രാവിലെ ഓഫീസിൽ കുറച്ചു അധികം പണിയുണ്ടായിരുന്നു. അതൊന്ന് ഒതുക്കി ഇന്നലെ പോസ്റ്റ് ചെയ്ത കഥക്ക് ലൈക്കോ കമന്റോ ഉണ്ടോ എന്നറിയാൻ മൊബൈൽ ഡാറ്റ ഓണാക്കി. കുറെ വാട്ട്സപ്പ് നോട്ടിഫിക്കേഷനുകൾക്കൊപ്പം ഒരു മെസ്സഞ്ചർ നോട്ടിഫിക്കേഷനും.
മെസ്സഞ്ചർ തുറന്നു നോക്കി. ഏകാന്തം എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നൊരു “Hi” ഫ്രണ്ട്സ് ലിസ്റ്റിൽ ഒന്നും ഇങ്ങനെ ഒരു പേരുകാരനോ പേരുകാരിയോ ഇല്ല. പിന്നെ ഇതാര്??? പ്രൊഫൈൽ എടുത്ത് നോക്കി. ഒരു ഡീറ്റൈൽസും ഇല്ല്യാ. ഒറ്റ ആളെ പോലും ഫ്രണ്ട് ആക്കി ചേർത്തിട്ടില്ല. ആരാണ് ഈ ഏകാന്തം? ഇനി വല്ല കൂട്ടുകാരും പറ്റിക്കാൻ ആയി? എന്തായാലും തിരിച്ചു മെസ്സേജ് അയക്കാൻ നിന്നില്ല.
ഉച്ചക്ക് വീണ്ടും ഒരു മെസ്സേജ്. അതെ അക്കൗണ്ടിൽ നിന്നും.
ഹലോ
ഹലോ, തിരിച്ചയച്ചു.
ഇതിനകം എന്റെ ഫേസ് ബുക്ക് പ്രൊഫൈൽ നോക്കിയിരിക്കും എന്നെനിക്കറിയാം.
മ്മ്മ്മ്…..
ഒന്നും എഴുതാത്ത ഒരു വെള്ള പേപ്പർ മാത്രം കാണേണ്ടി വന്നല്ലേ……
മ്മ്മ്.,……
😄😄…….
ആരാണ് താങ്കൾ……
താങ്കളുടെ നാട്ടിൽ നിന്നും തന്നെ…….
എന്നെ അറിയാമോ?
ഇല്ല്യാ….. നേരിട്ട് നമ്മൾ പരിചയമില്ല. കണ്ടിട്ട് പോലും ഇല്ല്യാ.
പിന്നെ എനിക്ക് മെസ്സേജ് ചെയ്തത്?
താങ്കളോട് ഒന്ന് സംസാരിക്കണം. അതിന് വേണ്ടി മാത്രമാണ് ഞാൻ ഈ ഫേസ്ബുക്ക് ഐഡി ഉണ്ടാക്കിയത് തന്നെ.
എന്തിനാ എന്നോട് സംസാരിക്കുന്നത്?
അത് സംസാരിക്കുമ്പോൾ പറയാമല്ലോ.
വേണ്ട…. എനിക്ക് താങ്കളോട് ഒന്നും സംസാരിക്കാനില്ല.
വേണം.. എനിക്ക് താങ്കളോട് സംസാരിക്കണം. പേടിക്കേണ്ട…. താങ്കൾ പറയുന്ന സ്ഥലത്ത് വെച്ചു. ആരെയെങ്കിലും കൂട്ടി വരണമെങ്കിൽ അങ്ങനെ.
ഇവിടെ പറഞ്ഞോളൂ…
ഇല്ല.. എനിക്ക് നേരിൽ സംസാരിക്കണം… നേരിൽ പറയേണ്ട കാര്യമാണ്.
പറ്റില്ല. എനിക്ക് താല്പര്യം ഇല്ല. ഇനി മെസ്സേജ് ചെയ്താൽ ഞാൻ ബ്ലോക്ക് ചെയ്യും.
അപ്പോൾ എനിക്ക് ഇനിയും മെയിൽ ഐഡികൾ ഉണ്ടാക്കേണ്ടി വരും. അത് കൊണ്ട് ആലോചിച്ചു തിരിച്ചു മെസ്സേജ് ഇടൂ… എപ്പോൾ? എന്ന്? എവിടെ?
അപ്പോൾ തൊട്ട് മനസ്സിൽ ഒരു സമാധാനക്കേട് ആയിരുന്നു. ജോലിയൊന്നും ചെയ്യാൻ തോന്നുന്നില്ല.
ആരായിരിക്കും അയാൾ? എന്തായിരിക്കും അയാൾക്ക് എന്നോട് പറയാനുള്ളത്?
നാളെ ഹാഫ് ഡേ ലീവ് എടുക്കാം. സ്റ്റേഡിയത്തിന്റെ അവിടെയുള്ള രാജേഷിന്റെ ചായക്കടയുടെ അവിടെ കാണാം. അവിടെ ആണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ രാജേഷും ഷാജുവും തട്ട്കടയിൽ ഉണ്ട്. പിന്നെ ചായ കുടിക്കാൻ വരുന്ന ആൾക്കാരും. ഇടക്ക് പോലീസ് പട്രോളിംഗ് വണ്ടികളും വരും.
മെസ്സഞ്ചറിൽ ഏകാന്തത്തിനു തിരിച്ചു മെസ്സേജ് ഇട്ടു.
നാളെ ഉച്ചക്ക് 2 മണിക്ക്, യാത്രി നിവാസിനു മുന്നിലുള്ള തട്ട്കടയുടെ അവിടെ കാണാം.
കുറച്ചു കഴിഞ്ഞപ്പോൾ മെസ്സേജ് നോട്ടിഫികേഷൻ കേട്ടു. നോക്കിയപ്പോൾ ഏകാന്തം തന്നെ.
ഓക്കേ,
പക്ഷെ എങ്ങിനെ നമ്മൾ തിരിച്ചറിയും?
താങ്കളുടെ പ്രൊഫൈൽ പിക്ചർ ഉണ്ടല്ലോ.
അല്ല, എനിക്ക് തങ്കളെ അറിയില്ലല്ലോ
98***54**0 ഇതാണ് എന്റെ നമ്പർ. താങ്കൾ എത്തിയാൽ ഇതിൽ ഒന്ന് വിളിക്കു. ഞാൻ അവിടെ ഉണ്ടാകും.
പിറ്റേന്ന് രണ്ടു മണിക്ക് രാജേഷിന്റെ കടയിൽ എത്തി. ഒരു ചായ വാങ്ങി കുറച്ചു മാറി നിന്ന് മൊബൈലിൽ ആ നമ്പർ ഡയൽ ചെയ്തു.
ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു.
താങ്കളെ കണ്ടു, ഞാൻ ഇവിടെ ഉണ്ട്.
ഒരു സ്ത്രീ ശബ്ദം ആണ്.
ചുറ്റും നോക്കുമ്പോൾ ഒരു സ്ത്രീ എന്റെ നേർക്ക് നടന്ന് വരുന്നു, ഒരു നാൽപ്പത്തിയഞ്ച് അൻപത് വയസ്സ് പ്രായം തോന്നിക്കും. കാണാനും നല്ല കുലീനത്വം.
ഞാൻ ആണ് താങ്കൾക്ക് മെസ്സേജ് അയച്ചത്.
എന്താ എന്നോട് പറയാനുണ്ടെന്ന് പറഞ്ഞത്.
പറയാം, അതിനല്ലേ വന്നത്. ഇതിനു വേണ്ടി ഹാഫ് ഡേ ലീവ് എടുത്തു അല്ലേ?
അല്ല, വേറെ ആവശ്യമുണ്ടായിരുന്നു.
മ്മ്മ്……
പറയു, എനിക്ക് ധൃതിയുണ്ട്.
അവർ ബാഗ് തുറന്ന് ഒരു പേപ്പർ എടുത്ത് നീട്ടി. മാർക്കർ കൊണ്ട് വട്ടം വരച്ച ഒരു വൈവാഹിക പരസ്യം.
‘ആത്മീയതയിൽ താല്പര്യം ഉള്ള യുവതിക്ക് ലൈംഗികതയിൽ താല്പര്യം ഇല്ലാത്ത സർക്കാർ ജോലിക്കാരായ യുവാക്കളിൽ നിന്ന് വരന്മാരെ തേടുന്നു’
വാട്ട്സപ്പിലും ഫേസ്ബുക്കിലും വൈറൽ ആയ ഇന്നലെ ഞാൻ കഥ എഴുതി പോസ്റ്റ് ചെയ്ത ആ പരസ്യം.
താങ്കൾ ഇന്നലെ ഇതിനെ കുറിച്ച് എഴുതിയിരുന്നില്ലേ?
ഉവ്വ്.
ഇത് എനിക്ക് വേണ്ടി കൊടുത്ത പരസ്യമാണ്.
സോറി, ഞാൻ അങ്ങനെ കരുതി എഴുതിയതല്ല, വാട്ട്സപ്പിൽ എല്ലാം ട്രോൾ കണ്ടപ്പോൾ വെറുതെ, ആരെയും വേദനിപ്പിക്കാൻ അല്ല…ക്ഷമിക്കണം.
ആയിരിക്കാം, താങ്കൾ എഴുതിയത് ഞാനും വായിച്ചു, ഏതോ ഒരു ഗ്രൂപ്പിൽ.
എന്നോട് ക്ഷമിക്കണം, മനഃപൂർവ്വം അല്ല, ഞാൻ ക്ഷമ ചോദിക്കുന്നു.
ഞാൻ താങ്കളുടെ രചനകൾ വായിക്കാറുണ്ട്, ഫേസ്ബുക്ക് സാഹിത്യ ഗ്രൂപ്പുകളിൽ. ഏകാന്തം എന്ന ഐഡിയിൽ അല്ല കേട്ടോ, ഈ ഐഡി താങ്കളെ കാണാൻ ആയി ഉണ്ടാക്കിയതാ.
ഞാൻ മിണ്ടാതെ നിന്നു.
അതിന് താഴെ വന്ന കമെന്റുകൾ വായിച്ചിരുന്നോ…
ഉവ്വ്.
എന്തിനാ പിന്നെ? കാണാൻ ആണോ? എന്തിന് ഒരു സർക്കാർ ജോലിക്കാരൻ? അങ്ങനെ അങ്ങനെ അല്ലേ…
മ്മ്……
ഞാൻ പറഞ്ഞിട്ട് അല്ല ഈ പരസ്യം കൊടുത്തത്. തങ്ങളുടെ കാലം കഴിഞ്ഞാൽ മകൾ എന്തു ചെയ്യുമെന്ന എന്റെ മാതാപിതാക്കളുടെ വേവലാതി.
അതുണ്ടാവും.
എനിക്കൊരു ചായ വാങ്ങി തരൂ മാഷേ, ഒന്നുമില്ലെങ്കിൽ എന്നെ വെച്ചു കുറച്ചു ലൈക്കുകൾ വാങ്ങിയതല്ലേ?
അയ്യോ…. സോറി….. ചായ പറയാം.
രാജേഷേ ….. ഒരു ചായ കൂടി.
ആത്മീയത കാരണം ലൈംഗിക താല്പര്യം ഇല്ലാത്ത… ആത്മീയത എന്ന് വെറുതെ എഴുതിയതാ, ഒരു കാരണം എഴുതണമല്ലോ?
രാജേഷ് ചായ കൊണ്ട് വന്നു.
കുടിക്കൂ.
മ്മ്മ്……
പിന്നെ എന്തിനാ അങ്ങിനെ ഒരു പരസ്യം?
ഞാൻ അസെക്ഷ്വൽ ആണ്.
എന്ന് വെച്ചാൽ?
ലൈംഗികതാല്പര്യം ഇല്ല എന്ന് തന്നെ, എതിർ ലിംഗക്കാരോടും, സ്വലിംഗക്കാരോടും എനിക്കൊരു താല്പര്യം തോന്നിയിട്ടില്യ.
എപ്പോൾ മുതൽ?
കൗമാരപ്രായത്തിൽ തന്നെ ഞാൻ ഇത് തിരിച്ചറിഞ്ഞിരുന്നു. സ്കൂളിലും, കോളേജിലും ഒക്കെ കൂട്ടുകാർ ഇതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഒന്നും എനിക്ക് അതിനോട് ഒരു താല്പര്യം തോന്നാറില്ല. പിന്നെ പിന്നെ ഓരോ ദിവസം കഴിയും തോറും ഞാൻ അത് മനസ്സിലാക്കി. കല്ല്യാണ ആലോചനകൾ തുടങ്ങിയപ്പോൾ പഠിക്കണം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു. പിന്നെ ജോലി കിട്ടണം എന്നായി.
ഇത് ട്രാൻസ്ജൻഡർ പോലെ….ജന്മനാ…
അല്ല, അങ്ങനെ കാണാറില്ല എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ഓ…
വിവാഹ ജീവിതത്തോട് വിരക്തിയൊന്നും ഇല്ല്യാ, എന്റെ ഉള്ളിലെ മാതൃ ഹൃദയവും എനിക്ക് അനുഭവപ്പെടാറുണ്ട്. പക്ഷെ ലൈംഗികതയോട് താല്പര്യം തോന്നാറില്ല. അതിനോട് വെറുപ്പാണോ, ദേഷ്യമാണോ എന്താണെന്ന് അറിയില്ല. അത് പറഞ്ഞാൽ അച്ഛനും അമ്മയ്ക്കും മനസ്സിലാവില്ലല്ലോ, അതിനെടുത്ത് അണിഞ്ഞ മറയായിരുന്നു ആത്മീയത, അവിവാഹിതയായ ഒരു സ്ത്രീയുടെ നേരെ സമൂഹത്തിന്റെ നോട്ടം തിരിക്കാനും ഇത് ഉപകരിച്ചു
ചികിത്സ…
അതിന് ഇതൊരു രോഗമല്ല മാഷേ. ഇതൊരു അവസ്ഥയാണത്രേ. മൊത്തം ജനസംഖ്യയിൽ ഒരു ശതമാനം പേര് ഉണ്ട് ഇങ്ങനെ എന്നാണ് പിന്നെ വായിച്ചറിഞ്ഞത്.
മ്മ്മ്…….
പിന്നെ എന്തിനാ കല്യാണം എന്നല്ലേ ഇപ്പൊ മനസ്സിൽ?
ഏയ് അല്ല!
ലൈംഗീകതക്ക് ദാമ്പത്യത്തിൽ വലിയ സ്ഥാനം ഉണ്ട്, എന്നാൽ അത് മാത്രമാണോ വിവാഹ ജീവിതം. സ്നേഹം, കരുതൽ, സ്വാന്തനം, അങ്ങിനെ ഒരുപാടില്ലേ…
മാഷ് വിവാഹിതനല്ലേ?
ആ….
അപ്പൊ അറിയാലോ.
ഉവ്വ് ശരിയാണ്.
പിന്നെ എന്തിനാ ഒരു സർക്കാരു ജോലിക്കാരൻ എന്നാവും ഇപ്പോൾ ചിന്തിക്കുന്നത്?
ഇല്ല്യാ, ഞാൻ അങ്ങിനൊന്നും ചിന്തിച്ചില്ല്യാ!
സാരല്ല്യ, എന്നാലും പറയാലോ…. ഏതൊരു മാതാപിതാക്കളും സ്വന്തം മകളെ കഷ്ടപ്പെടുത്താൻ ആഗ്രഹിക്കുകയില്ലല്ലോ.
എനിക്ക് ഇങ്ങനെ ഒരു അവസ്ഥ അറിയില്ലായിരുന്നു. ക്ഷമിക്കണം എന്നേ എനിക്ക് പറയാനുള്ളു. ഞാൻ അത് ഡിലീറ്റ് ചെയ്തോളാം
ഓഹ്…. എന്തിന്? അത് വേണ്ടാ…ആരോടെങ്കിലും പറയണം എന്നുണ്ടായിരുന്നു. വാട്ട്സപ്പ് ട്രോളിൽ ആരോടൊക്കെ പറയാൻ പറ്റും. അപ്പൊ താങ്കൾ എഴുതിയത് വായിച്ചപ്പോൾ താങ്കളോട് പറയാം എന്ന് തോന്നി.
നന്നായി….ആരോടെങ്കിലും പറഞ്ഞാൽ ഒരു ആശ്വാസം കിട്ടുമെങ്കിൽ നല്ലതല്ലേ?
ട്രോളും കഥയും ഒക്കെ കണ്ടപ്പോൾ. വിഷമം തോന്നിയിരുന്നു. അതിന്റെ ഒരു ചെറിയ പ്രതികാരം ആയി കൂട്ടിയാൽ മതി ഏകാന്തം എന്ന അജ്ഞാത ഐഡിയും മെസ്സേജും എല്ലാം.
അത് സാരമില്ല…
പിന്നെ ജീവിതം ഒരു പരീക്ഷണം ആണല്ലോ, നല്ലത് പ്രതീക്ഷിച്ചുള്ള പരീക്ഷണം. ചിലപ്പോൾ അങ്ങനെ നല്ലത് വല്ലതും.
അങ്ങനെ ഒരാൾ വരും…. തീർച്ച….
അതല്ല ഞാൻ പറഞ്ഞത്.
പിന്നെ…
ഒരു അമ്മയാകണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.
അത്….
താങ്കൾ എഴുതിയ പോലെ 22 ഫിമെയിൽ കോട്ടയം ഒന്നും ആവർത്തിക്കില്ല.
അത് ഞാൻ വെറുതെ, ആ കുറിപ്പ് കൺക്ലൂഡ് ചെയ്യാൻ…
രുചി തോന്നുന്നില്ലെങ്കിലും നമ്മൾ ഭക്ഷണം കഴിക്കാറില്ലേ…അങ്ങനെയും ആവാലോ..,. ഹഹഹ……
എന്തോ ആ തമാശ എനിക്ക് ആസ്വദിക്കാൻ ആയില്ല്യ.
പോട്ടെ….. വീണ്ടും കാണാതിരിക്കാം.
അവർ നടന്നകന്നപ്പോൾ ഒരു ചായ കൂടി പറഞ്ഞു മൊബൈലിൽ ഗൂഗിൾ സെർച്ചിൽ asexuality എന്ന് ടൈപ്പ് ചെയ്തു…
9 Comments
നല്ലൊരു കഥ
വേറിട്ട കഥ. നന്നായിട്ടുണ്ട് 👌
നല്ല കഥ. ഇത്തരം അവസ്ഥകളിൽക്കൂടി കടന്നുപോകുന്നവരെ പരിചയപ്പെടുത്തി.👏
നന്നായിട്ടുണ്ട്.💐👌
തികച്ചും വ്യത്യസ്തമായ വേറൊരു കാഴ്ചപ്പാട്…
വേറിട്ട എഴുത്ത്.. നല്ല രചന 👌👌🥰
🙄🙄
മറ്റൊരു കാഴ്ച്ചപ്പാട്. വ്യത്യസ്തമായ അവതരണം.
മികച്ച അവതരണം .👍👍🌹🙏
വ്യത്യസ്തമായ അവതരണം👌👍