ഇന്ന് ഞങ്ങൾ പറക്കുകയാണ്, സ്വാതന്ത്ര്യത്തിലേക്ക്. ഒരുമിച്ചുള്ള ഒരു കൊച്ചുജീവിതത്തിലേക്ക്. ഈ നാടും നാട്ടുകാരും ഒന്നിയ്ക്കാൻ ഞങ്ങളെ അനുവദിയ്ക്കില്ലല്ലോ! ഐ ഇ എൽ ടി എസ്സ്, ഇന്റർവ്യൂ തുടങ്ങിയ കടമ്പകളെല്ലാം കടന്ന് ഒരുമിച്ച് ഞങ്ങൾ ഇവിടെനിന്ന് രക്ഷപ്പെടുകയാണ്.
അമ്മയുടെയും അച്ഛന്റെയും ഓമനക്കുട്ടിയായിരുന്നു ചെറുപ്പം തൊട്ടേ ഞാൻ. ആൺകുട്ടികൾചൂല് തൊടരുത് എന്നൊക്കെയുള്ള പുരാതനനിയമങ്ങളെയൊക്കെ പൊളിച്ചെഴുതിയ ഒരു വീടായിരുന്നു ഞങ്ങളുടെ. എല്ലാ പണികളും ഞാനും അച്ഛനും ഏട്ടനും അമ്മയ്ക്കൊപ്പം എടുത്തിരുന്നു. വീടിന്റെ ഉമ്മറത്ത് വാകപ്പൂക്കൾ വീണ് കിടക്കുന്ന പടി വരെ നീണ്ടു കിടക്കുന്നമുറ്റം ഞാനടിക്കുന്നത് കണ്ട് “പെങ്കുട്ട്യോളേക്കാൾ മിടുക്കനാണല്ലോ ഈ ചെക്കൻമിറ്റടിയ്ക്കാൻ. എന്നാലും ന്റെ മണിയെയ്, ഇതിനെങ്കിലും നെനക്കൊരാളെ നിർത്തിക്കൂടെ? ആങ്കുട്ട്യോളെക്കൊണ്ടാ ഈ വക പണ്യോക്കെ എട്പ്പിയ്ക്കണേ! ശിവ ശിവാ..” എന്ന് വടക്കേലെ സാരമ്മായി അമ്മയോട് നേരിട്ട് ചോദിച്ചതൊക്കെ വൈകീട്ടത്തെ വട്ടമേശസമ്മേളനത്തിൽ പറഞ്ഞ് എല്ലാരും കൂടി എത്ര ചിരിച്ചിരിക്കുന്നു.
അമ്മയും അച്ഛനും ജോലിക്കാരായത് കൊണ്ടാവും ഞാനും ഏട്ടനും എല്ലാ പണികളും പഠിപ്പും ഒരുമിച്ച് കൊണ്ട് പോവാൻ പഠിച്ചത്. ഏട്ടൻ പ്ലസ് ടു കഴിഞ്ഞതേ ആർമിയുടെ കോളേജിൽ എൻജിനീയറിങ്ങിന് അഡ്മിഷൻ വാങ്ങി പഠിയ്ക്കാൻ പോയതോടെ ഞാൻ ഏതാണ്ട് ഒറ്റയ്ക്കായി. ആർമി ആയത് കൊണ്ട് അധികം അവധികൾ ഒന്നുമില്ല. ഏട്ടന്റെ സ്വപ്നംതന്നെ ആർമിയിലെ ജീവിതം ആയിരുന്നത് കൊണ്ട് ആൾക്ക് സന്തോഷം ആയിരുന്നൂതാനും.
ഏട്ടനെപ്പോലെ കൃത്യമായ ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ഞാൻ ഒടുവിൽ അമ്മയുടെയും അച്ഛന്റെയും സെലെക്ഷൻ അനുസരിച്ച് ദൂരെയുള്ള മെട്രോ സിറ്റിയിലെ കോളേജിൽ പഠിക്കാൻ പോവുകയായിരുന്നു. ഞാനറിഞ്ഞോ അറിയാതെയോ എന്നിലെന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായതും അപ്പോഴാണ്. പഠിപ്പിലൊന്നും ശ്രദ്ധ തന്നെ ഇല്ലാതായി. ഒന്നും രണ്ടും സെമ്മുകൾ മാന്യമായി തോറ്റു. ആരെയും അറിയിച്ചില്ല. എപ്പോഴാണ് രെഞ്ചു എന്റെജീവിതത്തിലേയ്ക്ക് കടന്നു വന്നത്. രെഞ്ചുവിന്റെ വരവോടെ എന്തൊക്കെയോ മാറ്റങ്ങൾ. എന്നിലുണ്ടായ അപൂർണതകൾ എല്ലാം രെഞ്ചു പൂരിപ്പിച്ചത് പോലെ. പഠിപ്പിൽ മാത്രമല്ല ഞാൻ അലസനായിരുന്നത്, മര്യാദക്ക് കുളിയും വൃത്തിയുള്ള ഡ്രസ്സ് ഇടലും പോലും ഇല്ലായിരുന്നു. പിന്നീട് ഞാൻ രെഞ്ചുവിനെപ്പോലെ ആവാൻ നോക്കുകയായിരുന്നു. അത്രക്കും ആകർഷണം ആയിരുന്നു. പിന്നെപ്പിന്നെ എന്റെ പഠിപ്പിലും ജീവിതത്തിലും പഴയ ചിട്ടകൾ തിരിച്ചു വന്നു. സപ്പ്ളി ഒക്കെ എഴുതിയെടുത്തു. അവധികൾക്ക് രെഞ്ചുവിന്റെയുംഎന്റെയും വീട്ടിൽ മാറി മാറിപ്പോയി നിന്ന് വീട്ടുകാർക്കും ഞങ്ങൾ പ്രിയപ്പെട്ടവരായി.
ഫൈനൽ ഇയർ എക്സാമിന്റെ ചൂടുള്ള പഠനവും പരീക്ഷയും കഴിഞ്ഞ് രണ്ട് ദിവസം കൂടിഹോസ്റ്റലിൽ നിന്ന് ഗെറ്റ്ടുഗെതെറുകൾ ഒക്കെ കഴിഞ്ഞിട്ടേ ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങുന്നുള്ളു എന്നത് ഹോസ്റ്റൽ വാർഡൻ മനസ്സില്ലാമനസ്സോടെയാണ് സമ്മതിച്ചത്. രണ്ടാം ദിവസം വൈകീട്ട് എന്റെ സഹമുറിയന്മാരൊക്കെ വീടുകളിൽ പോയത് കൊണ്ട് രെഞ്ചുപെട്ടിയും സാധനങ്ങളും എടുത്ത് എന്റെ റൂമിലേയ്ക്ക് പോന്നു. എനിയ്ക്ക് രെഞ്ചുവിനോട് അതിരു കടന്ന(?) ഒരു ആകർഷണം തോന്നിയിട്ടുണ്ട് എങ്കിലും തിരിച്ചുംഅങ്ങനെയുണ്ടെന്ന് പൂർണ്ണബോധ്യമായത് അവന്റെ ചൂടുള്ള നിശ്വാസം കുളി കഴിഞ്ഞ് ഡ്രസ്സ് മാറുന്ന എന്റെ പിൻകഴുത്തിൽ തട്ടിയപ്പോഴാണ്. എന്റെ മാറ്റങ്ങൾ ആരോടും പറയാനാകാതെ വിഷമിക്കുമ്പോൾ അവനും അതേ അവസ്ഥയിൽ ആയിരുന്നു.
അതാ ഫ്ലൈറ്റ് അന്നൗൺസ്മെൻറ് വന്നു. ബോർഡിങ്ങിനായി വിളിയ്ക്കുകയാണ്. ഞങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ്. വീട്ടുകാർ എത്ര സപ്പോർട്ട് ചെയ്താലും സമൂഹം അംഗീകരിയ്ക്കാത്ത പക്ഷം ഈ പലായനം തന്നെയാണ് നല്ലത് എന്ന് ഏറെ ആലോചിച്ചാണ് തീരുമാനിച്ചത്. ഏട്ടനും അച്ഛനും അമ്മയും രെഞ്ചുവിന്റെ വീട്ടുകാരുംകൂടി സപ്പോർട്ട് ചെയ്തപ്പോൾ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുകയായിരുന്നു. ഈശ്വരന്റെ സൃഷ്ടികളെ എല്ലാം ഒരേ കണ്ണോടെ കാണാൻ, ചിലരെ വിചിത്രജീവികളായി മാറ്റി നിർത്തേണ്ട കാര്യമില്ലെന്ന ബോധം ഉദിക്കാൻ ഈ നാടിനും എത്രയും വേഗം കഴിയട്ടെ എന്ന പ്രതീക്ഷയോടെ ഞങ്ങൾ പറക്കുകയാണ്, കടലുകൾ കടന്ന് ഒന്നിച്ച്…
6 Comments
Good ❤️❤️
ജീവിക്കാൻ അനുവദിക്കുക ❤❤❤
മാറ്റം അനിവാര്യമാണ് 😄
മാറുന്ന ലോകവും
മാറുന്ന കാഴ്ചപ്പാടുകളും….
മാറട്ടെ എല്ലാം 🤍♥️
❤️👍
💗💗 സമൂഹം മാറട്ടെ