നീണ്ട വർഷങ്ങൾക്കുശേഷം ജനിച്ചുവളർന്ന പഴയ നാട്ടിൻപുറം കാണാനായി വണ്ടിയെടുത്ത് ഇറങ്ങി. തന്നെയുമല്ലാ; ഞങ്ങൾ ഏറെക്കാലം താമസിച്ച, ഇന്ന് പൊട്ടി പൊളിഞ്ഞു കിടക്കുന്ന ചുറ്റിനുമുള്ളവർ ഭാർഗവി നിലയം എന്ന് വിളിക്കുന്ന ഞങ്ങളുടെ പഴയ വീടും പറമ്പും കാണാനുള്ള മോഹത്തോടെ. പോകുന്ന വഴിയില് ഇടയ്ക്ക് വണ്ടി നിർത്തി ഒന്ന് പുറത്തിറങ്ങി ആത്മാർത്ഥമായി കണ്ണോടിച്ചു. നാടാകെ മാറിയിരിക്കുന്നു . ഹെൻറെ പൊന്നോ.. എന്താ പറയേണ്ടത്; അതായത്, നമ്മൾ ചുട്ടു പുകയുമ്പോൾ പെട്ടെന്ന് മൂടിക്കെട്ടിയ കാർമേഘക്കൂട്ടത്തിൽ നിന്ന് ഒരു മഴത്തുള്ളി നെറുകിൽ പതിച്ചാൽ എങ്ങനെയിരിക്കും? ആ ഒരു പ്രതീതി ആയിരുന്നു മനസ്സിൽ.
ഞാൻ ജനിച്ചു വളർന്ന, പരസ്പരം സ്നേഹിച്ച് കലഹിച്ചും കഴിയുന്ന ജനങ്ങളുള്ള, യാഥാസ്ഥിതിക ചിന്താഗതികൾ വച്ചുപുലർത്തുന്ന, പരദൂഷണം പറയുന്ന ആൾക്കാരടക്കം ഒന്നിനും വ്യത്യാസം ഇല്ലാത്ത, നന്മകളാൽ സമൃദ്ധമായ സ്വന്തം നാട്. നോക്കത്താ ദൂരത്തോളം പരന്നുകിടക്കുന്നു പച്ചവിരിച്ച നെൽപ്പാടങ്ങൾ. ഓർമ്മകൾ വാശിയോടെ എന്തോ തിരഞ്ഞു. വെറുതെ പാടത്തേക്ക് ഇറങ്ങി, പുൽനാമ്പുകളെ തൊട്ടു തലോടി വെറുതെ മണത്തും ആസ്വദിച്ചും നടന്നു. ശബ്ദം കേട്ടതു കൊണ്ടാവാം, ഒറ്റക്കാലിൽ തപസ്സു ചെയ്യുന്ന വെള്ളക്കൊറ്റികൾ പറന്ന് അകലുന്നു.
ഞങ്ങൾ പോകുമ്പോൾ വെറും ചെമ്മൻ പാതയായിരുന്നത്, ഇപ്പൊൾ ടാറിട്ട് നല്ല മിനുസമുള്ള റോഡ് ആയി. കായലിൻ്റെ തീരത്ത് പുതിയൊരു പള്ളി ഉയർന്നിരിക്കുന്നു .പണ്ട് ഇവിടെ താമസിച്ചവർ ബോട്ടും വള്ളവും പിടിച്ച് അല്ലെങ്കിൽ ഏറെ ദൂരം നടവഴികളും താണ്ടിയായിരുന്നു കുറേ ദൂരെയുള്ള പള്ളിയിൽ കുർബാന കാണാൻ പോയിരുന്നത്. ഇപ്പോൾ ഹരിതാഭമായ വയൽ ഒക്കെ കുറെഭാഗം കള നിറഞ്ഞു കിടക്കുന്നു. കൃഷി ചെയ്യാനും ചെയ്യിക്കാനും ആളില്ലാതായി. ഒരുവേള, ആ നിലം ഒരു കലപ്പേടെ തലോടൽ കൊതിക്കുന്നില്ലേ!
“ല്ലേ… ഇതാരൊക്കെയാ? മാമ്പ്രയിലെ കുട്ട്യേളല്ലേ? എത്ര നാളായി മക്കളെ കണ്ടിട്ട്?”ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, പണ്ട് കന്നുപൂട്ടാൻ വന്നിരുന്ന വറീതേട്ടനെയാ. ആൾക്ക് ഞങ്ങളെ മനസ്സിലായി എന്ന് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.
അന്നൊക്കെ വീടിൻറെ പടിക്കൽ എത്തിയാൽ ഒരു വിളിയാ
“തമ്പ്രാട്ടിയ്… ഇച്ചിരി കഞ്ഞിയുടെ വെള്ളം തരീ… ഉണ്ടേലിച്ചിരി വറ്റിടുക.. ഇത്തിരി കടുമാങ്ങച്ചാറും ഒഴിച്ചോളീ” ചോദിച്ചത് വെള്ളമാണെങ്കിലും വല്യമ്മച്ചി കൊടുക്കുന്നത് നല്ല കുത്തരി കഞ്ഞിയാ.
പരിണാമത്തിന്റെ പ്രതിഫലം ഇല്ലാതെ കാണാൻ സാധിച്ചത് ബോയ്സ് സ്കൂളിൻറെ മുമ്പിൽ നിന്നിരുന്ന വാകമരമാണ്. പണ്ട് സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കുശലം ചോദിച്ചിരുന്ന പഴയ മുഖങ്ങൾ കാലത്തിൻറെ നിലാവിൽ മാഞ്ഞുപോയി. ഇപ്പോൾ ഞങ്ങളുടെ പഴയ ഗ്രാമത്തിന് നല്ല മാറ്റം വന്നിരിക്കുന്നു. ആധുനിക രീതിയിൽ പണിത ഇരുനില വീടുകളും, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശശിയേട്ടന്റെ ബാർബർ കടയുടെ സ്ഥാനത്ത് ബ്യൂട്ടി പാർലർ, പഴയ വിശ്വേട്ടന്റെ കള്ള് ഷാപ്പിന്റെ സ്ഥാനത്ത് എരിവും പുളിയും എന്ന് പേരിട്ട കള്ളിന്റെയൊപ്പം കരിമീനും താറാവ് ഇറച്ചിയും കൂട്ടി ഡിന്നറു തന്നെ കിട്ടുന്ന മുളയും കയറും കൊണ്ട് ചിത്രപ്പണികൾചെയ്ത മോഡേൺ രീതിയിലുള്ള ഷാപ്പ്.
പുഴയുടെ തീരത്തുകൂടെ നടക്കുന്ന വഴിക്ക് പരിചയക്കാരെ ആരെയെങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ നേരെ നടന്നു. തെളിനീര് നിറഞ്ഞ് ശാന്തമായൊഴുകുന്ന പമ്പയാറ്. പലഭാഗത്തും ആളുകൾ കുളിക്കുകയും തുണിയലക്കുകയും ചെയ്യുന്നു. ഏത് ഷവറിന്റെ കീഴിൽ കുളിച്ചാലും ഈ പുഴയിൽ നീന്തി തുടിക്കുന്ന സുഖമൊന്നും കിട്ടില്ല.
മ്മഹ്… ഇവിടെ നേരത്തെ മാറാഞ്ചേരി അമ്പലവും ഒപ്പം ഒരു പാലയും പിന്നൊരു സർപ്പക്കാവും ഉണ്ടായിരുന്നതല്ലെ? ങാ.. അതൊക്കെ ഇപ്പോൾ ഓർമ്മകൾ മാത്രമായി എന്ന് തോന്നുന്നു.
ദേ.. അതാ ദേവരാജന്റെ ചായക്കട. വലിയ മാറ്റമൊന്നും ആ ചായക്കടയ്ക്ക് വന്നിട്ടില്ല. ചായക്കട പരിസരത്ത് എപ്പോഴും ആരെങ്കിലുമൊക്കെ കാണും. അവിടെ കടവിൽ നിൽക്കുന്നവർ വിടർന്ന കണ്ണുകളോടെ എന്നെ നോക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്നതും കാണാം.
” ടിയെ… നോക്കിയേ… ആ വരുന്നത് ഇന്നാളുടെ നടുക്കത്തെ കുട്ടിയല്ലേ?”
” മ്മഹ്… നീയെന്താ ചന്ദ്രീ പറയണേ… വെളുത്ത് തോട്ടി കമ്പുപോലിരുന്ന കുട്ടിയോ?”
” അതെന്നെ”
” ശ്ശോ… ആ കുട്ടി വല്ലാണ്ടങ്ങ് തടിച്ചു പോയല്ലോ”വനജാക്ഷി മൂക്കത്ത് വിരൽ വെച്ചു.
“ല്ലേ… പിന്നെ പെണ്ണുങ്ങൾ പ്രായമായാൽ തടി അല്ലാണ്ട് പിന്നെ?” ന്തോ വനജാക്ഷിയുടെ ആ രോദനം അവിടെ മീൻ കഴുകി കൊണ്ടിരുന്ന കമലാമ്മയ്ക്ക് അത്ര സുഖിച്ചില്ല.
ഈ മുറുമുറുക്കലുകൾ കേട്ടോണ്ട് അവരുടെ മുമ്പിൽ എത്തിയപ്പോൾ, ഞാൻ ചിരിച്ചോണ്ട് “കോമളേച്ചി… സുഖാണോ?” ന്ന് നീട്ടി വിളിച്ചു ചോദിച്ചതും ഞങ്ങളെ മനസ്സിലാകാത്തത് കൊണ്ടാണോ പ്രായമായതുകൊണ്ട് കണ്ണ് പിടിക്കാഞ്ഞിട്ടാവാം, വലതു കൈ നെറ്റിയിൽ വെച്ച് കോമളേച്ചി ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി.
“അല്ല… ഇതാര്? ന്റെ കുട്ട്യാളെ നിങ്ങളെ കണ്ടേച്ചു നാളെത്രയായി?” അവര് സന്തോഷം കൊണ്ട് തോട്ടുകടവിൽ തുണി അലക്കിക്കൊണ്ട് നിന്നിരുന്ന ശാന്തേടെത്തിയെം നളിനിയെയും എല്ലാം വിളിച്ചു. പിന്നെ ചിരിയും കുശലം പറച്ചിലുമായി നിൽക്കുമ്പോഴുണ്ട്, കൂട്ടത്തിലൊരാളുടെ കണ്ടുപിടിത്തം
“അല്ലേ കൊച്ചേ..നിൻറെ മോള് നിന്നെ പറിച്ചു വെച്ചിരിക്കുകയാണല്ലോ! നിൻറെ അതേ സൗന്ദര്യവും നിറവും പൊക്കോം എല്ലാ അതേപോലെ”
ഇത് കേട്ട് ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. ല്ലേ… പിന്നെങ്ങനെ ചിരിക്കാതെ? കൂടെ വന്ന ചേച്ചിയുടെ മോള് എന്നെ ആകെ വീക്ഷിക്കാൻ തുടങ്ങി… ൻ്റെ മുഖത്ത് അവര് വാഴ്ത്തി പാടിയ സൗന്ദര്യം മാത്രം കണ്ടെത്താൻ പറ്റില്ലത്രെ. മ്മ് ഹ്… കുശുമ്പ്.
“എടി.. അവര് പണ്ട് എന്നെ കാണുമ്പോൾ എനിക്ക് നല്ല സൗന്ദര്യമായിരുന്നെടി” വെറുതെ ഞാൻ അങ്ങ് കാച്ചി.
“ത്..പിന്നെ കോമളെച്ചി, ഇപ്പൊൾ കടെല് പഴയ ‘മണ്ട’ ഉണ്ടാക്കുന്നില്ലേ? ഞാൻ വെറുതെ ചില്ലുകൂട്ടിൽ ഒന്ന് പരതി.”
“ഓ…അതോക്കെ ഇപ്പൊ ആർക്കുവേണം കുട്ടി?” (ഞാനാ പലഹാരം ഈ ചായക്കടയിൽ മാത്രമേ കണ്ടിട്ടുള്ളൂ).
“ല്ലേ…മോളെ, മോൾക്ക് കല്യാണമൊന്നും ആയില്ലേ?” “തള്ളേ… ഒരുത്തൻ വന്നാലല്ലേ കൂടെ പോകാൻ പറ്റൂ. ഈ തള്ളക്ക് എന്താ വിചാരം… ഞാൻ സന്യസിക്കാൻ പോവാന്നോ”(ഇത് എൻറെ കാതിൽ അവളുടെ അമർഷം ഇറക്കിയതാ… ന്യൂജനല്ലേ)
“ഹേയ്… അവൾ പഠിക്കുവല്ലേ”എന്നിട്ട് തിരിഞ്ഞ് അവളോട് പറഞ്ഞു ” ടി.. അവരുടെ ഉള്ളിലെ സ്നേഹം കൊണ്ടുള്ള ചോദ്യമല്ലേ.. നീ വെറുതെ കെറുവിക്കാതെ. ഇത് കേട്ടതും പിന്നെ അവൾ അവളുടെ ഇൻസ്റ്റ സ്റ്റോറി ഇടാനുള്ള വല്ല വക കിട്ടുമെന്ന് കരുതിമൊബൈലും ആയിട്ട് നീങ്ങി.
അവരോട് കുശലം പറഞ്ഞു നിൽക്കുമ്പോഴും എൻറെ ഓർമ്മ ചിത്രങ്ങളിൽ, ചിന്തകൾ പിന്നോട്ട് പായാൻ തുടങ്ങി.
പുലർച്ചെ നാലുമണിക്ക് ദേവരാജന്റെ ചായക്കടയിൽ നിന്ന് പുകവരാൻ തുടങ്ങും. ഇരുമ്പിന്റെ ഓടക്കുഴലിൽ കൂടി അടുപ്പിൽ ഊതുകയും ചുമക്കുകയും ചെയ്യുന്ന ശബ്ദം. അന്നാട്ടിലുള്ളവർ നേരം വെളുത്താൽ പല്ല് തേപ്പ് കഴിഞ്ഞ് ആദ്യമേ വരുന്നത് ഈ ചായക്കടയിലാ. (വീട്ടിൽ നിന്ന് രാവിലെ ഉമിക്കരിയും കയ്യിലെടുത്ത് നടക്കുന്ന വഴിക്ക് കാണുന്നവരോടോക്കെ കുശലം പറഞ്ഞു അവസാനം ഈ തോട്ടു കടവിൽ വന്നാ വായും മുഖവും കഴുകാറ്) പ്രാദേശിക വാർത്തകൾ അറിയണമെങ്കിൽ കാലത്ത് തന്നെ കുളിരുന്ന തണുപ്പിൽ ഇവിടുത്തെ മരബഞ്ചിലിരുന്ന് കോമളേച്ചി ഉണ്ടാക്കുന്ന സമോവറിലെ നല്ല ഉയരത്തിൽ അടിച്ചു പതപ്പിച്ച ചായയും കുടിച്ച് വെറുതെ ഇരുന്നു കൊടുത്താൽ മതി. (ഗ്ലാസിന്റെ പകുതിയോളം പതയാണെന്ന് ചിലർ തമാശയായി പറയാറുണ്ട്… അതത്ര കാര്യമാക്കണ്ട) ചെറു കടികൾ അടുക്കി വെച്ചിരിക്കുന്ന കണ്ണാടി അലമാരയുടെ മുകളിലെ തട്ടിൽ ഇരിക്കുന്ന പഴയ റേഡിയോയിൽ നിന്നും പാട്ടും കേൾക്കാം. കടയിൽ നിരത്തിയിട്ടിരിക്കുന്ന മരബഞ്ചിലിരുന്ന് ചായ കുടിക്കുകയും സൊറ പറയുകയും ചെയ്യുന്ന ആൾക്കാർ കൂടുതലും കാലത്ത് പാടത്ത് പണിക്ക് ഇറങ്ങുന്ന തൊഴിലാളികളാണ്. അന്ന് നാട്ടിൻപുറങ്ങളിൽ പല വീടുകളിലും പത്രം വരുത്താറില്ല. വാർത്താ വിതരണവും ചൂടുള്ള ചർച്ചയും ഇവിടെ തന്നെ. ശ്രീകണ്ഠൻ നായരെയും നികേഷ് കുമാറിനെയും തോൽപ്പിക്കും വിധം ചർച്ചകളാണ് പലപ്പോഴും ഇവിടെ അരങ്ങേറാറ്. സ്വന്തം ജീവിതത്തേക്കാൾ മറ്റുള്ളവരുടെ ലൈഫിനെ ഒരുപാട് ദീർഘവീക്ഷണത്തോടെ വിശകലനം ചെയ്യുന്ന വിരുതന്മാരും മുറിബീഡിയുടെ പിൻബലത്തിൽ ചായ നുകരുന്നത് കാണാം.
“കോമളേച്ചിയെ… ചുട് പുട്ടും കടലയും എടുത്തോളി… ങാ കടുപ്പം ഒട്ടും കുറക്കണ്ടാ…പടക്കം പോലോരു ചായയും പോരട്ടെ.”ആ നാട്ടിലെ വലിയ മുതലാളിയായ തൊമ്മൻ അടുക്കളയിലോട്ട് നോക്കി നീട്ടി വിളിച്ചു. കയറുചുറ്റിയ മുളകുറ്റിയിൽ ഉണ്ടാക്കുന്ന ഇവിടുത്തെ ആവി പറക്കുന്ന പുട്ടിന് നല്ല രുചിയാ.
” ശ്ശോ … ഈ ചായക്ക് മധുരം തീരെയില്ലല്ലോ” മ്മ്ടെ ചെത്തുകാരൻ പീതാംബരന്റെ പരിഭവം.
“ഹാ ഹ ഹാ….” ദേവരാജന്റെ കുടവയർ കുലുങ്ങും മാറ് തീവണ്ടി പോലെ നീണ്ട ആ ചേലുള്ള ചിരിയും പാസാക്കി, ന്നിട്ട് ഒരു കമൻ്റും
“അതിന് പഞ്ചാര ആവശ്യത്തിന് നിൻ്റേ നോട്ടത്തിലുണ്ടല്ലോ… പിന്നെ ചായക്കെന്തിനാടാ പഞ്ചാര..?”
ഈ ചായക്കടയിൽ രാവിലെ സ്ഥിരമായി പാല് കൊടുക്കുന്ന ജഗദമ്മ അവിടെനിന്ന് കാലിച്ചായയും കുടിച്ചാണ് പോകാറ്. മുറുകിയ ബ്ലൗസും, പൊക്കിൾ ചുഴിക്ക് തൊട്ടു താഴെ വെച്ചുടുത്ത കള്ളിമുണ്ടും മാറിലൊരു തോർത്തുമിട്ട് ചന്തി കുലുക്കി പാലും പാത്രം തൂക്കി ചന്തത്തിൽ അങ്ങനെ നടന്നു പോകുന്നത് തന്നെ ചായക്കടയിൽ ഇരിക്കുന്നവർക്ക് നല്ല കണിയാണ്. ഇവിടെ മാവാട്ടലും വിറക് കീറലുമെല്ലാം അനിയൻ രാജുവിന്റെ കയ്യിൽ ഭദ്രം.
ദേവരാജന്റെ ചായക്കടയുടെ തൊട്ടടുത്തായിട്ടായിരുന്നു അനിയൻ കൊച്ചുകൊച്ചിന്റെ പലചരക്കുകട. പലകകൾ നിരത്തിയ ചെറിയ പീടിക മുറിയിൽ കുറെ പലവഞ്ന ചാക്കുകൾ നിരത്തി വച്ചിരിക്കും. അന്നൊക്കെ കടയിൽ ചിലവാകുന്ന സാധനങ്ങൾ തീരെ കുറവാണ്. സാധനങ്ങൾ, പത്ര പേപ്പറ് കുമ്പിൾ കുത്തി മുകളിൽ തൂക്കിയ ചാക്ക് നൂലുകൊണ്ട് നമുക്ക് വളരെ വേഗത്തിൽ ചുറ്റി മുറുക്കി കെട്ടി തരും.
നാട്ടിൻപുറത്തിന്റെ ഈ ഭംഗിയും പരിശുദ്ധിയും കൂടുതൽ ആസ്വദിച്ചു വളർന്നതുകൊണ്ടാവാം, ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ കൊച്ചു ഗ്രാമത്തിലെ വിശുദ്ധിയിൽ ജനിച്ചുവളരണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരിയായി പോകുന്നു ഞാൻ. കാരണം ഈ ഗ്രാമം എന്നും എനിക്ക് നന്മകൾ മാത്രമേ തന്നിട്ടുള്ളൂ.
ചെറുതിലെ കേട്ട വരികളാണ് “നാട്യപ്രധാനം നഗരം ദാരിദ്ര്യം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം” പച്ചപ്പും പ്രകൃതിക്കാഴ്ചകളും സ്നേഹിക്കാനും സഹായിക്കാനും അറിയാവുന്ന കുറച്ചു ഏറെ നല്ല മനുഷ്യരാൽ ഭൂമിയിൽ സ്വർഗം തീർത്തവരായിരുന്നു പഴയ നാട്ടിൻപുറത്തെ ആൾക്കാർ. ഇന്നത്തെ അവസ്ഥ അതാണോ? ഇന്ന് നാട്ടിൽ പുറത്തും നഗരത്തിലും ജീവിക്കുന്നവർ, സ്വഭാവത്തിൽ ഏതാണ്ട് ഒരു പോലൊക്കെ തന്നെയല്ലേ? എൻറെ തോന്നൽ ശരിയല്ലേ? ഇത് വായിക്കുന്ന നിങ്ങൾക്കും തോന്നുന്നില്ലേ…. അല്ലെങ്കിൽ പറയാനില്ലേ.. മനസ്സുകളിൽ ആവോളം കുളിർനിറച്ച് കൊതിപ്പിക്കുന്ന നാട്ടിൻപുറ കാഴ്ചകളെ കുറിച്ച്?🥰
🖋️Manna MereezaL
12 Comments
ഒരുപാട് ഇഷ്ടമായി. ഞാനും ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. ഇന്നും എന്നും ഗ്രാമം തന്നെ ഇഷ്ടം.
ശരിയാണ്…. ഗ്രാമത്തില് വളർന്നവർ പിന്നീട് എവിടെ ജീവിച്ചാലും ഇടയ്ക്കിടെ അവരുടേ മനസ്സിൽ ഗ്രാമ സ്മൃതികൾ തുടികൊട്ടും…
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി 🥰💕
ശരിയാണ്…. ഗ്രാമത്തില് വളർന്നവർ പിന്നീട് എവിടെ ജീവിച്ചാലും ഇടയ്ക്കിടെ അവരുടേ മനസ്സിൽ ഗ്രാമ സ്മൃതികൾ തുടികൊട്ടും…
🙏 🥰💕
നന്നായി എഴുതി എന്റെയും 10വയസ്സ് വരെ യുള്ള ബാല്യം ഇങ്ങനെ ഒരു സ്ഥലത്തായിരുന്നു.
Thank you Sabira 💝
Entha paraya…. ticket illathe nattinpurath poyi vanna prethethy
Txz 😊
എല്ലാം കാണുന്നതുപോലെ മനോഹരമായിട്ടെഴുതി. 👌👌👌
Thank you 💕😊
ഒരുപാട് ഇഷ്ടമായി. ഞാനും ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. എന്നും എപ്പോഴും ഗ്രാമം തന്നെ ഇഷ്ടം.
ഒരു ഗ്രാമക്കാഴ്ച 👌
നന്ദി ❤️