പുതുവർഷാശംസകൾ പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടില്ല, ദേ ഓണവും കഴിഞ്ഞു പോയി! കാലമേ ഒന്ന് പതുക്കെ പോകൂ എന്ന് പറയാനാണ് തോന്നുന്നത്. മലയാളിയുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. അത് നാട്ടിലായാലും മറുനാട്ടിലായാലും ശരി, മലയാളി എവിടെയുണ്ടോ ഓണം അവിടെ ഉണ്ട്. കാലം മാറിയപ്പോൾ ഓണത്തിന്റെ കോലം മാറിയിട്ടുണ്ടെങ്കിലും ഇന്നും നമ്മുടെ നൊസ്റ്റാൾജിയയുടെ തുഞ്ചത്ത് തന്നെ നിൽക്കുന്നുണ്ട് ഓണക്കാലം. ഓണമായി എന്ന് എപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്? പണ്ടായിരുന്നെങ്കിൽ അത് ഓണക്കാസറ്റുകൾ പാടിത്തുടങ്ങുമ്പോൾ ആണെന്ന് പറയണം. ഇന്നാണെങ്കിൽ ചാനൽ പരിപാടികളുടെ പ്രൊമോയിൽ ഉയർന്നു കേൾക്കുന്ന ഓണപ്പാട്ടുകളുടെ ഈണം കേൾക്കുമ്പോളാണ്. എന്നാൽ എന്റെ പ്രിയപ്പെട്ട ചില ഓണപ്പാട്ടുകളെക്കുറിച്ച് കേട്ടാലോ?
പോരൂ ഓണപ്പാട്ടുകളിലൂടെ ഒന്ന് പോയി വരാം.
മാവേലി നാട് വാണീടും കാലം: നമ്മളെല്ലാം പാഠപുസ്തകങ്ങളിൽ കാണാതെ പഠിച്ചു പാടിയ ഈ കവിതാശകലം തന്നെയാണ് ആദ്യം ഓർമയിൽ വരുന്നത്. കള്ളവും ചതിയും ഇല്ലാത്ത മാലോകരെല്ലാം ഒന്ന് പോലെ വാണ ആ മാവേലിനാടിനെ ഓർക്കാൻ ഈ പാട്ടിന്റെ വരികൾ നമ്മളെ സഹായിക്കും. ആരാണ് ഈ പാട്ട് രചിച്ചത് എന്ന് നിങ്ങൾക്ക് അറിയുമോ? പതിനാറാം നൂറ്റാണ്ടിൽ പാക്കനാർ രചിച്ച ഒരു നാടൻ ശീലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ തുല്യതയുടേയും ക്ഷേമരാഷ്ട്രത്തിന്റെയും ആശയമുള്ള ഈ പാട്ടിന്റെ പിന്നിൽ സഹോദരൻ അയ്യപ്പൻ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കേരളത്തിലെ നവോത്ഥാന നായകരിൽ ഒരാളായ സഹോദരൻ അയ്യപ്പനാണ് 1934 ൽ ഇത്തരമൊരു ഓണപ്പാട്ട് പ്രസിദ്ധീകരിച്ചത്.
പൂവേ പൊലി പൂവേ പൊലി പൂവേ: തരംഗിണിയുടെ ഓണക്കാസറ്റ് ആയ ‘തിരുവോണ കൈനീട്ട’ ത്തിൽ നിന്നാണ് ഈ ജനപ്രിയ ഗാനം. ‘പറനിറയെ പൊന്നളക്കും പൗർണമി രാവായി’ എന്ന് ഈണത്തിൽ പാടി കെ ജെ യേശുദാസും സുജാതയും ചേരുമ്പോൾ ‘പൂവേ പൊലി പൂവേ പൊലി പൂവേ…’ എന്ന് നമ്മൾ പാടിപ്പോകും എന്ന് തീർച്ച! ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം നൽകിയിരിക്കുന്നത്.
പൂവിളി പൂവിളി പൊന്നോണമായി: സിനിമയിലെ ഓണപ്പാട്ട് എന്നോർക്കുമ്പോൾ ആദ്യം ഓർമയിൽ എത്തുന്ന ഈ പാട്ട് പക്ഷെ ‘വിഷുക്കണി’ എന്ന ചിത്രത്തിലെയാണ്. പ്രേം നസീറും വിധുബാലയും അഭിനയിച്ചിരുന്ന ഈ ഗാനം 1977 മുതലാണ് നമ്മുടെ വായിൽ തത്തിക്കളിക്കാൻ തുടങ്ങിയത്. 45 വർഷങ്ങൾക്ക് ഇപ്പുറവും ജനപ്രിയ ഓണപ്പാട്ടായി തന്നെ ഇത് നിലനിൽക്കുന്നതിൽ അത്ഭുതമില്ല; ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് സലിൽ ചൗദരി സംഗീതം നൽകി കെ ജെ യേശുദാസ് പാടിയ ഗാനമല്ലേ!
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ: കുട്ടികൾക്ക് പാടാൻ എളുപ്പമുള്ള ഈ പാട്ടിന്റെ പിന്നിൽ സംഗീത സംവിധായകൻ ബിജിബാലാണ്. പാടിയിരിക്കുന്നത് മകൾ ദയയും. ഒരുപക്ഷെ പുതിയ തലമുറയിലെ കുട്ടികളോട് ഓണപ്പാട്ട് പാടാൻ പറഞ്ഞാൽ അവർ തീർച്ചയായും പാടുക ഈ ഗാനമാകും. മുതിർന്നവരും ഊഞ്ഞാലും പൂ പറിക്കാൻ പോകലും പാട്ടുപാവാടയും ഒക്കെ മിസ് ചെയ്യുമെന്ന് ഉറപ്പ്!
ഓണപ്പാട്ടിൻ താളം തുള്ളും: ‘കൊട്ടേഷൻ’ എന്നൊരു സിനിമാപ്പേര് നമ്മൾ പലരും കേട്ടിട്ട് പോലുമുണ്ടാകില്ല. എന്നാൽ ഈ പാട്ട് കേൾക്കാത്തവർ ചുരുക്കം. അത്രത്തോളം പ്രസിദ്ധമാണ് ഈ ഓണപ്പാട്ട്. ഒറിജിനൽ പാട്ടിനേക്കാൾ ഇതിന്റെ കവർ വേർഷനുകളും എഡിറ്റഡ് വിഡിയോകളുമാണ് പ്രസിദ്ധം എന്ന് മാത്രം.
തിരുവാവണി രാവ് മനസാകെ നിലാവ്: ഒരു പക്ഷെ റീൽസുകളിലൂടെ നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട ഓണപ്പാട്ടിൽ മുന്നിൽ ഈ ഗാനമാകും. ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലെ ഈ ഗാനം രചിച്ചിരിക്കുന്നത് മനു മൻജിത് ആണ്. ഷാൻ റഹ്മാന്റെ സംഗീതത്തിൽ ഈ ഗാനം പാടിയിരിക്കുന്നത് ഉണ്ണി മേനോനും സിത്താരയും ചേർന്നാണ്. യൂട്യൂബിൽ 2 കോടിയിൽ അധികം പേര് ഈ പാട്ട് കേട്ടുകഴിഞ്ഞു. ഈ കാലത്തിന്റെ ഓണപ്പാട്ട് തിരുവാവണി രാവ് തന്നെ!
ഒരു നുള്ളു കാക്കപ്പൂ കടം തരുമോ: 1983 ൽ പുറത്തിറങ്ങിയ ഉത്സവഗാനങ്ങൾ എന്ന കാസെറ്റിലെ ഈ ഗാനം ഓണം തീമിൽ ഉള്ള ഒരു ജനപ്രിയ റൊമാന്റിക് പാട്ട് കൂടിയാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് രവീന്ദ്രൻ സംഗീതം പകർന്നിരിക്കുന്നു. പാടിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഗായകരും-കെ ജെ യേശുദാസ്, എസ് ജാനകി.
ശ്രീരാഗമോ തേടുന്നു: കൈമോശം വന്നൊരു ഓണക്കാലം സ്ക്രീനിൽ കാണാൻ ഈ പാട്ട് ഉണ്ടല്ലോ! ‘പവിത്രം’ എന്ന ചിത്രത്തിലെ ഈ മനോഹര ഗാനത്തിന്റെ ചരണത്തിൽ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഓണക്കാലമാണ്. പൂക്കളവും ഓണസദ്യയും ഊഞ്ഞാലും പുലിക്കളിയുമൊക്കെ നിറഞ്ഞ ആ ഓണക്കാലം ഓർമകളിൽ നിറയുന്നില്ലേ? ഓ എൻ വി കുറുപ്പിന്റെ വരികൾക്ക് ശരത്തിന്റെ സംഗീതവും കെ ജെ യേശുദാസിന്റെ ശബ്ദവും കൂടിയാകുമ്പോൾ പിന്നെ പറയാനുണ്ടോ അല്ലെ?
പൂ വേണം പൂപ്പട വേണം: സിനിമകളിലെ ഓണപ്പാട്ടുകളിൽ മറ്റൊരു പ്രിയഗാനമാണ് ഇത്. ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വട്ടം’ എന്ന ചിത്രത്തിലെ ഈ ഓ എൻ വി ഗാനത്തിലൂടെ പോയി വരുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഉള്ള തറവാട്ടിലേക്ക് ഓണവിരുന്ന് പോയതും അവർ നിങ്ങൾക്കായി തയ്ച്ചു വച്ച ഓണക്കോടിയുമൊക്കെ ഓർമ്മകളുടെ ജനലുകൾ തകർത്തു കയറി വരുന്നില്ലേ? ജോൺസന്റെ സംഗീതത്തിൽ കെ ജെ യേശുദാസ് പാടിയിരിക്കുന്ന ഈ ഗാനം നിങ്ങളുടെയും പ്രിയഗാനം ആയിരിക്കണം.
ഓണത്തുമ്പി പാടൂ: ‘സൂപ്പർമാൻ’ എന്ന ജയറാം ചിത്രത്തിൽ നിന്നാണ് ഈ ഓണപ്പാട്ട്. എസ് രമേശൻ നായരുടെ വരികൾക്ക് എസ് പി വെങ്കടേഷ് ഈണം പകർന്നിരിക്കുന്നു. പാടിയിരിക്കുന്നത് കെ ജെ യേശുദാസ്.
എന്റെ ഓർമ്മത്താളുകൾ മറിച്ചപ്പോൾ കോരിയെടുത്ത ചില മുത്തുകളാണ് ഇവ. ഞാൻ മറന്നു പോയ മറ്റ് ഓണപ്പാട്ടുകൾ കൂടി ഉണ്ടാകും. ഈ ഓണക്കാലത്ത്, ഈ പാട്ടുകളിലൂടെ ഒന്ന് സഞ്ചരിക്കൂ. ഓർമകളുടെ മണം ഇതാ മാടിവിളിക്കുന്നു…
6 Comments
❤️❤️👌
ഓണപ്പൂവേ പൂവേ.. പൂവേ
നീ തേടും മനോഹരതീരം…. മാടി വിളിപ്പു ഇതാ ഇതാ….
മാവേലിക്കും പൂക്കളം..
മാതേവനും പൂക്കളം..
മലയാളക്കരയാകെവർണ്ണപൂക്കളം
മണ്ണിലും വീണ്ണിലും മണിപ്പൂക്കളം….
ഇതിൽ ആദ്യം തന്നെ പറയേണ്ട ഒരു പാട്ടായിരുന്നു..
തിരുവോണപ്പുലരി തൻ തിരുമുൽക്കാഴ്ച്ച വാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി…..
പിന്നെ ലാസ്റ്റ് മൈ fevrt
ഉത്രാടപൂനിലാവേ വാ…..
മുറ്റത്തെ പൂക്കളത്തിൽ
വാടിയ പൂക്കളത്തിൽ ഇത്തിരി
പാൽ ചുരത്താൻ വാ
👌😍 മറന്ന പാട്ടുകൾ
ഓണപ്പാട്ടുകളെല്ലാം അടിപൊളി❤️
“ഒരു നുള്ളു കാക്കപ്പൂ കടം തരുമോ “യേശുദാസിനോടൊപ്പം പാടിയിരിക്കുന്നത് S. ജാനകിദേവി എന്ന ഗായികയാണെന്നാണ് ഓർമ്മ
നൊസ്റ്റു അടിച്ചു ചത്തു 😄
👌👌👌👌
പാട്ടിന്റെ പാലാഴി ❤️❤️