“അല്ല ഇക്കാ ഇങ്ങക്ക് ആ താടി ഒന്ന് ഒപ്പിച്ചുനടന്നൂടെ.. ഇതൊരുമാതിരി കാട്ടാളനെ പോലെ നടക്കുന്നത്..
വെള്ളിയാഴ്ച രാവിലേ ഡ്യൂട്ടിക്കിറങ്ങാൻ നേരത്താണ് കെട്യോളുടെ പിൻമൊഴി കേട്ടത്.
ഓൾക്ക് നേരെ നാല് പുച്ഛം എറിഞ്ഞു കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്ന് വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു നോക്കി.. കാട്ടാളൻ പോയിട്ട് ഒരു കട്ടുറുമ്പിന്റെ ലുക്ക് പോലും ഇല്ല. ന്റെ കെട്യോൾ ആയതുകൊണ്ട് പറയുകയല്ല ആ സമയത്തെങ്ങാനും ഓളെ ഒരു കാട്ടാളൻ കണ്ടിരുന്നേൽ നാടൻ വെളിച്ചെണ്ണ കൂട്ടി പൊറോട്ട അടിക്കണ പോലെ അടിച്ചേനെ.. ഇത്രേം ലുക്ക് ഉള്ള എന്നെ നോക്കി കാട്ടാളൻ എന്ന് വിളിച്ചു കാട്ടാളന്മാർക്ക് പേര് ദോഷം ഉണ്ടാക്കാൻ നടക്കുന്നു ഓള്.
“കിട്ടിയ നാല് പുച്ഛത്തിനൊപ്പം രണ്ടെണ്ണം കൂട്ടി ഓള് പലിശ സഹിതം തിരിച്ചു തന്നപ്പോ വീട്ടീന്നിറങ്ങിയതാണ്…
ഇനി ഞാൻ താടി വെട്ടാഞ്ഞിട്ട് കാട്ടാളന്മാർക്ക് പേര് ദോഷം ഉണ്ടാവേണ്ടെന്ന് കരുതി നേരെ ബാർബർ ഷോപ്പിലേക്ക് പോയി.. അവിടെ ചെന്നപ്പഴാണേൽ കിറ്റ് വാങ്ങാൻ റേഷൻ കടയിൽ ക്യു നിക്കണപോലെയാണ് അവിടുത്തെ തിരക്ക്..
അവിടുന്നിറങ്ങി കടയിലേക്ക് നടക്കുമ്പോളാണ് അപ്പുറത്തെ ബാർബർ ഷോപ്പിലെ ബംഗാളി എന്നെ നോക്കി ചിരിക്കുന്നു..
“കൈസാഹേ ബായ് …
ഒന്റെ കൈസാഹേ കേട്ടപ്പോ ഓനിക്കൊരു കൈ സഹായം ആവട്ടെ ന്ന് കരുതി”ഭായ് താടി വെട്ടൽകരോ” എന്നും പറഞ്ഞു അവിടെ കേറി ഇരുന്നു..
കേറി ഇരുന്നതും ഓൻ ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിൽ രണ്ട് തുള്ളി ഡെറ്റോൾ ഒഴിച്ച് കഴുത്തിൽ തടവാൻ തുടങ്ങിയതും അവന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു. ഒരു കൈയിൽ ഫോണെടുത്ത് മെസ്സേജ് നോക്കിയതും അവന്റെ മുഖം പെട്ടെന്ന് മാറി.. അവന്റെ കെട്യോളുടെ ആണെന്ന് തോന്നുന്നു വലിയ ഒരു വോയ്സ് ആണ്.. അതും കേട്ടോണ്ട് അവൻ എന്റെ താടിയിൽ ഡെറ്റോൾ തടവുന്നത് തുടർന്നുകൊണ്ടിരുന്നു..
അവളുടെ സംസാരം കടുപ്പം കൂടുന്നതനുസരിച്ചു എന്റെ കഴുത്തിൽ അവന്റെ പിടി മുറുകാൻ തുടങ്ങി. അവസാനം ആ വോയ്സ് തീരുമ്പോഴേക്കും ഷാപ്പിൽ വെട്ടാൻ കൊണ്ട് വന്ന താറാവ് കണക്കിന് എന്റെ കഴുത്തിൽ പിടിച്ചോണ്ട് നിക്കുവ ആ പഹയൻ..
“ഓഹ് സോറി ബൈ.. ബീവി മെസ്സേജ് കിയ.. ഇസ്ലിയെ ഗുസ്സാ ആഗയാ..”
“ഭായ് ബീവിക്കാ സാത്ത് പ്യര്സെ ബാത് കരോ.. ഗുസ്സാ നഹിക്കരോ..”
സ്വന്തം കെട്യോളുടെ അടുത്ത് നിന്ന് ആറ് പുച്ഛം വാങ്ങിച്ചു വന്നാലും മറ്റുള്ളവർക്ക് മോട്ടിവേഷൻ കൊടുക്കുമ്പോ ഞമ്മളെ കെട്യോൾ ആണ് ഭൂമിയിലെ മാലാഖ എന്ന് മറ്റുള്ളോർക്ക് തോന്നണമല്ലോ !!
അവസാനം അവൻ ഡെറ്റോൾ തേപ്പ് നിർത്തി ഷേവിങ് കത്തി കഴുത്തിൽ വെച്ചതും അവന്റെ ആ കുരിപ്പ് കെട്യോളുടെ വീഡിയോ കാൾ വരുന്നത്..
ഒരു ഭാര്യയുടെയും ഭർത്താവിന്റേം വഴക്കിനിടയിൽ കഴുത്ത് വെച്ചുകൊടുക്കാൻ വിധിക്കപെട്ടവനായി നിസ്സഹായമായി ഇരിക്കണ്ടി വരുന്നവന്റെ ഗതികേട് നിങ്ങൾക്ക് മനസിലായില്ലെങ്കിലും എനിക്ക് മനസ്സിലായിരുന്നു.. ആ പഹയനും അവന്റെ കുരിപ്പ് കെട്യോളും തമ്മിൽ മുടിഞ്ഞ വഴക്ക്.. വഴക്ക് മൂക്കുമ്പോൾ അവൻ കഴുത്തിന്ന് കത്തി വലിച്ചു വാഴുവിൽ നാല് വീശ് വീശും എന്നിട്ട് പിന്നേം എന്റെ കഴുത്തിൽ വെക്കും.. അവൻ ദേഷ്യം മൂത്ത് ആ കത്തി ഒന്ന് കഴുത്തിൽ വലിച്ചാൽ കൊരവള്ളി പിളർന്ന് ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കേണ്ടി വരുമല്ലോ എന്നോർത്ത് വിയർത്തൊലിച്ചു ആ കസേരയിൽ ഇരിക്കുമ്പോഴും ആ ഹമുക്ക് മുടിഞ്ഞ വഴക്ക് ആണ്.
കൊടുങ്കാറ്റും ഇടിയും മിന്നലും അവസാനിച്ചു ഒരു ചാറ്റൽ മഴപോലെ അവനും കെട്യോളും നന്നായി ഓരോ ഉമ്മയും കൊടുത്ത് ഫോൺ വെച്ചപ്പോ പേമാരിയിൽ പെട്ട് നനഞ്ഞു കുതിർന്ന പോലെ വിയർത്ത് കുളിച്ചിരിക്കുന്ന എന്നോട് അവൻ ചോദിക്കുവാ ഭായ് ac ഇട്ടിട്ടും എന്താണ് ഇങ്ങനെ വിയർക്കുന്നത് എന്ന്..
പത്ത് പതിനഞ്ചു മിനിറ്റ് എന്റെ ജീവൻ വെച്ച് കുടുംബ പ്രശ്നം തീർത്തവൻ ആണ് ഈ ചോദ്യം ചോദിക്കുന്നത്.. ഒന്നും മിണ്ടാതെ ഈ താടി ഒന്ന് വെട്ടി തരാൻ ആംഗ്യം ഇട്ടതും ഓൻ വെട്ടാൻ തുടങ്ങി..
താടി ഒന്ന് വെട്ടിയൊതുക്കി നേരെ നിന്ന് നോക്കുമ്പോ ഒരു സൈഡ് മോഹൻലാലിനെപോലെ ചെരിഞ്ഞിരിക്കുന്നു.. ആ സൈഡ് ഒരു വിധം സെറ്റാക്കി വന്നപ്പോ അടുത്ത സൈഡ് മോഹൻലാലിനെ പോലെ ആയി.. ഒരു വിധത്തിലും മമ്മൂട്ടി ആവുന്നില്ലെന്ന് കണ്ടപ്പോ ഞാൻ സുരേഷ് ഗോപിയുടെ ഷിറ്റ് അങ്ങട് എടുത്ത്. അതോടെ ഓൻ ജസ്റ്റ് റിമംബർ ദാറ്റ് ക്രീം എന്നും ഓർത്ത് കുറെ ക്രീം കയ്യിലിട്ട് മുഖത്തെക്ക് തേച്ചു പിടിപ്പിച്ചു ഒരു ടിഷ്യു എടുത്ത് ക്ളീൻ ആക്കി മുഖത്ത് രണ്ട് അടി തന്നിട്ട് പറയുവാ
“ഭായ് അബി ശുന്ദർ ഹോഗയാ..
ഒരുമാതിരി പറക്കും തളികയിൽ ഹരിശ്രീ അശോകനെ സുന്ദരാ വിളിക്കണപോലെ തോന്നി എനിക്ക് …
ഓന്റെ കായും കൊടുത്ത് വീട്ടിലേക്ക് ചെന്ന് ഡോർ തുറന്നതും കെട്യോൾ മരണ ചിരി..
“എന്താടി അനക്കൊരു ബല്ലാത്ത ചിരി..
“ഉ ഉം.. അവൾ അകത്തേക്ക് കേറി പോയി പിള്ളേരേം കൂട്ടി മൃഗശാലയിലെ കരടിയെ കാണിക്കണ പോലെ വന്ന് എന്നെ നോക്കി എല്ലാരും കൂടെ ഭയങ്കര ചിരി..
“ന്റെ ഇക്കാ.. ഇങ്ങളെ ഇപ്പൊ കാണാൻ ഫ്രണ്ട്സ് സിനിമയിലെ ജയറാമിനെ പോലെ ണ്ടെന്ന് …
ആ ബങ്കാളിയുടെ മുന്നിൽ നിന്നും ജീവൻ മരണ പോരാട്ടം നടത്തി ജയിച്ചു വന്ന എന്നെ നോക്കി ഓള് ചിരിക്കുക കൂടെ ചെയ്തപ്പോ കണ്ട്രോൾ കയ്യിന്ന് പോയി.. ഞാനും ഓളും കൂടെ മൂന്നാം ലോക മഹായുദ്ധം നടക്കുമ്പോൾ ആണ് പുറത്തു നിന്നും ഒരു ബെല്ലടി..
വന്ന ദേഷ്യത്തിന് കതക് വലിച്ചു തുറന്നതും ധാ നിക്കുന്നു മുന്നിൽ എന്റെ പെയ്സും നീട്ടികൊണ്ട് ബാർബർ ബംഗാളി.. പെയ്സ് കയ്യിൽ തന്നിട്ട് ഓന്റെ ഒരു ഡയലോഗും
“ഭായ് ബീവികസാത്ത് പ്യാര്സെ ബാത് കരൊന.. ന്ന്..
ന്റെ പൊന്നാര ചങ്ങായിമാരെ ജീവിതം ഇങ്ങനെ ആണ് സമാധാനത്തിൽ പോയികൊണ്ടിരിക്കുമ്പോൾ ആരേലും വന്ന് ന്തേലും പറയും അപ്പൊ അതിന്റെ പിന്നിൽ പോകാൻ നിക്കണ്ട … ഞമ്മള് അതിൽ പെട്ട് ചക്രശ്വാസം വലിച്ചാലും കണ്ട് നിക്കുന്നോർക്ക് അതൊരു തമാശ ആവും.
പഴയപോലെ ലൈകും കമന്റും കിട്ടുന്നില്ല ട്ട.. ഒരു ലൈകും ഒരു കമന്റും ഇട്ടാൽ നിങ്ങളുടെ ഫോണ് കേട് അടിച്ചു പോവൂല ട്ട …
സൽമാൻ സാലി
1 Comment
Good read.. നന്നായി 😍🥰