ഉണങ്ങി തീരാറായ വെയിലിന്റെ മുടിയിഴകളെ വകഞ്ഞു മാറ്റി കൊണ്ട് അവൻ ഓലമേഞ്ഞ ചായപ്പീടികയിലേക്ക് കയറി. ഉരുകി ഒലിച്ചിറങ്ങിയ വിയർപ്പു കണങ്ങൾ പതിയെ പേടിയോടെ ഉൾവലിഞ്ഞു. നിരത്തി വെച്ച ചില്ലു കുപ്പികൾക്ക് പിറകിലിരുന്ന രാഘവേട്ടൻ പ്രായമായെന്ന് വിളിച്ചോതുന്ന തന്റെ മുടിയിഴകളെ തഴുകി അവനെ നോക്കി. പോക്കറ്റിൽ നിന്നും വിയർപ്പൊട്ടിയ നൂറിന്റെ ഒരു നോട്ടെടുത്ത് കടക്കാരനു നേരെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെയവൻ നീട്ടി.
“എന്താ പ്രവീണേ ഇന്ന് നേരത്തെയാണല്ലോ?.”
“കുറച്ചു നേരത്തെ ഇറങ്ങി”.
അവന്റെ കയ്യിലെ നോട്ടിലേക്ക് നോക്കിയ രാഘവേട്ടൻ പറഞ്ഞു
“ഇന്ന് നിന്റെ ആള് ഈ വഴിക്കൊന്നും വന്നില്ലടാ. ആ ആൽത്തറയിൽ കിടക്കാന്ന് അമ്പലത്തിലെ നമ്പൂരി പറയണ് കേട്ടു .”
തെളിഞ്ഞ ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടിയത് പോലെ അവന്റെ മുഖത്ത് അറിയത്തൊരു ഭാവം മിന്നി തെളിഞ്ഞു.
ഒന്നും മിണ്ടാതെ അവിടെന്ന് ഇറങ്ങി.
“പ്രാന്തൻ.. നമ്മക്ക് വല്ലോം വേണോന്ന് ചോദ്യല്ല കാണ്ണിക്കണ്ടോർക്ക് തിന്നാൻ കൊടുക്കാ “. ചൂടു ചായ ചുണ്ടിൽ നിന്നുമെടുത്തോണ്ട് കണ്ടുണ്ണി പറഞ്ഞു
“അതിനിപ്പോ നിങ്ങക്ക് നഷ്ട്ടൊന്നുമില്ലല്ലോ.
പിന്നെ നിങ്ങക്ക് തരാൻ മക്കളുണ്ടല്ലോ.”
“ഭ്രാന്ത് പലതരം ആന്നേ . ഇതും അതിലൊന്ന് അല്ലാതെന്തു പറയാൻ.”
പിന്നിൽ ഉയർന്നു കേട്ട പരിഹാസ വാക്കുകൾക്ക് കാതോർക്കാൻ നിന്നില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ അവനോർക്കുകയായിരുന്നു എല്ലാവരും പറയുന്ന പോലെ എനിക്കും ഭ്രാന്ത് ആണോ അറിയില്ല.. ചിലപ്പോൾ അങ്ങനെ ആയിരിക്കും.
മനസ് വല്ലാതെ പിടച്ചത് കൊണ്ടാണ് ഇന്ന് നേരത്തെ ഇറങ്ങിയത്. വീട്ടിലേക്ക് വിളിച്ചു ആർക്കും ഒരു കുഴപ്പവുമില്ല. വീട്ടിലേക്കുള്ള വഴി മാറി വണ്ടി ആൽത്തറയിലേക്ക് തിരിഞ്ഞു.
മാസങ്ങൾക്ക് മുൻപ് വഴി തെറ്റി വന്ന അയാൾക്ക് നാട്ടുകാർ നൽകിയ പേരായിരുന്നു ‘ ഭ്രാന്തൻ ‘. ആരോടും അനുവാദം ചോദിക്കാതെ അയാൾ അമ്പലത്തിലെ ആൽത്തറയിൽ സ്ഥാനം പിടിച്ചു. കുട്ടികൾ അയാളെ പേടിയോടെ നോക്കി. പെണ്ണുങ്ങളുടെ മുഖത്ത് അറപ്പും ഭയവും പടർന്നു. രാഘവേട്ടന്റെ ചായക്കടയ്ക്ക് മുന്നിൽ മറ്റുള്ളവരുടെ ദയയ്ക്കായി കാത്തു നിൽക്കുന്നത് കണ്ടിട്ടാണ് അന്നാദ്യമായി ഒരു ചായയും പരിപ്പുവടയും വാങ്ങി നൽകിയത്. അന്നയാൾ മുഖത്തേക്ക് നോക്കാതെ നടന്നു നീങ്ങി. പിറ്റേന്ന് തൊഴുതിറങ്ങി ചെരിപ്പിടുമ്പോഴാണ് ആ കാഴ്ച കണ്ടത് കാക്കക്കൂട്ടങ്ങൾ ഒരു കുരുവി കുഞ്ഞിനെ കൊത്തി കൊല്ലാൻ ശ്രമിക്കുന്നു.. അവയെ ആട്ടിയകറ്റി അതിനെ തന്റെ മുഷിഞ്ഞ ഷർട്ടിനുള്ളിൽ ഒളിപ്പിക്കുന്ന അയാളെ വിസ്മയത്തോടെയാണ് നോക്കിയത് . ചോര പടർന്ന അയാളുടെ ഷർട്ടിൽ നിന്നും അതിനെ തന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. സ്വയം ഭ്രാന്തനായൊരു മനുഷ്യനാവുമോ അറിയില്ലായിരുന്നു. മനസിലെവിടെയോ ഒരു നീറ്റൽ. വൈകുന്നേരമാവുമ്പോഴേക്കും കുരുവി ചത്തു പോയിരുന്നു. പിറ്റേന്ന് അത് പറഞ്ഞപ്പോൾ അയാൾ എന്തൊക്കെയോ പിറുപിറുത്തു. രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ മനസിൽ അയാളുടെ നിറഞ്ഞ കണ്ണുകൾ തെളിഞ്ഞു നിന്നു. അയാളെ അടുത്തറിയണമെന്ന് തോന്നി. എല്ലാവരും വയറു നിറയെ ആഹാരം കഴിച്ചുറങ്ങുമ്പോൾ ഒരാൾ മാത്രം വിശക്കുന്ന വയറുമായ് കണ്ണീരിനെ പോലും നോവിക്കാതെ മനസിലെ ഒരായിരം മോഹങ്ങളെ മനസിൽ തന്നെ കുഴിച്ചു മൂടി ചുരുണ്ടു കൂടുന്നു. പിറ്റേന്ന് രാഘവേട്ടന്റെ ചായക്കടയിലേക്ക് തണുത്ത് വിറച്ചു കൊണ്ട് വന്ന അയാളെ അറപ്പോടെ ആട്ടിയോടിച്ച രാഘവേട്ടനെ തടഞ്ഞു.
“വേണ്ട രാഘവേട്ടാ ഒരു ജീവനല്ലേ. നിങ്ങള് രാവിലെ ചായയും ഉച്ചക്ക് നല്ലൊരു ഊണും നൽകണേ കാശ് ഞാൻ തന്നോളാം.”
അതുകേട്ടവർ അയാളുടെ ഭ്രാന്തനെന്ന പേര് എനിക്കും കൂടി ചാർത്തി തന്നു
“ഇന്ന് മുതൽ ഇവിടെ വന്ന് ഉച്ചക്ക് ചോറ് വാങ്ങിയിട്ട് പൊയ്ക്കോ ഒരു നേരത്തെ അന്നം തരാനെ ഇയുള്ളവനും കഴിയു”.
ഇത്തിരി ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും അയാളുടെ മുഖം താഴ്ന്നിരുന്നു. പിന്നീട് കാണുമ്പോഴേക്കയും അയാളുടെ മുഖം താഴ്ന്നിരുന്നു. മാസങ്ങളായി ഒരു നേരത്തെ ആഹാരത്തിലൂടെ ആ ബന്ധം വളർന്നു വന്നു.. മിക്ക ദിവസങ്ങളിലും ആൽത്തറയിൽ അയാൾക്കൊപ്പം ഇരിക്കാറുണ്ട്.. മനസിലെ സങ്കടങ്ങളും സന്തോഷങ്ങളും പറഞ്ഞു കൊണ്ടിരിക്കുന്ന എനിക്ക് ഭ്രാന്താണെന്ന് കാണുന്നവർ പറയും. എന്നാൽ അയാൾ ഒന്നും പറയില്ല ചിലപ്പോൾ തനിക്കൊപ്പം ചിരിക്കും. വീട്ടിലെ വിശേഷങ്ങളിൽ സങ്കടം പറഞ്ഞാൽ മൗനമായി ദൂരേക്ക് നോക്കിയിരിക്കും പിന്നെ പതിയെ ചുരുണ്ടു കിടക്കും. പലപ്പോഴും എന്തെങ്കിലും തനിക്കായ് കരുതിയിട്ടുണ്ടാവും. ഒരു പൂവോ അമ്പലത്തിൽ നിന്നും കിട്ടിയ പഴമോ പായസമോ അങ്ങനെ എന്തെങ്കിലും ഉണ്ടാവും. എനിക്ക് നേരെ നീട്ടുമ്പോഴും ആ മുഖം താഴ്ന്നു തന്നെയിരുന്നു. രണ്ടു ദിവസം കണ്ടില്ലെങ്കിൽ വീടിന് മുന്നിൽ വന്നു നിൽക്കും. പലതവണ വീട്ടിലേക്ക് വിളിച്ചതാണ് വന്നില്ല. ഒരടി പോലും മുന്നോട്ട് കയറിയില്ല.
മരണ വീടുകളിൽ ചടങ്ങുകൾ കഴിയുന്നത് വരെ മാറി നിൽക്കും. കണ്ണിമ വെട്ടാതെ മരിച്ചു കിടക്കുന്നവരെ നോക്കിയിരിക്കും. പലപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകും. ഓരോ തവണയും തന്നെ അത്ഭുതപ്പെടുത്തിയ മനുഷ്യൻ . മരിച്ചു കിടക്കുന്നവരിൽ ആ മനുഷ്യനെ അറപ്പോടെ നോക്കിയവരായിരിക്കും അല്ലെങ്കിൽ ആട്ടി ഓടിച്ചവരാവും പക്ഷെ അതൊന്നും നോക്കാതെ ശ്മശാനത്തിൽ ഒരുപിടി പൂക്കളർപ്പിച്ചിട്ട് മാത്രമേ മടങ്ങി പോകാറുള്ളു. ചിലരങ്ങനെയാണ് ഉപാധികളില്ലാതെ ആരോടും പരിഭവവും പരാതിയുമില്ലതെ തന്റെ കടമകൾ ചെയ്തു തീർക്കുന്നു.
ഭൂമിയിലെ ഓരോ ജീവനും ജീവിക്കാൻ വേണ്ടി ജനിച്ചവരാണ്. എന്നാൽ വീണ്ടും ജനിക്കാൻ വേണ്ടി ജീവിതത്തിൽ തളർന്നു പോകുന്നവരുമുണ്ട് . അങ്ങനെ തളർന്നു പോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല.
അയാൾ ജീവിക്കാൻ വേണ്ടി ജനിച്ചവരുടെ ഇടയിലാണ്. പക്ഷെ മനുഷ്യരിൽ ജീവനും ആത്മാവും ഒന്നായിട്ടും പരസ്പരം അകന്നു മാറുന്നവരാണ് . ഇരുവർക്കുമിടയിൽ ഒന്നും മിണ്ടിയില്ലെങ്കിലും ഒരാത്മബന്ധം ഉടലെടുത്തിരുന്നു.
ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ബൈക്ക് അമ്പലവളവിലേക്ക് തിരിഞ്ഞു. ദൂരെ ആൽത്തറയിൽ ചുരുണ്ടു കിടക്കുന്ന രൂപം. ബൈക്കിന്റെ ശബ്ദം കേട്ടാൽ എത്ര ഉറക്കത്തിലും പിടഞ്ഞെഴുന്നേൽക്കുന്ന ആളാണ് ഇന്നെന്താ ഒരനക്കവും കാണുന്നില്ല. വണ്ടി നിർത്തിയവൻ ഉച്ചത്തിൽ ചോദിച്ചു
“ഹലോ.. ഇന്നെന്താ ഉച്ചക്ക് ഒന്നും കഴിച്ചില്ലെന്ന് രാഘവേട്ടൻ പറഞ്ഞല്ലോ.”
മഴക്കാലം വരവറിയിച്ചത് കൊണ്ടാണ് നല്ലൊരു കമ്പിളി വാങ്ങിയത്. ബൈക്കിൽ നിന്നും അതുമെടുത്തവൻ ആൽത്തറയിലേക്കിരുന്നു.
മാറ്റമില്ലാതെ കിടക്കുന്ന അയാളുടെ കാൽ വിരലുകളിൽ പതിയെ തൊട്ടു . പക്ഷെ അവിടെ തണുപ്പ് സ്ഥാനം പിടിച്ചിരുന്നു. ഇനിയൊരിക്കലും ഇളംചൂടിനു പോലും കടന്നുവരാനാവാത്ത വിധം തണുപ്പ് ആ ശരീരത്തെ പൊതിഞ്ഞു കഴിഞ്ഞിരുന്നു.
✍️
Savithasunilkumar
കുറേ മാസങ്ങൾക്ക് ശേഷമൊരു ശ്രമമാണ്. 🙏
2 Comments
നോവ്
നന്മ നിറഞ്ഞ മനസ്സിന്റെ ചേർത്തുനിർത്തലുകൾ.