് മരവിച്ച നോട്ടമയച്ചിരുന്ന അനിത അയാളുടെ മനസ്സിലെ നെരിപ്പോടായിരുന്നു.
യദുവിന്റെ കളിചിരികൾ ഏറ്റുവാങ്ങി അനിതയും വീടും ചിരിച്ചു. അവനായി ദിവസവും അനിത കാത്തിരുന്നു. അവൾ ഓരോ ദിവസത്തിലേക്കും ഉറങ്ങിയെഴുന്നേൽക്കുന്നത് അവന്റെ വിശേഷങ്ങൾ സുരേഷിനോട് പങ്കുവെച്ചായിരുന്നു.
പതിവു സംസാരത്തിനിടയിൽ യദുവിന്റെ പിറന്നാൾ പാറിവീണു.
“എന്തുടുപ്പാണ് മോനു പിറന്നാളിന് വേണ്ടത്?”, അനിത തിരക്കി.
“ചോപ്പ് മതി … “, യദു കൊഞ്ചിപ്പറഞ്ഞു, ഉടനെ അവന്റെ ഇഷ്ടപ്പെട്ട പന്തുകളിയിലേക്കു ഓടിപ്പോയി. തിരിഞ്ഞു ഉരുളുന്ന പന്തു കൈപ്പിടിയിൽ ഒതുക്കാൻ ശ്രമപ്പെട്ടു.
യദുവിനു ഉടുപ്പു തിരയുന്ന അനിതയെ സുരേഷ് സാകൂതം നോക്കിനിന്നു. പക്ഷെ തൃപ്തി വരാതെ വീണ്ടും വീണ്ടും മുന്നിൽ നിറയുന്ന വസ്ത്രം കൂമ്പാരത്തിൽ തിരഞ്ഞുകൊണ്ടിരിക്കുന്ന അനിതയുടെ ഭാവം അയാളെ ഭയപ്പെടുത്താൻ തുടങ്ങി.
ആ കുട്ടി അവളുടെ ജീവിതത്തിൽ, ചേക്കേറി കഴിഞ്ഞെന്നു അയാൾക്ക് ബോധ്യമായി.
യദുവിനെ ആ ഉടുപ്പണിയിച്ചു എടുത്തുപൊക്കി, അനിതയവനെ വട്ടം കറക്കി. അവരുടെ ചിരിക്കു അകമ്പടിയായി മഴ ഇരുമ്പിയാർത്തു.
പിറ്റേന്ന്,യദുവിന്റെ അമ്മമാത്രം വന്നപ്പോൾ അനിത തിരക്കി,
” മോനെവിടെ, കണ്ടില്ലല്ലോ? ”
” അത്… അവൻ വന്നില്ല… ”
അവൾ വിക്കി വിക്കി പറഞ്ഞു.
എന്തോ അവൾ ഒളിക്കുന്നുണ്ടെന്നും, പറയാൻ പ്രയാസപ്പെടുന്നുണ്ടെന്നും അനിതക്കു തോന്നി.
“കുറച്ചു തിരക്കുണ്ട് “, അവൾ അനിതക്കു മുഖം കൊടുക്കാതെ പറഞ്ഞു.
ധൃതിയിൽ പടികടന്നു പോകുന്ന യദുവിന്റെ അമ്മ, അനിതയിൽ ചോദ്യങ്ങൾ ഉയർത്തി.
നനഞ്ഞ മണ്ണിൽ കറുത്ത തേരട്ടകൾ ഇഴഞ്ഞു, മതിലിനരികിൽ ഇഴഞ്ഞു കയറി ചുരുണ്ടു കുറുകി.
പിറ്റേന്ന്, മനപ്പൂർവം യദുവിനെ തേടാതിരുന്ന അനിതയോടു അവൾ പറഞ്ഞു,
” എന്നോട് വിഷമം തോന്നരുത്,ചേച്ചി… അവന്റെ അച്ഛമ്മ അവനെ ഇങ്ങോട്ട് കൊണ്ടുവരരുതെന്നു പറഞ്ഞു. കുട്ടികൾ ഇല്ലാത്തവർക്ക് ആശ കൊടുക്കരുത്… അതു കുട്ടിക്ക് ദോഷാത്രേ…., അവൾ താഴെ പൂഴി മണ്ണിൽ നോക്കിനിന്നു.
അനിത വാക്കുകൾക്കായി ഉഴറി. അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി.
“മോനെ ഇങ്ങോട്ടു കൊണ്ടുവരുന്നുവെന്ന് പറഞ്ഞ് അമ്മയെന്നെ എപ്പോഴും ചീത്തയാണ്. ഞാൻ എന്തു ചെയ്യാനാണ് ചേച്ചി? “.
ആ യുവതി തൊണ്ടയിൽ കുരുങ്ങിയ തേങ്ങൽ ഒതുക്കി, സാരിത്തലപ്പുകൊണ്ടു മുഖം തുടച്ചു.
” ഏയ്, സാരമില്ല…. നീ വിഷമിക്കേണ്ട, പ്രായമായവരല്ലെ? അവരുടെ ചില വിശ്വാസങ്ങൾ. പിന്നെ എനിക്കിതൊക്കെ ശീലമായി. ”
അനിതയുടെ ചിലമ്പിച്ച ശബ്ദം സന്ധ്യയുടെ ചുവപ്പിൽ അലിഞ്ഞു. അവരുടെ നോട്ടം പരസ്പരം കൂട്ടിമുട്ടാതിരിക്കാൻ രണ്ടുപേരും ശ്രമിച്ചു.
“ഒന്നു നിൽക്കൂ… ദാ ഞാൻ ഇപ്പോൾ വരാം”, അനിത ധൃതിയിൽ ഊണുമുറിയിലേക്ക് നടന്നു. സുരേഷ് അവളെ കണ്ടു മുഖം തിരിച്ചു ജനാലയിലൂടെ പുറത്തേക്കു നോക്കി. അയാൾ സാന്ത്വന വാക്കുകൾക്കായി തിരച്ചിൽ തുടങ്ങിയിരുന്നു.
യദുവിനായ് കരുതിവെച്ചിരുന്ന ഗുലാബ് ജാമുൻ നിറച്ച ചെറിയ കളിമൺകോപ്പ, അനിത യദുവിന്റെ അമ്മയെ ഏല്പിച്ചു. കോപ്പയിൽ നിന്നും മധുരത്തുള്ളികൾ പുറത്തേക്ക് തെറിച്ചു വീണു നിലം നനച്ചു.
“ഈ പാത്രം നാളെ കൊണ്ടുവരാം ചേച്ചി, യദുവിന്റെ അമ്മ പറഞ്ഞു.
“വേണ്ട, അതു വെച്ചോളൂ… ഈ ചെറിയ കോപ്പ അവനു വല്യേ ഇഷ്ടമാണ്. ഇനി ഇതിന്റെ ആവശ്യം ഇവിടെയില്ലല്ലോ. ”
അനിത പുഞ്ചിരിക്കാൻ ശ്രമിച്ചു, അവളെ യാത്രയാക്കി, തിടുക്കത്തിൽ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
ഇരുണ്ട മാനം അടുത്ത മഴയ്ക്കായി കറുത്ത മേഘങ്ങളെ ഗർഭം ധരിച്ചു.
ചാരുപടിയിൽ ചാരിയിരുന്നു അനിത ആ മേഘങ്ങളെ നോക്കി.
സുരേഷ്, അവളുടെ അടുത്തു വന്നിരുന്നു.
“ഹേയ്… നിനക്കു വിഷമമായോ?, അയാളുടെ ശബ്ദം നേർത്തിരുന്നു.
അവൾ മറുപടി പറഞ്ഞില്ല.
പ്രവാസജീവിതത്തിന്റെ അന്ത്യം, ഒരു ഒഴിഞ്ഞുപോകലല്ലേ? അവകാശപ്പെടാൻ അനുവദിക്കാത്തൊരിടം.
അയാളുടെ കൈവിരലുകൾ അവളുടെ കൺതടങ്ങളിൽ ഉരസ്സി.
വിരലുകളിൽ കണ്ണീരിന്റെ ഈർപ്പം പടർന്നില്ല.
അവളുടെ കണ്ണുനീർ എന്നേ വറ്റിപോയിരുന്നു.
2 Comments
സങ്കടപെടുത്തി.. ഓരൊ അന്ധ വിശ്വാസങ്ങൾ..
അതെ, വായനക്ക് നന്ദി 🙏