2005 ജൂൺ 16
അന്നെനിക്കൊരു പതിമൂന്ന് വയസ്സ് കാണും.ഒരകന്ന ബന്ധത്തിലുള്ള ചേച്ചി(മായ ദേവി-ഇത് അവരുടെ ശരിക്കും ഉള്ള പേരല്ല), മരണപ്പെട്ട ദിവസം കൂടിയായിരുന്നു അത്.വർഷങ്ങൾക്ക് മുമ്പ് കണ്ട ശ്രീ വിനയന്റെ ആകാശഗംഗയിൽ ചിതയിൽ കിടന്നോണ്ട് വെള്ളം ചോദിക്കുന്ന മയൂരിയെ, ജീവനോടെ കത്തിക്കുന്ന ദാരുണ രംഗം മനസ്സില്ലുള്ളത് കൊണ്ട് മരണവീടുകളിൽ ആ സമയത്ത് ഞാൻ പോവാറില്ലായിരുന്നു.ഇന്നും വളരെ വേണ്ടപ്പെട്ടവരുടെ മരണത്തിൽ മാത്രമേ ഞാൻ പങ്കെടുക്കാറുള്ളൂ.
അഥവാ പോയാലും അടക്കം ചെയ്യും മുമ്പ് സ്ഥലം വിടും,അല്ലെങ്കിൽ ദഹിപ്പിക്കുന്ന/പെട്ടി മൂടുന്ന സമയത്ത് മാറി നിൽക്കും.കാരണം എന്തെന്നാൽ, ചിതക്ക് തീ കൊളുത്തുന്ന സമയം ആകുമ്പോൾ മരിച്ചു കിടക്കുന്ന വ്യക്തി വെള്ളം ചോദിക്കുന്ന ഒരു ഉൾവിളി എന്നിൽ ഉണ്ടാകും.ഒരുപക്ഷെ ഈ വരി വായിക്കുമ്പോൾ നിങ്ങളിൽ ചിലർക്കെങ്കിലും ഈ പോസ്റ്റിന് താഴെ പൊട്ടിച്ചിരിയുടെ സ്മൈലി ഇടാൻ വിങ്ങുന്നുണ്ടാവാം.പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അക്കാലത്തെ പേടി സ്വപ്നം ആയിരുന്നു ഈ ഉൾവിളി.അത്രയേറെ ആഴത്തിൽ ആ രംഗം എന്റെ മനസ്സിൽ കയറിപറ്റിയിരുന്നു.
അങ്ങനെയുള്ള എന്നേയും കൂട്ടിയാണ് അമ്മ,മായേച്ചിയുടെ മരണത്തിന് പോയത്.ആകാശഗംഗ എന്നിൽ വരുത്തി വെച്ച മാനസിക പിരിമുറുക്കമൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു.ഞാൻ പുള്ളിക്കാരിയെ അത് വരേയും നേരിൽ കണ്ടിട്ടില്ല,പുള്ളിക്കാരി എന്നേയും.പക്ഷെ എന്നെങ്കിലും ഒരു ദിവസം എന്നേയും കൂട്ടി വീട്ടിൽ വരണം എന്ന് മായേച്ചി അമ്മയോട് എപ്പോഴും പറയാറുണ്ടായിരുന്നത്രേ.അതിനൊരു കാരണവും ഉണ്ട്,പുള്ളിക്കാരിക്ക് പടം വരക്കുന്നവരെ ഒത്തിരി ഇഷ്ടമായിരുന്നു. ആ ഇടക്കാണ് ആകാശ ഗംഗയിൽ ഗംഗയുടെ വേഷം ചെയ്ത ശ്രീ.മയൂരിയെ ഞാൻ വരയ്ക്കാൻ ശ്രമിച്ചത്.പൊതുവെ വരയ്ക്കാൻ ഉദ്ദേശിക്കുന്ന എന്തിനോടും ചിത്രകാരന് ഒരു ഇഷ്ടം ഉണ്ടായിരിക്കും. എന്നാൽ അന്ന് മയൂരിയുടെ ആ ചിത്രം വരച്ചതിന് പിന്നിൽ എന്റെയുള്ളിൽ ഒരേയൊരു വികാരമേ ഉണ്ടായിരുന്നോളൂ.
നല്ല ഒന്നാംതരം പ്രേതഭയം !!!
അപ്പോൾ പറഞ്ഞ് വന്നത് എന്തെന്നാൽ പുള്ളിക്കാരി വളരെ അവിചാരിതമായി ഒരു ദിവസം എന്റെ വീട്ടിൽ വരുകയും, ആ ചിത്രം കണ്ട് ഇഷ്ടപ്പെടുകയുമുണ്ടായി.പക്ഷെ ആ സമയത്ത് ഞാൻ വീട്ടിൽ ഇല്ലായിരുന്നു.മടങ്ങി പോവാൻ നേരം മയൂരിയുടെ ആ ചിത്രം, അമ്മയുടെ അനുവാദത്തോടെ മായേച്ചി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി.അന്ന് സ്കൂൾ വിട്ട് വന്ന ശേഷം മയൂരിയുടെ ചിത്രം മായേച്ചിക്ക് കൊടുത്തതിന്റെ പേരിൽ, ഞാൻ അമ്മയോട് കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.അമ്മയ്ക്ക് പിന്നെ സിനിമയെ കുറിച്ച് വല്യ അറിവൊന്നും ഇല്ലാത്തതിനാൽ മയൂരി ആയാലെന്ത് ദിവ്യാ ഉണ്ണി ആയാലെന്ത് 🙏🏻
അങ്ങനെ ഏതാണ്ട് വൈകുന്നേരം നാലര മണിയോടുകൂടി ഞാനും അമ്മയും മരണവീട്ടിലെത്തി.അപ്പോഴേക്കും അടക്കം ചെയ്യാൻ വളരെ കുറച്ച് സമയം മാത്രമേ ബാക്കിയുണ്ടായിരുന്നോള്ളൂ.മുഖം മൊത്തത്തിൽ മറച്ചിരുന്നു.വേണ്ടപ്പെട്ടവർ വരുമ്പോൾ മാത്രം ഒരമ്മാവൻ മുഖത്തെ തുണി മാറ്റി കൊടുത്തിരുന്നു.അന്ന് അവിടെ കത്തിച്ച് വെച്ച ചന്ദനത്തിരിയുടെ മണം ഇന്നും ചില സമയങ്ങളിൽ മൂക്കിൽ തുളച്ച് കയറും പോലെ തോന്നാറുണ്ട്.ചേച്ചിയെ കിടത്തിയേക്കുന്നതിന്റെ തൊട്ടരുകിൽ ഒരു വയലിനും ഉണ്ടായിരുന്നു.ആ വയലിൻ പുള്ളിക്കാരിയുടെ ജീവനായിരുന്നു എന്ന് അവിടെ നിന്ന പലരും പറഞ്ഞു കേട്ടു. അങ്ങനെ മായേച്ചിയെ ആദ്യമായും അവസാനമായും ഒരു നോക്ക് കാണാൻ ഞാനും ആഗ്രഹിച്ചു.
പക്ഷെ ആ മുഖത്ത് നോക്കാനുള്ള ധൈര്യം എന്നിൽ ഇല്ലായിരുന്നു എന്നതാണ് സത്യം.എന്നാലും ഹൃദയമിടിപ്പ് ഉണ്ടോ എന്ന് അത്രയും പൊതിഞ്ഞു കിടത്തിയിട്ടും ഞാൻ നോക്കി. ഇന്നും ശവശരീരം കണ്ടാൽ ശ്വാസം വിടുന്നുണ്ടോ എന്ന് സൂക്ഷിച്ചു നോക്കി ഉറപ്പ് വരുത്താതെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല.
പെട്ടെന്നാണ് അവിടത്തെ ഷോകേസിലെ ഒരു ഡ്രോയിങ് എന്റെ കണ്ണിൽപ്പെട്ടത്.ഞാൻ വരച്ച അതേ മയൂരിയുടെ ചിത്രം!!!! പക്ഷെ അതിലാരോ കളറിംഗ് ചെയ്തേക്കുന്നു.
ഞാൻ അമ്മയെ വിളിച്ച് കാണിച്ചു
“അമ്മച്ചി, ഞാൻ വരച്ച ഫോട്ടോ അവിടെ ഇരിക്കുന്നു”
അമ്മ എന്നെ ഗൗനിച്ചില്ല.
ഞാൻ നൈസിന് ആ ഫോട്ടോയുടെ അടുത്ത് ചെന്ന് നോക്കിയപ്പോൾ അതിൽ നല്ല സ്റ്റൈലൻ ഇംഗ്ലീഷ് അക്ഷരത്തിൽ ദാ ഇങ്ങനെ എഴുതിയേക്കുന്നു
“Its Started by Darsaraj and Finished by Mayadevi”
സത്യത്തിൽ അത് കണ്ട് സന്തോഷവും വിഷമവും പേടിയുമെല്ലാം ഒരുമിച്ച് വന്നു.
പെട്ടെന്നൊരാൾ വിളിച്ച് പറഞ്ഞു
“ബോഡി എടുക്കുക ആണ്.എല്ലാവരും മാറി നിൽക്കൂ”
എന്റെ കൊച്ചിനെ കൊണ്ട് പോവല്ലേന്നും പറഞ്ഞ് മായേച്ചിയുടെ അമ്മ നെഞ്ചിലിടിച്ചോണ്ട് പൊട്ടിക്കരഞ്ഞു.
ഒടുവിൽ ചിത കത്തിക്കുന്ന സമയമായി.മായ ചേച്ചിയെ ഞാൻ നേരാംവണ്ണം ഫോട്ടോയിലോ നേരിട്ടോ കണ്ടിട്ടില്ലാത്തത് കൊണ്ട് മനസ്സിൽ മുഴുവനും നടി മയൂരിയുടെ മുഖം ആയിരുന്നു.എന്തെന്നാൽ സമ്മർ പാലസും ആകാശഗംഗയും മയൂരിക്ക് അന്ന് സമ്മാനിച്ചത് മലയാളിയുടെ ആസ്ഥാന പ്രേതപട്ടം ആയിരുന്നു.മായേച്ചിക്കൊപ്പം സ്വയം എരിഞ്ഞടങ്ങാൻ തന്റെ ജീവനായ വയലിനും ആരോ ചിതക്കൊപ്പം വെച്ചിരുന്നു.
ഓരോ വിറക് അടുക്കുമ്പോഴും ഞാൻ ശ്രദ്ധിച്ചു നോക്കി,മായേച്ചി വെള്ളം ചോദിക്കുന്നുണ്ടോ എന്ന്.ഏതാണ്ട് ചിതക്ക് തീ കൊളുത്താൻ വെറും മിനിറ്റുകൾ ശേഷിക്കെ പുള്ളിക്കാരി വെള്ളം ചോദിച്ച പോലെ എനിക്ക് തോന്നി.അത്രയും നേരം കയ്യും കെട്ടി പേടിച്ചു നിന്ന ഞാൻ, നേരെ തൊട്ടപ്പുറത്തെ കിണറ്റിന്റെ കരയിൽ നിന്നും ഒരു ചെറിയ കപ്പിൽ പകുതി വെള്ളവും എടുത്തോണ്ട് ഓടി വന്നു.പക്ഷെ അപ്പോഴേക്കും തീ കത്തി തുടങ്ങിയിരുന്നു. ആ വെള്ളം അതിലോട്ട് ഒഴിക്കാൻ ഉള്ളിൽ നിന്നും ആരോ ഉന്തി തള്ളി വിടുന്ന ഫീൽ. പക്ഷെ അത്രയും ആൾക്കൂട്ടത്തിന്റെ ഇടയിൽ വെച്ച് അത് ചെയ്യാൻ തോന്നിയില്ല എന്നതാണ് സത്യം. ഒരുപക്ഷെ ഇന്നോർക്കുമ്പോൾ, ആ വിറക് കത്തി തുടങ്ങിയില്ലായിരുന്നെങ്കിൽ ഞാനാ പൊട്ടത്തരം കാണിച്ചേനെ.
അന്നത്തെ ദിവസം രാത്രി ഒരു പോള കണ്ണടക്കാനായില്ല.ഞാൻ വെള്ളം കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷെ പുള്ളിക്കാരി രക്ഷപ്പെട്ടേനെ എന്ന മണ്ടൻ ചിന്ത മാത്രം.പക്ഷെ അപ്പോഴും മായേച്ചിയെ ഒന്ന് നേരെ കാണാൻ പറ്റിയില്ലല്ലോ എന്ന നിരാശ മാത്രം ബാക്കി, ഒപ്പം ഒരു സംശയവും.
എന്നാലും ഞാൻ വരച്ച ആ ചിത്രം കളർ ചെയ്തത് ആരാവും??????
അമ്മ അന്ന് എന്നോട് പറഞ്ഞത്,മായേച്ചിക്ക് എന്തോ അസുഖം വന്ന് മരിച്ചെന്നായിരുന്നു. പക്ഷെ ആത്മഹത്യ ആയിരുന്നു എന്ന് പിന്നീട് ഞാൻ അറിഞ്ഞു.
എന്നാൽ എന്നെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം നടക്കുന്നത് പിറ്റേന്നത്തെ പത്രം വന്നപ്പോഴാണ്.
ഒരേ മുഖഛായ ഉള്ള രണ്ട് പേരുടെ
മരണ വാർത്ത.ഒന്ന് ആകാശ ഗംഗയിലെ നടി മയൂരി ആത്മഹത്യ ചെയ്ത വാർത്ത, മറ്റൊന്ന് ഞാൻ മേല്പറഞ്ഞ മായേച്ചിയുടെ ചരമ കോളം.അന്നാണ് ഞാൻ മായേച്ചിയെ ആദ്യമായി ഒരു ഫോട്ടോ വഴിയെങ്കിലും കാണുന്നത്.പ്രേം പൂജാരി ഇറങ്ങിയ സമയത്തെ നടി മയൂരിയുടെ അതേ മുഖ ഛായ.
ഉള്ളത് പറയാലോ
ഞെട്ടി വിറച്ചോണ്ട് ഞാനാ പത്രം താഴേക്കിട്ടു………..
എന്റമ്മോ! മയൂരി മരിച്ചോ 😳😳😳 അതും ആത്മഹത്യ!!!!!!!! Shocked News!!!! പക്ഷെ മായേച്ചിക്കെങ്ങനെ അതേ മുഖഛായ കിട്ടി? പോരാഞ്ഞിട്ട് രണ്ടാൾക്കും ഒരേ ദിവസം മരണവും.എത്രയാലോചിച്ചിട്ടും ഒരു പിടിത്തവും കിട്ടുന്നില്ല.അപ്പോൾ ഞാൻ അന്ന് വരച്ചത് ഒരിക്കൽ പോലും കാണാത്ത മായേച്ചിയെ ആയിരുന്നോ!!!
പേടിച്ച് വിറച്ച് മുറ്റത്തോട്ടു നോക്കിയപ്പോൾ മുറ്റം മുഴുവനും അമ്മച്ചി വാരിക്കൂട്ടി കത്തിച്ച കരിയിലയുടെ പുക.ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു വെള്ള ഷാളും ഇട്ടോണ്ട് അനിയത്തി കുട്ടിയുടെ മാസ് എൻട്രി with പുതുമഴയായി BGM.
കേറിപോടി മൈ%₹#@ മനുഷ്യനെ പേടിപ്പിക്കാതെ.ജീവിതത്തിൽ ആദ്യമായും അവസാനമായും ഞാൻ എന്റെ അനിയത്തിയെ കുട്ടിയെ പച്ച തെറി വിളിച്ച ഒരേ ഒരു ദിവസം അന്നായിരുന്നു.ദൈവത്തിന് അവളെ ഒത്തിരി ഇഷ്ടമായതിനാൽ ക്യാൻസർ എന്ന സമ്മാനവുമായി വന്ന് അദ്ദേഹം അവളെ എന്നന്നേക്കുമായി ഞങ്ങളിൽ നിന്നും കൊണ്ട് പോയി…………..
അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മായേച്ചി ആത്മഹത്യ ചെയ്തതിന്റെ കാരണം ഒരു കസിൻ പയ്യൻ പറഞ്ഞ് ഞാൻ അറിഞ്ഞു.
ചേച്ചിയുടെ എന്തോ സ്വകാര്യ ഫോട്ടോകൾ ഫ്ലോപ്പി ഡിസ്ക് വഴി കാമുകൻ ലീക്ക് ആക്കി.അന്ന് അതൊക്കെ ഒറ്റപ്പെട്ട സംഭവമായിരുന്നു.
ആ ഇടക്കാണ് നടി മയൂരി ആത്മഹത്യ ചെയ്യാൻ കാരണവും ഇത്തരത്തിൽ ഒരു സംഭവം (പോൺ വീഡിയോ )ആണെന്ന് സൗത്ത് ഇന്ത്യ മുഴുവനും പാട്ടായത്. ആ പാട്ടിൽ ഈ ഞാനും മുഴുകി.
പക്ഷെ അതിന് പിന്നിലെ സത്യാവസ്ഥ കുറേ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അറിയുന്നത്.
സത്യത്തിൽ നടി മയൂരി ആത്മഹത്യ ചെയ്യാൻ കാരണം വയറിലുണ്ടായ ക്യാൻസർ എന്നാണ് എന്റെ പരിമിതമായ അറിവ്(പാരമ്പര്യമായുള്ള കരൾ രോഗമെന്നും പറയപ്പെടുന്നു).അവസാന നാളുകളിൽ ഏതാണ്ട് ഇരുപതോളം കിലോ ഭാരം, മയൂരിയിൽ നിന്നും വളരെ പെട്ടെന്ന് കുറഞ്ഞിരുന്നു.ഒപ്പം അസഹനീയമായ വയറുവേദനയും.അപ്രതീക്ഷിതമായി ഉണ്ടായ ഈ രോഗവും തന്റെ ഫിലിം കരിയർ കൈ വിട്ട് പോകുമെന്ന ഭയവും മയൂരിയെ വെറും ഇരുപത്തി രണ്ടാം വയസ്സിൽ ആത്മഹത്യയിലേക്ക് നയിച്ചു.
“ജീവിക്കാൻ കാരണങ്ങൾ ഇല്ലാത്തതിനാൽ മരിക്കുന്നു”
ഇതായിരുന്നു മയൂരി വിദേശത്തായിരുന്ന തന്റെ സഹോദരന് വേണ്ടി എഴുതിയ മരണക്കുറിപ്പ്.
ഇതേ സമയത്താണ് കാശ്മീർ മോഡലും മിസ്സ് ജമ്മുവും ആയ അനാര ഗുപ്തയുടെ അശ്ലീല വീഡിയോ പുറത്തായതും നോർത്തിൽ അത് വൻ സംസാര വിഷയം ആയതും.മയൂരിയുടെ നല്ലൊരു ശതമാനം മുഖ സാദൃശ്യം മായേച്ചിയെ പോലെ അനാര ഗുപ്തക്കും ഉണ്ടായിരുന്നു.അധികം വൈകാതെ മയൂരിയുടെ അശ്ലീല വീഡിയോ എന്ന ലേബലിൽ ആ ക്ലിപ്പ് സൗത്ത് ഇന്ത്യയിലും വിന്ന്യസിക്കാൻ തുടങ്ങി.അവസാന നാളുകളിലെ മയൂരിയുടെ ശരീരാവസ്ഥ ശരിക്കും ശോചനീയമായിരുന്നു.എന്നിട്ട് കൂടി ഇന്നും ചില ആളുകൾ ഈ വീഡിയോ മയൂരിയുടെ ആണെന്ന് വിശ്വസിക്കുന്നു, ഒപ്പം ആത്മഹത്യക്ക് കാരണം ഇതാണെന്നും.
ഇനി കാര്യത്തിലോട്ട് വരാം.
ചില സംഭവങ്ങളുടെ അവിശ്വസനീയമായ ഏതാനും സമാനതകൾ ഒഴിച്ചു നിർത്തിയാൽ ഇതിലെവിടെയാ പ്രേതം എന്ന് നിങ്ങളെ പോലെ തന്നെ ഞാനും ചിന്തിച്ചിരുന്നു.പക്ഷെ കൃത്യം 7 വർഷങ്ങൾക്ക് മുമ്പ് അത് സംഭവിച്ചു.
സൂര്യയുടെ Anjaan സിനിമയും കണ്ടിട്ട് ഞാനും കൂട്ടുകാരനും കൂടി രാത്രി സ്കൂട്ടിയിൽ വരുകയായിരുന്നു.കറക്റ്റ് ഡേറ്റ് ഞാൻ ഓർക്കുന്നില്ല,സമയം ഏതാണ്ട് 12 മണി കഴിയും.അവനെ അവന്റെ വീട്ടിലാക്കിയ ശേഷം ഞാൻ സ്പീഡ് അൽപ്പം കൂട്ടി.ഏതാണ്ട് ഒരു കിലോ മീറ്റർ ഉണ്ട് അവന്റെ വീട്ടിൽ നിന്നും മെയിൻ റോഡിലെത്താൻ.
റോഡിലാണേൽ ഒറ്റ കുഞ്ഞുങ്ങളില്ല.സ്കൂട്ടി ആണെങ്കിൽ സർവീസ് നടത്തിയിട്ട് വർഷം ഒന്നായേന്റെ പക തീർക്കും പോലെ ഒടുക്കത്തെ ഇരപ്പും വലിവും.ഹെൽമറ്റിന്റെ ഗ്ലാസ് പിടിച്ച് താഴ്ത്തിയിട്ട് ഞാൻ വീണ്ടും കൈ കൊടുത്തു.ഏത് നിമിഷവും ഒരു പ്രേതം വണ്ടിക്ക് കൈ കാണിക്കുമെന്ന് ഞാൻ തന്നെ സ്വയം കൊറിയോഗ്രാഫി ചെയ്ത് തുടങ്ങി.പണ്ട് മൃതദേഹം വെള്ളം ചോദിച്ചാൽ പേടിച്ച് കൊടുക്കാൻ നിന്ന പതിമൂന്നുകാരൻ ചെക്കൻ അല്ലാട്ടോ, അൽപ്പ സ്വൽപ്പം ധൈര്യമൊക്കെ വന്നിട്ടുള്ള ഇരുപത്തിമൂന്നുകാരൻ ആയിട്ടുണ്ട്.
പോരാഞ്ഞിട്ട് മനസ്സിൽ പ്രേത ചിന്തകൾ വന്നാൽ അത് മാറ്റാൻ ഞാനായി കണ്ടെത്തിയ ഒരു ട്രിക്കും ഉണ്ട്.
ഇഷ്ടപ്പെട്ട നടിമാരുടെ ചൂടൻ രംഗങ്ങൾ അങ്ങോട്ട് ഓർക്കുക.പിന്നെ പ്രേതത്തെ കുറിച്ച് ചിന്തിക്കാനേ നേരം കാണില്ല.അന്നും ആ ട്രിക് ഞാൻ പുറത്തെടുത്തു. Anjaan കണ്ട ഹാങ്ങ് ഓവറിൽ കടലിൽ നിന്നും ബിക്കിനി ഇട്ട് കേറി വരുന്ന സമന്തയായിരുന്നു അന്നത്തെ ആണിക്കല്ല്.
(പോലീസ്കാർക്കെന്താ ഈ വീട്ടിൽ കാര്യം എന്ന് ഇന്നച്ചൻ ചോദിച്ച പോലെ പ്രേത പോസ്റ്റിൽ എന്തിനാ ബിക്കിനി എന്ന് ആരും ചോദിച്ചേക്കല്ലേ )
അങ്ങനെ സമന്തയുടെ ഷേപ്പും ആലോചിച്ച് ഏതാണ്ട് മെയിൻ റോഡ് കേറും മുമ്പേ, ക്ളീഷേ പോലൊരു പൂച്ച കുറുകെ ചാടി. ബാലൻസ് തെറ്റിയ ഞാൻ നടു റോഡിൽ തൊലിഞ്ഞു വാരി ദാ കിടക്കുന്നു.
ഇജ്ജാതി ഷേപ്പ്!!!
ഒരുവിധം ചാടിയെഴുന്നേറ്റ് സ്കൂട്ടിയിൽ കയറി കീ കൊടുത്തതും മൈ@#₹% സ്റ്റാർട്ട് ആവുന്നില്ല.ആവുന്നത്ര ആ ഇരുട്ടിൽ കിടന്ന് ഞാൻ പണിപ്പെട്ടു,ഒരു രക്ഷയും ഇല്ല.കിക്കർ ആണെങ്കിൽ ഒന്ന് പറഞ്ഞ് രണ്ടാമത്തേന് പിണങ്ങുന്ന മിഥുനത്തിലെ ഉർവശി ചേച്ചിയെ പോലെ അനങ്ങുന്നില്ല.അതിന്റെ കൂടെ ഇങ്ങനെ ഒരു സിറ്റുവേഷൻ പണ്ട് എപ്പോഴോ സ്വപ്നത്തിൽ മുൻകൂട്ടി കണ്ടതല്ലേ എന്ന തറപ്പിച്ച ഓർമ്മയും 🙏🏻
ഒരു പോസ്റ്റിന്റെ വെട്ടം പോലും ആ പരിസരത്തില്ല.തൊണ്ടയൊക്കെ ഉണങ്ങി വരണ്ടു.പേടി മാറ്റാൻ വേണ്ടി വീണ്ടും സമന്തയെ വിളിച്ചെങ്കിലും അവൾ അങ്ങോട്ട് വഴങ്ങുന്ന മട്ടില്ല.
ഒടുവിൽ പേടിച്ച് വിയർത്തൊലിച്ചോണ്ട് ഞാൻ സകല ദൈവങ്ങളേയും കണ്ണടച്ച് പ്രാർത്ഥിച്ചു.
ഒന്നാമത് വെള്ളിയാഴ്ച്ച!!!!
ദൈവമേ ഒന്ന് സ്റ്റാർട്ട് ആവണേ 🙏🏻
രണ്ടും കൽപ്പിച്ചോണ്ട് അടുത്ത തവണ സെൽഫ് അടിച്ചതും തൊട്ട് മുമ്പിൽ ഒരു രൂപം.
ഏതോ ഒരു പെൺകുട്ടി തിരിഞ്ഞിരിക്കുന്ന പോലെ.
പക്ഷെ കണ്ണടച്ച് തുറക്കും മുമ്പേ അത് മാഞ്ഞു പോയിരുന്നു.
സത്യം പറഞ്ഞാൽ അന്നേരം ഞാൻ അനുഭവിച്ച പരിഭ്രാന്തി വെറും അക്ഷരങ്ങളാൽ നിങ്ങളിലേക്ക് പകരാനാവില്ല.
തോന്നലാവും എന്ന് വിചാരിച്ചോണ്ട് ഞാൻ അടുത്ത സെൽഫ് അടിച്ചു.
കണ്മുന്നിൽ പിന്നേയും അതേ രൂപം
ഇത്തവണ കുറച്ചു കൂടി വ്യക്തം
ഒരാൾ തിരിഞ്ഞിരുന്ന് പടം വരക്കുന്നു, ഒപ്പം അരികിലൊരു വയലിനും
എന്റമ്മോ… മാ… മായേ… ച്ചി 😳
വീണ്ടും ശൂന്യത……….
പോരാഞ്ഞിട്ട് ഏതോ ഒരു നായ ഒടുക്കത്തെ ഓരിയിടലും.
രാത്രിയിലെ ഒറ്റപ്പെടൽ അനുഭവിച്ചവർക്ക് മാത്രമേ ഈ ഓരിയിടൽ നൽകുന്ന പേടി മനസ്സിലാക്കാൻ കഴിയുകയുള്ളൂ.
എന്തായാലും അടുത്ത സെൽഫ് അടിച്ചിട്ട് ഞാൻ മുന്നോട്ട് നോക്കാൻ നിന്നില്ല. പക്ഷെ ആരോ കഴുത്തിൽ പിടിച്ച് നേരെ നോക്ക് എന്ന് പറയും പോലൊരു തോന്നൽ.
ഇനി ഞാൻ എഴുതുന്ന വരി നിങ്ങളിൽ എത്രപേർ വിശ്വസിക്കും എന്നറിയില്ല
ആ നോട്ടത്തിൽ ഞാൻ കണ്ടത്,വർഷങ്ങൾക്ക് മുമ്പ് ഞാൻ വരച്ച അതേ മയൂരിയുടെ ചിത്രം കളറിങ് ചെയ്തോണ്ടിരിക്കുന്ന മായേച്ചി.മുഖം കിറു കൃത്യം……..
എന്റമ്മോ എന്ന് വിളിച്ചതും അറിയാണ്ട് സെൽഫ് ഓൺ ആയതും ഒരുമിച്ചായിരുന്നു.
“വെള്ളം”
മായേച്ചിയുടെ ആത്മാവ് എന്നോട് ചോദിച്ചു.
ആ ചോദ്യം എന്റെ ഉപബോധ മനസ്സിലുണ്ടായ തോന്നലാണോ എന്ന് ഇന്നും എനിക്ക് അറിയില്ല.
എന്തായാലും സെൽഫ് ഓൺ ആയതും ഞാൻ സ്കൂട്ടിയും കൊണ്ട് പറന്നു.
ഒടുവിൽ വീട്ടിൽ ചെന്ന് കേറി. പൈപ്പിലാണെങ്കിൽ വെള്ളമില്ല, ദേഹം മുഴുവനും വീണ് തൊലിഞ്ഞു വാരിയ പാടും. അപ്പോഴാണ് സിനിമ കണ്ടിറങ്ങിയപ്പോൾ വാങ്ങിയ മിനറൽ വാട്ടർ കുപ്പിയെ കുറിച്ചോർത്തത്.അതെടുത്ത് മുഖം കഴുകാൻ സീറ്റ് തുറന്നതും സീല് പോലും പൊട്ടിക്കാത്ത കുപ്പിയിൽ പകുതി മാത്രം വെള്ളം.
എന്റെ കിളി പറന്നു. കുപ്പിയിൽ ആണെങ്കിൽ സുഷിരമില്ല, സീറ്റിന്റെ അടിയിൽ വെള്ളം വീണ പാടുമില്ല.പിന്നെ എങ്ങനെ ഇത് സംഭവിച്ചു?
ഞാനപ്പോഴേ എന്റെ കൂടെ സിനിമയ്ക്ക് വന്ന കുട്ടുവിനെ വിളിച്ചു.
“അളിയാ, നമ്മൾ ഫുൾ ബോട്ടിൽ മിനറൽ വാട്ടർ അല്ലേ വാങ്ങിച്ചത്?” നീ അത് പൊട്ടിച്ചോ?
നിനക്ക് എന്താടാ ഈ പാതിരാത്രി? ഫുൾ ബോട്ടിൽ വാങ്ങി എനിക്ക് പോലും മോന്താൻ തരാതെ നീ അല്ലേ സീറ്റിന്റെ അടിയിൽ വെച്ചത്?
ഞാൻ പേടിച്ച് വിറച്ച് ഫോൺ കട്ട് ആക്കി…..
ബെന്ന്യമിൻ പറഞ്ഞ പോലെ നാം അനുഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ട് കഥകൾ ആയിരിക്കും.അത് പോലെ ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും ആ വെള്ളം മായേച്ചിയുടെ ആത്മാവ് എന്നിൽ നിന്നും എടുത്തെന്നു വിശ്വസിക്കാനാ എനിക്ക് ഇഷ്ടം.ഒരിക്കൽ ഞാനായിട്ട് വെള്ളം എടുത്തോണ്ട് വന്നിട്ടും കൊടുക്കാതെ ഇരുന്നതല്ലേ??
എന്തായാലും കുറേ വർഷങ്ങൾക്ക് ശേഷം ഞാൻ മായേച്ചിയുടെ വീട്ടിൽ പോയി.എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയ ആ ഫോട്ടോ അവിടെ ഉണ്ടോന്നു നോക്കാൻ.ഇപ്പോൾ ആ വീട്ടിൽ മായേച്ചിയുടെ അമ്മ മാത്രമേ ഉള്ളൂ.ഒരുപാട് തപ്പിയ ശേഷം എവിടെ നിന്നോ അമ്മ ആ ചിത്രം എടുത്തോണ്ട് വന്നു.
അമ്മ അപ്പോൾ എന്നോട് ഒരു ചോദ്യം ചോദിച്ചു
“മോൻ അവളെ കണ്ടിട്ടുണ്ടോ എപ്പോഴെങ്കിലും?”
ഇല്ല.
ഒരാളെ കാണാതെ എങ്ങനെയാ ഈ ചിത്രം വരച്ചത്? എന്റെ മോൾക്ക് ഏതോ ഒരു നടിയുടെ മുഖഛായ ഉണ്ടായിരുന്നു എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഒരു പക്ഷെ മോൻ വരച്ചത് ആ നടിയെ ആണെങ്കിൽ പോലും മായയുടെ ചെവി ഇത്ര കൃത്യമായി എങ്ങനെ വരച്ചു? അവളുടെ ഇരു ചെവികൾക്കും നമുക്ക് ഉള്ളത് പോലെ മടക്കുകൾ ഇല്ലായിരുന്നു.
എന്തായാലും ഈ ചിത്രം അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.അവൾക്ക് പടം വരയ്ക്കാനോ കളർ ചെയ്യാനോ ഒന്നും അറിയാത്തോണ്ട് വരക്കുന്നവരെ ജീവനാ.
😳😳😳 എന്റമ്മോ!!!……അപ്പോൾ ഇതിൽ കളർ ചെയ്തത് ആരായിരിക്കും? ചിത്രത്തിന്റെ സൈഡിൽ എന്റേയും മായേച്ചിയുടെയും പേര് എഴുതിയത്? ഇതൊന്നും പോരാഞ്ഞിട്ട് വരച്ചോണ്ടിരുന്നപ്പോൾ ചെവിയുടെ മടക്ക് എങ്ങനെ എനിക്ക് മിസ്സ് ആയി?
ഒന്നും മനസ്സിലാവാതെ ആ ചിത്രവും വാങ്ങി ഞാൻ തിരികെ നടന്നു…
*********************************************
ജീവിക്കാൻ കാരണങ്ങൾ ഇല്ലാത്തതിനാൽ സ്വയം മരണം തിരഞ്ഞെടുത്ത ഓരോ മയൂരിമാർക്കും ഈ എഴുത്ത് സമർപ്പിക്കുന്നു. ഒപ്പം ഒന്നുകൂടി പറഞ്ഞോട്ടെ ജീവിക്കാൻ കാരണങ്ങൾ വേണം, ഉണ്ടാവണം ❣️ (ഇന്നും ഉത്തരം കിട്ടാതെ സൂക്ഷിക്കുന്ന ആ ചിത്രം പോസ്റ്റിനൊപ്പം ചേർക്കുന്നു )
©️🎨✍️Darsaraj R Surya
4 Comments
പേടിച്ചോ ചോദിച്ചാൽ ഇല്ല, പഠിച്ചില്ലേ ന്ന് ചോദിച്ചാൽ ഉവ്വ്..
എഴുത്ത് ഗംഭീരം 👍
Super എഴുത്ത് 👌👌👌
യ്യോ… പേടിപ്പിച്ചു കളഞ്ഞെല്ലോ 😏…. ആകാശത്ത് നക്ഷത്രങ്ങൾ കാണാത്തൊണ്ട്, മഴ പെയ്യുവാന്നേൽ അങ്ങേരുടെ കൂടെ ബൈക്കിലൊന്നു ചുറ്റാമെന്ന് വിചാരിച്ചതാ …. ശ്ശോ! ഇന്നിനി വേണ്ട ല്ലെ 🫣😂
എഴുത്ത് 👌👌👌
നൊമ്പരമായി മായേച്ചി….
പോസ്റ്റ് രണ്ടുപ്രാവശ്യം വന്നിട്ടുണ്ട്. കണ്ടില്ലേ