ട്രെയിൻ ഒലവക്കോടു പിന്നിട്ടിരുന്നു. പാലക്കാടിന്റെ മണമുള്ള വല്ലാത്തൊരു ശീതക്കാറ്റ് എന്നെത്തഴുകിയെത്തിത്തുടങ്ങി. ഞാൻ ഗ്ലാസ് വിൻഡോ താഴ്ത്തിയിട്ടു. നേരം ഇരുട്ടിയിട്ടുകൂടെ ദൂരെകാഴ്ചയിൽ മാനത്തേക്ക് തലയുയർത്തിനിൽക്കുന്ന മലനിരകളും പനയോലകളും കരിംനീലനിറത്തിൽ പ്രത്യക്ഷമായിക്കൊണ്ടിരുന്നു. അമാവാസിയായിട്ടാണോ അതോ മഴക്കാറ് കാരണമാണോയെന്നറിയില്ല , വല്ലാത്തൊരു ഇരുട്ടുണ്ടായിരുന്നു പുറത്ത്. എൻ്റെ എതിർവശത്തിരിക്കുന്ന മദ്ധ്യവയസ്കൻ ഉറക്കംതൂങ്ങി ഇപ്പോ വീഴുമെന്ന സ്ഥിതിയിലായിട്ടുണ്ട്: എൻ്റെ തൊട്ടടുത്ത സീറ്റിലെ ചെറുപ്പക്കാരൻ ഒറീസക്കാരനോ മറ്റോ ആണ്. അയാളാണെങ്കിൽ ഒരിടത്ത് അടങ്ങിയിരിക്കാത്ത സ്വഭാവമാണുതാനും. അതുകൊണ്ടുതന്നെ ഒന്നു പരിചയപ്പെടാൻ സാധിച്ചില്ല. അല്ലെങ്കിലും ഇപ്പോ പരിചയപ്പെട്ടിട്ട് എന്തിനാ? ഒരു രാത്രിമാത്രം ഒന്നിച്ചു യാത്രചെയ്യാൻ വിധിക്കപ്പെട്ടവർ!’ ലക്ഷ്യസ്ഥാനത്തെത്തിയാൽ അപരിചിതരായിത്തന്നെ അവരവരുടെ ലോകത്തേക്കു നടന്നകലും. ജീവിതം പോലെതന്നെ. ഓരോരുത്തരെയായി ജീവിതത്തിൻ്റെ ഏതൊക്കെയോ തിരിവുകളിൽവെച്ചു കണ്ടുമുട്ടുന്നു. ചില വേദനകൾ തന്നും ചില പാഠങ്ങൾ തന്നും ഒന്നും സംഭവിക്കാത്തതുപോലെ അവർ നടന്നകലും. ഓർത്തപ്പോൾ അറിയാതൊരു നെടുവീർപ്പ് എന്നിലുയർന്നു. ഞാൻ സീറ്റിലേക്കു ചാഞ്ഞിരുന്നുകൊണ്ട് പുറത്തേക്കുനോക്കി.
ഇപ്പോൾ ഏതോ വെളിമ്പ്രദേശത്തു കൂടെയാണ് യാത്ര. ഇരുട്ടായതുകൊണ്ട് പുറംകാഴ്ചകൾക്ക് വിരാമമായിരിക്കുന്നു. എങ്കിലും വെറുതേ പുറത്തേക്ക് കണ്ണുംനട്ടിരിപ്പായി.
പെട്ടെന്ന് എൻ്റെ മുന്നിൽ വിചിത്രമായ ഒരു കാഴ്ച തെളിഞ്ഞു. ജനാലയ്ക്കപ്പുറത്ത് കുറച്ചകലെയായി രണ്ടുമൂന്നു മിന്നാമിനുങ്ങുകൾ പ്രത്യക്ഷപ്പെട്ടു. അതു ട്രെയിനിനൊപ്പം നീങ്ങുകയാണെന്നു തോന്നി. ഞാൻ നോക്കിയിരിക്കെ മിന്നാമിനുങ്ങുകളുടെ എണ്ണം വളർന്നുകൊണ്ടിരുന്നു. മൂന്നിനു പകരം ആറായി ആറ് അറുപതിലെത്തി. വളരെപ്പെട്ടന്ന് അറുപത് പതിന്മടങ്ങായി വർദ്ധിച്ചു. ഞാൻ വളരെയധികം കൗതുകത്തോടെ അതുതന്നെ നോക്കിയിരുന്നു. അടുത്തനിമിഷത്തിൽ മിന്നാമിന്നിക്കൂട്ടം എല്ലാംചേർന്ന് ഒരു തീഗോളംപോലെ പ്രകാശിച്ചുതുടങ്ങി. ട്രെയിനിനോടൊന്നിച്ച് അതും സഞ്ചരിക്കുന്നുണ്ട്. അല്ലല്ലോ അതെൻ്റൊപ്പമാണ് സഞ്ചരിക്കുന്നത് എന്ന തിരിച്ചറിവ് എന്നിൽ അദ്ഭുതമുളവാക്കി. നോക്കിനിൽക്കേ അതു കറങ്ങിക്കറങ്ങി അകലേ കരിമ്പനക്കാട്ടിൽ അപ്രത്യക്ഷമായി. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ മുന്നിലിരിക്കുന്ന അയാളുടെ നേർക്കുനോക്കി. അയാൾ സീറ്റിലേക്ക് ചാരിയിരുന്ന് ഉറക്കംതന്നെ. അപ്പോഴേക്കും ട്രെയിൻ കിതച്ചുകിതച്ച് പാലക്കാട് സ്റ്റേഷനിൽ എത്തിയിരുന്നു.
അപ്പോഴും ഞാൻ കണ്ട തീഗോളം എന്തായിരുന്നെന്ന ചോദ്യം മനസ്സിൽക്കിടന്നു വട്ടം കറങ്ങുന്നുണ്ടായിരുന്നു. ചിന്തകളുടെ വഴി തിരിച്ചുവിടാൻ സ്റ്റേഷനിലെ ആൾക്കൂട്ടത്തിലേക്കു കണ്ണോടിച്ചു. രാത്രിയായതു കൊണ്ടുതന്നെ പ്ലാറ്റ്ഫോമിൽ വലിയ തിരക്കില്ല. സ്റ്റേഷൻ്റെ പുറത്ത് കുറച്ചകലെയായി ഇട്ടിരിക്കുന്ന ബഞ്ചുകളിൽ ചിലർ അവിടവിടെയായി ഇരിക്കുന്നുണ്ടായിരുന്നു. രാത്രിവണ്ടിക്കു കാത്തിരിക്കുന്നവരാകാം.
ട്രെയിൻ കിതപ്പൊന്നണഞ്ഞപ്പോൾ മെല്ലേ മുന്നോട്ടേക്കു ചലിക്കാൻതുടങ്ങി. അപ്പോഴാണ് പ്ലാറ്റ്ഫോമിൻ്റെ അധികം വെളിച്ചമില്ലാത്തയിടത്ത് ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ണിൽപെട്ടത്. തലയിൽ പിങ്കുനിറമുള്ള സ്കാർഫ് അണിഞ്ഞ വെളുത്തുകൊലുന്നനേയുള്ളൊരു സുന്ദരിക്കുട്ടി. ഏറിയാൽ പതിനെട്ടോ പത്തൊൻപതോ വയസ്സുണ്ടാവും. ആ നേരത്ത് ഏകാകിയായൊരു പെൺകുട്ടിയെ അവിടെ കണ്ടതിൽ അസ്വാഭാവികത തോന്നി. പാതിരാത്രിയ്ക്കുള്ള ഏതെങ്കിലും വണ്ടി കാത്തുനിൽക്കുകയാവും! ബന്ധുക്കളാരെങ്കിലും പരിസരത്തെവിടെയെങ്കിലും കാണുമായിരിക്കും. ഞാനാശ്വസിച്ചു.
വണ്ടി അവളെക്കടന്നു മുന്നോട്ടു പോയ്ക്കൊണ്ടിരിക്കേ ഞാനിരിക്കുന്നിടം അവളുടെയടുത്തെത്തി. പെട്ടെന്നവൾ ജനലഴികളിൽപിടിച്ച് പതുക്കെ ഓടാൻ തുടങ്ങി. അവളെന്നെ നോക്കി. എൻ്റെ ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന ഒരുതരം വല്ലാത്ത നോട്ടം. ഓടരുതെന്നും താഴെ വീഴുമെന്നും പറയാൻ തോന്നിയെങ്കിലും ശബ്ദമോ വാക്കുകളോ എൻ്റെ തൊണ്ടയെ ഭേദിച്ച് പുറത്തേക്കുവന്നില്ല. ട്രെയിനിൻ്റെ ഗതിവേഗത്തോടൊപ്പം അവളും. പ്ലാറ്റ്ഫോം അവസാനിക്കാറായപ്പോൾ ‘അയ്യോ ‘ എന്ന് അറിയാതെ ഞാൻ പറഞ്ഞുപോയി.
പ്ലാറ്റ്ഫോം അവസാനിച്ചപ്പോൾ അവൾ ഒരു പട്ടംപോലെ ജനലഴികളിൽപിടിച്ച് തൂങ്ങി. കാലുകൾ ഭൂമിയിലെങ്ങും തൊടാതെ പൊങ്ങിയാടി. പേടികാരണം എൻ്റെ ഹൃദയമിടിപ്പ് നിലച്ചുപോകുമോ എന്നു ഞാൻ സംശയിച്ചു. വിൻഡോ ഉയർത്തി അവളുടെ കൈകൾ ബലമായി ഇളക്കിമാറ്റിയാലോയെന്ന തോന്നലുടലെടുത്തു. ഇല്ല, എന്നെയാരോ ശക്തമായി പിൻതിരിപ്പിക്കുന്നുണ്ടെന്ന് തോന്നി. മുന്നിലിരുന്ന് ഉറക്കംതൂങ്ങുന്ന മദ്ധ്യവയസ്കൻ പെട്ടെന്ന് കണ്ണുതുറന്ന് നോക്കി. എൻ്റെ മുഖത്തെ ഭാവം കണ്ടാണെന്നു തോന്നുന്നു അയാൾ ‘എന്തേ ‘ യെന്ന സംശയഭാവത്തിൽ നോക്കി. ഞാൻ പുറത്തേക്ക് കൈ ചൂണ്ടി പരിഭ്രാന്തിയോടെപറഞ്ഞു.
“ആ കുട്ടി ഇപ്പോ വീഴും. എന്തിനാണിങ്ങനെ ട്രെയിനിൻ്റെ കൂടെ ഓടുന്നതാവോ? “
അയാളുടെ “ആര് “ എന്ന ഒറ്റച്ചോദ്യം എന്നിൽ ഉൾക്കിടിലമുണ്ടാക്കി. എൻ്റെയൊരു ശ്വാസത്തിനപ്പുറത്തുള്ള ഈ കുട്ടിയെ അയാൾക്ക് കാണാൻ വയ്യേ!
“ദേ ഇവളെ “ .
“ആരെയും കാണാനില്ലല്ലോ “.
ഞാൻ വീണ്ടും ഞെട്ടി. അവളിപ്പോഴും രണ്ടു കൈകളുംകൊണ്ട് കമ്പിയിൽ പിടിച്ച് അന്തരീക്ഷത്തിൽ പറക്കുകയാണ്. ഇടയ്ക്ക് അഴികൾക്കിടയിലൂടെ ജനലിൽ അടിച്ച് തുറക്കു എന്ന് ആംഗ്യംകാണിച്ചു. ഞാൻ തുറക്കാനാഞ്ഞപ്പോൾ അയാളെന്നെ തടഞ്ഞുകൊണ്ടു പറഞ്ഞു.
“അയ്യോ വേണ്ടാ തുറക്കല്ലേ “.
“ആ കുട്ടി വല്ലിടത്തും വീഴും. എന്തെങ്കിലും പറ്റിയാലോ? ചെയിൻ വലിക്കട്ടേ “.
അയാൾ രോഷത്തോടെ , എന്നാൽ അതിലേറേ പരിഭ്രാന്തിയോടെ പറഞ്ഞു
“വേണ്ടെന്ന് ഒരുവട്ടം പറഞ്ഞാൽ മനസിലാവില്ലേ നിങ്ങൾക്ക്? “..
ഞാൻ അതിശയത്തോടെ അയാൾക്ക് നേരെനോക്കി.. വീണ്ടും ആ പെൺകുട്ടിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ നിന്നിറ്റുവീഴുന്ന കണ്ണീർതുള്ളികൾ എന്നെയും സങ്കടത്തിലാഴ്ത്തി. പെട്ടെന്ന് ആ കൈകൾ ജനലഴികളിൽ നിന്നൂർന്നു. എൻ്റെയുള്ളിൽ നിന്നുമൊരാന്തലുയർന്നു.
“എൻ്റീശ്വരാ! ആ കുട്ടി ‘’’
ഞാൻ നോക്കിയിരിക്കേ അവൾ പറന്നുപറന്ന് ഇരുട്ടിൻ്റെ ആഴത്തിലേക്ക് പോയ്മറഞ്ഞു. അതോടൊപ്പം ആകാശത്തിൽ നേരത്തേക്കണ്ട തീഗോളം പ്രത്യക്ഷപ്പെട്ടു. പിന്നെയത് ചുരുങ്ങിച്ചുരുങ്ങി അകലേക്ക് പോയ് മറഞ്ഞു.
ഞാൻ അവിശ്വസനീയമായ കാഴ്ചയിൽ അതിശയിച്ച് അയാളെ നോക്കി. എന്തായിരുന്നുവത്?.
എന്താണ് സംഭവിച്ചത്?’ ഞാനയാളോടു ചോദിച്ചു.
“എന്തിനാണെന്നെ തടഞ്ഞത്? “
“ആരോ ഒരാളെ നിങ്ങൾമാത്രം കണ്ടെങ്കിൽ അത് സ്വാഭാവികമായി തോന്നുന്നുണ്ടോ? ജനാലക്കമ്പിയിൽ പിടിച്ച് ഇങ്ങനെ ഒരാൾക്ക് എത്രനേരം സഞ്ചരിക്കാൻ പറ്റും? ജനാല തുറന്നിട്ടെന്തിനാണ്?’ അതിൽക്കൂടെ ഒരാൾക്ക് അകത്തുകടക്കാൻ സാധിക്കുമോ? ഇതൊന്നും ഓർക്കാതെയാണോ? “
“അതല്ലേ ചെയിൻ വലിക്കട്ടേയെന്നു ചോദിച്ചത് “.
അയാൾ ചിരിച്ചു എന്നിട്ടുപറഞ്ഞു
“നിങ്ങൾ കണ്ടുവെന്നു പറയുന്ന പെൺകുട്ടിയെ നിങ്ങൾ മാത്രമേ കണ്ടിട്ടുള്ളൂ. ഞാനോ ഇവിടെയിരിക്കുന്ന വേറെയാരും കണ്ടിട്ടില്ല. അതിൻ്റെയർത്ഥം എന്താണെന്നൂഹിക്കാമോ? “.
അതുകേട്ടപ്പോൾ എന്നിലൂടെ വൈദ്യുതതരംഗങ്ങൾ കടത്തിവിട്ടതുപോലെ തരിപ്പുകയറി. അമാനുഷികമായ ഒരു ശക്തിയെ ആയിരുന്നോ ഞാൻ കണ്ടത്?’ ആ തിരിച്ചറിവുണ്ടാക്കിയ ഞെട്ടലടങ്ങാൻ ഇത്തിരി സമയമെടുത്തു.
അയാൾ തുടർന്നു.
“നിങ്ങളോർക്കുന്നുവോ?. കുറച്ചു മാസങ്ങൾക്കുമുൻപ് പത്രത്തിൽവന്ന ഒരു വാർത്ത.. ട്രെയിനിൽനിന്നു വീണുമരിച്ച ഒരു പെൺകുട്ടിയെപ്പറ്റി. എം ബി ബി എസിനു പഠിക്കുകയായിരുന്നു. വെക്കേഷൻ കഴിഞ്ഞ് കൂട്ടുകാരൊപ്പം തിരിച്ചു പോകുകയായിരുന്ന അവളെ കൂട്ടത്തിലൊരുവൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിൻ്റെ വൈരാഗ്യത്തിൽ ട്രെയിനിൽനിന്ന് തള്ളി താഴെയിടുകയായിരുന്നു “.
“ഉവ്വ് ഓർക്കുന്നു. അതിന്?’’
“ആ കുട്ടി വീണുമരിച്ചത് അവിടെ വെച്ചായിരുന്നു. സ്റ്റേഷൻ കഴിഞ്ഞപാടേ. ആ സംഭവത്തിനുശേഷം ഇങ്ങനെയൊരു പെൺകുട്ടിയെ സ്റ്റേഷനിലും ട്രെയിനിൻ്റെ പുറകേ ഓടുന്നതായും പലരും കണ്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. ഞാൻ ഇതുവഴി പലപ്രാവശ്യം യാത്ര ചെയ്തയാളാണ്. പക്ഷേ ഇന്നുവരെ എനിക്കങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. ചില നാളുകാർക്ക് ആത്മാക്കളെ കാണാൻ സാധിക്കുമെന്ന് കേട്ടിട്ടുണ്ട്. ചിലപ്പോ അതാവും കാര്യം “.
ഞാനെല്ലാംകേട്ട് സ്തംഭിച്ചിരുന്നു പോയി. പുറത്തേക്കു നോക്കാൻ ഭയമായിത്തുടങ്ങി. ഉള്ളിലെ വിറയൽ പുറത്തുകാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. രാത്രി മുഴുവൻ നിദ്രാദേവി എന്നിൽനിന്നും ഏറെയകലെയായിരുന്നു. ഞാൻ തിരിഞ്ഞും മറിഞ്ഞുംകിടന്ന് നേരം വെളുപ്പിച്ചു.
അതിരാവിലെ ചെന്നൈ സെൻട്രലിൽ ഇറങ്ങി ആൾത്തിരക്കിലൊരാളായി മാറുമ്പോഴും തലയ്ക്കകത്ത് മുഴുവൻ ഒരു രാത്രി സമ്മാനിച്ച അവിശ്വസനീയകാഴ്ചകളായിരുന്നു. രാത്രിയിലെ നടുക്കം എന്നെ വിട്ടൊഴിഞ്ഞില്ലായിരുന്നു.. ഒരു ആയുഷ്ക്കാലത്തേക്കുള്ള അനുഭവങ്ങളുടെ അകമ്പടിയോടെ ഞാൻ സ്റ്റേഷൻ്റെ വെളിയിലേക്കുനടന്നു.
നീതി
#Horrorstory
10 Comments
ഇങ്ങനെയൊക്കെ പേടിപ്പിക്കാമോ
ഗംഭീരമായിട്ടുണ്ട്.
👍👍
👌👌👍
👌👌
🥰🥰
മനുഷ്യരെ പേടിപ്പിക്കാനായിട്ട് 🏃♀️🏃♀️😄
😄😄
ചിലനേരങ്ങളിൽ നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന പല മനുഷ്യരും ആത്മാക്കളാണ്. നമ്മൾക്കത് മനസിലാകില്ല!
നല്ലൊരു ഫീലിംഗ്.. ഇരുട്ട്..രാത്രിയാത്ര.. ട്രെയിനിൽ നിന്ന് വീണ് മരിച്ച കുട്ടി. അതായിരുന്നു ഏറ്റവും നോവ്..ജീവിച്ചു തുടങ്ങും മുന്നേ ജീവിതം തീർന്നൊരു മോൾ!🥺
താങ്ക്സ് ഡിയർ🥰
👌👌