ഇന്നും രാവിലെ കാറിലിരുന്നോണ്ട് കുബ്ബൂസും, കട്ടനും കേറ്റി ആപ്പീസിലേക്ക് കെട്ടിയെടുക്കുകയായിരുന്നു.
ഇവിടെ പിന്നെ ഉത്രാടപ്പാച്ചിൽ ആവാൻ ഓണം വരണമെന്നൊന്നും ഇല്ലല്ലോ. എന്നും രാവിലെ ലങ്ക കത്തിച്ച ഹനുമാനെപ്പോലെ വാലിന്മേൽ തീയുമായുള്ള ഒരു ഓട്ടമാണല്ലോ എല്ലാരും. റേഡിയോയിൽ പൂവേ പൊലി.. പൂവേ പാട്ടും കേട്ട്, ട്രാഫിക്കിൽ വണ്ടിയും കൊണ്ട് വരി നിൽക്കുമ്പോൾ, മെട്രോ ബ്ലൂ ലൈനിന് വേണ്ടി വെട്ടിയ ഒരു പടുപണ്ടാര കുഴിയുടെ അരികിൽ ചെറിയോരനക്കം. സൂക്ഷിച്ചു നോക്കിയപ്പോൾ, ഇടിവെട്ടുമ്പോൾ മുളയ്ക്കുന്ന കൂണ് പോലെ ഒരു ജംബോ സൈസ് സാധനം പൊങ്ങിവരുന്നു.
അത്ഭുതങ്ങൾ മാത്രം കണ്ടു പരിചയിച്ച ദുബായ് നഗരത്തിൽ ഇതെല്ലാമേ സഹജം തമ്പീ, എന്ന് സ്വയം പറഞ്ഞ് നോക്കിയിരുന്നപ്പോൾ ദാണ്ടേ പുറകെ ഒരു കിരീടവും പൊങ്ങി വരുന്നു.
“ങേ?”
“ഈ ഓലക്കുട എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ??”
ഇത്രേം നല്ല എക്സ്ചേഞ്ച് റേറ്റ് തന്നതിന് മോദിജിയടക്കമുള്ള നാട്ടിലെ സകലർക്കും ജയ് വിളിച്ചുകൊണ്ട് ഇന്നലെ നാട്ടിലേക്ക് ഓണചിലവിന് കാശയച്ച രസീതി എടുത്തു ചിറി തുടച്ചു ഒന്നു കൂടെ സൂക്ഷിച്ചു നോക്കി.
“സംശയമില്ല.. ഇത് നമ്മുടെ മാവേലി തന്നെ!!”
ഇനി ഓണാഘോഷത്തിന് വല്ല മലയാളി ക്ലബ്ബും ഇറക്കുമതി ചെയ്ത വല്ല ഡ്യൂപ്ലിക്കേറ്റ് മ്യാവേലിയാണോ? അല്ല.. അല്ലേയല്ല. ഇത് നല്ല ഒറിജിനൽ സാധനം തന്നെ.
കുഴീന്നു കയറി വന്ന് നേരെ വണ്ടിക്ക് മുന്നിൽ നിൽക്കുന്നു. “മാറി നിലക്ക് ആശാനേ അല്ലെങ്കിൽ റോട്ടിൽ പൂക്കളം ആകും” എന്ന് വിളിച്ചു പറഞ്ഞു. എവിടെ കേൾക്കാൻ. ഞാൻ വണ്ടി ഒതുക്കിയിട്ടു. “അല്ല അങ്കിളെ, നാട്ടിലെങ്ങാനും പോയി ഫാഷൻ ഷോ നടത്താതെ, ഈ ഓണക്കാലത്ത് എന്താ ഇവിടെക്കിടന്നു കറങ്ങുന്നത്?? “
“വത്സാ..”
“പ്ലിങ്.. വത്സനും സൽസനും ഒന്നുമല്ല.. ഞാൻ വള്ളോലിയാ..വള്ളോലി.”
“മകനെ… നമ്മുടെ നാടിപ്പോൾ ഐശ്വര്യവും സമ്പത്തും കൊണ്ട് കളിയാടുകയാണല്ലോ.. കണ്ടില്ലേ എത്ര വലിയ ഓണത്തപ്പനെയാണ് ഉണ്ടാക്കി ഇവിടെ വെച്ചിരിക്കുന്നത്…”
“എന്റെ പൊന്നങ്കിളെ.. അത് ഓണത്തപ്പനും കോണാത്തപ്പനും ഒന്നുമല്ല.. അത് ബുർജ് ഖലീഫയാണ്.. ” ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം.”
“ഓഹ്.. ഐ.സീ.. നമ്മുടെ നാട്ടിൽ ഇത്രയും വലിയ കെട്ടിടമോ..?” നമ്മുടെ പ്രജകൾക്ക് ക്ഷേമം തന്നെ.
“ഉവ്വ.. ഇക്കൊല്ലവും പ്രളയം വന്ന് നാടിന്റെ നടുവൊടിഞ്ഞു നിൽക്കുകയാ….അങ്ങോട്ട് ചെന്ന് അവരെ സഹായിക്കാതെ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്?”
“ഹെന്ത്… ഇത് നമ്മുടെ കേരളം അല്ലെന്നോ?” .
“അണ്ണാ ഒരോ ചായെടുക്കട്ടെ? ” അരികിലെ കഫ്റ്റീരിയായിൽ നിന്നും ചോദ്യം വന്നു.
പുറകിലെ കാറിലെ കട്ടി മീശക്കാരൻ ചേട്ടൻ രണ്ട് ഹോണുമടിച്ചു “വണ്ടി വഴീന്ന് മാറ്റഡോ”ന്നും പറഞ്ഞോണ്ട് പോയി.
“കണ്ടില്ലേ.. ? ചുറ്റിനും മലയാളികൾ. പലയിടങ്ങളിലും ഓണാശംസകൾ എന്ന് എഴുതി വെച്ചിരിക്കുന്നതും കാണാം. എന്നിട്ടിത് കേരളമല്ലെന്നോ?”
“ഇത് ദുബായാണ് മൻസാ.. ദുഫായി… നിങ്ങൾ പൊങ്ങിവന്നത് മെട്രോ സ്റ്റേഷൻ പണിഞ്ഞുകൊണ്ടിരിക്കുന്ന കുഴിയിൽ നിന്നാണ്. തൽക്കാലം മാവേലി, കാറിലോട്ട് കേറിയാട്ടെ, നമുക്ക് ഇവിടെ നിന്നും പോകാം
“ഇത്രേം വലിപ്പത്തിൽ ഒരു വാരിക്കുഴി കണ്ടപ്പോൾ അത് മഴ പെയ്തു തകർന്ന കേരളത്തിലെ ഏതോ ഒരു റോഡ് ആണെന്ന് കരുതി ഈ വഴി കയറിയതാണ് നോം. നമ്മുടെ ജി.പി.എസ് സിസ്റ്റം പഴേ പോലെ ക്ലച്ചു പിടിക്കുന്നില്ല.”
“പിടിക്കില്ല..വയസും പ്രയോമൊക്കെ ആയില്ലേ? ഞാൻ കാണുന്ന കാലം മുതൽ ഇതേ കോലമാണ് ഇങ്ങേർക്ക്. ഇവിടെ എന്റെ താടീം മുടീം നരച്ചു തുടങ്ങി എന്നിട്ടും ഇതുവരെ കുഴീലോട്ട് പോയില്ലേ ഈ ചങ്ങായി?? അല്ല ഏത് കുഴീൽ പോകാൻ? ഓണക്കാലമല്ലാത്ത കാലത്ത് ഫുൾ ടൈം കുഴിയുടെ അകത്താണല്ലോ താമസം”.
ഹങ്ങനെ മാവേലിയുടെ പാതാളത്തിലെ തള്ളുകളും കേട്ട്, ഞങ്ങൾ മെല്ലെ നീങ്ങി, നീങ്ങി, ഓഫിസിന്റെ മുന്നിൽ എത്താറായപ്പോൾ ഒരു പ്രശ്നം. ഈ മൊതലിനേം കൊണ്ട് എങ്ങിനെ ഓഫീസിൽ കയറും? ഈ കോലത്തിൽ ഇങ്ങേരെ പുറത്തിറക്കിയാലും പണി പാളും. ഒരു കാര്യം ചെയ്തേക്കാം; കാറിന്റെ പിൻസീറ്റിൽ എന്റെ ഒരു അറബി ചങ്കിന്റെ കന്തൂറ കിടപ്പുണ്ട്.
“അപ്പോളെ…ആ കിരീടോം, ചെങ്കോലും, ഓലക്കുടേം, ഓലപ്പാമ്പും, ചേലയും, ചേമ്പിലയും, ഒക്കെ ഊരിപ്പറിച്ചു കാറിന്റെ പിന്നിലോട്ടു വെച്ചിട്ട് ആ കന്തൂറായും ഈ സൺഗ്ളാസുമിട്ടു മാവേലി ഇറങ്ങിക്കോ. അല്ലേലും ഇവിടുത്തെ വെയിലത്ത് ഈ ഒണക്ക ഓലയുടെ കുട പിടിച്ചാൽ എല്ലാം കൂടെ കത്തിപ്പോകും.”
എന്നിട്ട്?
“എന്നിട്ട് എന്തോന്ന്?? ഏതായാലും ഓണത്തിന് ഇവിടെ വന്നതല്ലേ?? തൽക്കാലം ദുബായൊക്കെ ഒന്ന് കണ്ടിട്ട് മടങ്ങിപ്പോക്കോ.. പോലീസ് പൊക്കാതെ അടങ്ങി ഒതുങ്ങി നടന്നോണം എന്ന് മാത്രം.”
വല്ലതുമുണ്ടേൽ വാട്സാപ്പിടാൻ എന്റെ മൊബൈൽ നമ്പറും കൊടുത്ത് പറഞ്ഞു വിട്ട് ഞാൻ ജോലിക്ക് കയറി.
*******
“ഹല്ല ഹണീ ബീ … സോറി.. ഹബീബി… “
വൈകുന്നേരം ജോലി വിട്ട് പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ആ വിളികേട്ട് ഒന്ന് തിരിഞ്ഞു നോക്കി. ദാണ്ടേ നിൽക്കുന്നു കാർന്നോര് കൂളായി ചിരിച്ചോണ്ട്. “ഓഹ് യാ.. ഇങ്ങേരുടെ കാര്യം മറന്നേ പോയി…”
“ഇതേവിടെയായിരുന്നു ഇത്രേം നേരം.? “
“വള്ളോലി വത്സാ.. സംഭവം നോം വഴി തെറ്റി ഇങ്ങോട്ട് വന്നതാണെങ്കിലും, അമേരിക്ക കണ്ടുപിടിച്ച കൊളംബസ്സിന്റെ അവസ്ഥയാണ് നമുക്കിപ്പോൾ. ഈ ഭൂമിയിൽ ഇക്കാലത്ത് ഓണവും ഓണാഘോഷവും കാണണമെങ്കിൽ ഇവിടെ ഈ ദുബായിക്ക് തന്നെ വരണം.”
“അതെന്താ??”
“എവിടെത്തിരിഞ്ഞാലും മലയാളികൾ.
നഗരത്തിൽ പലയിടങ്ങളിലും, പല പല അസോസിയേഷനുകളുടെ ഭാഗമായിട്ടും, അല്ലാതെയും നാട്ടിൽ ഉള്ളതിലേറെ സെറ്റുമുണ്ടുടുത്ത മങ്കമാരെയും, ജുബ്ബയും മുണ്ടുമണിഞ്ഞ പുരുഷന്മാരെയും നോം ഇന്ന് കണ്ടു.
നാട്ടിലൊന്നും ഇപ്പോ കണി കാണാൻ കിട്ടാത്ത ഊഞ്ഞാൽ എന്ന സാധനം ഇവിടെ സകലമാന പാർക്കുകളിലും കെട്ടിത്തൂക്കിയിട്ട്, പിള്ളേരൊക്കെ അതിൽ കിടന്ന് ആടുന്നുണ്ട്.
ഹായ്.. പിന്നീട് നോം ആ മിറക്കിൾ ഗാർഡൻ വഴിയൊന്ന് പോയി. നാട്ടിൽ ഇല്ലാത്ത എന്തൊക്കെ തരം മനോഹരമായ പൂക്കളാണ് അവിടെ. അതിന് പുറമെ എല്ലാ മലയാളി വീടുകൾക്കും കമ്പനികൾക്കും മുന്നിൽ മനോഹരമായ പൂക്കളങ്ങളും.
ഇവിടെ എന്റെ വേഷം കെട്ടി നടക്കുന്ന സാധാരണ മാവേലിയുമുണ്ട്, മലബാറിൽ പോലും ഇപ്പോൾ കാണാത്ത ഓണപ്പൊട്ടനും ഉണ്ട്.
സദ്യയുടെ കാര്യമാണെങ്കിൽ പിന്നെ കുശാലേ കുശാൽ ആണിവിടെ. മിക്ക മലയാളി റെസ്റ്റോറണ്ടുകളിലും ഓണസദ്യ ഉണ്ടാകും. ഇനിയിപ്പോ അത് പോരാ എന്നുള്ളവർക്ക് സാക്ഷാൽ പഴേടം നമ്പൂതിരിയുടെ ഓണസദ്യയും, ആറന്മുള വള്ള സദ്യയും ഉണ്ണാം. അതും പോരെങ്കിൽ വടക്കൻ കേരളത്തിലെ നോൺ വെജ് സദ്യയും കഴിക്കാം.
ചെണ്ടമേളവും,തിരുവാതിരകളിയും,ആർപ്പുവിളിയും, കഥകളിയും, വടം വലിയും, ഉറിയടിയും എല്ലാം ഇവിടെ നാം ആവോളം ആസ്വദിച്ചു.
ഓണത്തിന് സ്മാളടി മാത്രമല്ലാതെ, നാട്ടിലെ പഴയ തലമുറക്കും, ന്യൂ ജനറേഷനും ഓണത്തെ കുറിച്ച് കേട്ടറിവ് മാത്രമുള്ള, കേരളമുടനീളമുള്ള പല ഓണ കാഴ്ചകളും, ഒരൊറ്റ ഓണം നാളിൽ ഞാൻ ഇവിടെ ഈ ദുബായിൽ കണ്ടു.
ഗൃഹാതുരത്വം എന്ന സാധനം ഇത് പോലെ പുനരാവിഷ്കരിക്കുന്ന മറ്റൊരു മലയാളി ജനത ഈ ലോകത്തിൽ വേറെയില്ല എന്നാണ് നമുക്ക് തോന്നുന്നത്. കാണം വിറ്റും #കംപ്ലീറ്റ്_ഓണം വാങ്ങാൻ നിങ്ങളെപ്പോലെ കുറെ പ്രവാസികൾ ഇവിടെ ഉള്ളിടത്തോളം കാലം.
കാസർഗോഡ് മുതൽ പാറശാല വരെ നടന്നു നടന്നു കാലിന്റെ ഊപ്പാടും, മെതിയടിയുടെ ആണിയും ഊരിപ്പോയാലും ദുബായിൽ ഇക്കണ്ടതിന്റെ പകുതി കാഴ്ച്ച കേരളത്തിൽ കാണില്ല.
ഒരു സമ്പൂർണ്ണ ഓണാഘോഷം ടി.വിയിൽ അല്ലാതെ നേരിട്ട് കാണണമെങ്കിൽ ഇങ്ങു ദുബായിൽ തന്നെ വരണം വള്ളോലി….”
“ങേ..ഇത്രയും വിപുലമായ ഓണാഘോഷം ഇവിടെ ഉണ്ടായിരുന്നോ.. ? ഇത്രയും വലിയ സംഭവങ്ങൾ മൂക്കിന്റ് തുമ്പത്ത് നടന്നിട്ടും, ഇന്നത്തെ ദിവസം ഇതൊന്നും കാണാൻ പറ്റാത്തത്തിന്റെ വിഷമത്തിലും അപ്പൂപ്പന്റെ കത്തി കേട്ട് അസൂയ തോന്നാഞ്ഞിട്ടും ഞാൻ ഒടുവിൽ ചോദിച്ചു.
“ഭാഗ്യം പോലീസ് പൊക്കാഞ്ഞത്. അല്ലെങ്കിൽ ചിലപ്പോൾ ഓണത്തല്ല് കൂടെ ഇവിടെ കാണേണ്ടി വന്നേനെ.. അപ്പൊ എങ്ങിനെ? എല്ലാം കണ്ടില്ലേ ഇനിയിപ്പോൾ മടങ്ങുകയല്ലേ? “
“എങ്ങോട്ട് മടങ്ങാൻ? ഓണം നാളിൽ തുടങ്ങുന്ന ഇവിടുത്തെ ഓണാഘോഷം, ഓരോ ക്ലബുകളുടെയും, അസോസിയേഷനുകളുടെയും അംഗങ്ങളുടെ സമയവും സൗകര്യവും അനുസരിച്ചു ചിലപ്പോൾ ഡിസംബർ – ജനുവരി വരെയൊക്കെ നീണ്ടുപോകുമാത്രേ. ചിലപ്പോൾ ഇവിടൊരു വള്ളം കളിയും നടന്നേക്കാം.
എങ്കിൽ പിന്നെ അതെല്ലാം കൂടിയിട്ടെ ഇക്കുറി നാം ഇവിടുന്ന് പോകു..”
“ഇങ്ങേർ ഇതേന്നേം കൊണ്ടേ പോകൂ…. അല്ലെങ്കിലും കുറെയായി ഞാനും ഈ ഓണവും ഓണാഘോഷവുമൊക്കെ കണ്ടിട്ടും കൂടിയിട്ടും. അതെങ്ങിനെ.. ഓണം കൂടാൻ എല്ലാ കൊല്ലവും നാട്ടിലേക്ക് പോയി, ഡബിൾ മുണ്ടുമുടുത്തു സദ്യമാത്രം ഉണ്ട് കയ്യിലെ കാശു മൊത്തം തീർത്ത് മടങ്ങി വന്നാണല്ലോ ശീലം.ഇനിയങ്ങോട്ടുള്ള ഇവിടുത്തെ ഓണാഘോഷക്കാഴ്ചകൾ ഒക്കെ നമുക്ക് പോയി ഒരുമിച്ചു കാണാം തമ്പുരാനെ… യാള്ളാ… വന്ന് വണ്ടിയിൽ കയറൂ…”
“അപ്പൊ ഇക്കൊല്ലം നിങ്ങ വെറും മാവേലിയല്ല..
“അൽ-മാവേലിയാണ്”. #അൽ_മാവേലി.
ഹ ഹ ഹഹ ഹ ഹ ഹാ ഹ ഹാ………
ഹ ഹ ഹഹ ഹ ഹ ഹാ ഹ ഹാ………
“ഇതെന്തോന്നാ നേരം വെളുക്കുമ്പോൾ കിടക്കയിൽ കിടന്ന് പള്ളേം കുലുക്കി ചിരിക്കുന്നത്.. ഇന്ന് ജോലിക്ക് പോകുന്നില്ല??”
“ങ്ങേ… അയ്യോ..എടീ… ഇന്ന് തിരുവോണം… നമ്മുടെ മാവേലി??”
“മാവേലി… മാങ്ങത്തൊലി.. വേഗം റെഡിയായി.. ട്രാഫിക്ക് തുടങ്ങുന്നതിന് മുന്നേ ഓഫീസിൽ പോകാൻ നോക്ക്… മേശപ്പുറത്ത് കഞ്ഞി എടുത്ത് വെച്ചിട്ടുണ്ട്…”
“എന്നാൽപിന്നെ കോരൻ ഒരു കുമ്പിളും കൂടെ ഇങ്ങെടുത്തോ..”
അപ്പൊ, നാട്ടിലുള്ള എല്ലാവർക്കും അൽ മാവേലിയുടെയും, അൽ വള്ളോലിയുടെയും “ഹാപ്പി ഓണം” ഫ്രം ദുബായ്.
10 Comments
മനോഹരമായ എഴുത്ത് അജിത്ത് 👌
നർമത്തിലൂടെ കാര്യം ഭംഗിയായി അവതരിപ്പിച്ചു super
ആഹാ. അല്ലേലും ഓണം ആഘോഷിക്കണേൽ കേരളം വിടേണ്ട അവസ്ഥയാ
പൊളിച്ചു 😍
ഇത് കൊള്ളാലോ വള്ളോലിച്ചേട്ടാ
രസകരം. 👌👏
നൊസ്റ്റു അടിച്ച പ്രവാസിയുടെ ഓണം, സാക്ഷാൽ നാടൻ ഓണത്തിനേക്കാൾ പകിട്ടിൽ ആയി തുടങ്ങി. 😂
അടിപൊളി.. സൂപ്പർ 😀
👍👍
Thank You 😍
രസകരമായ എഴുത്ത് 👍👍👍🌹🌹🌹Happy Onam!
Than You dear. Happy Onam 🥰😍