——1———
ശീതീകരിച്ച മുറിക്കുള്ളിലും പ്രിയാ രാമകൃഷ്ണൻ വിയർക്കുന്നുണ്ടായിരിന്നു. 84 വയസ്സിൻ്റെ അവശതകളെക്കാൾ അറുപത്തഞ്ചു വർഷങ്ങളായുള്ള സൗഹൃദം, പ്രണയം ഒക്കെ ഇല്ലാണ്ടാവുന്ന നിമിഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവായിരിന്നു ആ വിയര്പ്പിൻ്റെ മൂലഹേതു. പതിറ്റാണ്ടുകളുടെ ഓർമ്മകൾ അനുക്രമമില്ലാതെ മിന്നിമറയുമ്പോൾ ഒഴുകിയിറങ്ങുന്ന കണ്ണുനീരുറവകൾ ബാക്കിവച്ചുപോകുന്ന അടയാളങ്ങൾ തുടയ്ക്കാൻ പോലും മിനക്കെടാതെ അവർ ദൂരെ ഏതോ അദൃശ്യ ലക്ഷ്യത്തിലേക്ക് കണ്ണും നട്ടിരുന്നു.
കഴിഞ്ഞ 48 മണിക്കൂറുകളായി ഐ സി യുവിൽ നിന്ന് വരുന്ന വിവരങ്ങളോരോന്നിനും കാതോർത്തിരിക്കുകയായിരുന്ന അവർ, കൊച്ചുമകൾ അവളുടെ അച്ഛനോട് ഐ സി യു വിൽ കിടക്കുന്ന അപ്പൂപ്പനെ കാണാൻ പോകുകയാണ് എന്ന് പറയുന്നത് കേട്ടാണ് അങ്ങോട്ട് നോക്കിയത്. പ്രായത്തിൽ കവിഞ്ഞ പക്വതയും നല്ല നേതൃപാടവവും കുഞ്ഞിലേ തന്നെ പ്രകടിപ്പിച്ചിരുന്ന അവൾ തന്നെയായിരുന്നു നാലു ചെറുമക്കളിൽ വച്ചും അപ്പൂപ്പൻ്റെ പ്രിയപ്പെട്ടവൾ. മൂത്ത ആൾക്ക് രണ്ടും ആൺപിള്ളേരാണ്. കുടുംബത്തിൽ നാല് ആൺപിള്ളേർ കഴിഞ്ഞ് ഇളയവൻ്റെ ആദ്യ കുഞ്ഞ് പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ ഒരുപക്ഷെ ഏറ്റവും സന്തോഷിച്ചിരിക്കുക അപ്പൂപ്പൻ തന്നെയാകും. അവളുടെ വളർച്ചയിലെ ഓരോ ഘട്ടത്തിലും ചിരിച്ചുകൊണ്ട് പറയുമായിരുന്നു .
“എടിയേ , ഐഷി നിന്നെ പോലെ തന്നെ , എത്ര മുയലിനെ പിടിച്ചാലും അവയ്ക്കൊക്കെ മൂന്ന് കൊമ്പാണ് അവൾക്ക്”
എന്നിട്ട് തൻ്റെ പണ്ടത്തെ ഏതേലും ദുർവാശികഥകൾ അവളോടും കൂടെ നിൽക്കുന്ന എല്ലാപേരോടും വർണ്ണിച്ചു കൊടുക്കുമായിരുന്നു. ഓരോ തവണ അത് കേൾക്കുമ്പോഴും തനിക്ക് അരിശമാണോ സന്തോഷമാണോ വരുക എന്ന് പ്രിയാമ്മയ്ക്ക് നിർവ്വചിക്കാൻ പറ്റിയിരുന്നില്ല. ആദ്യം തന്നെ പ്രിയാമ്മ എന്ന് വിളിച്ചതും ഐഷിമോൾ തന്നെയായിരുന്നല്ലോ എന്ന് അവർ ഓർത്തു. ആ വിളി ഇഷ്ട്ടപ്പെട്ട അപ്പൂപ്പനും ഉടനെ വിളി അങ്ങനെയാക്കി. അങ്ങനെ പ്രിയ എസ് എസ് എന്ന പ്രിയ രാമകൃഷ്ണൻ മക്കളുടേയും ചെറുമക്കളുടേയും ഒക്കെ പ്രിയാമ്മയായി മാറുകയായിരുന്നു.
പുറയത്തേയ്ക്കിറങ്ങവേ ഐഷി ഡോക്ടറെ കണ്ടിട്ടേ വരൂ എന്ന് പറയുന്നത് കേട്ടായിരിന്നു. ഐഷികൃഷ്ണ മുൻപ് ജോലി ചെയ്തിരുന്ന ആശുപത്രി ആയതിനാൽ അവളുടെ സീനിയേഴ്സും ജൂനിയയേഴ്സും ഒക്കെ അവിടെ ഉണ്ടെന്നുള്ളത് കൊണ്ടാവും മകൻ അച്ഛനെ ഇവിടെയ്ക്ക് തന്നെ കൊണ്ട് വന്നത്. ലണ്ടനിലെ തണുപ്പ് ഈയിടെയായി പറ്റാത്തത് കൊണ്ട് നാട്ടിലേക്ക് ഇത്തവണ നേരത്തെ പോകണം എന്ന് കരുതിയതാണ്. മകൻ്റെയും അതിനേക്കാൾ മരുമകളുടെയും നിർബന്ധം കാരണം രണ്ട് മാസത്തേക്ക് കൂടി ടിക്കറ്റ് നീട്ടുകയായിരിന്നു. അല്ലേലും ആറു മാസം ഇന്ത്യയിലും ബാക്കിയുള്ള ആറു മാസം ലണ്ടനിലും ന്യൂയോർക്കിലും ആയുള്ള രണ്ട് മക്കളുടെ അടുത്തും എന്ന് പറഞ്ഞ് തുടങ്ങിയ റിട്ടയർമെന്റ് ജീവിതം, താളക്രമത്തിൽ അല്ലാതായിട്ട് എത്രയോ വർഷം കഴിഞ്ഞിരിക്കുന്നു. അടുക്കും ചിട്ടയും ജീവിതത്തിൽ കണിശമായി വേണമെന്ന എൻ്റെ ദുർവ്വാശിക്കിടയിലും രാമുവിൻ്റെ ഒന്നിനെയും കൂസാത്ത, ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ലാത്ത ജീവിത രീതി ഇത്രകാലവും എങ്ങനെ തുടരുന്നു എന്ന് മക്കൾക്ക് പോലും ഒരു അത്ഭുതമാണ്. നാട്ടുകാർക്കും കുടുംബക്കാർക്കും ഒക്കെയുള്ള മറ്റൊരു അത്ഭുതമാണ്, ലോകത്തിൻ്റെ പല ഭാഗത്തായി ചിതറിക്കിടക്കുന്ന ഈ കുടുംബം എങ്ങനെ ഇന്നും ഇങ്ങനെ ഒന്നിച്ചു പോകുന്നു എന്നുള്ളത്.
ലണ്ടനിലും അമേരിക്കയിലുമായി മെഡിക്കൽ പഠനം പൂർത്തിയാക്കി ലോകത്തെ ഏറ്റവും പ്രസിദ്ധമായ അമേരിക്കയിലെ ബ്ലു ഡയമണ്ട് ആശുപത്രിയിൽ ജോലി ചെയ്യുന്ന കൊച്ചുപുത്രി, അപ്പൂപ്പന് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ പറന്നെത്തിയത് രക്തബന്ധം എന്ന ഒറ്റ കാര്യം കൊണ്ട് മാത്രമാവില്ലല്ലോ. അപ്പൂപ്പനെയും അമ്മൂമ്മയെയും പറ്റി തൻ്റെ അച്ഛനിൽ നിന്നും, ന്യൂയോർക്കിലെ പഠനകാലത്ത് വലിയച്ഛനിൽ നിന്നും കേട്ട കഥകളും പിന്നെ മിക്കവാറും എല്ലാ ക്രിസ്മസ് അല്ലേൽ ന്യൂഇയർ കാലത്തും ഒത്തുകൂടിയിരുന്ന കുടുംബസദസ്സുകളിലെ പൊട്ടിച്ചിരികളിലും കൂടെയാകും, അവൾ അവരെ തൻ്റെ ഓർമ്മകളിൽ ചേർത്തുനിറുത്തിയിട്ടുണ്ടാവുക.
——2——-
വന്ന ദിവസം തന്നെ ഡോക്ടർ തോമസ് തന്നോട് പറഞ്ഞ കാര്യം ഓർത്തുകൊണ്ടാണ് ഡോക്ടർ ഐഷി കൃഷ്ണ ഐ സി യുവിലേക്ക് കയറിയത്. ഇടയ്ക്കിടെ ബോധം വരുന്നുണ്ടെങ്കിലും തലച്ചോറിലെ അണുബാധ ഇനി ഒരു തിരിച്ചുവരവ് പറ്റാത്ത വിധം രാമകൃഷ്ണനെ അവശനാക്കി കഴിഞ്ഞിരിക്കുന്നു എന്ന് ഡോക്ടർ തന്നോട് പറഞ്ഞപ്പോൾ അടുത്ത് നിന്നിരുന്ന അച്ഛൻ ഒരു കൊച്ചുകുട്ടിയെ പോലെ കരഞ്ഞത് അത്ഭുതമാണോ ആദരവാണോ തന്നിൽ കൂടുതൽ ഉളവാക്കിയത് എന്ന് ഐഷിക്ക് വിവക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ആ വാർത്ത അച്ഛൻ തന്നെ നേരിട്ട് അച്ഛമ്മയോട് പറയുമ്പോൾ അച്ഛമ്മ കരയുന്നത് തൻ്റെ 25 വർഷത്തെ ജീവിതത്തിൽ ആദ്യമായി കാണുകയായിരുന്നു അവൾ.
ഐ സി യുവിൽ ശാന്തമായി ഉറങ്ങുന്ന അപ്പൂപ്പനെ നോക്കി നിൽക്കവേ നേഴ്സ് അടുത്ത് വന്ന് ഒരു പേപ്പർ കഷ്ണം നീട്ടി. “Doctor, your grandpa asked me to write this last night when he was awake for some time. It was difficult for me to understand what he said. But I think he wanted me to give this to you.
ബ്രിട്ടനിലെ ആശുപത്രികളിൽ കലാകാലങ്ങളായി ജോലി ചെയ്യുന്ന അസംഖ്യം മലയാളി നഴ്സുമാരിൽ ഒരാളായ അവൾ, നല്ല വടിവുള്ള മലയാളത്തിൽ തന്നോട് ഇടയ്ക്കെപ്പോഴൊക്കെയോ സംസാരിച്ച രാമകൃഷ്ണൻ എന്ന പേഷ്യന്റിൻ്റെ പേരമകൾ ഡോക്ടർ ഐഷി കൃഷ്ണയോട് ആദ്യദിവസം മലയാളം സംസാരിച്ചു പരാജയപ്പെട്ടിരുന്നതിനാൽ, നല്ല ബ്രിട്ടീഷ് ഇംഗ്ലീഷിൽ തന്നെയാണ് അത് പറഞ്ഞത്.
പേപ്പർകഷണത്തിൽ കണ്ണോടിച്ചതും ഐഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛമ്മ എന്ത് കൊണ്ടാണ് മെഷീൻ സപ്പോർട്ട് മതിയാക്കാൻ സമ്മതിക്കാത്തത് എന്ന് പെട്ടെന്ന് അവൾക്ക് മനസ്സിലായി. ഔദ്യോഗിക ആവശ്യത്തിന് ജർമ്മനിയിൽ പോയിരിക്കുന്ന വല്യച്ഛൻ വന്ന ശേഷം അച്ഛമ്മ അതിന് സമ്മതിക്കുമായിരിക്കും എന്ന അവളുടെ ചിന്ത തെറ്റായിരുന്നു എന്ന് അവൾക്ക് മനസ്സിലായി.
——3——-
“അച്ഛമ്മേ, അപ്പൂപ്പൻ is the ultimate romantic I have seen. See what he has written for you” എന്നും പറഞ്ഞു മുറിക്കുള്ളിലേക്ക് കടന്ന് വന്ന ഐഷിമോളുടെ കണ്ണുകൾ അവളുടെ തമാശകലർന്ന വാക്കുകളിലെ വേദനയും നൊമ്പരവും ആണ് പ്രിയയിലേക്ക് പകർന്ന് നൽകിയത്. അവളുടെ കയ്യിൽ നിന്ന് ആ പേപ്പർ കഷണം വാങ്ങി ഒരു വട്ടം വായിച്ചതും പ്രിയാ രാമകൃഷ്ണൻ്റെ കണ്ണുകളിൽ അടക്കി വച്ചിരുന്ന കണ്ണീർ, നിലയ്ക്കാതെ പൊട്ടി ഒഴുകി. ആ നീർച്ചാലുകൾ, നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വിയർപ്പുച്ചാലുകളുമായി ലയിച്ച് ദുഃഖസാഗരത്തിൻ്റെ അഗാധതയിലേക്ക് പ്രിയയെ കൂട്ടികൊണ്ട് പോയി.. മരണമില്ലാത്ത, രോഗങ്ങളില്ലാത്ത, പ്രണയവും സൗഹൃദവും യഥാക്രമം ആകാശവും ഭൂമിയും ആകുന്ന ഒരു ലോകത്തേയ്ക്ക്..
——4 ——-
കേരളത്തിലെ പ്രശസ്ത എഞ്ചിനീയറിംഗ് കോളേജ് ആയ തിരുവന്തപുരം എഞ്ചിനീയറിങ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലെ രണ്ടാം നിലയിലുള്ള റൂം നമ്പർ 78ൽ മങ്ങിയ ടേബിൾ ലാമ്പിൻ്റെ വെളിച്ചത്തിൽ ഇരുന്ന് പ്രിയ എസ് എസ് കുറേ കാർഡുകളിൽ വിടവാങ്ങൽ സന്ദേശങ്ങൾ എഴുതുക ആയിരിന്നു. വൈകുന്നേരം സഹവാസികളായ രണ്ട് കൂട്ടുകാരികളോടൊത്ത് സിറ്റിയിലെ ആർച്ചീസ് ഷോപ്പിൽ പോയി വാങ്ങിയ കാർഡുകൾ ആണ്. “നിനക്ക് വട്ടാണ്. ഓട്ടോഗ്രാഫിൽ എഴുതിയത് പോയിട്ട് ഇനി കാർഡുകളും കൂടി കൊടുക്കാൻ” എന്ന കൂട്ടുകാരികളുടെ സ്നേഹപൂർവ്വമായ ശാസന ചെവികൊള്ളാതെ പത്തെണ്ണം വാങ്ങി. ഓരോരുത്തരെയും മനസ്സിൽ കണ്ട് അതിനനുസരിച്ച് മെസ്സേജസ് ഉള്ള കാർഡുകൾ ആണ് വാങ്ങിയത്. അവിടെ മുഴുവൻ പരതിയിട്ടും അവനായി ഒരു കാർഡ് കിട്ടിയില്ല. അല്ലെങ്കിൽ തന്നെ ഒരു കാർഡ് എഴുതി കൊടുത്ത് ബൈ ബൈ പറഞ്ഞിറങ്ങാൻ കഴിയുന്ന ബന്ധമാണോ തങ്ങൾ തമ്മിൽ ഉള്ളത്? അല്ലാതെ പിന്നെ? പിരിയാൻ വിഷമമുള്ള എന്നാൽ ജീവിതയാത്രയിൽ വഴിപിരിയേണ്ട മറ്റൊരു സൗഹൃദം. അത്ര തന്നെ. ആണോ??
കഴിഞ്ഞ കുറേ നാളുകളായി പലപ്പോഴും ഈ വൈരുദ്ധ്യ സന്ദേശങ്ങൾ മനസ്സിലിരുന്ന് രണ്ട് മാലാഖമാർ തരുന്നുണ്ട്. ആദ്യത്തെ മാലാഖ ഫൈനൽ പരീക്ഷക്ക് ഇനി നാലഞ്ച് ദിവസങ്ങളെ ഉള്ളൂ, അത് ഫോക്കസ് ചെയ്ത് പഠിച്ച് നിൻ്റെ കാലങ്ങളായുള്ള എഞ്ചിനീയർ ആകണം എന്ന മോഹം സഫലമാക്കൂ എന്ന് ഓർമ്മപ്പെടുത്തുമ്പോൾ, കൂടുതൽ വൈകാരികമായി ചിന്തിക്കുന്ന, അല്ലേൽ ചിന്തിപ്പിക്കുന്ന രണ്ടാമത്തെ മാലാഖ ക്യാമ്പസ്സിലും ഹോസ്റ്റലിലും ആയി ഇനിയുള്ള ഏതാനും ദിവസങ്ങൾ കൂടുതൽ അർത്ഥവർത്താക്കൂ എന്ന് മന്ത്രിച്ചുകൊണ്ടേയിരിന്നു.
അവളാണല്ലോ അടുത്തിടെയായി ഓർക്കാൻ ഒത്തിരി മനോഹര ദിവസങ്ങൾ സമ്മാനിച്ച ഹോസ്റ്റലിലെ റൂംമേറ്റ്സ്സിനോടൊപ്പമുള്ള ജീവിതവും, കോളേജിലെ സൗഹൃദങ്ങളും, സർവ്വോപരിയായി അവനെയും നഷ്ടപ്പെടാൻ ഇനി അധികനാൾ ഇല്ല എന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത്. അവളുടെ വാക്കുകൾ ഒരിക്കലും തന്നെ ഒരു സേഫ് ആയ പാതയിൽ കൂടിയായിരുന്നില്ല കഴിഞ്ഞ നാലു വർഷങ്ങളിലും നടത്തിയത് എന്ന് പ്രിയ ഓർമ്മിച്ചു. ലേഡീസ് ഹോസ്റ്റൽ സമരത്തിനായാലും, ഇലക്ഷന് നിൽക്കുന്നതിനായാലും സുഗതൻ സാറിൻ്റെ ക്ളാസ്സിൽ വച്ച് പുറകിൽ നിന്നോരുത്തൻ തൻ്റെ പുറത്ത് ചോക്ക് എറിഞ്ഞപ്പോൾ, ഒന്നിന് പകരം രണ്ടെണ്ണം എടുത്ത് എഴുന്നേറ്റു നിന്ന് തിരിച്ചെറിഞ്ഞപ്പോഴായാലും ബഹുവർണ്ണ നിറങ്ങളിൽ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടാറുള്ള ആ മാലാഖ തന്നെയായിരുന്നു പ്രചോദനം.
അവനായി കാർഡുകൾ ഒന്നും കിട്ടാതായപ്പോൾ വെറുതെ ഡയറി എടുത്ത് ഒന്ന് മറിച്ചു നോക്കി. നല്ല കോട്ടുകൾ വായിക്കുമ്പോൾ എഴുതി വയ്ക്കാറുള്ള ഡയറി ആണത്. അതിൽ നിന്ന് ചുക്കി ചുളിഞ്ഞ ഒരു പേപ്പറിൽ അതിലും ചുക്കിച്ചുളിഞ്ഞ കൈപ്പടയിൽ എഴുതിയ ഒരു കടലാസ് പുറത്തു വന്നു. രാമുവിൻ്റെ കയ്യക്ഷരം ക്ലാസ്സിലെ ചർച്ചാവിഷയമായിരിന്നു. പഠിക്കാൻ മിടുക്കനായ ഒരാൾക്ക് എങ്ങനാ ഇത്രയും മോശമായി എഴുതാൻ പറ്റുക എന്ന് പലരും, പ്രത്യേകിച്ചും പെൺകുട്ടികൾ, അവനോട് ചോദിക്കുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ട്. അതിനൊക്കെ അവന് എപ്പോഴും ഒരു ഉത്തരമേ ഉള്ളൂ, സ്വതസിദ്ധമായ തമാശയിൽ പൊതിഞ്ഞ മറുപടി.
“മഹാന്മാരുടെ ഒക്കെ കൈയക്ഷരം മോശമായിരുന്നു. നാളെ ഒരു മഹാൻ്റെ കൂടെയാണ് പഠിച്ചത് എന്ന് നിങ്ങൾക്കും അഭിമാനത്തോടെ പറയാൻ പറ്റും”
തൻ്റെ കയ്യിലുള്ള ചുളുങ്ങിയ കടലാസ്സിലെ മഹത് വചനം ആ മഹാൻ നേരിട്ട് തന്നത് കഴിഞ്ഞ വർഷമാണ്. ആൾ ഇന്ത്യ ടൂറി നിടയിൽ മസ്സൂറി നഗരത്തിലെ ഒരു തണുത്തുറഞ്ഞ വെളുപ്പാൻ കാലത്ത്.
ടൂറിൻ്റെ ആദ്യ ദിവസങ്ങളിൽ വലിയ കൂട്ടായിരുന്നെങ്കിലും കഴിഞ്ഞ നാലഞ്ച് ദിവസമായി എന്തെങ്കിലും മിണ്ടിയിട്ട്. അവന് ഇഷ്ടമില്ലാത്ത ചിലരോടൊപ്പം താൻ കുറച്ചു സമയം ചിലവിട്ടതാണോ കാരണം? എങ്ങനെ അറിയാനാണ്? വാ തുറന്ന് പറഞ്ഞാലല്ലേ അറിയൂ താൻ എന്ത് തെറ്റാണ് ചെയ്തത് എന്ന്? തനിക്ക് അവൻ്റെ കൂട്ടാണ് ഏത് കൂട്ടത്തിലും ഏറ്റവും പ്രിയം എന്ന് എന്നെങ്കിലും അവന് മനസ്സിലായിട്ടുണ്ടോ? എന്തായാലും രാത്രി ഡിന്നർ കഴിഞ്ഞ് കൈ കഴുകാനായി അവൻ എഴുന്നേറ്റപ്പോൾ ആർക്കും സംശയം തോന്നാതെ എഴുന്നേറ്റ് അവൻ്റെ പുറകേ ചെന്നു.
“നോർത്ത് ഇന്ത്യയിൽ വന്ന് ഇത്രയും വെയിറ്റ് കൂട്ടാൻ എങ്ങനെ പറ്റി? എനിക്ക് കൂടെ ആ വിദ്യ പറഞ്ഞു തരുമോ?”
തൻ്റെ ആ ചോദ്യം രാമകൃഷ്ണനിൽ പ്രത്യേകിച്ച് ഒരു പ്രതികരണവും ഉണ്ടാക്കിയില്ല. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു. സമാധാനത്തിൽ കാര്യം ചോദിക്കാൻ പോയതാണ് ഇങ്ങനത്തെ ഒരു വഷളൻ ചോദ്യമായി മാറിയത്.
മറുപടി ഒന്നും പറയാതെ തെന്നി മാറിപ്പോയ അവൻ രാവിലെ ബ്രേക്ക്ഫാസ്റ്റിനു മുൻപായി കണ്ടപ്പോൾ കൈമാറിയ കടലാസ്സ് എല്ലാരുടെയും കണ്ണ് വെട്ടിച്ച് മുറിയിൽ വന്നിരുന്ന് തുറന്നത് വളരെ അങ്കലാപ്പോടെ ആയിരിന്നു. അതിൽ ഒരു മറുപടിക്ക് പകരം ഒരു കുഴപ്പം പിടിച്ച മറു ചോദ്യം ആയിരുന്നു.
“ഒരു നാൾ ഒരു ബാലന് ഒരു പളുങ്ക് പാത്രം സമ്മാനം കിട്ടി. അവൻ അതിന് അഭൗമ സൗന്ദര്യസങ്കൽപ്പങ്ങൾ കൽപ്പിച്ച്, അത്യുന്നതങ്ങളിൽ പ്രതിഷ്ഠിച്ചു , ഒരു കുസൃതികാറ്റിനു സാധാരണ പളുങ്ക് പാത്രത്തോടുള്ള അവൻ്റെ അഭിനിവേശം കണ്ട് അസൂയ തോന്നി. ആ കാറ്റ് അതിനെ അത്യുന്നതങ്ങളിൽ നിന്ന് തള്ളി താഴെയിട്ടു. ആയിരം കഷ്ണങ്ങളായി ചിതറിയ ആ പളുങ്ക് പാത്രത്തിൻ്റെ ഓരോ കഷ്ണവും അവൻ പെറുക്കി എടുത്തുകൊണ്ടേയിരിക്കുന്നു. സ്നേഹത്തിൻ്റെ പശ ചേർത്ത് ഓർമ്മകളുടെ തീച്ചൂളയിൽ അവൻ അതിനെ വീണ്ടും തിളങ്ങുന്ന പളുങ്ക് പാത്രമാക്കാം എന്ന് വ്യാമോഹിക്കുന്നു. അവന് അതിന് എന്നെങ്കിലും കഴിയുമോ?”
ആ ചോദ്യത്തിന് ഉത്തരം അവൻ തന്നെ കണ്ടുപിടിക്കട്ടെ.
പുറത്ത് പെയ്യാൻ തുടങ്ങിയ മഴത്തുള്ളികളിൽ നിന്ന് രക്ഷപ്പെടാൻ പ്രിയ ഹോസ്റ്റൽ റൂമിലെ ജനൽ അടയ്ക്കാനായി എഴുന്നേറ്റു. പുറത്തെ അക്കേഷ്യ കാടുകളിൽ കാറ്റിനകമ്പടിയോടെ മഴ വീഴുമ്പോഴുള്ള മനോഹര ശബ്ദത്തിന് കാതോർത്ത് അവൾ ചാഞ്ഞു നിൽക്കുന്ന അക്കേഷ്യ കൊമ്പിൽ നിന്ന് ഒരു പച്ച ഇല പറിച്ചെടുത്തു, അതിൽ വിട്ടുപോകാൻ കൂട്ടാക്കാതെ പറ്റി പിടിച്ചിരുന്ന കുറച്ച് മഴത്തുള്ളികളെ ഉറങ്ങി കിടന്നിരുന്ന രണ്ട് കൂട്ടുകാരികളുടെയും മുഖത്ത് തെറിപ്പിച്ച്, ചുവന്ന പേനയും ഡയറിയും എടുത്ത് കട്ടിലിലേക്ക് നടന്നു.
—–5——-
എന്നാ കണ്ണാ സ്റ്റഡി ലീവ് അല്ലാമാ? നീ കാലേലെ എങ്ക പോറെ? ” രാമകൃഷ്ണൻ രാവിലെ ഉണർന്നു കോളേജിൽ പോകാൻ റെഡി ആകുന്നത് കണ്ട് വന്ന അമ്മയുടെ ന്യായമായ സംശയം.
“കോളേജിൽ പോകറുത് അമ്മാ, കൊഞ്ചം ഡൌട്ട്സ് ക്ലിയർ പണ്ണവേണം” അമ്മ വിശ്വസിക്കില്ല എന്നറിയാമായിട്ടും, അതും പറഞ്ഞ് അവൻ ഇറങ്ങി.
നാല് മാസം മുൻപ് അപ്പ മരിക്കുന്നത്തിന് മുൻപായിരുന്നെങ്കിൽ അമ്മ കൂടുതൽ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചേനെ. എന്നാൽ ഇപ്പൊ എല്ലാത്തിനും അമ്മയ്ക്ക് ഒരു മരവിപ്പാണ്. ഇനിയും നാലഞ്ച് വർഷങ്ങൾ ഓഫീസിൽ പോകണമല്ലോ എന്ന് ഇടയ്ക്കൊക്കെ പറയാൻ തുടങ്ങിയിട്ടുണ്ട്. പെട്ടെന്ന് ഒരു ജോലി നേടണം, അമ്മയ്ക്ക് അത് സന്തോഷമാവും.
മൺവിള ബസ്സിൽ കയറുമ്പോഴേക്കും മനസ്സിലെ ചിന്തകൾ കോളേജിനെ ചുറ്റിപറ്റി ആയിക്കഴിഞ്ഞിരുന്നു. പ്രിയയോട് “ഡിസൈൻ ഡൌട്ട്സ് ക്ലിയർ ചെയ്യണം, ഹോസ്റ്റലിലേക്ക് വന്നോട്ടെ” എന്ന് ഇന്നലെ രാവിലെ ചോദിച്ചപ്പോഴും അവളുടെ മറുപടി മൂന്ന് നാലു വർഷങ്ങൾക്ക് മുൻപ്പ് കണ്ട പ്രിയയുടെ അതേ ടോണിൽ തന്നെയായിരുന്നു.
“വന്നോളൂ ഒരു പത്തുമണി മുതൽ പന്ത്രണ്ടു മണിവരെ ഞാനും സ്ട്രക്ച്ചറൽ ഡിസൈൻ ആവും പഠിക്കുക.”
പരീക്ഷ ഇങ്ങടുത്തെത്തിക്കഴിഞ്ഞ സമയത്ത് അവൾ വേറെ ആർക്കുവേണ്ടിയും രണ്ടു മണിക്കൂർ മാറ്റി വയ്ക്കില്ല തന്നെ. കഴിഞ്ഞ കുറെ നാളായി തനിക്കുള്ളത് പോലെ തന്നെ അവൾക്കും തന്നോട് പ്രത്യേക ഒരു ഇഷ്ടം ഉണ്ടെന്ന് തോന്നിയിരുന്നില്ലേ? അപ്പ മരിച്ച വേളയിൽ ഏറ്റവും കൂടുതൽ ധൈര്യം തന്നതും, അമ്മയോടൊപ്പം എന്നും ഉണ്ടാവണം എന്ന് ഒരു അധികാരത്തോടെ പറഞ്ഞതും അവളുടെ സ്നേഹത്തിന് കടലിൻ്റെ ആഴവും ആകാശത്തിൻ്റെ പരപ്പും ഉള്ളത് കൊണ്ട് തന്നെയല്ലേ? അതേ സ്നേഹത്തിൻ്റെ സംരക്ഷണ വളയം ഉള്ളതുകൊണ്ടല്ലേ അവളുടെ മുന്നിൽ പല തവണ പറയണം എന്ന് കരുതിയ മനസ്സിലെ പ്രണയം ഒരിക്കലും പറയാൻ കഴിയാതെ പോയത്. ഒരു കൂട്ടുകാരിയുടെ കരുതലും ഒരു സഹോദരിയുടെ സ്നേഹവും ചിലപ്പോഴൊക്കെ ഒരു അമ്മയുടെ വാത്സല്യവും ഒക്കെ ഒരുമിച്ച് ഒരാൾക്ക് തരാൻ കഴിയുന്നത് എങ്ങനെയാണ്? അത് നഷ്ടപ്പെട്ടാലോ എന്ന ചിന്ത ഉള്ളത് കൊണ്ടല്ലേ, തൻ്റെ മനസ്സിലെ പ്രണയം ഹൃദയത്തിൻ്റെ വടക്കുകിഴക്കേ മൂലയിൽ കുഴിച്ചിടേണ്ടി വന്നത്.
അവളുമായ് കൂട്ടുകൂടിയത് മുതൽ തലേന്ന് പബ്ലിക് ലൈബ്രറിയിലെ പബ്ലിക് ഫോൺ ബൂത്തിന് മുന്നിൽ ക്യൂ നിന്ന്, ഹോസ്റ്റലിലെ ഒരിക്കലും കിട്ടാത്ത ഫോണിലേക്ക് വിളിച്ച് സംസാരിച്ചത് വരെയുള്ള സംഭവങ്ങൾ മിന്നിമറഞ്ഞപ്പോഴേക്കും കൊളേജിനു മുന്നിൽ എത്തിയിരുന്നു.
സ്റ്റഡി ലീവ് ആയതിനാൽ കോളേജിലും ഹോസ്റ്റലിലും അധികം ആരും കാണില്ല എന്നും അത് കൊണ്ട് തന്നെ പത്തു മണിക്ക് പോസ്റ്റ് ഓഫീസിൻ്റെ എതിർവശത്ത് മെക്സ് കോർണറിനു സമീപമുള്ള സ്ഥിരം സ്ഥലത്ത് കാണാം എന്നും പറഞ്ഞാണ് ഇന്നലെ ഫോൺ വയ്ച്ചത്.
അവിടെയ്ക്ക് നടന്നടുക്കവേ രാമകൃഷ്ണൻ്റെ മനസ്സിൽ അത് വരെ ഉണ്ടായിട്ടില്ലാത്ത പെരുമ്പറകൊട്ടൽ ഉണ്ടായിരുന്നു. പ്രോജക്ട് റിപ്പോർട്ടിനായും അല്ലാതെയും എത്ര ശനിയാഴ്ച്ചകൾ അവളെ ഇവിടെ വച്ച് കണ്ടതാണ്.. അപ്പോഴൊന്നുമില്ലാത്ത ഈ ആളിക്കത്തൽ എന്തിനാണ്? ഒറ്റയ്ക്കൊറ്റയ്ക്ക് ഉള്ള അവസാന കൂടിക്കാഴ്ച ആവുമോ ഇത്? അകാലത്തിൽ അപ്പയുടെ മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആലോചിച്ചു പോയി. അന്യജാതിക്കാരിയുമായി ഒരു ബന്ധം ഒരിക്കലും അമ്മ അനുവദിക്കില്ല എങ്കിലും, അച്ഛനുണ്ടായിരുന്നെങ്കിൽ അതൊന്നും താൻ കൂട്ടാക്കുമായിരുന്നില്ല.
ചിന്തകളുടെ ലോകത്ത് തളച്ചിടപ്പെട്ട രാമു പുറകിൽ നിന്ന് പ്രിയ വരുന്നത് അറിഞ്ഞില്ല.
“രാമൂ, ഇന്ന് മഴ പെയ്യുമല്ലോ, ചരിത്രത്തിൽ ആദ്യമായി എന്നേക്കാൾ മുന്നേ പറഞ്ഞ സമയത്ത് പറഞ്ഞിടത്ത് എത്തിയല്ലോ”
ഇതും പറഞ്ഞ് മുത്തുമണികിലുക്കം പോലുള്ള അവളുടെ ചിരിയുമായി പ്രിയ രാമുവിനെ കടന്ന് അവരുടെ സ്ഥിരം ഇരുപ്പിടമായ അക്കേഷ്യകൾക്കിടയിലുള്ള തിട്ടയിലേക്ക് ആദ്യമെത്താൻ ഓടിപ്പോയി.
അവർ രണ്ട് പേരും അന്ന് ഒന്നും പഠിച്ചില്ല, ഏതാണ്ട് രണ്ട് മണിക്കൂറുകൾ അധികം ഒന്നും പറയാതെ അവരവരുടെ ചിന്തകളിൽ മുഴുകി അവർ അടുത്തടുത്തിരുന്നു. അവർ സംസാരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല, ചുറ്റുമുള്ള അക്കേഷ്യ മരങ്ങളുടെ ഈണത്തിലുള്ള മൂളലുകളിലൂടെ കാറ്റ് അവരുടെ മനസ്സിലുള്ള കാര്യങ്ങൾ പരസ്പരം കൈമാറിക്കൊണ്ടിരിന്നു.
ഒടുവിൽ പോകാൻ നേരം പ്രിയ ഒരു പിങ്ക് നിറത്തിലുള്ള കവർ രാമകൃഷ്ണന്റെ കയ്യിൽ ഏൽപ്പിച്ചു.
“രാമു ഇത് പരീക്ഷകൾ കഴിഞ്ഞ് അടുത്ത ദിവസമേ തുറക്കാവൂ. അപ്പോഴേക്കും ഞാൻ ഹോസ്റ്റൽ വിട്ട് വീട്ടിലേക്ക് പോയിട്ടുണ്ടാവും”.
“ഇതെന്താ കാർഡ് ആണോ? ഓട്ടോഗ്രാഫിൽ രണ്ട് വരി എഴുതിത്തരാൻ പറഞ്ഞിട്ട് താരാത്ത ആളാണ്. ഇപ്പൊ ഇതെന്ത് പറ്റി?”
“എന്നെ ഓർക്കാൻ രാമുവിന് ഓട്ടോഗ്രാഫിലെ രണ്ട് വരികൾ വേണമെന്നുണ്ടെങ്കിൽ അങ്ങനെ എന്നെ ഓർക്കേണ്ട. ഇതിൽ പണ്ട് എൻ്റെ കയ്യിൽ നിന്നും എടുക്കാൻ ശ്രമിച്ച ഒരു സാധനമാണ്. ഇപ്പോഴൊന്നും തുറന്ന് നോക്കല്ലേ”
അവൾ അതേൽപ്പിച്ചിട്ട് തിരിഞ്ഞു നോക്കാതെ ഹോസ്റ്റൽ പടികൾ കയറിപ്പോകുന്നതും നോക്കി കുറേ നേരം രാമു ഗേറ്റിൽ തന്നെ നിന്നു. കയ്യിലെ കവറും വിങ്ങുന്ന ഹൃദയവുമായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ രാമുവിൻ്റെ മനസ്സിൽ ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾ മാത്രമായിരുന്നു.
——6——-
പ്രിയക്കറിയാം താൻ ഇത് എക്സാം കഴിയുന്നത് വരെ പൊട്ടിക്കാതെ ഇരിക്കില്ല എന്ന്. എന്തായാലും അവൻ അത് ബസ് യാത്രയിൽ പൊട്ടിച്ചില്ല. മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമായിരുന്നു. വീട്ടിൽ എത്തിയ ഉടനെ മുറിയിൽ കയറി വാതിലടച്ചു. പിങ്ക് കവറിൽ നിന്നാദ്യം പ്രിയയുടെ ഒരു ഫോട്ടോയും തുടർന്ന് ഒരു അക്കേഷ്യ ഇലയും താഴെ വീണു. കുറച്ചു നാൾ മുൻപ് അവളുടെ ആൽബം കണ്ടപ്പോൾ താൻ എടുത്തോട്ടെ എന്ന് ചോദിച്ച ഫോട്ടോ ആണ്. അക്കേഷ്യ ഇലയിൽ നിന്ന് അവളുടെ കൈപ്പടയിൽ ചുവന്ന മഷിയിൽ അവരുടെ ജീവിതം മാറ്റിമറിച്ച കുറച്ചു വാക്കുകൾ ഇറങ്ങി വന്ന് അവൻ്റെ ചുറ്റിലും നൃത്തം വച്ചു.
അടുത്ത കുറെ മണിക്കൂറുകൾ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള ശ്രമമായിരിന്നു. കംബൈൻഡ് സ്റ്റഡി എന്ന് പറഞ്ഞു കൂട്ടുകാരൻ്റെ വീട്ടിലേക്കു പോയെങ്കിലും അവിടെയും ആ ചോദ്യങ്ങളുടെ ഉത്തരത്തിനായുള്ള ശ്രമം തുടരുകയായിരിന്നു.
ഉറക്കമില്ലാത്ത ആ രാവിനൊടുവിൽ അവൻ ഒരു തീരുമാനത്തിലെത്തി. ഒറ്റയ്ക്ക് ശ്രമിച്ചാൽ ആ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടില്ല. എന്നാൽ അവൾ കൂടെ ഉണ്ടെങ്കിൽ എല്ലാ ചോദ്യങ്ങൾക്കും തനിക്ക് ഉത്തരം കണ്ടെത്താൻ കഴിയും.
കൂട്ടുകാരൻ്റെ ഫോൺ ഉപയോഗിക്കാൻ അവൻ്റെ അച്ഛൻ ജോലിക്കു പോകുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. പതിവ് പോലെ അരമണിക്കൂറിലധികം ശ്രമിച്ചപ്പോൾ അവളെ ലൈനിൽ കിട്ടി.
“എന്താ വീണ്ടും ഡൌട്ട്സ് ആണോ ?” കിലുകിലേ ചിരിച്ചുകൊണ്ടുള്ള അവളുടെ ശബ്ദം ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങി.
കുറച്ചു നേരം ചിന്തിച്ചിട്ട് അവൻ പറഞ്ഞു ” ഇല്ല എൻ്റെ എല്ലാ ഡൌട്ട്സും മാറി. ഇനി ഒറ്റ ചോദ്യത്തിന് മാത്രം ഉത്തരം തന്നാൽ മതി. എൻ്റെ മാത്രം പളുങ്ക് പാത്രമാകാമോ ? ഞാൻ അതിനെ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കില്ല. എൻ്റെ ഹൃദയത്തിൽ ചേർത്ത് വച്ച് സൂക്ഷിച്ചോളാം.” ഒറ്റ ശ്വാസത്തിൽ അവൻ ഇത്രയും പറഞ്ഞൊപ്പിച്ചു.
അങ്ങേത്തലയ്ക്കൽ കുറേ നേരത്തെ നിശ്ശബ്ദതയ്ക്ക് ശേഷം ഫോൺ കട്ട് ചെയ്യുന്ന ശബ്ദം കേട്ടിട്ടും അവൻ അത് കയ്യിൽ പിടിച്ച് തന്നെ നിന്നു.
——6 ——-
ഡോക്ടറുടെ പരിശോധനകൾക്കൊടുവിൽ ഐഷി തന്നെയാണ് വെളുത്ത തുണി പ്രിയാമ്മയുടെ മുഖത്തേയ്ക്ക് വലിച്ചിട്ടത്. അതിനിടയിൽ താൻ നേരത്തെ നൽകിയ കടലാസ്സുകഷ്ണം അച്ഛമ്മയുടെ ചുരുട്ടിയ കൈകൾ വിടുവിച്ച് അവൾ തന്നെയാണ് എടുത്ത് അച്ഛൻ്റെ കയ്യിൽ ഏൽപ്പിച്ചതും. കരുത്തുറ്റ മനസ്സിനുടമയായിട്ടും കണ്ണീർ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുന്നതിനിടയിൽ അവൾ അച്ഛനോട് പറഞ്ഞു.
“അച്ഛാ , seems this was the trigger point. But they are damn lucky couple”
അച്ഛൻ മകളെ ചേർത്ത് പിടിച്ച് അവൾ കൊടുത്ത കടലാസുകഷ്ണം വാങ്ങി വായിച്ചു.
“ഞാൻ ഈ വാക്കുകൾ നേരത്തെ കേട്ടിട്ടുണ്ട് മോളെ. These were the exact words that triggered achan to invite amma to his life. നീ പറഞ്ഞത് ശരിയാണ് മോളെ , അവർ ഭാഗ്യമുള്ളവർ തന്നെയായിരുന്നു but their luck was nothing but determination coated with love.”
ഇത് കണ്ടു കൊണ്ട് നിൽക്കുകയായിരുന്ന പ്രിയയെ പിന്നിൽ നിന്ന് രണ്ട് പരിചിത കൈകൾ സ്നേഹത്തോടെ ചുറ്റിപ്പിടിച്ചു. തിരിഞ്ഞ് നോക്കാതെ തന്നെ പ്രിയ ഒരു ഇരുപതുകാരിയുടെ പ്രസരിപ്പോടെ പിന്നിലേക്ക് ചാഞ്ഞു.
ഐഷി വീണ്ടും വീണ്ടും ആ കുറിപ്പ് ഉറക്കെ വായിക്കുന്നത് കേട്ട് അവർ ഇരുവരുടെയും മുഖത്ത് ഒരു പുഞ്ചിരി പടർന്നു.
“The Hardest Part of Leaving Here is Leaving You” , damn romantics they both were. ഐഷി വീണ്ടും പറഞ്ഞു.
ചിത്രത്തിന് കടപ്പാട് : പിന്ററെസ്റ്
3 Comments
നല്ല രചന.
Excellent…nothing more to say.
ഇംഗ്ലീഷ് ഡയലോഗ്സ് എഴുതാം പക്ഷെ അതും മലയാളത്തിൽ എഴുതണമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
Pls check it.
Thank you for the comment and the suggestions.