എന്റെ പുറകിൽ ആരോ നടന്നു വരുന്നപോലെ ഒരു തോന്നൽ..
തിരിഞ്ഞു നോക്കണ്ട എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.. അല്ല ഉറപ്പിച്ചു നടന്നു.
അല്പം വെളിച്ചമുള്ള സ്ഥലത്തു എത്തിയപ്പോൾ നിന്നു ഞാൻ തിരിഞ്ഞ് നോക്കി.. ആരുമില്ല.
വെറുതെ തോന്നിയതാണ്.
പലപ്പോഴും ഇങ്ങനെയാണ്. ആരോ പിന്തുടരുന്ന പോലെ ഒരു തോന്നൽ.
ഉള്ളിൽ ഒരു സംരക്ഷണ കുറവ് തോന്നുന്നത് കൊണ്ടാവാം.
നേരം ഒരുപാട് വൈകിയിരിക്കുന്നു. ഇനി നടക്കേണ്ട. ഒരു ഊബർ പിടിച്ചു പോകാം. നടക്കാനുള്ള ദൂരമേ ഉള്ളു. എന്നാലും വേണ്ട.
മൊബൈൽ എടുത്തു ഊബർ ബുക്ക് ചെയ്യാൻ നോക്കുമ്പോൾ, അടുത്ത് പറയാനും മാത്രം ഉള്ള അടയാള കെട്ടിടങ്ങൾ ഒന്നും കാണുന്നില്ല. അതിൽ കാണിക്കുന്ന സ്ഥലം ആണോ ഇതെന്നും എനിക്ക് അറിയില്ല.
വേണ്ട.. നടക്കാം..
വേഗത അല്പം കൂട്ടി ഞാൻ നടന്നു.
ആരോ എന്റെ പിന്നിലുണ്ട്. തീർച്ച.
എന്റെ പുറകിൽ ഉള്ള ആളിന്റെ നിഴൽ എന്റെ മുന്നിൽ ചാടി വീണു.
ഉറപ്പിച്ചു ഞാൻ, ആളുണ്ട് പുറകിൽ.
ഞാൻ പെട്ടെന്ന് നിന്ന് തിരിഞ്ഞു നോക്കുമെന്നയാൾ പ്രതീക്ഷിച്ചില്ല.
ഞങ്ങൾ മുഖാമുഖം നിൽപ്പായി.
അയാൾ നന്നായി വിയർക്കുന്നുണ്ട്.
ഞാനും ചെറുതായി വിയർക്കുന്നുണ്ട്.
“എന്തിനാ എന്റെ പുറകെ വരുന്നേ?”
എന്റെ ചോദ്യം പൂർണമായില്ല.
എന്റെ മൂക്കും വായും കൂട്ടി പൊത്തിയ പിടിയിൽ ആയി പോയി.
മനസ്സിൽ നൂറു കാര്യങ്ങൾ വരുന്നു.
കണ്ണുകളും ഏകദേശം അയാളുടെ കൈക്കുളിൽ തന്നെ.
ഞാൻ തളർന്നു പോകുന്നോ ദൈവമേ??
എന്റെ സർവ്വ ശക്തിയും എടുത്തിട്ടും അയാളുടെ പിടിയിൽ നിന്ന് ഞാൻ രക്ഷ പെടുന്നില്ലല്ലോ.
ആരെങ്കിലും അതുവഴി ഒന്ന് വന്നെങ്കിൽ..
“കുറെ നാൾ ആയി നിന്നെ ഞാൻ നോക്കുന്നു.
ഇങ്ങു വാ പൊന്നെ…”
ബലമായി പിടിച്ചു വലിക്കുമ്പോഴും എവിടേയോ ഒരു മൃദുസമീപനം ഉണ്ടയാൾക്ക്.
രക്ഷപെടാനുള്ള എന്റെ എല്ലാ ശ്രമവും വിഫലമായി.
എന്റെ കാലുകൾ കുഴയുന്നു..
ഞാൻ വീഴാൻ തുടങ്ങുകയാണോ?
“ആരാണ് ഈ കുട്ടിയുടെ കൂടെ ഉള്ളത്?”
സിസ്റ്റർ ഉറക്കെ ചോദിച്ചപ്പോഴാണ്, ആ കുട്ടി ഞാനാണ് എന്നെനിക്കു മനസ്സിലായത്.
“സിസ്റ്റർ, എന്നെ ആരാണ് ഇവിടെ എത്തിച്ചത്?”
“അറിയില്ല.
ഇന്നലെ രാത്രി ക്യാഷ്വലിറ്റിയിൽ കൊണ്ട് വിട്ടു പോയ ആളിനെ പിന്നെ കണ്ടില്ല.
അതാണ് ഞാനും തിരക്കുന്നത്.
കുട്ടിയുടെ പേരെന്താ?”
“മധു..മതി”
“മധുമതിയോ?”
“മം”
എന്തോ ഒരവിശ്വാസം അവരുടെ കണ്ണിൽ ഞാൻ കണ്ടു.
എന്റെ ശരീരം മൊത്തം ഒരു നീറ്റൽ തോന്നി.
“എന്താ ജോലി?”
“ഞാൻ ഒരു ബീ പി ഓ യിൽ വർക്ക് ചെയ്യുന്നു.”
“പോലീസ് വരും. കുട്ടി നടന്നതെല്ലാം പറയണം കേട്ടോ”
“എന്ത് നടന്നു?
എനിക്കൊന്നും അറിയില്ല സിസ്റ്ററെ..”
അവരുടെ നോട്ടം എന്നെ ഭയപ്പെടുത്തി.
അവർ ഒന്നും മിണ്ടാതെ നടന്നകന്നു.
എനിക്ക് ഒന്ന് എണീക്കണം എന്നൊരു തോന്നൽ വന്നു.
പക്ഷേ കാലും കൈയും എല്ലാം മുറിഞ്ഞിരിക്കുന്നു..
സിസ്റ്റർ പറഞ്ഞതാണ് ശരി.
എന്തോ നടന്നിരിക്കുന്നു.
എന്റെ സ്വകാര്യ സ്ഥലത്തു നനവ് ഉണ്ട്.. തൊട്ട് നോക്കി ഞാൻ..
അതു ചോരയുടെ നനവ് ആയിരുന്നു..
ഞാൻ പേടിച്ചു പോയി..
ദൈവമേ..
എന്റെ അമ്മ മാത്രം അറിയുന്ന ആ സത്യം ഒരാൾ കൂടി അറിഞ്ഞിരിക്കുന്നു..
എന്റെ സങ്കടം എനിക്ക് അടക്കി വയ്ക്കാൻ കഴിഞ്ഞില്ല..
എന്റെ കൂട്ടുകാർക്കെല്ലാം മീശയും താടിയും വരാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ എന്നിലെ മാറ്റങ്ങൾ മനസ്സിലാക്കി തുടങ്ങി, അമ്മയും.
അവിടെ നിന്നും തുടങ്ങി ഒളിച്ചോട്ടങ്ങൾ.
പതിനൊന്നാം ക്ലാസ്സിലും പിന്നെ ഡിഗ്രിക്കും വേറെ വേറെ സ്ഥലങ്ങളിൽ പോയി പഠിക്കാൻ…
ആളുകൾ തിരിച്ചറിയും എന്ന തോന്നൽ വന്നാൽ ആ സ്ഥലം ഉപേക്ഷിച്ചു പോകും..
എന്നോടൊപ്പം ഓടാൻ അമ്മയ്ക്ക് വയ്യാതെ വന്നപ്പോൾ ഞാൻ അമ്മയെ അഭയാശ്രമത്തിൽ കൊണ്ട് ചെന്നാക്കി.
അവിടെ അമ്മയെ വിട്ടിട്ട് പോരുമ്പോൾ ആ മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല.
‘മോനെ മധു’ എന്നൊരു വിളി അവസാനമായി ഞാൻ കേട്ടു.
എവിടെ പോയാലും ഒറ്റയ്ക്ക് താമസം. ആരുടെയും കൂടെ താമസിക്കാൻ കഴിയില്ല.
ജോലി സ്ഥലത്തു അധികം സമയം നിൽക്കാൻ പറ്റില്ല. വാഷ് റൂമിൽ ആരും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു, ഭയന്നു ഭയന്നു ജീവിതം..
വയ്യ.. എനിക്കിത് വയ്യ.
എന്റെ പുതിയ തൊഴിൽ സ്ഥലത്ത് എന്റെ ജോലി ക്കുള്ള അപേക്ഷ പേപ്പറിൽ പേര് മധു മതി എന്നും ലിംഗം എന്ന സ്ഥലത്തു അഥേഴ്സ് എന്നെഴുതി കൊടുത്തപ്പോൾ ഒന്ന് കൈ വിറച്ചു.
എന്നാൽ ഇപ്പോൾ എന്താ ഞാൻ വിറക്കുന്നത്?
അവൻ ഇരുട്ടത് എന്നെ ഉപേക്ഷിച്ചു പോയവൻ…
എന്തായിരിക്കും അങ്ങനെ ചെയ്തത്?
അവൻ അത് മനസ്സിലായത് കൊണ്ടാണോ??
“ഇതാണ് സാർ ആ കേസ്..” സിസ്റ്റർ എന്നെ പരിചയപ്പെടുത്തിയത് ഇങ്ങനെ.. ‘കേസ് ‘
“പേര്?”
“മധു മതി”
“ഇന്നലെ എന്താ സംഭവിച്ചത്?”
“അറിയില്ല.. ആരോ പുറകിൽ നിന്ന് ആക്രമിച്ചു..”
“റേപ്പ് അറ്റംപറ്റ് ആണെന്നാണല്ലോ സിസ്റ്റർ, ഡോക്ടർ ഒക്കെ പറയുന്നത്?”
പക്ഷേ അതിനു മുന്നേ ആരോ അത് വഴി വന്നു കാണും.
അതുമല്ലെങ്കിൽ..
അയാൾക്ക് മനസ്സിലായി കാണും..
അതുകൊണ്ട് ഉപേക്ഷിച്ചു പോയതാകും..
സിസ്റ്റർ അർത്ഥം വച്ചു ചിരിക്കുന്നത് കണ്ടില്ലെന്ന് ഞാൻ നടിക്കാം.
അടുത്ത ബെഡുകഡുളിൽ ഉള്ളവർ ഒന്നും മനസ്സിലാകാതെ മറുനാടൻ ഭാഷ ചിത്രം കാണുന്ന പോലെ നോക്കിയിരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ തീയാണ്.
‘ഇന്നലെ രാത്രി ക്യാഷ്വലിറ്റിയിൽ കൊണ്ട് വിട്ടു പോയ ആളിനെ പിന്നെ കണ്ടില്ല.’
അത് ആരായിരുന്നു?? അത് എന്നെപോലെ ആരെങ്കിലും.. അല്ലെങ്കിൽ ഒരു പുരുഷൻ..
അത് ആരായിരുന്നു??
“പേരെന്തെന്നാ പറഞ്ഞേ?”
“മധു..
മധു മതി.”
“മധുവാണോ…മധുമതിയാണോ?”
അടുത്ത ബെഡിൽ കിടക്കുന്ന അമ്മച്ചിയുടെ കൂട്ടിരിപ്പുകാരിക്ക് അറിയണം.
രണ്ടും ഞാൻ തന്നെ..
അവനും അവളും ഞാൻ തന്നെ..
ധൈര്യമായി ഉറക്കെ പറഞ്ഞു.
✍️ജെകെ
19/9/2023
10 Comments
നല്ല രചന
🌷❤️👌
👌👌
അവനിലെ അവൾ ✍️👌👌👌
അവനിലെ അവൾ…
ഗുഡ്
നന്നായി എഴുതി
🥰🥰
ട്രാൻസ് അവരെ തുറന്നു പറയാൻ ധൈര്യം കാണിച്ചത് കൊണ്ട്.സെലിബ്രിറ്റികൾ ആയി.
അല്ലെങ്കിൽ നരകം.
🥲🥲