ആദ്യം വന്ന രണ്ട് കല്യാണാലോചനകളിലും, സുന്ദരനും സുശീലനും സൽസ്വഭാവിയുമായ എന്നെപ്പറ്റി നാട്ടുകാർക്കുള്ള മതിപ്പ് കാരണം ആലോചിക്കാൻ വന്നവർ കണ്ടം വഴി ഓടി.
ഒരീസം പണിയൊന്നും ഇല്ലാത്തതുകൊണ്ട് പള്ളിയിൽ കുറച്ചുനേരത്തെ പോയി. എന്നെ കണ്ടതും പള്ളീലെ ഉസ്താദിന്റെ ഒരു ചോദ്യം ” കല്യാണം നോക്കുന്നുണ്ട് അല്ലെ?”
” അതെന്താ ഉസ്താദെ അങ്ങിനെ ചോദിച്ചത്?”
” അതൊന്നൂല്യ സാലിയെ നേരത്തെ കാലത് പള്ളീൽ കണ്ടതുകൊണ്ട് ചോദിച്ചതാണ് ന്ന്.”
ഉസ്താദ് ആയിപോയി അല്ലേൽ എടുത്ത് ഭിത്തിയിൽ ഒട്ടിച്ചേനെ. അല്ലെങ്കിലേ മനുഷ്യൻ പ്രാന്ത് പിടിച്ചു നില്കുമ്പോളാണ് അങ്ങേരുടെ വക ശവത്തിൽ കുത്തുന്ന ഒരു ചോദ്യം.
അങ്ങിനെ മൂന്നാമത് വന്ന കല്യാണാലോചന നാട്ടുകാർ അറിയാത്തതുകൊണ്ട് വീട്ടിലെത്തി. പിറ്റേദിവസം തന്നെ പെണ്ണ് കാണാൻ പോയി.
ഉമ്മറത്തിരിക്കുമ്പോള് ഇടയ്കിടെക്ക് ഓരോ തലകൾ മണ്ടലി മാളത്തിൽ നിന്ന് തല ഇടുന്നതുപോലെ വാതിലിനിടെക്ക് കൂടെ എത്തി നോക്കി പോയിക്കൊണ്ടിരുന്നു.
പെട്ടെന്നാണ് ഓൾടെ ഉമ്മാന്റെ ഷാഹീ ന്നുള്ള വിളി കേട്ടത്. കായക്കൊടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് മുഴുവൻ ആ വിളി കേട്ടു ന്ന് തോന്നുന്നു. അമ്മാതിരി വിളിയായിരുന്നു.
പെട്ടെന്നാണ് കടികൂടുന്ന പൂച്ചക്ക് ഏറു കൊണ്ടപോലെ ഒരു സാധനം കണ്ടം വഴി ചാടി ഇറങ്ങി അകത്തോട്ട് പോയത്.
പടച്ചോനെ ഇവളെയാണോ കാണൻ വന്നത് ന്ന് അലോയ്ച്ചു പോയ നിമിഷം.
ജ്യൂസ് കുടിച്ച ഗ്ലാസ് നിലത്ത് വെക്കണോ കയ്യിൽ വെക്കണോ എന്ന് ശങ്കിച്ചു നിൽകുമ്പോൾ ഓൾടെ വാപ്പ ” എന്നാൽ ഇയ്യ് കേറി കണ്ടോളു”
അകത്തു കേറി അവൾ ഉള്ള റൂമിൽ എത്തിയപ്പോ നാണം കുണുങ്ങി വാതിലിൽ ചാരി നിക്കുന്നു ഓള്.
അസ്സലാമു അലൈകും.
വ അലൈകുമുസ്സലാം.
” ന്താ നിന്റെ പേര്?”
” ഷാഹിദ. ല്ലാരും ഷാഹീ ന്ന് വിളിക്കും.”
അപ്പുറത്തെ വീട്ടീന്ന് മണ്ണപ്പം ചുട്ട് കളിക്കുമ്പോൾ ഓളെ വിളിച്ചതിന്റെ കലിപ്പ് ആ മുഖത്ത് ഉണ്ടായിരുന്നു. കാലിൽ മുഴുവൻ ചെളിയും. ബേജാർ കൊണ്ട് കാല് കഴുകാൻ മറന്നതാവും.
” ഇങ്ങക്ക് ബുള്ളറ്റ് ഉണ്ടോ?”
എന്റെ ചോദ്യങ്ങൾക്കിടയിൽ ഓൾടെ ഒരു മറുചോദ്യം വന്നു.
ബുള്ളറ്റ് പോയിട്ട് സ്വന്തമായി ഒരു ബൈക്ക് പോലും ഇല്ല വല്ലപ്പോഴും ഉപ്പ ഉറങ്ങുമ്പോൾ ഉപ്പാന്റെ ആക്ടിവ എടുത്തോണ്ട് പോകുന്ന എന്നോടാണ് ബുള്ളറ്റ് ഉണ്ടോ എന്നൊരു ചോദ്യം.
” ഉണ്ടല്ലോ. ബുള്ളറ്റ് ഇഷ്ട്ടാണോ?”
” ബുള്ളറ്റ് ഉണ്ടെങ്കിൽ ഇൻക് ഇങ്ങളെ ഇഷ്ട്ടായിക്ക്”
പിന്നെ ഒന്നും ചോയ്ക്കാൻ നിന്നില്ല അവിടുന്നിറങ്ങി വീട്ടിലേക്ക് പോരുമ്പോൾ ചിന്ത മുഴുവൻ എങ്ങിനെ ബുള്ളറ്റ് വാങ്ങിക്കും എന്നതായിരുന്നു.
മഹർ വാങ്ങിക്കാൻ ഉള്ള പൈസ തന്നെ ബാങ്കിന്ന് എടുത്ത് തീരാറായി അപ്പോഴാണ് ബുള്ളറ്റ് കേറി വന്നത്.
രണ്ട് പേർക്കും ഇഷ്ടമായ സ്ഥിതിക്ക് കല്യാണം ഉറപ്പിച്ചു. കല്യാണത്തിന് വെറും പതിനാല് ദിവസം മാത്രം.
ഓൾടെ വാപ്പാന്റെ നമ്പറിൽ ഉള്ള വാട്സ്ആപ്പിൽ ചാറ്റ് ചെയ്തോണ്ടിരിക്കുമ്പോൾ ഇടകിടെക്ക് ഓള് ചോയിക്കും ഇങ്ങളെ ബുള്ളറ്റിന്റെ ഫോട്ടോ കാണിക് ന്ന്.
കൂട്ടുകാരന്റെ ബുള്ളറ്റിന്റെ ഫോട്ടോ കയ്യിലുള്ളതുകൊണ്ട് അത് അയച്ചുകൊടുത്തു പിടിച്ചു നിന്നു.
കല്യാണം കഴിഞ്ഞു ആദ്യ രാത്രി കയ്യിൽ ഒരു ഗ്ലാസ് പാലുമായി മന്ദം മന്ദം നടന്നുവരുന്ന ഓളെ പ്രതീക്ഷിച്ചു ഫോണിലെ നിക്കാഹ് ഫോട്ടോ നോക്കി ഇരിക്കുമ്പോളാണ് ഡോർ തുറന്ന് അവൾ കയറി വരുന്നത്.
കയ്യിൽ പാൽ ഗ്ലാസിന് പകരം പുതിയ ഫ്രിഡ്ജ് വാങ്ങിയപ്പോ പൊതിഞ്ഞു വന്ന പ്ലാസ്റ്റിക് കവറിന്റെ എടുത്തോണ്ട് റൂമിൽ കേറി വന്നു കട്ടിലിന്റെ ഒരു മൂലയിൽ പോയി ഇരുന്ന് അതിലെ ബബിൾ ഓരോന്ന് പൊട്ടിക്കാൻ തുടങ്ങി…
ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും എന്നല്ലേ ഞാൻ ക്ഷമയോടെ കാത്തിരുന്നു.
മുഴുവൻ ബബിളും പൊട്ടിച്ചു ഏതെങ്കിലും ബാക്കിയുണ്ടോ എന്നറിയാൻ തോർത്ത് പിഴിയും പോലെ ആ കവർ പിഴിഞ്ഞെടുത്പ്പോൾ പൊട്ടാസ് അടുപ്പിൽ ഇട്ടപോലെ അഞ്ചെട്ടെണ്ണം ചടപടാ പൊട്ടി.
അത് നല്ല വൃത്തിക്ക് മടക്കി കിടക്കയുടെ അടിയിൽ വെച്ച് അവൾ കട്ടിലിന്റെ ഒരു മൂലയിൽ കേറി കിടന്നു.
എങ്ങിനെ തുടങ്ങും എന്ന് ഒരു പിടിയും കിട്ടതെ കിടക്കുമ്പോളാണ് തിരിഞ്ഞു കിടന്ന് ഓൾടെ ഒരു ചോദ്യം
” ഇങ്ങളെ ബുള്ളറ്റ് മുറ്റത്തൊന്നും കണ്ടില്ലലോ?”
ആദ്യരാത്രി തന്നെ ബുള്ളറ്റ് ചോദിക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഞാൻ ഉത്തരം മുട്ടിയപ്പോ കണ്ണും തുറന്നു കിടന്നു കൂർക്കം വലിക്കാൻ തുടങ്ങി.
കുറെ നേരം ഓള് അത് നോക്കി നിന്നു പിന്നെ ചെരിഞ്ഞു കിടന്ന് ഉറക്കമായി…
ആദ്യരാത്രി ബുള്ളറ്റ് കൊണ്ടുപോയ വിഷമത്തിൽ ഞാനും കിടന്നുറങ്ങി.
ബാക്കി പിന്നെ പറയാം.
സൽമാൻ സാലി.
4 Comments
😃😃
ബേം പറ
ബാക്കി ബേഗം പറ..
രസകരം 👏