പഠന കാലയളവിൽ സുഹൃത്തുക്കളോടൊപ്പം ഒരിക്കലെങ്കിലും ഒരു വിനോദയാത്ര പോകാൻ കഴിയാതിരുന്നതിന്റെ നിരാശ എന്റെ ഉള്ളിലെന്നും ഉറഞ്ഞു കൂടി നിൽപ്പുണ്ടായിരുന്നു.
അതുകൊണ്ടാകാം, വിവാഹശേഷം ‘നമുക്കൊരു യാത്ര പോകാം’ എന്ന് നല്ല പാതി പറഞ്ഞപ്പോൾ മനസ്സൊന്നു തുള്ളിക്കുതിച്ചത്.
“എവിടേക്കാ പോകുന്നത്?” ആകാംക്ഷ അടക്കാൻ കഴിയാതെ ഞാൻ ചോദിച്ചു.
“അതൊക്കെ ഉണ്ട്. എന്തായാലും ഒരു അമ്യൂസ്മെന്റ് പാർക്ക് ഉണ്ടാകും.” ഗൂഢമായ ചിരിയോടെ മറുപടി നൽകിയ ശേഷം ചേട്ടൻ പുറത്തേക്കു പോയി.
ഊട്ടിയിൽ പോയി തിരികെ വീഗലാൻഡ് വഴി വരുമെന്നാണോ? അതല്ല കൊടൈക്കനാലിൽ നിന്നും ബ്ലാക്ക് തണ്ടർ വഴി തിരിച്ചു വരുമെന്നോ?
ഇനി അതുമല്ല, പ്രണയത്തിന്റെ നിത്യ വിസ്മയമായ താജ്മഹൽ കാണാൻ ആഗ്രയിലേക്ക് ആകുമോ യാത്ര? അങ്ങനെയെങ്കിൽ അവിടെ ഏതു അമ്യൂസ്മെന്റ് പാർക്ക്?
ഞാൻ ആകെ ചിന്താകുലയായി.
ചിന്തയിൽ നിന്നുണർന്നു ഫോണെടുത്തു അമ്മയെ വിളിച്ചു ചൂടോടെ വിശേഷം പറഞ്ഞു, “അമ്മാ ഞങ്ങൾ ഒരു യാത്ര പോകുന്നു… ”
ഹണിമൂൺ എന്ന് പറയാൻ ആയിരുന്നു ആഗ്രഹം.. പക്ഷേ വിവാഹം കഴിഞ്ഞ ഉടനെ അമ്മയോട് അതു പറയാൻ ലേശം ചമ്മൽ തോന്നി.
“എവിടെയാ പോകുന്നെ?”
“എന്തായാലും കേരളത്തിന് പുറത്തേക്കേ പോകുള്ളൂ എന്നാ ചേട്ടൻ പറഞ്ഞത്.” ഞാൻ ആഞ്ഞു തള്ളി.
“ദാ കേട്ടോ മഞ്ജുവും ഭർത്താവും ടൂർ പോകുന്നെന്ന്…” അമ്മ അച്ഛനോട് ആവേശത്തോടെ പറയുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞു.
“എടീ അച്ഛൻ പറയുന്നു, കേരളത്തിന് പുറത്തു എവിടാന്നു ചോദിക്കാൻ…”
“താജ്മഹൽ കാണാൻ ഡൽഹിയിലേക്ക് ആയിരിക്കുമെന്നാ തോന്നുന്നേ..”
അമ്മയുടെയും അച്ഛന്റെയും ആഹ്ലാദ സ്വരം കേട്ടപ്പോ, താജ്മഹൽ തന്നെയെന്നു ഞാൻ സ്വയം ഉറപ്പിച്ചു. ചേട്ടനോട് എനിക്ക് താജ്മഹൽ കണ്ടാൽ മതിയെന്നു പറയാം എന്ന് മനസ്സിൽ നിശ്ചയിച്ചു.
അമ്മ ഫോൺ വെച്ചു പത്തു മിനിറ്റിനുള്ളിൽ അമ്മായി, കുഞ്ഞമ്മ, ചേച്ചിമാർ എന്ന് തുടങ്ങി എന്റെ നാട്ടിലുള്ള ഒരുവിധം ബന്ധുക്കൾ എല്ലാരും വിളിച്ചു യാത്ര മംഗളം നേർന്നു. കൂടെ പോയി വരുമ്പോൾ കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റും കൈയോടെ കിട്ടി.
എന്റെ നാട്ടിൽ നിന്നും താജ്മഹൽ കാണാൻ പോകുന്ന ആദ്യ വ്യക്തിയാണല്ലോ ഞാൻ. എന്റെ നാട്ടുകാർ കണ്ടിട്ടുള്ള ദൂരസ്ഥലം തിരുവനന്തപുരമാണ്. അതുതന്നെ ഗൾഫുകാരുടെ വീട്ടുകാർ എയർപോർട്ടിൽ പോകുന്ന വഴി കാണുന്ന സ്ഥലങ്ങളാണ്.
പിറ്റേ ശനിയാഴ്ച രാവിലെ ജോലിക്ക് പോകും മുൻപേ നല്ല പാതി പറഞ്ഞു, “നാളെ രാവിലെയാ നമ്മൾ പോകുന്നത്.”
“ഏഹ് നാളെയോ?”
“ആന്നേ…” മറുപടി നൽകി പുള്ളിക്കാരൻ പോയി.
ഞാൻ ആകെ വെപ്രാളത്തിലായി. എത്ര ജോഡി ഡ്രസ്സ് കൊണ്ടു പോകണമെന്നോ മറ്റ് സാധനങ്ങളുടെ കാര്യമോ പറഞ്ഞിട്ടില്ല. മറ്റെന്തൊക്കെ സാധനങ്ങൾ വേണമെന്ന് ആലോചിച്ചു ഞാൻ വശം കെട്ടു.
അമ്മയെ വിളിച്ചു പറഞ്ഞു, “അമ്മാ നാളെയാ ഞങ്ങൾ പോകുന്നത്.”
“ആഹ്, അവൻ വിളിച്ചാരുന്നു.”
“ആണോ..”
ഉം.. അമ്മ ഫോൺ വെച്ചിട്ട് പോയി.
ശ്ശോ എന്നാലും പുള്ളി ആൾ കൊള്ളാമല്ലോ, ഉത്തരവാദിത്തത്തോടെ എന്റെ വീട്ടിൽ അറിയിച്ചു. എനിക്ക് എന്റെ ഭർത്താവിനെ കുറിച്ച് ഓർത്ത് അഭിമാനം തോന്നിയിട്ട് അതിന്റെ അനുബന്ധമായി രോമാഞ്ചം ഉണ്ടായി.
ചേട്ടൻ വൈകുന്നേരം വന്നപ്പോഴേക്കും ഞങ്ങൾ രണ്ടുപേരുടെയും മൂന്ന് ജോഡി വസ്ത്രങ്ങൾ തേച്ച് മടക്കി ബാഗിലാക്കി, മറ്റു വേണ്ട സാധനങ്ങളും വെച്ചു ബാഗ് റെഡിയാക്കി കട്ടിലിനടിയിൽ വെച്ചു.
പിറ്റേന്ന് വെളുപ്പിനെ എഴുന്നേറ്റ്, ഐസ് പോലെ തണുപ്പുള്ള വെള്ളത്തിൽ കുളിയും കഴിഞ്ഞു, വസ്ത്രം മാറുമ്പോൾ പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു. എന്തായാലും ഒരു സന്തോഷയാത്ര പോകുവല്ലേ, ഇച്ചിരി ലിപ്സ്റ്റിക്ക് കൂടിയാകാം എന്ന് ചിന്തിച്ചു, ചുണ്ട് ചുവപ്പിക്കുമ്പോൾ, പുറത്ത് ചേട്ടത്തിയുടെ സംസാരം കേട്ടു.
ആഹാ ഞങ്ങളെ യാത്രയാക്കാൻ ചേട്ടത്തി, വെളുപ്പിനെ എഴുന്നേറ്റു വന്നല്ലോ… ശ്ശോ പാവം… സന്തോഷം തോന്നി വേഗം മുന്നിലേക്ക് ചെല്ലുമ്പോൾ ഞാൻ ഞെട്ടി. ചേട്ടത്തിയും രണ്ടു പിള്ളേരും ഭർത്താവും യാത്രയ്ക്ക് തയ്യാറായി നിൽക്കുന്നു!
ആ ഞെട്ടലോടെ തന്നെ ഞാൻ ഭർത്താവിനെ നോക്കി.
“എവിടെ പോയാലും ഞങ്ങൾ ഒരുമിച്ചാ പോകുന്നത്.”
ഒന്നും ചോദിക്കാതെ തന്നെ വിശദീകരണം വന്നു.
ഞാൻ പുറത്തു കിടക്കുന്ന മിനി ബസിലേക്ക് നോക്കി. ഇതിപ്പോ ഞങ്ങൾ ആറു പേർക്ക് പോകാൻ പതിനെട്ടു സീറ്റിന്റെ വണ്ടി എന്തിനാ?
“ആഹ്, അവരെത്തിയല്ലോ, എല്ലാരും വണ്ടിയിൽ കയറ്..” മൂത്ത ചേട്ടൻ വിളിച്ചു പറഞ്ഞു. ഞാൻ തലേന്ന് തയ്യാറാക്കി വെച്ചിരുന്ന ബാഗും തൂക്കി പിടിച്ചു മുന്നിലേക്ക് ചെന്നു.
“ഇതിനകത്ത് എന്താ?” ചേട്ടത്തിയുടെ വക ചോദ്യം.
“ഡ്രസ്സ്.”
“എന്തിന്? നമ്മൾ രാത്രി ഇങ്ങ് വരില്ലേ?”
“ആണോ?”
“ഹാ, അവൻ നിന്നോട് ഒന്നും പറഞ്ഞില്ലേ?”
“ഇല്ല..”
“അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വെച്ച് ഞാൻ എല്ലാം പറഞ്ഞില്ല..” നല്ല പാതി പറയുന്നത് കേട്ട് ഞാൻ ബാഗ് വീടിനുള്ളിൽ വെച്ച് തിരിച്ചു പോന്നു.
മിനി ബസിലേക്ക് കയറുമ്പോൾ ഉള്ളിൽ ഇരിക്കുന്നവരെ കണ്ടു ഇനിയും ഞെട്ടാൻ ത്രാണിയില്ലാതെ ഞാൻ തല കുമ്പിട്ടിരുന്നു.
ചേട്ടത്തിയുടെ രണ്ടു അനിയത്തിമാർ, ഭർത്താക്കന്മാർ, ഈരണ്ട് പിള്ളേർ! അങ്ങനെ മൂന്ന് കുടുംബവും ഞങ്ങൾ രണ്ടുപേരും ചേർത്ത് പതിനാല് പേർ കൂടി എന്റെ ജീവിതത്തിലെ ആദ്യ വിനോദയാത്ര പുറപ്പെട്ടു!
എന്തായാലും താജ്മഹൽ അല്ല ലക്ഷ്യം എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി തന്ന ദൈവത്തോട് നന്ദി രേഖപ്പെടുത്തി ഞാൻ വെളിയിലേക്ക് നോക്കിയിരുന്നു. എന്തായാലും വീഗാലാൻഡ് വരെയെങ്കിലും ആയിരിക്കും യാത്ര. ഞാൻ ഓർത്തു.
വണ്ടി നാഷണൽ ഹൈവേ കീറിമുറിച്ചു ആറ്റിങ്ങൽ കടന്നു. അന്നേരം ഞാൻ ആലോചിച്ചു, വണ്ടി മൂന്ന് മുക്ക് ജംഗ്ഷനിൽ എത്തുമ്പോൾ അവിടെയിറങ്ങി ബസിൽ കയറി എന്റെ വീട്ടിലേക്കു പോയാലോ?
ആലോചന തീരും മുൻപേ വണ്ടി ഹൈവേയിൽ നിന്നും വെഞ്ഞാറമൂട് റോഡിലേക്ക് കയറി.
ഏഹ്, ഇതെന്താ ഇങ്ങോട്ട്? ഇനി എന്നെ എന്റെ വീട്ടിൽ ആക്കിയിട്ട് ഇവര് മാത്രം പോകുവാണോ?
“നിന്റെ വീട്ടിൽ പോകുന്ന കാര്യം അവൻ പറഞ്ഞില്ലേ?” എന്റെ അന്തരാളം കണ്ടു ചേട്ടത്തി ചോദിച്ചു.
“ഇല്ല.. അപ്പൊ എന്റെ വീട്ടിൽ പോകുന്നുണ്ടോ?”
“പിന്നെന്തിനാ ഇങ്ങോട്ട് തിരിഞ്ഞത്? നിന്റെ വീട്ടിൽ നിന്നല്ലേ രാവിലെ ഭക്ഷണം.” ചേട്ടത്തി.
വണ്ടി ഏതാനും മിനിറ്റുകൾക്കുള്ളിൽ എന്റെ വീട്ടിലെത്തി.
ഞങ്ങളെ സ്വീകരിക്കാൻ ഇറങ്ങി വന്ന, അച്ഛന്റെയും അമ്മയുടെയും അണ്ണന്റെയും മുഖത്തു ഒരു ആക്കിയ ചിരിയുണ്ടോന്നൊരു സംശയം എന്റെയുള്ളിൽ മിന്നി.
ഏയ്, എനിക്ക് വെറുതെ തോന്നിയതാവും.. ഞാൻ എന്നെ ആശ്വസിപ്പിച്ചു.
“ഇന്നലെ വിളിച്ചു പറഞ്ഞത് കൊണ്ട് ഞങ്ങൾ ചിക്കൻ വാങ്ങി വെച്ചിരുന്നു.. ഇല്ലെങ്കിൽ അപ്പവും കടല കറിയും കഴിക്കേണ്ടി വന്നേനെ.” അമ്മ.
“അതല്ലേ അവൻ നേരത്തെ വിളിച്ചു പറഞ്ഞത്.” ചേട്ടത്തി അമ്മയുടെ കമെന്റിനോട് മുട്ടി നിന്നു.
ഒൻപത് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ അണ്ണൻ സ്വകാര്യം പോലെ എന്നോട് പറഞ്ഞു, “ടീ, ഡൽഹിയിൽ ഭയങ്കര തണുപ്പാണെന്ന് പത്രത്തിൽ വായിച്ചു.. നീ സ്വെറ്റർ എടുത്തോ?”
അച്ഛന്റെ ചിരിയിൽ ‘ശവത്തിൽ കുത്താതെടാ’ എന്നൊരു സൂചന ഒളിഞ്ഞിരിക്കുന്ന പോലെ എനിക്ക് തോന്നിയതായിരുന്നോ എന്തോ?”
പോകാനായി വണ്ടിയിൽ കയറുമ്പോൾ, ചേട്ടൻ എന്റടുത്തു തന്നെയിരുന്നു.
“നമ്മൾ അങ്ങെത്താൻ പന്ത്രണ്ടു മണിയെങ്കിലും കഴിയും അല്ലെ?”
“ഓ എന്തിനാ അത്രയും സമയം? ഇവിടുന്നു അര മണിക്കൂർ കൊണ്ട് എത്തുമെന്നാ ഡ്രൈവർ പറഞ്ഞേക്കുന്നെ.”
“അര മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്തുമെന്നോ?”
“അതിനു എറണാകുളത്ത് ആര് പോകുന്നു?”
“അപ്പൊ നമ്മൾ വീഗാലാൻഡിൽ അല്ലേ പോകുന്നെ?”
“അല്ലെടീ, ഹാപ്പി ലാൻഡിൽ ആണ് പോകുന്നത്…” ചേട്ടൻ സർപ്രൈസ് പൊട്ടിച്ച ത്രില്ലോടെ പറഞ്ഞു.
“അയ്യേ, ഹാപ്പി ലാൻഡിലോ?”
വെഞ്ഞാറമൂട്, എന്റെ വീടിനു മൂന്ന് കിലോമീറ്റർ അപ്പുറം പത്തു സെന്റിൽ, ഉത്സവപ്പറമ്പിലെ സൈക്കിൾ യജ്ഞ്ഞം പോലെയുള്ള ഹാപ്പി ലാൻഡിൽ പോകാൻ ഞാൻ ഈ മനുഷ്യനെ കല്യാണം കഴിക്കണമായിരുന്നോ? ഫീലിംഗ് പുശ്ചത്തോട് പുശ്ചം..
ചിന്ത തീരും മുൻപ് തന്നെ ഹാപ്പി ലാൻഡിൽ എത്തി. മയ്യനാട്, അന്തമില്ലാത്ത കടലും കായലും കണ്ടു വളർന്ന പിള്ളേർ മുട്ടൊപ്പം വെള്ളത്തിൽ ചാടി കുളി തുടങ്ങി.
മുറ്റത്തെ മുല്ലയ്ക്കു മണം ഇല്ലാഞ്ഞിട്ടാണോ എന്തോ എനിക്ക് ഒരു രസവും തോന്നിയില്ല. ഉച്ചക്ക് ആഹാരവും കഴിച്ചു, അവിടെ നിന്നും നേരെ പോയത് തിരുവനന്തപുരത്തു മൃഗശാലയിലേക്ക് ആയിരുന്നു.
തിരുവനന്തപുരത്ത് പി ജി പഠിച്ച ഞാൻ, കോളേജിലെ ഓരോ സമര ദിവസങ്ങളിലും കൂട്ടുകാർക്കൊപ്പം സമയം കളഞ്ഞിരുന്നത്, മ്യൂസിയത്തിലും മൃഗശാലയിലും ആയിരുന്നു.
കയറി ചെല്ലുന്നിടത്തെ ഇടത്തെ അറ്റത്തു താഴെ ഭാഗത്ത് മരക്കൊമ്പുകളിൽ ചാടി മറിയുന്ന കുരങ്ങന്മാരും ഞാനും എന്റെ കൂട്ടുകാരും തമ്മിൽ നിത്യവും കണ്ടുകണ്ട്, ‘എടീ… പോടീ ബന്ധം വരെ ഉടലെടുത്തിരുന്നു… ”
അങ്ങനെയുള്ള എന്നോട് ഈ ചതി വേണമായിരുന്നോ ചേട്ടാ… ഞാൻ ദയനീയമായി ചേട്ടനെ നോക്കി.
ഓ, എവിടുന്ന്…എന്നെ ആര് മൈൻഡ് ചെയ്യാൻ.. അവരെല്ലാവരും കുടുംബക്കാരെ കണ്ട ആവേശത്തിൽ ഓരോ കൂടിന് മുന്നിലും നിന്നും സെൽഫി എടുക്കാൻ മത്സരിക്കുകയായിരുന്നു. ആ കാഴ്ച ഇടയ്ക്കെങ്കിലും എന്നെ ചിരിപ്പിച്ചു.
എന്തായാലും കാത്തു കാത്തിരുന്നു കിട്ടിയ വിനോദയാത്ര കൊണ്ട് ഒരു ഉപകാരം ഉണ്ടായത് ഇപ്പോഴാണ്…
ആദ്യയാത്ര സമ്പൂർണ പരാജയം ആയെങ്കിലും അതിന് ശേഷം നിരവധി യാത്രകൾ ചെയ്തു.. സന്തോഷിച്ചു.
പക്ഷേ അവയൊന്നും ആദ്യ യാത്രയുടെ അത്രയും എന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ടോ എന്ന് സംശയമുണ്ട്.
2 Comments
Good one
കുടുംബക്കരുടെയൊപ്പം സെൽഫി.. 😄