“ഇക്കാലം കൊണ്ട് എന്തുണ്ടാക്കി ?
കുറെ വർഷമായല്ലോ എഴുത്തുകാരിയെന്നും, സാമൂഹ്യ പ്രവർത്തക എന്നൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങീട്ട്. അല്ലേലും ഇതൊന്നും പെണ്ണുങ്ങൾക്ക് പറഞ്ഞതല്ല.”
വനജ അമ്മായിയാണ്. ആഘോഷവേളകളിൽ ആരോടെങ്കിലും എന്തെങ്കിലും ചൊറിഞ്ഞു അലമ്പ് ഉണ്ടാക്കുക അവരുടെ സ്ഥിരം പതിവാണ്. കുറെ നാളായി കണ്ടിട്ട്, ഇന്നിപ്പോ എന്നെ നേരിട്ട് കിട്ടിയപ്പോൾ റോക്കറ്റ് എന്റെ അടുത്തേക്ക് വിട്ടു.
ഇങ്ങോട്ട് വരുന്നില്ലെന്ന് അമ്മയോട് പലതവണ പറഞ്ഞതാണ്. കുടുംബക്കാർ എല്ലാരും കൂടും. നീ മാത്രം മാറി നിൽക്കരുത്. അല്ലെങ്കിൽ തന്നെ കല്യാണം വേണ്ടെന്ന് പറഞ്ഞതിന് വേണ്ടുവോളം കേൾക്കുന്നുണ്ട്. ഇനിയിപ്പോ കൂട്ടത്തിൽ കൂടില്ല എന്നൊരു പേരുദോഷം കൂടി വേണോ ?
കൂടുതൽ പറയാൻ നിന്നാൽ അതൊരു വലിയ വഴക്കാവും, പിന്നെ അമ്മ കരച്ചിൽ തുടങ്ങും. ഒപ്പം പഴമ്പുരാണവും. അതൊക്കെ ഒഴിവാക്കാൻ വേണ്ടിയാണ് വന്നത്, ഇവിടെ വന്നപ്പോൾ ഇങ്ങനെയും.
ഇളയച്ഛന്റെ മകളാണ് ശാരി. എന്നേക്കാൾ അഞ്ചു വയസ്സ് ഇളയവൾ. കല്യാണം കഴിഞ്ഞ് രണ്ട് മക്കളുമായി. ഇന്ന് അവളുടെ ഗൃഹപ്രവേശമാണ്. ഊണെല്ലാം കഴിഞ്ഞ് കുടുംബക്കാർ എല്ലാരും കൂടി ഇരിക്കുമ്പോഴാണ് വനജ അമ്മായിയുടെ ഈ റോക്കറ്റ് വിടല്. വേണമെങ്കിൽ കേട്ടില്ലെന്ന് നടിക്കാം, പലവട്ടം അങ്ങനെ ചെയ്തിട്ടുമുണ്ട്. പക്ഷെ ഒതുങ്ങി പോകുന്തോറും ഇവർക്ക് സംസാരത്തിൽ കടിഞ്ഞാണില്ലാതെ പോകുന്നു. പലരും അവരുടെ വായ പേടിച്ച് അടങ്ങിയിരിക്കുന്നതാണ്. ഇന്നിതിനൊരു തീരുമാനം എടുക്കണം.
ഒന്നും പറയണ്ട എന്നുള്ള അമ്മയുടെ ആംഗ്യഭാഷ കണ്ടില്ലെന്ന് നടിച്ച് ഷീബ അവരുടെ അടുത്തേക്ക് കസേര വലിച്ചിട്ടു.
“അമ്മായി ചോദിച്ച ആദ്യ ചോദ്യത്തിനുള്ള ഉത്തരം ഞാൻ അവസാനം തരാം.”
“സാധാരണയായി ഇത്തരം ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാറില്ല. പക്ഷേയിന്ന് ഞാൻ മറുപടി പറയാതെ ഇരുന്നാൽ അമ്മായി വീണ്ടും എന്നെ കാണുമ്പോൾ ഈ ചോദ്യം ആവർത്തിക്കും. അങ്ങനെ തുടർച്ചയായി കേൾക്കുമ്പോൾ എനിക്ക് അമ്മായിയോട് മുഷിച്ചിലാവും. അത് വേണ്ട, നമ്മൾ ഇനി കാണുമ്പോഴും ഇത് പോലെ കസേര അടുത്തിട്ട് സ്നേഹത്തോടെ മിണ്ടണം.”
“ഞാൻ ഒരിക്കലും സ്വയം എഴുത്തുകാരിയെന്ന ലേബൽ അടിച്ചിട്ടില്ല. അങ്ങനെ ഞാൻ എന്നെ ആർക്കും പരിചയപ്പെടുത്തിയിട്ടുമില്ല. എന്റെയെഴുത്ത് എന്റെ വായനയിൽ നിന്നും വന്ന കുത്തിക്കുറിക്കലാണ്. അങ്ങനെ ഞാൻ കുത്തിക്കുറിക്കുമ്പോൾ എനിക്ക് കിട്ടുന്നൊരു സന്തോഷമുണ്ട്. അത് അനുഭവിക്കുക തന്നെ വേണം, വാക്കുകൾ കൊണ്ട് പറഞ്ഞാൽ മനസ്സിലാവില്ല.”
“അംഗീകാരം ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ അമ്മായീ. പ്രിയപ്പെട്ടത് എന്തെങ്കിലും ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന നല്ലൊരു അഭിപ്രായം, അതിന്റെ സുഖം, അമ്മായി എപ്പോഴെങ്കിലും അത് അനുഭവിച്ചിട്ടുണ്ടോ ?”
“ഓ പിന്നെ ഞാൻ ഇനി ഈ വയസ്സാൻ കാലത്ത് എഴുതാൻ പോകുകയല്ലേ, എനിക്ക് വേറെ പണിയില്ല.”
“എഴുത്ത് മാത്രമാണ് പ്രിയപ്പെട്ട പണിയെന്ന് ആരാണ് അമ്മായിയോട് പറഞ്ഞത്. പാട്ട്, ഡാൻസ്, സാമൂഹ്യ സേവനം. അങ്ങനെ ഓരോത്തരുടെ വാസനകൾക്കനുസരിച്ച് എന്തുമാവാം. എന്തിന്, ഒറ്റക്കുള്ള യാത്രകൾ, ട്രക്കിങ്ങ് അങ്ങനെ വ്യത്യസ്തമായ ഇഷ്ടങ്ങളുള്ള ഒരുപാട് പേരുണ്ട് നമുക്കിടയിൽ.”
“എന്തായാലും എനിക്ക് വീട് വിട്ടൊരു സന്തോഷവും വേണ്ടാ. നിങ്ങളൊക്കെ പരിഷ്ക്കാരികളല്ലേ? വീടും വേണ്ടാ. വീട്ടുകാരും വേണ്ടാ. നന്നായി നീ കല്യാണം കഴിക്കാതെ ഇരുന്നത്. അല്ലെങ്കിൽ..”
“എന്തിനാ നിർത്തിയേ, പണ്ടേ ഉപേക്ഷിച്ചിട്ടുണ്ടാവും എന്നല്ലേ പറയാൻ വന്നത്. എനിക്ക് കല്യാണം കഴിക്കണമെന്ന് തോന്നാത്തത് കൊണ്ടാണ് ഞാൻ വിവാഹം കഴിക്കാതെ ഇരിക്കുന്നത്. അല്ലാതെ അതൊരു ബാധ്യതയാകുമെന്ന് കരുതിയിട്ടല്ല.”
“നിനക്ക് പ്രശ്നമായിരിക്കില്ല, പക്ഷെ കെട്ടുന്നവൻ കുടുങ്ങും.”
“ഒരു കുടുംബത്തിൽ സ്ത്രീയുടെ പ്രാധാന്യം എന്താണെന്ന് എനിക്കറിയില്ല എന്നോണോ അമ്മായി പറയുന്നത്.”
“നോക്ക്, നിന്നോട് തർക്കിക്കാനൊന്നും ഞാനില്ല. കണ്ടേപ്പോൾ അറിയാതെയൊന്ന് ചോദിച്ച് പോയി.”
“ഇതെങ്ങനെ തർക്കമാവും. നമ്മൾ രണ്ട് പേരും അവരവരുടെ അഭിപ്രായം തുറന്ന് സംസാരിക്കുകയല്ലേ.”
“ആയിരിക്കും, പക്ഷെ ഇതൊക്കെ തർക്കത്തിലേ എത്തിച്ചേരുകയുള്ളൂ.”
“എനിക്കങ്ങനെ തോന്നുന്നില്ല. ഞാൻ പറയുന്നത് മാത്രമാണ് ശരിയെന്ന് നമ്മൾ ഇരുവരും കരുതാതെയിരുന്നാൽ ഇതൊരിക്കലും തർക്കമാവില്ല.”
“അത് തന്നെയാണ് ഞാനും പറഞ്ഞത്, നീയാണ് ശരിയെന്ന് നിനക്ക് തോന്നുന്നു. മറ്റുള്ളവർക്ക് തോന്നുന്നില്ല. നീ വിവാഹം കഴിച്ച് കാണണമെന്ന് നിന്റെ അമ്മയ്ക്ക് ആഗ്രമുണ്ടാവില്ലേ.”
“തീർച്ചയായും ഉണ്ടാവും. പക്ഷെ വേണ്ട എന്നുള്ള എന്റെ ആഗ്രഹത്തെ മറികടന്നു ഞാൻ വിവാഹം കഴിച്ചാൽ, സന്തോഷകരമായ ഒരു കുടുംബം എനിക്കുണ്ടാകുമൊ ?”
“അപ്പോൾ അമ്മയുടെ ആഗ്രഹമോ ?”
“ഞാൻ കല്യാണം കഴിച്ച് കാണുന്നതാണോ അമ്മയുടെ ആഗ്രഹം, അതോ ഞാൻ സന്തോഷവതിയായി ഇരിക്കുന്നത് കാണുന്നതോ ?
അമ്മ പറയട്ടെ.”
സദ്യക്ക് വിളമ്പുന്നവർ എന്തെങ്കിലും വേണോയെന്ന് ചോദിച്ചാൽ പോലും വാ തുറക്കാത്ത അമ്മ, എന്നത്തേയും പോലെ അന്നും ഒന്നും മിണ്ടിയില്ല.
പക്ഷെ, അമ്മായി വിട്ട് തരാൻ ഭാവമില്ലായിരുന്നു.
“അപ്പോൾ കല്യാണം കഴിച്ചവരൊന്നും സന്തോഷിതരല്ല എന്നാണോ നീ പറഞ്ഞു വരുന്നത്.”
“ഒരിക്കലുമല്ല. ഒരു ചട്ടക്കൂടിനുളിൽ ജീവിക്കുന്ന ആരും സന്തോഷിതരല്ല എന്നാണ് ഞാൻ പറഞ്ഞത്. അത് ആണായാലും, പെണ്ണായാലും.”
“പെണ്ണിന് ഒരു അടക്കവും ഒതുക്കവും നല്ലത് തന്നെയാ.”
“ഈ അടക്കവും ഒതുക്കവുമെന്ന് അമ്മായി ഉദ്ദേശിച്ചത്, ഒരു സ്ത്രീ സ്വന്തം കഴിവുകൾ പൂട്ടി വച്ച്, ഭർത്താവിന്റെയും, കുട്ടികളുടെ കാര്യങ്ങൾ മാത്രം നോക്കി, അവർക്ക് ഭക്ഷണം പാകം ചെയ്ത് ഇരിക്കുന്നതാണോ.”
“അതല്ലേ ഒരു ഭാര്യയുടെയും അമ്മയുടേയും കടമ.”
“അങ്ങനെ ജീവിക്കുന്ന ഒരു സ്ത്രീ ആ ചെയ്യുന്നതെല്ലാം പൂർണ സംതൃപ്തിയോടെയാണ് ചെയ്യുന്നതെന്ന് അമ്മായി കരുതുന്നുണ്ടോ ?”
“ഇതൊന്നും ചെയ്യാതെ പറന്നു നടക്കണമെന്നാണോ നീ പറയുന്നത്.”
“അതിപ്പോൾ ഓരോത്തരുടെ ചുറ്റുപാടുകൾ അനുസരിച്ചിരിക്കും. വളരെ നേരത്തെ ജോലിക്ക് പോയി വൈകി വരുന്ന ഭർത്താവ് വീട്ടു കാര്യങ്ങളിൽ സഹായിക്കണമെന്ന് വാശി പിടിച്ചാൽ അതത്ര ശരിയല്ല. അതുപോലെ തന്നെ നേരെ തിരിച്ചും. ജോലി കഴിഞ്ഞ് എത്ര വൈകി വന്നാലും ഭാര്യ തന്നെ എല്ലാ വീട്ടു ജോലികളും ഒറ്റക്ക് ചെയ്യണമെന്ന് ഭർത്താവ് നിർബന്ധം പിടിക്കരുത്.”
“അല്ല ഷീബെ രണ്ടുപേരും ജോലിക്ക് പോയി വൈകി വരുകയാണെങ്കിലോ ?”
വല്യമ്മ ഇടയ്ക്ക് കേറി അങ്ങനെ ചോദിച്ചപ്പോൾ എല്ലാരുമൊന്ന് ചിരിച്ചു.
“സാമ്പത്തിക ഭദ്രതയുള്ള കുടുംബം ആണെങ്കിൽ സഹായത്തിന് ആളെ വയ്ക്കാം വല്യമ്മേ, അല്ലാത്തപക്ഷം രണ്ടുപേരും സഹകരിച്ചു ചെയ്യുക.”
“ആടിയ കാലും, പാടിയ വായും എന്ന് കേട്ടിട്ടില്ലേ, അതാണ് പെണ്ണിന് സ്വാതന്ത്ര്യം കൊടുത്താൽ.”
അമ്മായിയുടെ ആ ഡയലോഗ് കേട്ടപ്പോൾ ഷീബക്ക് ചിരിക്കാതിക്കാൻ കഴിഞ്ഞില്ല.
“ആരാണ് അമ്മായി പെണ്ണിന് സ്വാതന്ത്ര്യം കൊടുക്കേണ്ടത്?
ആരിൽ നിന്നുമാണ് അവളത് വാങ്ങേണ്ടത്.”
“കല്യാണത്തിന് മുൻപ് അച്ഛൻ, ശേഷം ഭർത്താവ്. അല്ലാതെയാര് ?”
“സ്ത്രീ മനുഷ്യ ജന്മത്തിൽ പെടുന്നവളല്ലേ അമ്മായി. മറ്റൊരാൾക്ക് ദ്രോഹമില്ലാത്ത ഒരു കാര്യം ചെയ്യാൻ അവളെന്തിന് മറ്റുള്ളവരുടെ സമ്മതം വാങ്ങണം.”
“ഇതാ ഇപ്പൊ നല്ല കൂത്തായേ. പിള്ളേരെ നിങ്ങൾ ഇതൊന്നും കേട്ട് പഠിക്കേണ്ട ട്ടോ. കുടുംബം കുളമാകും.”
“അമ്മായീ, നിങ്ങളീ പറയുന്ന സ്വാതന്ത്ര്യം അത് അവൾക്ക് ആരും കൊടുക്കേണ്ടതില്ല. അത് അവളുടെ അവകാശമാണ്. ഇനിയിപ്പോ അതിന്റെ ക്രെഡിറ്റ് ആണുങ്ങൾക്ക് വേണമെങ്കിൽ ആകട്ടെ. എന്നാലും കുഴപ്പമില്ല, പക്ഷെ കൊടുത്ത് നോക്കൂ അപ്പോൾ കുടുംബം സ്വർഗ്ഗമാവും. പിന്നെ അവൾ ചെയ്യുന്നതെല്ലാം ഇഷ്ടത്തോടെ ആയിരിക്കും.”
“എന്ത് തോന്ന്യാസം കാണിച്ചാലും മിണ്ടാതെയിരിക്കണമെന്ന് അർത്ഥം.”
“തോന്ന്യാസമൊ, എഴുത്തിന്റെ സൂക്കേട് എനിക്കുള്ളത് കൊണ്ട് ആ മേഖലയിൽ കുറെ പേരെ എനിക്കറിയാം. അമ്മായിക്കറിയോ എഴുതുന്നതിൽ വീട്ടിൽ എതിർപ്പുള്ളതുകൊണ്ട്, ബാത്റൂമിൽ കയറി ടാപ് തുറന്നിട്ട് എഴുതുന്നവരുണ്ട്. സ്വന്തം പേര് വെക്കാതെ വേറെ പേരിൽ കഥകൾ എഴുതുന്നവർ. എന്തിനേറെ പുസ്തകം വായിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്തവർ. ജോലിക്ക് പോയിട്ടും ബസ്സ് കാശിന് വേണ്ടി കൈ നീട്ടി നിൽക്കുന്നവർ. നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറം നരകമാണ് ഈ ഭൂമി ചിലർക്ക്.
സ്വന്തം വീട്ടിൽ സ്ഥാനമില്ല, ഭർത്താവിന്റെ വീട്ടിൽ ഒരു ജോലിക്കാരിയും. കിടപ്പറ പങ്കിടാൻ മാത്രം ഭാര്യയെ തേടി എത്തുന്ന ഭർത്താക്കന്മാർ. ആർത്തവ സമയത്ത് പോലും…
വേണ്ടാ അമ്മായി, പറഞ്ഞു തുടങ്ങിയാൽ പിന്നെ ഞാൻ പറഞ്ഞുകൊണ്ട് പോകും.”
“മനുഷ്യരല്ലേ അമ്മായി എല്ലാരും. മോഹങ്ങൾ എല്ലാർക്കുമുണ്ടാവില്ലേ.”
പെട്ടെന്ന് അവരുടെ ഭാവം മാറി.
“സത്യമാണോ നീയീ പറയുന്നത് മോളെ. ഇങ്ങനെ ജീവിക്കുന്ന കുട്ടികളും ഉണ്ടോ?
വിവേചനം ഉണ്ടെന്ന് അറിയാം, പക്ഷെ വായിക്കാനും, എഴുതാനും പോലും സ്വാതന്ത്ര്യം ഇല്ലെന്ന് അറിഞ്ഞില്ല.”
“ഉണ്ട് അമ്മായി, ഞാൻ കേട്ടതിന്റെ ഒരു പത്ത് ശതമാനമെ ഞാൻ ഇവിടെ പറഞ്ഞിട്ടുള്ളൂ. മുഴുവൻ കേട്ടാൽ…”
“മോളെ ഇങ്ങനത്തെ വേർതിരിവിനെക്കുറിച്ചല്ല പറഞ്ഞത്. സ്ത്രീകൾ വീട്ടു ജോലികൾ ചെയ്ത് കണ്ട് വളർന്നതുകൊണ്ട് പുരുഷന്മാർ വീട്ട് ജോലികൾ ചെയ്യുന്നത് ശരിയല്ല എന്നൊരു ചിന്ത മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയി.”
“അമ്മായീ, അമ്മായിക്ക് മോഹങ്ങളൊന്നും ഇല്ലേ.”
ഷീബയിൽ നിന്ന് അങ്ങനെയൊരു ചോദ്യം അവർ പ്രതീക്ഷിച്ചിരുന്നില്ല.
“ഈ വയസ്സ് കാലത്ത് ഇനിയെന്ത് മോളെ.”
“ഇതാണ് അമ്മായി നമ്മുടെ തെറ്റ്. ഇനിയെന്തെന്ന ചിന്ത.
ഇപ്പഴും ഒന്നിനും വൈകീട്ടില്ല. ആട്ടെ അമ്മായിടെ മോഹം എന്തായിരുന്നു.”
“ബിഎഡ് പഠിച്ചതല്ലേ ഞാൻ. ടീച്ചർ ആവാൻ വലിയ മോഹമായിരുന്നു. പക്ഷെ കല്യാണം കഴിഞ്ഞ് കേറി പോയത് ഒരു കർഷക കുടുംബത്തിലേക്ക്. അവിടെ ടീച്ചർ പണി പോയി ഒന്ന് പേപ്പർ വായിക്കാൻ പോലും സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല. പിന്നെ തിരക്കുകൾ ഒന്നൊഴിഞ്ഞപ്പോൾ വയസ്സുമായി.”
“ദേ പിന്നെയും വയസ്സ്.
അമ്മായി ഏതെങ്കിലും ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്കൂളിൽ കയറാനെ വയസ്സ് ബാധകമാകുന്നുള്ളൂ. ഞങ്ങടെ എൻ ജി ഓ ഒരു സ്കൂൾ നടത്തുന്നുണ്ട്. അവിടെ അമ്മായിക്ക് ടീച്ചറായി പോകാം. പക്ഷേ, ശമ്പളം കുറവായിരിക്കും.”
“മോളെ…”
“ഞാൻ വെറും വാക്ക് പറയുന്നതല്ല അമ്മായി. ആട്ടെ ഏതാ സബ്ജെക്ട്.”
“കണക്ക്.”
“ഹാ എന്നിട്ടാണോ, സ്കൂളിൽ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ കുറച്ചു കുട്ടികളെ ഏർപ്പാടിക്കിത്തരാം. വീട്ടിൽ ട്യൂഷൻ എടുത്തോളൂ.”
“മോളെ, എന്താ ഞാൻ നിന്നോട് പറയേണ്ടത്. എനിക്ക് എല്ലാരോടും ദേഷ്യമായിരുന്നു. സത്യത്തിൽ അത് അസൂയയാണ്. എനിക്ക് കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോൾ ഉണ്ടാകുന്ന അസൂയ. എനിക്കറിയാം ഞാൻ എല്ലാരേയും വേദനിപ്പിച്ചിട്ടുണ്ടെന്ന്.”
“അങ്ങനെയൊന്നുമില്ല അമ്മായി. മറുവശത്തു നിൽക്കുന്നവരെ മനുഷ്യനായി കാണാൻ പഠിക്കുക. അത്രയേ വേണ്ടൂ. പിന്നെ അമ്മായി ചോദിച്ചില്ലേ നീ എന്ത് നേടിയെന്ന്. ഞാൻ നേടിയത് സൗഹൃദങ്ങളെയാണ്. എനിക്കൊരു പ്രശ്നമുണ്ടായാൽ അവർക്ക് എനിക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലായിരിക്കും. പക്ഷെ ഒരു നേരമെങ്കിലും അവർ എനിക്ക് വേണ്ടി പ്രാർത്ഥിക്കും.
‘നീ എന്തായിരുന്നുയെന്ന് നിന്റെ മരണ ശേഷം നിന്നെ അറിയുന്നവർ പറഞ്ഞ് മറ്റുള്ളവർ അറിയുമെന്ന്’ ആരോ പറഞ്ഞിട്ടുണ്ട്. ഞാൻ ലോക പ്രശസ്തയൊന്നുമല്ല, പക്ഷെ ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന കുറച്ച് പേരുണ്ട് ഈ ലോകമെമ്പാടും. ഒരു ദിവസത്തേക്കെങ്കിൽ ഒരു ദിവസത്തേക്ക് അവരെന്നെയോർത്ത് വേദനിക്കും. നേരിട്ട് കാണുക പോലും ചെയ്യാത്ത ചിലരുടെ മനസ്സിൽ മരണശേഷവും ഞാൻ ജീവിക്കുമെങ്കിൽ അതൊരു നേട്ടമല്ലേ അമ്മായി.”
“മോളെ, വനജക്ക് മാത്രമല്ല ഞങ്ങൾക്കും നല്ലൊരു പാഠമാണ് നീ പറഞ്ഞു തന്നത്. എതിർവശത്തു നിൽക്കുന്നവരെ മനുഷ്യനായി കാണുക ഈ വൈകിയ വേളയിൽ ആണെങ്കിലും ആ തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടാക്കാൻ നിനക്ക് കഴിഞ്ഞു.”
വേണുമാമ അങ്ങനെ പറഞ്ഞു കൊണ്ട് അവളുടെ തലയിൽ കൈവച്ചു അനുഗ്രഹിച്ചപ്പോൾ, ഷീബയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മകളെയോർത്ത് അഭിമാനിക്കാൻ ഇങ്ങനെയൊരു നിമിഷം മതി ഏതൊരു അമ്മയ്ക്കും.
“വിലാസിനി നിന്റെ മകൾ മിടുക്കിയാണ്. എത്ര തന്മയത്തോടെയാണവൾ നമുക്ക് കാര്യങ്ങൾ പറഞ്ഞു തന്നത്. ഒരുപക്ഷേ ശബ്ദമുയർത്തിയാണ് അവൾ സംസാരിച്ചിരുന്നെങ്കിൽ നമ്മളാരും ഇത്ര ക്ഷമയോടെ അവളെ കേൾക്കില്ലായിരുന്നു.
ഇനി നമ്മുടെ കുടുംബത്തിൽ ആണെന്നോ പെണ്ണെന്നോ ഉള്ള ഒരു വേർതിരിവുമില്ലാതെ നോക്കാൻ നമ്മളെല്ലാരും പരമാവധി ശ്രമിക്കണം.”
മകളെക്കുറിച്ചുള്ള ആ നല്ല വാക്കുകൾ ആ അമ്മയുടെ ഹൃദയം സ്നേഹത്താൽ നിറച്ചു.
സ്നേഹത്തിൽ, സന്തോഷത്തിൽ വീർപ്പുമുട്ടി അവളെ പൊതിഞ്ഞ കണ്ണുകളിലെ പൂത്തിരി നാളങ്ങളിൽ നോക്കി അവൾ പറഞ്ഞു
“സ്വയം മാറുക. മാറുന്നതിനോടൊപ്പം എതിർവശത്ത് നിൽക്കുന്ന ആളെ മാറ്റാൻ ശ്രമിക്കാം, കേൾക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം.
അല്ലാത്തപക്ഷം അതിനെക്കുറിച് വേവലാതിപ്പെടാതെയിരിക്കുക.
ഒരു കാരണവശാലും മാറണമെന്ന തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാതെ മാറ്റത്തിന് വിധേയയാവുക. വഴികൾ താനെ തുറന്ന് വരും. നമ്മളിലെ മാറ്റം കുടുംബത്തിന്റെ മാറ്റത്തിന് കാരണമാവും. കുടുംബത്തിലെ മാറ്റം സമൂഹത്തിന്റെ മാറ്റമാണ്.
ശുഭാപ്തി വിശ്വാസം കൈവിടാതെ ഇരിക്കുക.”
നന്ദ 🌹
#കഥയരങ്ങ്35
26 Comments
ആദ്യം തന്നെ പറയട്ടെ നന്ദേച്ചി എഴുത്ത് നന്നായിണ്ട്…
സത്യമാണ് നമ്മുടെ ഇഷ്ടങ്ങൾ അടക്കി ജീവിക്കുന്നതിലും നല്ലതു നമ്മൾ മാറി ചിന്തിച്ചു നമ്മളായി ജീവിക്കുന്നത് തന്നെയാ…നമ്മുടെ ഇഷ്ടങ്ങൾ നമ്മുടെ സ്വാതന്ത്ര്യമാണ് .ഞാൻ ചില വരികളിൽ എന്നെ തന്നെ കണ്ടു ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.
മാറ്റങ്ങൾ അനിവാര്യമാണ് …
മനസിന്റെ മാറ്റങ്ങൾ…
സ്വയം തിരിച്ചറിഞ്ഞു മാറിയാൽ പിന്നെ തിരിഞ്ഞൊന്നു ചിന്തിക്കരുത് മുന്നോട്ട് നടക്കതന്നെ..♥️🫰
സ്നേഹം സേതു (ആതിര ).
നമ്മൾ ഓരോത്തരും ചിന്തിക്കുന്നത് തന്നെയാണ് എഴുതിയത്.
പറയാൻ ഭജയപ്പെട്ട് ഈ കാലമത്രയും മറച്ചുവച്ചത്.
സ്നേഹം ഡിയർ ❤️
കുറെ കാര്യങ്ങൾ എല്ലാരും അറിയേണ്ടത് വളരെ വ്യക്തമായി പറഞ്ഞു.. നല്ല എഴുത്ത്. ആശംസകൾ
സ്നേഹം ഈ പ്രോത്സാഹനത്തിന് 😍
ഞാൻ പറയുന്ന അതേ വാക്കുകൾ എവിടെയൊക്കെയോ ഉണ്ടായിരുന്നു ചേച്ചി .🥰🥰🥰🥰🥰
സ്ത്രിയുടെ വാക്കുകൾ അല്ലെ.. ഉണ്ടാവും..
സ്നേഹം ഡിയർ ❤️
ചേച്ചി പച്ചയായ യഥാർഥ്യങ്ങൾ നല്ലെഴുത്ത് 🥰
മുന്പ് വായിച്ചതാ.എപ്പോഴും പ്രസക്തമായ എഴുത്ത് 👍😍👌👌
നല്ലെഴുത്ത്👍 ഒരുപാട് ഇഷ്ടം
സ്നേഹം ഡിയർ ❤️
പ്രൊഫൈലിൽ ഇട്ടിരുന്നു.. സ്നേഹം ദിവ്യാ ❤️
നല്ല എരിവും പുളിയും മധുരവുമുള്ള രചന. നല്ലെഴുത്ത്👏👏👏👏
സ്നേഹം ഡിയർ ❤️
നന്നായിഎഴുതി💚
സ്നേഹം ഈ അഭിപ്രായത്തിന് 😍
സ്നേഹം ഡിയർ ❤️
നന്ദേച്ചി.. ഒരിക്കൽ വായിച്ചതാണ്. എന്നിട്ടും വീണ്ടും വായിച്ചു. ഇഷ്ടം ഈ എഴുത്ത്. ❤️❤️
പുതിയത് ഇല്ല 😔
നന്ദേച്ചി.. മനോഹരം.
മുൻപൊരിക്കൽ വായിച്ചതാണ്. പക്ഷേ ആവർത്തന വിരസതയില്ലാത്ത കഥ. വീണ്ടും വായിച്ചു 😘😘
സ്നേഹം ഈ പ്രോത്സാഹനത്തിന് ❤️
നല്ല കഥകളുടെ തമ്പുരാട്ടി 🥰🥰🥰🥰
ജാള്യതയോടൊപ്പം സന്തോഷവും തരുന്ന വാക്കുകൾ..
സ്നേഹം ഡിയർ ❤️
മാറ്റം അത് ഓരോരുത്തരുടെയും ഇഷ്ടം ആണ്. ആണും പെണ്ണും മാര്യേജ് ചെയ്യുമ്പോൾ രണ്ട് സാഹചര്യത്തിൽ വളർന്നു വന്നവരാണ്. അവർക്കും ഉണ്ടാകും ഓരോ ഇഷ്ടങ്ങൾ അത് പരസ്പരം അറിഞ്ഞു ഇഷ്ടങ്ങളെ സപ്പോർട്ട് ചെയ്യുക ആണ് വേണ്ടത്. മനസ്സിൽ കുത്തി കുറിക്കാൻ, തന്റേത് ആയ ഇടം വേണം. ഇഷ്ടമുള്ള സമയത്ത് സംഗീതം കേൾക്കാൻ, വായന, എഴുത്തു അങ്ങനെ എല്ലാവർക്കും ഉണ്ടാകും ഇഷ്ടങ്ങളും അത് പോലെ കഴിവുകളും അത് കണ്ടെത്തി പ്രോത്സാഹനം കൊടുക്കേണ്ടത് നമ്മുക്ക് തന്നെയാണ്..
ചേച്ചിയമ്മ കഥ എഴുത്തിൽ നല്ല മാറ്റം കാണുന്നുണ്ട്. ഇനിയും എഴുതുക ആശംസകൾ 💞🥰🥰❤️❤️
കഥയെക്കാൾ മനോഹരമായ അഭിപ്രായങ്ങൾ കിട്ടുക എന്നത് ഒരു എഴുത്തുകാരിയെ സംബന്ധിച്ചോടോഥലം ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്.. ലെച്ചു ❤️❤️❤️❤️
നന്നായി എഴുതി 👌👍
കഥയെക്കാൾ മനോഹരമായ അഭിപ്രായങ്ങൾ കിട്ടുക എന്നത് ഒരു എഴുത്തുകാരിയെ സംബന്ധിച്ചോടോഥലം ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്.. ലെച്ചു ❤️❤️❤️❤️