ലഞ്ച് ബോക്സ് തുറന്ന് ഭക്ഷണംകഴിക്കാൻ തുടങ്ങിയ നേരത്താണ് ജസി എന്നോട് അവളുടെ ഉള്ളിലെ സന്തോഷം പങ്കുവച്ചത്. അതും ഞാൻ ഇന്നെന്തേ ചോറിനു പകരം ചിക്കൻബിരിയാണി എന്ന് ചോദിച്ചനേരത്ത്.
“ശ്വേതാ, ജോണിച്ചൻ്റെ അമ്മച്ചി ശനിയാഴ്ച ഇടുക്കിയിലേക്ക് തിരിച്ചു പോയി. “
അവൾ പറഞ്ഞ ഓരോ വാക്കിലും ഉള്ളിൽ നിറഞ്ഞു കവിയുന്ന സന്തോഷം തുള്ളിത്തുളുമ്പിയിരുന്നു. ആഹ്ലാദത്തിൻ്റെ രേണുക്കൾ കപോലങ്ങളെ തുടുപ്പിച്ചിരുന്നു.
” അയ്യോ, അപ്പോൾ ഇനി അർപ്പിതക്കുട്ടിയെ എന്തു ചെയ്യും? കഷ്ടമായല്ലോ ” ഞാനറിയാതെ എൻ്റെ ഉള്ളിലെ നടുക്കം വാക്കിലെത്തി. അർപ്പിതയുടെ സമപ്രായക്കാരനായ ഒരു നാലു വയസ്സുകാരൻ്റെ അമ്മയായതിനാലാകും ഞാൻ നടുങ്ങിയത്.
“എന്ത് അയ്യോ? ഒരു അയ്യോയുമില്ല. അമ്മച്ചി നാട്ടിലേക്ക് പോയതു കൊണ്ട് ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. നിനക്കറിയോ, കഴിഞ്ഞ രണ്ടു വർഷത്തിനിടക്ക് ഇന്നലെയാണ് ഞങ്ങൾ ആദ്യമായി സിനിമ കാണാൻ തീയറ്ററിൽ പോയത്. വൈദ്യുത വിളക്കുകൾ രാവിനെ പകലാക്കുന്ന വീഥികളിലൂടെ അലസമായി നടന്നത്. അമ്മച്ചി ശനിയാഴ്ച തിരിച്ചു പോയി. ഞായർ ഞങ്ങൾ അടിച്ചു പൊളിച്ചു. സിനിമ, ബിരിയാണി, ഐസ്ക്രീം, ഔട്ടിങ്ങ്. അമ്മച്ചിയുള്ളപ്പോൾ എല്ലാറ്റിനുമുണ്ട് നിബന്ധനകളും നിർബ്ബന്ധങ്ങളും. അമ്മച്ചിക്ക് എന്നും മീനും കൂട്ടി ചോറുണ്ണണം. മീൻ കറിയും ഫ്രൈയും വേണം. രണ്ടു വിഭവങ്ങൾ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് ബിരിയാണി ഉണ്ടാക്കാനുള്ള ആശ ഞാൻ മനസ്സിലടക്കും. അമ്മച്ചിയുടെ ചോറും മീനും തന്നെയാവും നിത്യവും മെനു. പിന്നെ അമ്മച്ചിയുടെ ഓരോരോ പഴയ ശീലങ്ങളും ശാഠ്യങ്ങളും. നമ്മുടെ ഇഷ്ടം പോലെ ഒന്നും ചെയ്യാനാകില്ല. കാണാച്ചരടുകൊണ്ട് കെട്ടിയിട്ടതു പോലെയുള്ള സ്വാതന്ത്ര്യമില്ലായ്മ. “
എനിക്കു മറുപടി പറയാതിരിക്കാനായില്ല.
“പക്ഷേ ജസീ, നീയും ജോണിച്ചനും ജോലിക്കു പോരുമ്പോൾ അർപ്പിതക്കുട്ടിയെ ആരെയേൽപ്പിക്കും? സ്കൂളിൽ ചേർക്കും വരെ അമ്മച്ചി വീട്ടിലുണ്ടാകുന്നതായിരുന്നു നല്ലത്. “
എൻ്റെ ആശയത്തെ ഖണ്ഡിച്ചു കൊണ്ട് ജസി തുടർന്നു.
” ഞങ്ങളുടെ അയൽവീട്ടിലുണ്ട് അതിനു പറ്റിയ രണ്ടു പേർ, ജസീന്ത ടീച്ചറും ശിശുപാലൻ സാറും. രണ്ടു പേരും റിട്ടയേർഡ് ഹൈസ്ക്കൂൾ ടീച്ചേഴ്സ്. പണ്ടത്തെ പ്രേമഭാജനങ്ങൾ. മിശ്രവിവാഹിതർ. മറ്റാരും അവരുടെ വലിയ വീട്ടിലില്ല. അവർ മോളെ നോക്കിത്തരാമെന്നു പറഞ്ഞു. അവർക്ക് ഒരു നേരമ്പോക്കാവും. ഞങ്ങൾക്ക് ഒരു സഹായവും. അഥവാ ടീച്ചർ സ്ഥലത്തില്ലെങ്കിലും ശിശുപാലൻസാർ നോക്കിക്കൊള്ളുമെന്നു പറഞ്ഞു. നീ പുതിയ വാടകവീടന്വേഷിക്കുമ്പോൾ ഞങ്ങളുടെ വീടിനടുത്തേക്കു വന്നോളൂ. അച്ചുക്കുട്ടനേയും നമുക്കവരെ ഏല്പിക്കാം.”
എന്തോ, എൻ്റെ മനസ്സിന് ജസിയുടെ പ്ലാൻ ഇഷ്ടപ്പെട്ടില്ല. ഞാനത് പറയുകയും ചെയ്തു.
” ഇക്കാലത്ത് ബന്ധുക്കളുടെ അടുക്കൽ പോലും പെൺകുഞ്ഞുങ്ങളെ നോക്കാൻ ഏല്പിക്കാൻ കൊള്ളില്ല. അപ്പോൾ പിന്നെ ഇവരെയെങ്ങനെ വിശ്വസിക്കും? ജോണിച്ചൻ്റെ അമ്മച്ചിയെ തിരിച്ചു കൊണ്ടുവരുന്നതാവും നല്ലത്.
പിന്നെ അച്ചുവിനെ നോക്കാൻ ശ്രീയേട്ടൻ്റെ അമ്മയുണ്ട്. അമ്മ എന്നും ഞങ്ങളുടെ കൂടെ നിൽക്കുന്നതു തന്നെയാണ് ഞങ്ങൾക്കിഷ്ടം. “
ജസി പക്ഷേ എൻ്റെ വാക്കുകളെ കാര്യമായെടുത്തില്ല. പകരം, അമ്മച്ചി വീട്ടിലില്ലാത്തതു കൊണ്ടുള്ള സൗകര്യങ്ങൾ എണ്ണിയെണ്ണി പറയുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞ് ഇതേ കാര്യം വീണ്ടും സംസാരത്തിൽ വന്നപ്പോൾ അവൾ കൂടുതൽ വാചാലയായി.
” ശിശുപാലൻ സാറും ജസീന്ത ടീച്ചറും എന്തു നല്ല മനുഷ്യരാണെന്നറിയാമോ? നല്ല പെരുമാറ്റം. മോളെ പൊന്നുപോലെ നോക്കും. പുതിയ പാട്ടു പഠിപ്പിക്കും. ഇംഗ്ലീഷ് വാക്കുകൾ എല്ലാം പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അമ്മച്ചിയാണ് അവളെ നോക്കുന്നതെങ്കിൽ ഇതു വല്ലതും പറ്റുമോ? അമ്മച്ചിയുടെ നാടൻ ഭാഷയും ശീലങ്ങളും കുഞ്ഞും പറഞ്ഞു പഠിക്കുമായിരുന്നു. ഏതായാലും ഭാഗ്യമായി. “
വീണ്ടും ഒരാഴ്ച കൂടി കഴിഞ്ഞു. ഇന്ന് മൂന്നു മണി കഴിഞ്ഞു കാണും. ഞങ്ങൾ ഓഫീസിലാണ്. ജേർണലിസ്റ്റായ അഷിത എന്ന കൂട്ടുകാരി എന്നെ വിളിച്ചപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.
” ശ്വേതാ, നിനക്കൊരു കാര്യം കേൾക്കണോ? നിൻ്റെ അനുമാനം ശരിയായി. നമ്മുടെ കഥാപാത്രം ശിശുപാലൻ സാറില്ലേ, ജസീന്ത ടീച്ചറുടെ ഹസ്ബൻ്റ്. അയാൾ ആളു ശരിയല്ലെന്നു തെളിഞ്ഞു. പാർക്കിൽ വച്ച് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയതിന് ഇന്ന് പിങ്ക് പോലീസ് കസ്റ്റഡിയിൽ എടുത്തത്രേ. പണ്ടും സമാനമായ കേസിൽ പകൽ മാന്യനായ അയാൾ അറസ്റ്റിലായിരുന്നുവെന്ന്. “
ജോലി കഴിഞ്ഞ് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ജസി എന്നോടു പറഞ്ഞു.
” ശ്വേതാ, നീ പൊയ്ക്കൊള്ളു. എനിക്കൽപ്പം ഷോപ്പിങ്ങുണ്ട്. ജോണിച്ചനോട് ഇടുക്കിയിൽ പോയി അമ്മച്ചിയെ നാളെത്തന്നെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരാൻ ഏൽപ്പിച്ചിട്ടുണ്ട്. അമ്മച്ചിക്ക് ചോറും മീനും നിർബ്ബന്ധം. വലിയ മീനെന്തെങ്കിലും കിട്ടുമോ എന്നു നോക്കട്ടെ.”
ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു. എത്ര പെട്ടെന്നാണ് അവളുടെ വിശ്വാസങ്ങൾ മാറിമറിഞ്ഞത്? പുഞ്ചിരിയണിഞ്ഞ ശിശുപാലൻ സാറിൻ്റെ മനസ്സിൻ്റെ കറുത്തവശം അവളെ ഞെട്ടിച്ചിരിക്കണം. മകളെ നോക്കാൻ ദമ്പതികളെയേൽപ്പിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചിരിക്കണം. സുരക്ഷിതമായി മകളെ തിരിച്ചു തന്ന ദൈവത്തിന് നന്ദിയേകിയിരിക്കണം. സ്നേഹം പകർന്ന് അർപ്പിതക്കുട്ടിയെ സുരക്ഷിതമായി നോക്കി വളർത്തിയ അമ്മച്ചിയെ മനസ്സിൽ സ്തുതിച്ചിട്ടുണ്ടാകണം. അമ്മച്ചിയെക്കുറിച്ച് മാറിച്ചിന്തിച്ചതിന് കുറ്റബോധം തോന്നിയിട്ടുണ്ടാകണം.
അർപ്പിതമോൾക്ക് കൂട്ടായി ജോണിച്ചൻ്റെ അമ്മച്ചി തിരിച്ചുവരട്ടെ.. എന്നിട്ട് അവൾക്ക് ആമയുടേയും മുയലിൻ്റേയും, മണ്ണാങ്കട്ടയുടേയും കരിയിലയുടേയും കഥ പറഞ്ഞു കൊടുക്കട്ടെ! മുറ്റത്ത് ചിരട്ടകൊണ്ട് മണ്ണപ്പം ചുടാനും, ഈർക്കിൽ കൊണ്ട് കുഴിയാനയുടെ കുഴി തോണ്ടി അതിനെ കണ്ടു പിടിക്കാനും പഠിക്കട്ടെ! കാറ്റിൽ പൊഴിഞ്ഞു വീഴുന്ന മാമ്പഴമധുരത്തെ സ്നേഹിക്കുന്ന ഒരു ബാല്യം അവൾക്കും സ്വന്തമാകട്ടെ! മുറ്റത്ത് വളരുന്ന തുമ്പയും തുളസിയും മുക്കൂറ്റിയും അവൾക്കും പരിചിതമാകട്ടെ, ഗ്രാമീണതയുടെ നൈർമല്യമറിഞ്ഞു വളരാൻ.
ഡോക്ടർ വീനസ്
6 Comments
സുന്ദരമായ എഴുത്ത് 👌👌
കഥ മനോഹരം.
തലമുറകൾ കൈമാറുന്ന ചില മൂല്യങ്ങളുണ്ടു്. അവ മനോഹരമായി പറഞ്ഞു വെച്ചു.
ന്നാലും… അമ്മച്ചിക്കും ഇടയ്ക്ക് ഒരു ചിക്കൻ ബിരിയാണിയൊക്കെ കഴിക്കാം. മരുമകളും സന്തോഷിക്കട്ടെ
അതേ. നന്ദി വായനയ്ക്കും അഭിപ്രായത്തിനും.
കഥ അസ്സലായി 👍🩵
👍
താങ്ക് യൂ