ഫിലിപ്പിന് വയസ്സ് എഴുപത്തിയഞ്ച് ആയി. പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് സ്വന്തം നാടായ ആലപ്പുഴയിൽ വീടും വെച്ച് ഭാര്യ സൂസിയും ആയിട്ടാണ് താമസം. മക്കൾ ഒക്കെ വിവാഹവും കഴിഞ്ഞ് കുടുംബമായി വിദേശത്താണ്. എല്ലാവരും അവധിക്ക് വരും. അങ്ങനെ ഒരു അവധിക്കാലത്ത് കൊച്ചു മകൾക്ക് ജോലി കിട്ടി, അതിൻറെ സന്തോഷത്തിന് ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തു അവൾ അപ്പൂപ്പന്. കൂടെ ഇരുന്ന് അവൾ മൊബൈൽ ഓപ്പറേറ്റ് ചെയ്യേണ്ട വിധവും പഠിപ്പിച്ചുകൊടുത്തു. സമപ്രായക്കാർക്കൊന്നും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം…. ഒന്നും അറിയാത്തതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കരുതി അവൾ കുറെ ബന്ധുക്കളെയും കൂട്ടുകാരെയും കൂട്ടുകാരികളെയും ഒക്കെ ഫ്രണ്ട്സ് ആക്കി കൊടുത്തു അപ്പൂപ്പന്.
മാസാദ്യം കിട്ടുന്ന പെൻഷൻ തുക സൂസിയെ ഏൽപ്പിച്ചാൽ കുടുംബം പിന്നെ സൂസി നന്നായി നോക്കി നടത്തിക്കോളും. അതുകൊണ്ട് ആ വക തലവേദനകൾ ഒന്നും ഫിലിപ്പിന് ഇല്ല. പത്രം തിരിച്ചുംമറിച്ചും വായിച്ചും ടിവി കണ്ടും സമയം കളഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കൊച്ചുമകൾ ഈ കുന്ത്രാണ്ടം സമ്മാനമായി തന്നത്. സംഗതി ആദ്യം ഇത്തിരി ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നെ രസമായി. പിന്നീട് ഹരമായി. പതിവുകാരുടെ ഗുഡ്മോർണിംഗും ഗൂഡ്നൈറ്റും ഇമോജി കളും കണ്ടില്ലെങ്കിൽ ആകെ ഒരു ഉഷാറില്ലാത്ത അവസ്ഥ. ഒരു ദിവസം ഭക്ഷണം കിട്ടിയില്ലെങ്കിലും വേണ്ടില്ല നെറ്റ് ഇല്ലെങ്കിൽ വെള്ളത്തിൽ നിന്ന് കരയ്ക്ക് എടുത്തിട്ട മീനിന്റെ അവസ്ഥയായി ഫിലിപ്പിന്. സൂസിക്കും സന്തോഷം. ഏതുസമയവും മൊബൈലിൽ തോണ്ടി കൊണ്ടിരുന്നോളും ഫിലിപ്പ്. മറ്റാവശ്യങ്ങൾ ഒന്നും പറഞ്ഞു സൂസിയെ ബുദ്ധിമുട്ടിക്കാറില്ല. അല്ലെങ്കിൽ പലപ്പോഴും സമാധാനത്തിൽ ആരംഭിക്കുന്ന സംഭാഷണങ്ങൾ മിക്കവാറും വലിയ കോലാഹലത്തിൽ ആണ് അവസാനിക്കാറുള്ളത്. അങ്ങനെ ഉണ്ടാക്കിയ ഭക്ഷണം വരെ വേണ്ടെന്നു പറഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ യാതൊരു പ്രശ്നവുമില്ല. ഫിലിപ്പ് മൊബൈലിൽ. സൂസി അടുക്കള ജോലി കഴിഞ്ഞാൽ കേക്ക് ബിസിനസ് ആയി ഹാപ്പിയോട് ഹാപ്പി.
ദൈവത്തിനുപോലും അസൂയ തോന്നിയിട്ട് ആണോ എന്നറിയില്ല സൂസി ഒരുദിവസം ഫിലിപ്പിന്റെ മൊബൈൽ ചവിട്ടി പൊട്ടിച്ചു. ഫിലിപ്പ് സൂസി ഉണ്ടാക്കിയ കേക്ക് എടുത്ത് തെണ്ടി പട്ടിക്ക് ഇട്ടു കൊടുത്തു. ആകെ പുകില്. ഫിലിപ്പിന്റെ ഉറക്കെയുള്ള ശകാര വർഷം, തെറിവിളികൾ… നാട്ടുകാർക്കൊക്കെ സന്തോഷമായി. നെഞ്ചത്ത് അടിയും നിലവിളിയും.ആകെ ബഹളം. ഓരോരുത്തരായി പ്രശ്നം തീർക്കാൻ ഇടപെട്ടു തുടങ്ങി. ഞായറാഴ്ച്ച ക്രിസ്ത്യാനി ആയ ഫിലിപ്പിന് കുഴപ്പമില്ല. പക്ഷേ സൂസി എന്നും പള്ളിയിൽ പോകുന്ന ആളാണ്. ആൾക്കാരുടെ അർത്ഥം വച്ചുള്ള നോട്ടവും കുത്തുവാക്കുകളും സൂസിയ്ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
കാരണം എന്തായിരുന്നെന്നോ, ഫിലിപ്പ് ഒരു ദിവസം ഒരു യൂട്യൂബ് വീഡിയോ എഫ്ബിയിൽ കണ്ടു. ഒരു സുന്ദരി പെണ്ണ് മുഹമ്മയിലെ ഷാപ്പിലെ മീൻ കറിയുടെ രുചിയെ പറ്റി വിശദമാക്കുകയാണ്. അത് കണ്ടപ്പോൾ ആ വരാലു കറി ഒന്നു രുചിച്ചു നോക്കാൻ ഫിലിപ്പിന് മോഹമുദിച്ചു. വയസ്സ് എഴുപത്തിയഞ്ച് ആയപ്പോൾ നാക്കിലെ ടേസ്റ്റ് ബഡ്സ് (രുചിമുകുളങ്ങൾ) ഒക്കെ പോയതു കൊണ്ടാണോ എന്നറിയില്ല സൂസിയുടെ കറിക്കൊന്നും ഇപ്പോൾ ഒരു രുചിയും തോന്നുന്നില്ല. എന്നും ഒരേ മോഡൽ കറി, ഒരേ ജീവിതം, ഒരു മാറ്റം ആഗ്രഹിക്കാത്തത് ആരാണ്? നെതർലാൻഡിൽ നിന്ന് വന്ന കൊച്ചുമകൾ പറഞ്ഞിരുന്നു, എപ്പോഴും നമ്മൾ ഓരോ സ്ഥലങ്ങൾ എക്സ്പ്ലോർ ചെയ്തുകൊണ്ടിരുന്നാൽ ലൈഫിൽ ബോറടി ഉണ്ടാകില്ല എന്ന്. അന്ന് ഫിലിപ്പ് ഒന്ന് തീരുമാനിച്ചു. മുഹമ്മക്ക് ഒന്ന് പോവുക തന്നെ. അല്ലാതെ ഇതും കണ്ടു ഇവിടെ വായിൽ കപ്പലോടിച്ച് ഇവിടെ ഇരുന്നിട്ട് കാര്യമില്ലല്ലോ? രാവിലെ തന്നെ സൂസിയോട് ഞാൻ മുഹമ്മയിലെ ഒരു കൂട്ടുകാരനെ കാണാൻ പോവുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. മുഹമ്മ ഒന്നു എക്സ്പ്ലോർ ചെയ്യുക തന്നെ.
ആലപ്പുഴയിൽ നിന്ന് ബസ് കയറി മുഹമ്മയിൽ എത്തി യൂട്യൂബിൽ കണ്ട ഷാപ്പ് കണ്ടുപിടിച്ച് അവിടെ കയറി വരാല് കറിക്ക് ഓർഡർ കൊടുത്തു. യാതൊരു കുറ്റബോധവും തോന്നാതെയാണ് ഫിലിപ്പ് അങ്ങോട്ട് ചെന്നത്. എന്തിനു കുറ്റബോധം തോന്നണം? താൻ ഒരു മദ്യപാനി അല്ല. പക്ഷേ വരാലു മീൻ കറി മാത്രമായി ഇവിടെ കിട്ടില്ല. എന്നാൽ അതിൻറെ കൂടെ കള്ളുകൂടി തന്നോളൂ എന്ന് പറഞ്ഞു ഫിലിപ്പ്. അങ്ങനെ വരാൽ മീൻ കറി കൂട്ടി കള്ളുകുടി തുടങ്ങി. മീനിന്റെ അസാധ്യ രുചി കാരണം കുപ്പി ഒന്നായി, രണ്ടായി, മൂന്നായി… അപ്പോഴാണ് എതിർവശത്തിരിക്കുന്ന ഏതോ ഒരു കുരുപ്പ് ഫിലിപ്പിനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടത്. ഫിലിപ്പ് പരമാവധി കുനിഞ്ഞിരുന്നു. പക്ഷേ ചേട്ടൻ ആ പള്ളിയുടെ കിഴക്കുവശത്ത് താമസിക്കുന്ന ഇന്ന വീട്ടിലെ ഇന്നാരല്ലേ? ആദ്യം കേൾക്കാത്തത് പോലെ ഇരുന്നു ഫിലിപ്പ്. പയ്യൻ വിടാൻ ഭാവമില്ല. അതെ എന്ന് ചെറുക്കൻ ഉറപ്പുവരുത്തി എന്ന് തോന്നുന്നു.
ഏതായാലും വരാൽ കറി തൊട്ടു നക്കി കള്ളുകുടിയും കഴിഞ്ഞു കാല് നിലത്ത് ഉറയ്ക്കാതെ ഫിലിപ്പ് തിരികെ ബസ്സ് കയറി ആലപ്പുഴയിലെ മുറുക്കാൻ കടയിൽ ചെന്ന് ഒരു മുറുക്കാൻ വാങ്ങി വായിൽ ഇട്ട് നന്നായി മുറുക്കി അതും പതിവില്ലാത്തതാണ് കള്ള് ഇറങ്ങുന്നതുവരെ അവിടെ ഇരുന്നു. വൈകുന്നേരമായപ്പോൾ വീട്ടിലെത്തി. സൂസിക്ക് യാതൊരു സംശയവും തോന്നിയില്ല.
രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് സൂസിയുടെ കുത്തുഫോൺ നിർത്താതെ അടി തുടങ്ങിയത്. ആ കുരുപ്പ് ചെറുക്കൻ നാടുമുഴുവൻ ഫിലിപ്പ് അച്ചായൻ നമ്മൾ വിചാരിച്ച പോലെത്തെ സർക്കാർ ഉദ്യോഗസ്ഥൻ ഒന്നുമല്ല. വെറും ചന്തയാണ്. ഷാപ്പിൽ ഇരുന്ന് കള്ളും കുടിച്ച് അവിടെ ഇരുന്ന് വഞ്ചിപ്പാട്ട് വരെ പാടിയിരുന്നുവത്രേ!
തെളിവിനായി അവൻ അതൊക്കെ വീഡിയോയിൽ പിടിച്ച് റീൽസ് ആക്കി സംഗതി എഫ് ബി യിൽ വൈറൽ ആവുകയും ചെയ്തു.ഇനി യൂട്യൂബർ ശൃംഗാരി പെണ്ണ് ചേട്ടനെ ഇൻറർവ്യൂ ചെയ്യാൻ അടുത്തുതന്നെ വരുന്നുണ്ട് എന്നൊക്കെ നാടുമുഴുവൻ പറഞ്ഞു പരത്തി. ഷാപ്പുകാർ താമസിയാതെ ഒരു പൊന്നാട അണിയിച്ചു ആദരിക്കാൻ ഫിലിപ്പ് അച്ചായനെ കാറും കൊണ്ടുവന്ന് മുഹമ്മയ്ക്ക് കൊണ്ടുപോകാൻ വരുന്നുണ്ട് അത്രേ! നോക്കണേ കരക്കമ്പി പോയ പോക്ക്.
സൂസിയുടെ കൂട്ടുകാരിയുടെ മകൾ ആ യൂട്യൂബ് വീഡിയോ സൂസിയെ കയ്യോടെ കൊണ്ട് കാണിച്ചുകൊടുത്തു.
അവിടുന്ന് സൂസി ഒരു വരവ് വന്നത് മാത്രമേ ഫിലിപ്പിന് ഓർമ്മയുള്ളൂ. ഫോൺ പിടിച്ചു വാങ്ങി ഒറ്റ ഏറിനു 16 കഷണം. ഫിലിപ്പും വിട്ടു കൊടുത്തില്ല. സൂസി ഉണ്ടാക്കിയിരുന്ന കേക്ക് എടുത്ത് തെരുവ് പട്ടികൾക്ക് ഇട്ടുകൊടുത്തു.
ആ ദിവസം അങ്ങനെ കടന്നുപോയി. തെരുവുപട്ടികൾ കടിപിടി കൂടി കേക്ക് തിന്നു തീർത്തു. അതുകഴിഞ്ഞപ്പോൾ സൂസി ഫോണിൻറെ കഷണങ്ങൾ എല്ലാം ചൂലുകൊണ്ട് അടിച്ചുവാരി ഡസ്റ്റ് ബിന്നിൽ ഇട്ടു.രണ്ടുപേരും പിണങ്ങി രണ്ടറ്റത്ത്.കുറച്ചു കഴിഞ്ഞപ്പോൾ ഡൈവോഴ്സിന് വല്ല സ്കോപ്പും ഉണ്ടെങ്കിൽ അച്ചായാ ഞാൻ കേസ് നടത്തിത്തരാം എന്ന് പറയാനാണ് കോംപ്രമൈസ്കാരൻ വക്കീല് പയ്യൻ വന്നത്. എന്താ കഥ? നമുക്ക് നമ്മുടെ കുത്ത് ഫോൺ തന്നെ മതിയേ എന്ന് പറഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ മഞ്ഞുരുകി ഫിലിപ്പുംസൂസിയും രമ്യതയിൽ എത്തി. ഒരു വരാൽ മീൻ കറി ഒപ്പിച്ച കുസൃതികൾ.
മേരി ജോസി മലയിൽ,
തിരുവനന്തപുരം.
8 Comments
രസകരം 👌
വല്ലാത്തൊരു വരാൽ 🤓
ആ കുരിപ്പ് ആണ് ഇതിനെല്ലാം കാരണം…അവന്റെ ഒരു റീൽസ്
😄😄
മനോഹരം. രസകരമായി..
😄😄
കൊള്ളാല്ലോ,❤️👌🌷
You tube reels കാരണം വന്നുചേരുന്ന ഓരോ പൊല്ലാപ്പുകളേ🤣