“അച്ഛാ, നമുക്കിന്നൊരു സിനിമക്കു പോയാലോ?”
ആകെ കിട്ടിയൊരു ഞായറാഴ്ചയുടെ അലസതയൊന്നാസ്വദിച്ചു കിടക്കുന്ന സമയത്താണ് കുഞ്ഞോളുടെ വകയൊരു ചോദ്യം. ഇവൾക്കൊന്നും വേറെ പണിയില്ലേ? വല്ല കൂട്ടുകാരുടേയും കൂടെ കറങ്ങാൻ പോകാതെ എന്നെ വട്ടു കളിപ്പിക്കാൻ നിൽക്കുന്നതെന്തിനാ?
“അതേ എനിക്കൊന്നും വയ്യ. ഇപ്പോൾ ഒരൊറ്റ നല്ല സിനിമ ഇല്ല. വെറുതെ ആ ബഹളത്തിൽ കയറി തലവേദനിപ്പിക്കാനെനിക്കു വയ്യ.”
ഹാവൂ! എൻ്റെ പുന്നാര പ്രിയതമ രക്ഷക്കെത്തിയല്ലോ എന്നാശ്വസിച്ചപ്പോഴായിരുന്നു അവളുടെ അടുത്ത വാചകം, അതും എൻ്റെ നെഞ്ചത്തോട്ട് തന്നെ.
“വേണേൽ അച്ഛനും മോളും പൊയ്ക്കോ. അല്ലേലും ഏത് ഊളപ്പടവും കാണാൻ നിന്റെ അച്ഛനു പണ്ടേ ഒരു പ്രത്യേക കഴിവാണല്ലോ.”
എനിക്കവളുടെ ആ കൊട്ട് ഒട്ടും പിടിച്ചിട്ടില്ലാട്ടോ. പിന്നെ കുഞ്ഞോളുള്ളതോണ്ട് ഞാനൊന്നും പറയുന്നില്ല.
“അല്ല മോളേ, നിനക്ക് നിന്റെ കൂട്ടുകാരുടെ കൂടെ പൊയ്ക്കൂടെ? അച്ഛനൊന്ന് കിടക്കട്ടെ. ആകെ കിട്ടിയൊരു ഞായറാഴ്ച ഒന്നു റെസ്റ്റെടുക്കാമെന്നു വെച്ചപ്പോൾ രാവിലെ നിന്റെ അമ്മയുടെ വക അടിമപ്പണി. ഇപ്പോ നീയും. എൻ്റെ പൊന്നു കുഞ്ഞോളല്ലേ, മോള് കൂട്ടുകാരുടെ ഒപ്പം പൊയ്ക്കോ.”
“അതിനച്ഛാ അവരെയൊന്നും വീട്ടീൽന്നു വിടില്ലാന്നേ. സിനിമക്കൊക്കെ പോയെന്നറിഞ്ഞാൽ നല്ല അടി കിട്ടുമെന്ന്.”
പാവം കുഞ്ഞോള്. വിടാനുള്ള ഒരുക്കമല്ല. അവളെ ഒന്നു മയക്കിയാലോ?
“അല്ല മോളേ സിനിമക്ക് പോയിട്ട് അടി കിട്ടുന്നവരെ നിനക്കറിയാലോ. പക്ഷേ സിനിമക്ക് പോയതോണ്ട് അടി കിട്ടാതായൊരാളെ നിനക്കറിയാമോ?”
“ഹേ! അതാരാ? ആ കഥ എനിക്കറിയില്ലല്ലോ? ആരാ അച്ഛാ? പ്ലീസ്, കഥ പറ, പ്ലീസ്.”
ബെസ്റ്റ്! അവൾ മൂക്കും കുത്തി വീണു. അപ്പോഴാണ് അപ്പുറത്ത് നിന്നൊരശരീരി.
“ദേ മനുഷ്യാ, എനിക്കെത്താത്ത മാറാലയൊക്കെ നിങ്ങളെക്കൊണ്ട് അടിപ്പിച്ചതിനുള്ള പ്രതികാരമാണോ ഇത്? വെറുതെ ആവശ്യമില്ലാത്തതൊന്നും പെണ്ണിന് പറഞ്ഞു കൊടുക്കണ്ടാട്ടോ.”
“ഓഹോ. അപ്പോൾ ഇതമ്മയുടെ കഥയായിരുന്നോ? എന്നാലെന്തായാലും പറയണം. വേഗം പറയച്ഛാ.”
കുഞ്ഞോൾക്കിപ്പോൾ കൂടുതൽ ആവേശമായി. ഇനി പറയാതെ നിവൃത്തിയില്ല. ഞാൻ കഥ തുടങ്ങി.
പണ്ടു പണ്ടൊരിക്കൽ ഈ കുഗ്രാമത്തിൽ നിന്നും മൂന്ന് പെൺകുട്ടികൾ കോളേജ് പഠനത്തിനായി ബാംഗ്ലൂരെത്തി. അവിടെയങ്ങനെ അവർ സ്വതന്ത്രമായി വിലസുമ്പോഴാണ് ഡിസംബർ മുപ്പത്തിയൊന്നാകുന്നത്. അന്നു രാത്രി അവർക്കൊരു ആഗ്രഹം, ബാംഗ്ലൂരിലെത്തിയിട്ട് ആദ്യത്തെ ന്യൂഇയർ ആണ്, ഒന്നു കാണണം. അങ്ങനെ രാത്രി അവർ മൂന്നു പേരും കൂടെ നഗരവീഥിയിലൂടെ സഞ്ചാരം ആരംഭിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും അവിടമാകെ ജനങ്ങളെ കൊണ്ട് നിറഞ്ഞു. ഒന്നു കാലു കുത്താൻ പോലും ശരിക്കു കഴിയാത്തവിധം തിരക്ക്. അപ്പോൾ കൂട്ടത്തിലൊരുവൾക്കൊരാഗ്രഹം.
“ഈ തിരക്ക് കഴിയുമ്പോഴേക്കും കുറേ നേരമാകും. നമുക്കൊരു കാര്യം ചെയ്താലോ? ഒരു സിനിമക്കു കയറാം. സിനിമ കഴിയുമ്പോഴേക്കും പന്ത്രണ്ടു മണിയാകാറാകും. അപ്പോൾ നമുക്ക് ശരിക്കും ന്യൂഇയർ ആഘോഷം കാണാലോ.”
“അതു ശരിയാ. പക്ഷേ നമ്മളിതുവരെ തിയറ്ററിൽ കയറിയിട്ടില്ലല്ലോ. എങ്ങനെയാ അവിടത്തെ കാര്യങ്ങളൊക്കെ അറിയുക?”
“ഹാ…അതും ശരിയാണല്ലോ. ഒരു വഴിയുണ്ട്. നമ്മുടെ ക്ലാസിലെ മറ്റേ രണ്ടു മലയാളിപ്പിള്ളേരെ കൂടി നമുക്ക് വിളിക്കാം. അവർക്കിതൊക്കെ അറിയാമായിരിക്കുമല്ലോ?”
“അങ്ങനെ നിന്റെ അമ്മയുടെ മുടിഞ്ഞ ബുദ്ധി കാരണം ക്ലാസിലെ മറ്റു രണ്ടു മലയാളിപ്പിള്ളേരെ ആ തിരക്കിനിടയിലേക്ക് വിളിച്ചു വരുത്തി. എന്നിട്ടവർ അഞ്ചുപേരും കൂടെ തിയറ്ററിൽ കയറി. അന്നത്തെ കന്നട സൂപ്പർസ്റ്റാറിന്റെ ഒരു പടമാണ് കളിക്കുന്നത്. ഭാഷയൊന്നും അറിയില്ലെങ്കിലും നമ്മുടെ മമ്മൂട്ടിയുടേയോ അല്ലെങ്കിൽ മോഹൻലാലിന്റെ ഒക്കെ പോലെയുള്ള നല്ല മാസ് പടമായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും കയറിയത്.”
“പക്ഷേ സിനിമ തുടങ്ങി പത്തു മിനിറ്റായതും അവിടെ നിന്നും ഇറങ്ങിപ്പോയാൽ മതിയെന്നായി. അത്രക്കും ഊളപ്പടം. പിന്നെ കാശ് കൊടുത്തതല്ലേ, ആ തിരക്കിനിടയിൽ പെട്ട് ശ്വാസം മുട്ടി ചാകേണ്ടല്ലോ, പന്ത്രണ്ട് മണിക്കിനിയും രണ്ടു മണിക്കൂറോളമില്ലേ എന്ന ചിന്തകൾ കാരണം ആ സിനിമ കഴിയുന്നതു വരെ അഞ്ചുപേരും പിടിച്ചു നിന്നു.”
“സിനിമയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോളല്ലേ അടുത്ത തമാശ. റോഡിലൊന്നും ഒരൊറ്റ മനുഷ്യനില്ല! ആകെയുള്ളത് കുറേ ചെരുപ്പുകളും ഷൂസും മാത്രം!”
“സംഭവം, അന്നത്തെ തിരക്ക് ക്രമാതീതമായി വർദ്ധിച്ചപ്പോൾ പോലീസ് വന്നൊന്ന് ലാത്തി പ്രയോഗിച്ചുവത്രേ. ആളുകൾ കിട്ടിയ ജീവനും കൊണ്ട് ഓടിയപ്പോൾ ഭാഗ്യം കൊണ്ട് അവരഞ്ചുപേരും തിയറ്ററിൽ ആയിപ്പോയി. അങ്ങനെയാണ് നിന്റെ അമ്മയും കൂട്ടുകാരും സിനിമ കണ്ടതോണ്ട് അടി കിട്ടാതെ രക്ഷപ്പെട്ടത്.”
കഥയെല്ലാം കേട്ട് വായും പൊളിച്ചിരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്കു ചിരി പൊട്ടി. എന്നാലും ഇന്നത്തെ സിനിമാപോക്ക് ക്യാൻസലായല്ലോ എന്ന സന്തോഷത്തിൽ നിൽക്കുമ്പോഴാണ് അവളുടെ അടുത്ത ചോദ്യം.
“എന്നാലും അച്ഛാ സംഭവം കലക്കി. പക്ഷേ ഈ കാര്യങ്ങളൊക്കെ ഇത്ര കൃത്യമായിട്ട് അച്ഛനെങ്ങനെ അറിഞ്ഞു? ഇതമ്മയുടെ കഥയല്ലേ? അമ്മ ഇത്ര ഡീറ്റെയിലായിട്ട് അച്ഛനു പറഞ്ഞു തരാനൊരു വഴിയുമില്ലലോ?”
“അതോ, കുഞ്ഞോളേ… അതല്ലേ ഞാൻ നേരത്തേ പറഞ്ഞത്, എല്ലാ ഊളപ്പടങ്ങളും കണ്ട് പിടിച്ച് കാണാൻ നിൻ്റച്ഛന് പ്രത്യേക കഴിവാണെന്ന്. അന്നത്തെ ക്ലാസിലെ മറ്റേ രണ്ടു മലയാളിപ്പിള്ളേരേ… ഒന്നു നിന്റെ അച്ഛനും മറ്റേത് റോയ് അങ്കിളുമാ. ഇനി അങ്കിൾ വീട്ടിൽ വരുമ്പോൾ നീയൊന്നു ചോദിച്ചേക്ക്”
അവസാനത്തെ കൊട്ട് വീണ്ടും എനിക്കിട്ടടിച്ച് എൻ്റെ ഭാര്യയെൻ്റെ അരികിൽ ഞെളിഞ്ഞിരുന്നു. അവളെ ചേർത്തു പിടിച്ച് ഞാനും വഴിയിലാകെ ചിതറിക്കിടന്നിരുന്ന ചെരുപ്പുകളെ കുറിച്ചോർത്തോർത്തു ചിരിച്ചു.
4 Comments
കഥ കലക്കി😃❤️🌷
😄😄
👌👌
👍🏻👍🏻