സ്കൂൾ വിട്ടുവന്ന് മീനൂട്ടി ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു. വല്യുപ്പ വരുന്നില്ലല്ലോ… ദൂരെക്ക് നോക്കികൊണ്ട് അവൾ പറഞ്ഞു.
“മീനൂ..മോളേ… യൂണിഫോം മാറ്റി ചായ കുടിക്കൂ.എന്നിട്ടാവാം കാത്തിരുപ്പ്.”
മീനൂട്ടി ഒന്നൂടെ തിരിഞ്ഞു നോക്കി.ഇനി ചായ കുടിക്കുമ്പോൾ വന്നാലോ… എന്നെ കണ്ടില്ലേൽ വല്യുപ്പാക്ക് സങ്കടാവില്ലേ. അവൾ അതും ആലോചിച്ചിരുന്നപ്പോൾ നല്ല വറുത്ത അരിമണിയുടെ മണം മൂക്കിലോട്ടടിച്ചു.
മീനൂട്ടിക്ക് ഇഷ്ടമുള്ള പലഹാരമാണ് അരിമണി പൊടിച്ചത് തേങ്ങയും പഞ്ചസാരയും ചേർത്തു കഴിക്കുന്നത്. അതും നല്ല കട്ടൻ ചായയുടെ കൂടെ. അവൾക്ക് മണം കേട്ടിട്ട് സഹിക്കാൻ പറ്റിയില്ല. അവൾ അടുക്കള ലക്ഷ്യമാക്കി ഓടി.
“മീനൂട്ട്യെ…ഓൾ ഏടപോയ്… ഈടെല്യേ…”
സൗണ്ട് കേട്ടതും മീനു ഓടിവന്നു തിരിച്ച്… കയ്യിൽ വാരിതിന്ന പൊടിയെല്ലാം പാവാടയിൽ തുടച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ വല്യുപ്പയെ നോക്കി… എന്താ വൈകിയേ എന്ന മട്ടിൽ.
“ന്റെ മോളേ പയേതുപൊലെ ഓടി വരാൻ മ്മക്ക് പറ്റ്ണില്ല.വയസ്സായില്ലേ…ന്നാ പിടിച്ചോ…” ഒരു പൊതി നീട്ടി കൊണ്ട്… നീളമുള്ള വെള്ളത്താടി ഉഴിഞ്ഞ് വല്യുപ്പ അവളെ നോക്കി പറഞ്ഞു.
പൊതി വാങ്ങി തുറന്നു മീനു.”അപ്പോ പാലു മുട്ടായി തരാന്ന് പറഞ്ഞതോ…” അവൾ വിഷമത്തോടെ പാരീസ് മുട്ടായിയുടെ കവർ പൊളിക്കുന്നതിനിടെ പരിഭവത്തിൽ ചോദിച്ചു.
“അതിപ്പോ നല്ല വെലയാ അതിനൊക്കെ… അണക്ക് അതൊക്കെ വെറുതെ തന്നാൽ മൊതലാവൂല”.വല്യുപ്പ മുറുക്കി തുപ്പിയ ചുവന്നതും കറുത്തതുമായ പല്ലു കാണിച്ചു ചിരിച്ചു പറഞ്ഞു.വല്യുപ്പയുടെ ഷർട്ടിന്റെ കോളറിൽ എപ്പോ നോക്കിയാലും വലിയൊരു കാലൻ കുട കാണും.മുതുക് വളച്ച് നടക്കുമ്പോൾ അതു കാണാൻ നല്ല രസാ.
അല്ലേലും വല്യുപ്പാക്ക് എന്നെ പഴയപോലെ ഇഷ്ടല്യ… ഞാനിപ്പോ വല്യ കുട്ട്യായതോണ്ടാവും …മീനു പിന്നേം പരിഭവിച്ചു.രണ്ടാം ക്ലാസ്സിലല്ലേ ആയെ അപ്പോ ഇനിയും വലുതായാൽ വല്യുപ്പ മുട്ടായി തരില്ലേ…അവൾ അതും ആലോചിച്ച് തൊടിയിലെ പുളി മരത്തിൽ കെട്ടിയിട്ട ഊഞ്ഞാൽ ലക്ഷ്യമാക്കി നടന്നു.
നന്നായി കിതക്കുന്നുണ്ടല്ലോ …വയ്യേ…എന്നാ പിന്നെ മാനുവിനെ ഏൽപിച്ചാൽ പോരേ കട അവൻ നോക്കി നടത്തില്ലേ..” അച്ഛമ്മ വല്യുപ്പയോട് പറയുന്നത് അവൾ കേട്ടു.
“ഞമ്മൾ ജീവിച്ചിരിക്കുന്നോടത്തോളം കാലം ഞാൻ തന്നെ മതി…ഓന് അതൊക്കെ പഠിച്ചു വരുന്നതല്ലേ ഉള്ളൂ… ന്നാ ഞാൻ പോട്ടെ…നാളെ പറ്റാണേൽ ആ മുട്ടായി കൊണ്ടരാം നോക്കാം.” വല്യുപ്പ അതും പറഞ്ഞു പതുക്കെ നടന്നു.
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ തൊട്ട് വല്യുപ്പ എപ്പോ വീടിനു മുന്നിൽ കൂടെ പോയാലും .ഒരു പൊതി മീനൂന് കൊടുക്കും.രണ്ടോ മൂന്നോ മുട്ടായി…ഏറെയും പച്ച കളറുള്ള കവറിലെ മുട്ടായി,അല്ലേൽ ഓറഞ്ചു കളർ മുട്ടായി. അതിൽ കൂടുതൽ തരില്ല.
ന്നാ തന്നെ അമ്മയും അച്ഛനും വല്യുപ്പായെ വഴക്കുപറയും എനിക്കു പുഴുപല്ല് വന്നത് മൊത്തം ഈ മുട്ടായി തിന്നിട്ടാന്ന് പറഞ്ഞ്.
പാലുമുട്ടായി ഉണ്ടെന്ന് മൈമൂനയാ മീനൂട്ടിയോട് പറഞ്ഞേ …മൈമൂന വല്യുപ്പാടെ പേരക്കുട്ട്യാ.നാളെ അപ്പോ പാലുമുട്ടായി തിന്നാം.മീനൂട്ടിക്ക് വായിൽ വെള്ളമൂറി.
അന്നും വൈകുന്നേരം മീനൂട്ടി വല്യുപ്പായെ നോക്കികൊണ്ടിരുന്നു.അതിനിടയിൽ അടുത്തുള്ള കദീജ താത്ത ഓടിവന്ന് അമ്മേടെ ചെവിയിൽ എന്തോ പറഞ്ഞു.
“മീനൂ… അകത്തേക്ക് വന്നേ…ഇന്ന് വല്യുപ്പ വരില്ലാന്ന്.സുഖല്യാന്ന് വയസ്സായതല്ലേ…”
അതും പറഞ്ഞു അമ്മ മീനൂട്ടിയെ കൈ പിടിച്ചു വലിച്ച് വീടിനുള്ളിലേക്ക് കയറ്റി.
“ഞാനൊന്നു പോയിനോക്കട്ടെ നീ മോളെയും കൊണ്ട് ഇവിടെ ഇരിക്ക്.”അച്ഛമ്മ അമ്മയോട് പറഞ്ഞു.
അപ്പൊ ഇന്നും വല്യുപ്പ പറ്റിച്ചു.ഇനി പാലുമുട്ടായി… അവൾക്ക് വല്യുപ്പയോട് ദേഷ്യം വന്നു.സാരല്യ നാളെ കാത്തിരിക്കാം… മീനൂട്ടി മനസ്സിൽ കരുതി.
വീടിനു മുന്നിലൂടെ കുറേ ആളുകൾ കൂട്ടം കൂട്ടമായി പോകുന്നത് മീനു ജനലിലൂടെ നോക്കികണ്ടു. അച്ഛൻ അതിനിടയിൽ വന്നു അമ്മയോട് പറഞ്ഞു.
“മൊയ്തുക്ക പോയി”
‘ഇന്നലേം കൂടെ കണ്ടതാണല്ലോ ഞാൻ’ എന്നൊക്കെ പറഞ്ഞ് അമ്മ കരയുന്നത് മീനു കണ്ടു.”അമ്മ എന്തിനാ കരയണ്?” മീനു അമ്മയോട് ചോദിച്ചു.
“മോള് പോയി കളിക്ക് …”അച്ഛൻ ഇടക്ക് കേറി പറഞ്ഞു. അതുകേട്ട മീനു സന്തോഷത്തോടെ ഊഞ്ഞാലാടാൻ തൊടിയിലേക്ക് ഓടി..
ഫോട്ടോ : ഗൂഗിൾ
2 Comments
നല്ല കഥ!
Thank you 😊